ആവേശകരമായ വേനൽ അവധി കഴിഞ്ഞ് ക്ലാസിലെത്തിയ കുട്ടികളുടെ മുഖത്ത് നിഴലിക്കാറുള്ള വിരസത..., നിരുത്സാഹം! കടലാസുകൾ നിരത്തിയ മേശയ്ക്ക് മുന്നിൽ ചിന്താ നിമഗ്നയായിരുന്ന അവളുടെ മുഖത്തും അവയായിരുന്നു. രാത്രി ഏറെ വൈകിയിരുന്നു, എന്നിട്ടും ഒരു വരി പോലും എഴുതാൻ അവൾക്കിതുവരെ കഴിഞ്ഞിട്ടില്ല. ആശയങ്ങൾ പിടി കൊടുക്കാതെ അവൾക്ക് ചുറ്റും ഓടികളിച്ചു. വാക്കുകൾ അവൾക്ക് നേരെ കല്ലുകൾ എറിഞ്ഞു. അക്ഷരങ്ങള്‍ അടുക്കിയും വിളക്കിയും തഴമ്പ് വീണ അവളുടെ കൈകളിൽ നിന്ന് എഴുത്തിന്റെ അനുഭവം മാഞ്ഞുപോയിരുന്നു, അങ്ങനെ മാർദ്ദവമായ കൈകളിൽ നിന്ന് ആശയങ്ങൾ പലതും വഴുതി പോകുന്നു. പിടി കിട്ടിയ ചില ബലഹീന ആശയങ്ങൾ ശൂന്യമായ മനസിൽ പ്രാണവായു കിട്ടാതെ മരിച്ചുവീഴുന്നു. അവയുടെ ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞ ചിന്താമണ്ഡലം സ്മശാന സമമായി വിറങ്ങലിച്ച് നിൽക്കുന്നു. മലച്ചുകിടക്കുന്ന ആ മൃതദേഹങ്ങളെ കാണുമ്പോൾ, പിടി തരാതെ തനിക്ക് ചുറ്റും പല്ലിളിച്ച് ചുറ്റുന്ന ചിന്തകളെ കാണുമ്പോൾ അടക്കാനാവാത്ത അരിശം, അപകര്‍ഷതാബോധം, കുറ്റബോധം... തനിക്ക് എന്താണ് സംഭിച്ചത്? മുന്നോട്ട് നീങ്ങാൻ വഴിയില്ലാതെ പാറക്കെട്ടുകൾക്കിടയിലെവിടെയോ അകപ്പെട്ടതുപോലെ! ആ മനശ്ചാഞ്ചല്യത്തിൽ നിഷ്ക്രിയയായി അവൾ ഇരുന്നു. അപ്പോഴും, അതൊന്നുമറിയാതെ ഗോപിയേട്ടൻ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു!
സമയം രാത്രി 12:45. ഒരിക്കല്‍ കൂടി ഇതുപോലെ എഴുതാന്‍ ഇരിക്കാനാവുമെന്ന് കരുതിയതല്ല. വിവാഹത്തോടെ എല്ലാം അവസാനിച്ചെന്ന് കരുതി. എങ്കിലും അതുണ്ടായില്ല, അവൾ അത്ഭുതത്തോടെ ഓർത്തു. ഗോപിയേട്ടന്റെ കൈപിടിച്ച് ജനിച്ച വീട്ടിന്റെ പടിയിറങ്ങുമ്പോൾ, ഒരു കാലത്ത് കവിതകൾ കൊണ്ട് നിറച്ച ഡയറികളും ഓർമ്മക്കുറിപ്പുകളും മനപ്പൂർവം ഉപേക്ഷിച്ചതാണ്, അതും അമ്മയുടെ നിർബന്ധം മൂലം! കല്യാണം കഴിഞ്ഞാൽ പിന്നെ നിന്നുതിരിയാൻ സമയമുണ്ടാവില്ലെന്നും, ഇനിയെങ്കിലും ഈ “ഭ്രാന്ത്” അവസാനിപ്പിക്കണമെന്നുമായിരുന്നു അമ്മയുടെ ശകാരം. അനുഭവസ്ഥയായ അമ്മയുടെ വാക്കുകൾ അനുസരിക്കണമെന്ന് തോന്നി. അമ്മ പറഞ്ഞത് പകുതി ശരി, അവൾ ഓർത്തു. അപ്രതീക്ഷിതമായി കാലം വച്ചുനീട്ടിയ മധുവിധുവിനും പ്രേമ സല്ലാപത്തിനുമിടയിൽ അവളിലെ എഴുത്ത് കാലഹരണപ്പെട്ട് പോയി, കുറച്ച് കാലം...! അപ്പോഴൊക്കെ അമ്മ പറഞ്ഞ വാക്കുകളുടെ പൊരുൾ അവൾ ഓർത്തു. മനസിന്റെ ഉള്ളറകളിലെവിടെയോ കവിതകളായി ഒളിപ്പിച്ച വിയർപ്പുമുട്ടലുകളെ ഞെക്കിപ്പിഴിഞ്ഞ്, അതിന്റെ നീരും സത്തയും പുറത്തെടുക്കാൻ പോന്ന ഒരു പൌരുഷത്തെ സ്വന്തമാക്കിക്കഴിയുമ്പോൾ, വാക്കുകളെ വികാരങ്ങൾ അമർച്ച ചെയ്യുന്നു, അതല്ലേ തനിക്കും സംഭവിച്ചത്? അവൾ ചോദിച്ചു. ജന്‍മസാഫല്യമെന്ന പോലെ, ഏതോ ഒരു നിർവൃതിയിൽ ശരീരങ്ങൾ ജഢസമാനം മുകളിലേക്ക് നോക്കിക്കിടക്കുമ്പോഴും, ആ മാസ്മരികതയുടെ കാന്തിക വലയത്തിൽ ജീവിതം തുടർന്നങ്ങോട്ട് ഭ്രമണം ചെയ്യാനാരംഭിക്കുമ്പോഴും, എഴുത്തുകാരി മരിക്കുന്നു. പറയാൻ പരിദേവനങ്ങളോ, വിയർപ്പുമുട്ടലുകളോ ഇല്ലാതിരിക്കുമ്പോൾ കവിത ജനിക്കുന്നതെങ്ങനെ? എന്നാൽ, വൈകാതെ സ്ഥിതി മാറുന്നു, അപരിമേയമെന്ന് കരുതിയ നിർവൃതികളുടെ അടിത്തട്ടിൽ എഴുന്നേറ്റ് നിൽക്കുന്നത് സ്വാർത്ഥതയുടെയും അഹംഭാവത്തിന്റേയും മാസക്കഷ്ണമാണെന്ന് കാണുമ്പോൾ, പിന്നെ അവിടെ തെറിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ജാരസന്തതികളാണെന്ന് മനസിലാവുമ്പോൾ! മധുവിധുവിന്റെ താല്‍ക്കാലികമായ അരാജകത്ത്വങ്ങള്‍ക്ക് ശേഷം, സ്വന്തം തിരിഞ്ഞ് നോക്കുമ്പോള്‍ ഒന്നുമില്ല, ഒന്നും!
ഈ ബോധോദയത്തിൽ നിന്നാണ് എഴുത്ത് പുനർജനിക്കുന്നത്. പക്ഷേ, അപ്പേഴേക്കും അക്ഷരങ്ങൾ മരിച്ചിട്ടുണ്ടാവും! ഭാവനകളിൽ അശ്ലീലാംശം കലർന്നിട്ടുണ്ടാവും, പ്രകൃതിയുടെ സ്പന്ദനങ്ങളോട് പഴയപോലെ പ്രതികരിക്കാൻ കഴിയാതായിട്ടുണ്ടാവും, നിസാര കാര്യങ്ങളോടുപോലും സംവേദിക്കാനുള്ള മനസിന്റെ കഴിവ് നഷ്ടമായിട്ടുണ്ടാവും, ഇന്ദ്രിയ ഗോചരത്വം നഷ്ടപ്പെട്ട് ചുട്ടുപൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്ക് നടുവിലും കല്ലുപോലെ നിഷ്ക്രിയമായി നിൽക്കേണ്ട അവസ്ഥ വന്നിട്ടുണ്ടാവും, കാൽപ്പനികത പഴയപോലെ ചിറകുവിരിക്കാതായിട്ടുണ്ടാവും... ഇത്തരം കീറാമുട്ടികൾ മാർഗ തടസം സൃഷ്ടിച്ചുകൊണ്ട് വെല്ലുവിളി നടത്തുന്നു. യുദ്ധത്തിനോ അനുരഞ്ജനത്തിനോ വഴിയില്ലാതെ അവൾ സ്വയം പഴിക്കുന്നു. പ്രകൃതിയിലെ ഓരോ കണികയെയും ലാളിക്കുകയും മുത്തമിടുകയും ചെയ്ത അവളുടെ നഷ്ടപ്പെട്ട ആത്മഹര്‍ഷത്തെ ഓർത്ത് അവൾ വിലപിക്കുന്നു. പ്രകൃതിയ്ക്ക് പ്രണയലേഖനം കൊടുത്ത അവളുടെ നിഷ്ക്കളങ്കതയെ തീവ്രമായി സ്മരിക്കുന്നു. എല്ലാറ്റിനുമൊടുവിൽ, സ്വാതന്ത്രത്തിന്‍റെ സ്വച്ഛ താഴ്വരയില്‍ നിർവിഘ്നം വിഹരിച്ച സ്വന്തം ഭാവനയെ മനപ്പുർവം ഭോഗിക്കാന്‍ വിട്ടുകൊടുത്തതിൽ അവൾക്ക് പശ്ചാത്താപം തോന്നും. ഈ ചിന്തകളായിരുന്നു അവളുടെ മനസ് നിറയെ!
അവൾ ഗോപിയേട്ടനെ നോക്കി. ശരീരപേശികളെ നന്നായി അയച്ച്, സായംസന്ധ്യയിൽ ലഭിച്ച നിര്‍വൃതിയുടെ ലഹരി നുകർന്ന് സുഖമായി കിടന്നുറങ്ങുന്ന അദ്ദേഹത്തെ കണ്ടപ്പോൾ അവൾക്ക് പരിഭവം തോന്നി, പിന്നെ ആഴമില്ലാത്ത ആവേശങ്ങളില്‍ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട് തന്റെ പവിത്രമായ കവിഹൃദയത്തെ വ്യഭിചരിച്ചതിലുള്ള കുറ്റബോധവും. ആവേശങ്ങള്‍ മനുഷ്യന്‍റെ പാളിച്ചകളാണ്. അവ കെട്ടടങ്ങുമ്പോള്‍ അവശേഷിക്കുക ശൂന്യത മാത്രമായിരിക്കും, മരണത്തിന് പോലും നിർവചിക്കാൻ കഴിയാത്ത ശൂന്യത. അവൾക്ക് തോന്നി.
ടേബിള്‍ ലാബിന്‍റെ വെളിച്ചത്തില്‍ അവൾ ക്ലോക്കിലേക്ക് നോക്കി. മണി 1:30. രാപ്പകല്‍ വിശ്രമമില്ലാതെ കറങ്ങുന്ന ഫാനിന്‍റെ മുറുമുറുപ്പല്ലാതെ മറ്റൊന്നും കേള്‍ക്കുന്നില്ല. ഏറേ നാളത്തെ അജ്ഞാതവാസത്തിന് ശേഷം എഴുതാനിരുന്നപ്പോള്‍ ഉണ്ടായ പിരിമുറുക്കത്തില്‍ ഫാനിന്‍റെ മുരള്‍ച്ച പുശ്ചം കലര്‍ന്ന അടക്കം പറച്ചിലായി അവൾക്ക് തോന്നി. ഗത്യന്തരമില്ലാതെ, ഫാനിന്‍റെ വൈദ്യുതിബന്ധം വിച്ഛേദിച്ച് അവൾ സമാധാനിക്കാന്‍ ശ്രമിച്ചു. ഫാനിന്‍റെ ഇതളുകള്‍ സാവധാനം നിശ്ചലമായി. പിന്നെ, പരിപൂര്‍ണ്ണ നിശബ്ദത. സർവ ചരാചരങ്ങളും മരണത്തിലെന്നപോലെ കിടന്നുറങ്ങുമ്പോൾ, ഇനി താൻ മാത്രമേ “നിശ്ചലമാവാനുള്ളൂ“ എന്ന ഏകാന്തത അവളെ എന്തിനോ പ്രേരിപ്പിച്ചു, ഒരു നിമിഷത്തേക്കെങ്കിലും! എഴുത്ത് മരിക്കുമ്പോൾ ഒപ്പം ശരീരവും മരിക്കാൻ ആഗ്രഹിക്കുന്നത് തെറ്റാണോ? തനിക്ക് ചുറ്റും ആവീർഭവിക്കുന്ന ഏകാന്തതയെ മറികടക്കാനാനെന്ന പോലെ, എഴുതാന്‍ പറ്റിയ വിശേഷങ്ങള്‍ തിരഞ്ഞ് അവൾ പ്രയാണം ആരംഭിച്ചു. ആയിരം സൂര്യന്മാരുടെ പ്രകാശമൊക്കെയും ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നതുപോലെ വിഫലമായിരുന്നു ആ ശ്രമവും. ചിന്തകളെ ബിന്ദുവിൽ തറയ്ക്കാനുള്ള ഏകാഗ്രത കടം ചോദിക്കാൻ പോലും ആരുമില്ലെന്ന ദുഃഖം അവളെ തളർത്തി. എങ്കിലും, വിട്ടുകൊടുക്കാൻ അവൾ ഒരുക്കമായിരുന്നില്ല.
സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. ആഴമായ ചിന്തയ്ക്കൊടുവിൽ നിർണ്ണയിച്ച വിഷയത്തെ ചുറ്റിപ്പറ്റി അവൾ ഓടി നടന്നു. എഴുതാൻ കൊള്ളാവുന്ന ചില ചിന്തകളെ അവൾ ഒരു കുറ്റിയിൽ കെട്ടിയിട്ടു. എങ്കിലും, അവളുടെ ഇച്ഛാശക്തിയെക്കാൾ ബലിഷ്ഠമായ ആ ചിന്തകൾ കയറുകൾ പൊട്ടിച്ച്, ഭാവനാ ലോകത്തിന്റെ വേലിക്കെട്ടുകളും തകർത്ത് ഇരുട്ടിലേക്കെവിടെയോ ഓടി രക്ഷപ്പെട്ടു. നിരാശയോടെ അവൾക്കത് നോക്കി നില്‍ക്കേണ്ടിവന്നു. എതിരാളിയില്ലാത്ത രണാങ്കണത്തില്‍ പടവെട്ടാന്‍ വാളുമായി നിൽക്കുന്ന യോദ്ധാവിനെ പോലെ ആവേശം കെട്ട് അവൾ കുനിഞ്ഞിരുന്നു, ശത്രുക്കൾക്ക് കൊല ചെയ്യാൻ യഥേഷ്ടം വിട്ടുകൊടുത്ത ഒരു ആത്മപരിത്യാഗിയെ പോലെ! മനോവ്യാപാരങ്ങളില്ലാത്ത ആ ആത്മസമർപ്പണം ഒരു ധ്യാനമായി, ഉമിത്തീയായി സാവധാനം അവളിൽ ശക്തി പ്രാപിക്കാൻ തുടങ്ങി. ചിന്തകളുടെയും വികാരങ്ങളുടെയും അഭാവം സൃഷ്ടിച്ച മൂകതയിൽ “അമൂര്‍ത്തമായ ഒരു അസാന്നിധ്യം” അവളിൽ പ്രകടമാവുന്നത് അവൾ തിരിച്ചറിഞ്ഞു. ഇല്ലായ്മകളില്‍ വിരാചിതമാവുന്ന പ്രപഞ്ചത്തെ പോലെ... വാക്കുകള്‍ കൊണ്ട് മലീമസമാവാത്ത സംഗീതവും പോലെ... അത് അവളിൽ തമോഗര്‍ത്തം സൃഷ്ടിച്ചു! അതിന്റെ പ്രാഭവം അവളുടെ ആത്മാതിർത്തികളോളം പന്തലിച്ചു...
മണി മൂന്ന്! നിശ്ചലമായ ഫാനിന് താഴെ ഉറങ്ങിക്കിടക്കുന്ന ഗോപിയേട്ടന്റെ ദേഹമാസകലം വിയര്‍പ്പുകുമിളകള്‍. ചിന്തയില്ലാത്ത ലോകത്തിലെ സഞ്ചാരത്തിനിടയില്‍ മുറിയിലെ ഊഷ്മാവ് ഉയര്‍ന്നത് അവളറിഞ്ഞില്ല. പാതിയുറക്കത്തിൽ തട്ടിയുണര്‍ത്തിയതിന്‍റെ കുണ്ഡിതത്തോടെയാണെങ്കിലും, ഫാന്‍ ചിറകുകള്‍ മുറുമുറുപ്പോടെ വട്ടം തിരിയാന്‍ തുടങ്ങി. ഒന്നും എഴുതാനാവാത്തതിന്‍റെ നിരാശയുണ്ടായിരുന്നിട്ടും, എന്തെങ്കിലുമൊക്കെ ചിന്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തോടെ അവൾ കട്ടിലിൽ കിടന്നു, അദ്ദേഹത്തിന്‍റെ പൌരുഷം വീണ്ടും ഉണരും മുമ്പ് അല്‍പ്പമൊന്ന് മയങ്ങാന്‍!
എഴുത്തുകാരിയായ എന്റെ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കഥ. വിഷയത്തിന്റെ സങ്കീർണ്ണത കൊണ്ടുതന്നെ, സങ്കീർണ്ണമായ പദപ്രയോഗങ്ങളും വാക്യങ്ങളും കഥയിൽ പ്രയോഗിക്കാൻ ഞാൻ നിർബന്ധിതനായി. അതുകൊണ്ടുതന്നെ, സസൂഷ്മമായ ഒരു വായന ഉണ്ടായാൽ മാത്രമേ കഥാകൃത്തിന്റെ ഉദ്ദേശങ്ങൾ മനസിലാവൂ... കഥ വിരസമായെങ്കിൽ ക്ഷമിക്കുക.
ReplyDeleteമുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യം ഒന്നുമില്ല ബൈജു..കഥ വിരസമായില്ല. :)
ReplyDeleteഈ വിഷയത്തെ അടിസ്ഥാനമാക്കി ചില കഥകള്‍ മുന്‍പ് വായിച്ചിട്ടുണ്ട്. പക്ഷെ ബൈജു കഥയെ അവതരിപ്പിച്ച രീതി കൊണ്ട് വിരസത തോന്നിയില്ല. പിന്നെ ഒരു സംശയം "അപരിമേയം" എന്ന വാക്കിന്റെ അര്‍ഥം എന്താ? കേട്ടിട്ടില്ല അത് കൊണ്ട് ചോദിച്ചതാ ട്ടോ.. കഥ എനിക്ക് ഇഷ്ടപ്പെട്ടു. ഇടയ്ക്കിടെ പലവരികളും മനസ്സിനെ കൊളുത്തി വലിക്കുകയും ചെയ്തു.
കഥയുടെ വിഷയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍, ഒന്ന് രണ്ടു ചിന്തകള്‍.
1 . കല്യാണം കഴിയുന്നതോടെ സ്ത്രീകള്‍ക്ക് എഴുതാന്‍ സമയം കിട്ടുന്നില്ല, ദാമ്പത്യം എഴുത്തിന്റെ വിഴുങ്ങുന്നു എന്നതൊക്കെ സത്യം ആണോ? അതോ പലരും പറഞ്ഞു പറഞ്ഞു അതൊരു ക്ലീഷേ ആയി മാറിയതോ?
2 . സ്വന്തം ഭാര്യ അല്പം എഴുതി ആത്മനിര്‍വൃതി അടയുന്നത് തടയുന്ന ദുഷ്ടനമാരാണോ ഭര്‍ത്താക്കന്മാര്‍?
-- എനിക്കറിയില്ല
ഇന്നത്തെ കാലഘട്ടത്തില്‍ സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ട്ടമുള്ള കാര്യങ്ങളൊക്കെ ഒരു പരിധി വരെ ചെയ്യുന്നുണ്ട്.. അപ്പൊ പിന്നെ എഴുത്തിന്റെ കാര്യത്തില്‍ മാത്രമെന്തിനു 50 മുന്‍പത്തെ അടച്ചു പൂട്ടലും വിങ്ങലും?
ശാലിനി,
ReplyDeleteLimitless ആണ് അപരിമേയം എന്ന വാക്കിന്റെ അർത്ഥം.
കല്യാണം കഴിയുന്നതോടെ സ്ത്രീകൾക്ക് എഴുതാൻ സമയം കിട്ടാറുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ചൊരു പൊതുവായ അഭിപ്രായം പറയുക സാധ്യമല്ല. ചില സ്ത്രീകൾക്ക് സമയം കിട്ടുന്നു, ചിലർക്ക് കിട്ടുന്നില്ല. ഭൂരിപക്ഷം പേരും സമയം കിട്ടാത്തവരുടെ ഗണത്തിൽ പെടുന്നുവെന്ന് തോന്നുന്നു, ഈ കഥയിലെ കഥാപത്രം ഉൾപ്പെടെ!
രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിൽ തന്നെയുണ്ട്. ഓരോരുത്തരുടെയും സാഹചര്യങ്ങൾ പരസ്പരം ആപേക്ഷികങ്ങളായിനാൽ പൊതുവായ നിഗമനത്തിലെത്തുക അസാധ്യം. ദൌർഭാഗ്യകരമെന്ന് പറയട്ടെ, എന്റെ കഥയിലെ നായികയുടെ ഭർത്താവ് ദുഷ്ടനല്ലെങ്കിലും ഭാര്യയുടെ എഴുത്തിന്റെ പ്രാധാന്യം മനസിലാക്കാത്ത ആളാണ്.
(ഒരു മിനിറ്റ്.... ഞാനിപ്പോ വരാം...)
അടച്ചു പൂട്ടലും വിങ്ങലും അൻപതുകളിലെ സ്ത്രീകളുടെ മാത്രം കുത്തകയല്ല. ;) അവയൊക്കെ ഇന്നത്തെ സ്ത്രീകളും അനുഭവിക്കുന്നുണ്ട്.
ReplyDeleteഎഴുത്ത് പൂര്‍ണ്ണമായി.. വിവാഹജീവിതവും എഴുത്തും ഒന്നിച്ചുകൊണ്ടു പോവാന്‍ ബുദ്ധിമുട്ടാണ്...വാസ്തവമാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്....ബൈജൂസേ വളരെ നന്നായി...
ReplyDeleteകഥ വിരസമായില്ല എന്ന് മാത്രമല്ല ചര്‍ച്ച ചെയ്യപ്പെടേണ്ട പല വിഷയങ്ങളും ഇതില്‍ ഉണ്ട് .വിവാഹത്തിന് ശേഷം പെണ്ണിന് എഴുതാന്‍ സമയം കിട്ടുന്നില്ല എന്നത് പൊതുവായ ഒരു കാര്യമല്ല.പക്ഷെ കടമകള്‍ കൂടുമ്പോള്‍ എഴുത്ത് ഒരു ബാക്ക്സീറ്റ് എടുക്കുന്നു എന്നത് സത്യമാണ്.പിന്നെ ശാലിനിയോടൊരു വാക്ക്- അടച്ചു പൂട്ടലും വിങ്ങലും ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്നില്ലെന്നോ.തീര്‍ച്ചയായും സ്ത്രീകളുടെ അവസ്ഥ വളരെ അധികം നന്നായിട്ടുണ്ട്.സാമ്പത്തിക സ്വാതന്ത്ര്യം അതിലൊരു ഘടകം ആണ്.എങ്കിലും ഇതൊക്കെ അനുഭവിക്കുന്ന സ്ത്രീകള്‍ ഇന്നും ധാരാളം ആയിട്ടുണ്ട്.
ReplyDeleteപിന്നെ രസകരമായ മറ്റൊരു വസ്തുത സ്ത്രീകള്‍ എഴുതുന്നതൊക്കെ അവളുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണെന്ന് നല്ലൊരു ശതമാനം ആളുകള്‍ വിശ്വസിക്കുന്നു.പുരുഷന്മാര്‍ ഈ കാര്യത്തില്‍ ഭാഗ്യവാന്മാര്‍ ആണെന്ന് പറയേണ്ടി ഇരിക്കുന്നു.അവരുടെ എഴുത്തിനെ ജീവിതവുമായി കൂട്ടി വായിക്കപ്പെടുന്നില്ല.സ്വന്തം പേര് വച്ച് എഴുതുന്നവര്‍ (സ്ത്രീകള്‍) അത് കൊണ്ട് തന്നെ കുറച്ചൊക്കെ restricted ആകുന്നുണ്ട്.ഇതെന്റെ നിരീക്ഷണം ആണ്.
കഥയുടെ അവസാനം ഒന്നും എഴുതാന്‍ ആയില്ലെങ്കിലും കുറച്ചു ചിന്തിക്കാന്‍ എങ്കിലും കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുന്ന കഥാപാത്രം.അതൊരു പാടിഷ്ടമായി.പൊരുത്തപ്പെടലുകള്‍ക്കിടയില്‍ സ്വയം നഷ്ടമാകുന്നത് അറിയുന്നില്ല ...ഒന്ന് കൂടെ പറയട്ടെ കഥ ഒരു പാടിഷ്ടമായി
തീര്‍ച്ചയായും ഗൗരവമുള്ള വായന ആവശ്യപ്പെടുന്നുണ്ട് ഈ കഥ.ഏകാഗ്രമായ വായനയില്‍ ഒട്ടും വിരസവുമല്ല എന്നാല്‍ ചിന്തോദ്ദീപകവുമാണ്.പുനര്‍വായനകളില്‍ നല്ല കഥകള്‍ വാഗ്ദാനം ചെയ്യുന്ന ആസ്വാദനത്തിന്റെ തലത്തിലേക്കും ഈ കഥ അനുവാചകരെ കൊണ്ടുപോവുന്നു.കഥാപരിസരം അതിസുക്ഷ്മമായി സൃഷ്ടിച്ച് കഥാപാത്രത്തിന്റെ സങ്കീര്‍ണമായ മനോവ്യാപാരങ്ങള്‍ കൃത്യമായി വിനിമയം ചെയ്തിരിക്കുന്നു.ഭാവുകങ്ങള്‍.
ReplyDelete