Monday, May 30, 2011

ഭാര്യ പ്രസവിച്ചു, ആരോടും പറയാതെ!


രാത്രി പന്ത്രണ്ടു മണിക്കാണ് സതീശന് ആ ഫോൺ കോൾ വന്നത്. “ഭാര്യ പ്രസവിച്ചു, ആണ്‍കുട്ടിയാണ്.” സതീശന് വിളിച്ചയാളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം, ഭാര്യയെ ആശുപത്രിയില്‍ ചെന്ന് കണ്ട ശേഷം സതീശൻ ഇപ്പോ മടങ്ങി വന്നതേയുള്ളൂ. അവസാനമായി നേഴ്സുമാരെ കണ്ടപ്പോൾ പ്രസവം നാളെയോ മറ്റെന്നാളോ മാത്രമേ ഉണ്ടാവൂ എന്നാണ് അവർ പറഞ്ഞത്. പ്രസവം ഉടൻ ഉണ്ടാവുമെന്ന ഒരു സൂചനയെങ്കിലും ആരെങ്കിലും തന്നിരുന്നെങ്കിൽ സതീശൻ ആശുപത്രിയിൽ തന്നെ തങ്ങുമായിരുന്നു. ഇതിപ്പോ, പ്രസവ നേരത്ത് ഭർത്താവ് അടുത്തുണ്ടായിരുന്നോ എന്ന് ആരെങ്കിലും ചോദിച്ചാ ആകെ നാണക്കേടാവുമല്ലോ! സതീശന്റെ മസ്തിഷ്ക്കത്തിലൂടെ ചിന്തകൾ മിന്നിമറഞ്ഞു. ജീവിതത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയാണ്, സന്തോഷപ്രദമാണെങ്കിലും ദുഃഖമാണെങ്കിലും ഓര്‍ക്കാപ്പുറത്ത് കിട്ടുന്ന ഇരുട്ടടി പോലെയാവും അവ! കിട്ടിയ പാന്‍സും ഷര്‍ട്ടുമെടുത്തിട്ട് സതീശന്‍ ആശുപത്രിയിലേക്ക് തിരിച്ചു.

ഭാര്യയുടെ പ്രസവ വാര്‍ത്തയേല്‍പ്പിച്ച പരവേശത്തിലും, പിന്നെ സ്വന്തം കൃത്യവിലോപം മൂലമുണ്ടാകാനിരിക്കുന്ന നാണക്കേടിനെ കുറിച്ചുള്ള ചിന്തയിലും “ഡലിവറി നോര്‍മലാണോ?“, “ഭാര്യയും കുഞ്ഞും സുഖമായിരിക്കുന്നോ?“ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ചോദിക്കാന്‍ സതീശൻ വിട്ടുപോയിരുന്നു. അന്യായ വാടകയ്ക്ക് സ്റ്റാൻഡിൽ നിന്ന് ഓട്ടോയും പിടിച്ച് ഇരുളടഞ്ഞ നഗര പാതയിലൂടെ അതിവേഗം യാത്ര ചെയ്യുമ്പോഴാണ് അവയെ കുറിച്ച് സതീശന് ഓർമ്മ വരുന്നത്. സതീശന് വീണ്ടും ആധി കൂടി. ഇതിനെല്ലാം പുറമേയാണ് ഓട്ടോ ഡ്രൈവറുടെ മരണപ്പാച്ചിൽ! ഉള്ളിൽ കിടന്ന മദ്യത്തിന്റെ സ്വാധീനത്തിലെന്നോണം ഡ്രൈവർ ജറ്റുവിമാനം പോലെ ഓട്ടോ ഓടിക്കുന്നതുകണ്ട് സതീശന് ഉള്ള മനസമാധാനം കൂടി നഷ്ടമായി. കുഞ്ഞിനെ കാണുന്നതിന് മുന്നേ, പരലോകം പൂകേണ്ടി വരുമോ? ഓട്ടോയിലെ കമ്പിയിൽ ബലമായി പിടിച്ച് അയാൾ ഭയന്ന് വിറച്ചിരുന്നു.

ആശുപത്രി ഗേറ്റിലെത്തേണ്ട താമസം സതീശൻ ഓട്ടോയിൽ നിന്ന് ചാടിയിറങ്ങി. പിന്നെ, നൂറ്റമ്പത് രൂപ ഓട്ടോക്കാരനെ ഏല്‍പ്പിച്ച് അയാൾ പ്രസവവാര്‍ഡ് ലക്‌ഷ്യമാക്കി കുതിച്ചു. അപ്പോഴാണ് പിന്നില്‍ നിന്നൊരു വിളി, “സാറേ, ഓട്ടോ ചാര്‍ജ് ഇരുനൂറ് രൂപയാ!” “ഇരുനൂറ് രൂപയോ?” ഭാര്യ പ്രസവിച്ച വിവരം സതീശന്‍ മറന്നു. ഓട്ടോക്കാരന്‍റെ തിരുമുഖം നന്നായി കാണാന്‍ വാഹനത്തിന്‍റെ ഉള്ളിലേക്ക് സതീശന്‍ തലയിട്ടു. “നൂറ്റമ്പതെന്നാണെല്ലോ പറഞ്ഞുറപ്പിച്ചത്?” “അത് സാറേ... ആശുപത്രി ട്രിപ്പാണെന്ന് സാറ് പറഞ്ഞില്ലായിരുന്നല്ലോ. ആശുപത്രി ട്രിപ്പിന് ഇരുനൂറ് രൂപയാ!” അപ്പോൾ പൊന്തിവന്ന നാലഞ്ച് നല്ല തെറികൾ മനസിൽ വിളിച്ചശേഷം, പേഴ്സിൽ നിന്ന് അന്‍പത് രൂപ എടുത്ത് അയാളെ ഏൽ‌പ്പിച്ചു. “നീ മുടിഞ്ഞുപോകുമെടാ“ എന്ന അർത്ഥത്തിൽ “എന്നാ ശരി” എന്ന് ഓട്ടോക്കാരന് യാത്രാമൊഴി ചൊല്ലി സതീശൻ ആശുപത്രിയിലേക്ക് നടന്നു.

പ്രസവ വാര്‍ഡിലെത്തിയപ്പോൾ ഗേറ്റിന് മുന്നിൽ നിന്ന രണ്ട് സെക്യുരിറ്റിമാർ സതീശനെ തടഞ്ഞു. “ഇപ്പോള്‍ അകത്ത് പോകാന്‍ പറ്റില്ല. നാളെ കാലത്ത് എട്ട് മണിക്ക് വാ!” “തള്ളേ, ഇതെന്ത് കൂത്ത്? കൊച്ചിന്‍റെ തന്തയ്ക്ക് പോലും പ്രവേശനമില്ലേ?” സതീശന്‍ മനസിൽ പറഞ്ഞു. എന്നിട്ട്, ഇപ്പോ പ്രസവിച്ച കുട്ടിയുടെ തന്ത താനാണെന്നും, എന്നെ അകത്തുവിടണമെന്നും സതീശൻ അഭ്യർത്ഥിച്ചു. “താനാണെല്ലേ ആ പെണ്‍കൊച്ചിനോട് ഈ ദ്രോഹം ചെയ്തത്“ എന്ന ഭാവേന സതീശനെ അടിമുടി നോക്കിയ ശേഷം അവർ ഗേറ്റ് തുറന്നു. “ഗേറ്റ് തുറന്നത് നിന്റെയൊക്കെ നല്ല കാലം, അല്ലെങ്കിൽ കാണാമായിരുന്നു” എന്ന ഭാവത്തിൽ ഉള്ളിലേക്ക് കടന്ന് സതീശൻ ലേബർ റൂമിനെ ലക്‌ഷ്യമാക്കി നീങ്ങി.

ലേബര്‍ റൂമിന്‍റെ മുന്നില്‍ ഒറ്റ മനുഷ്യരെയും കാണാതെ സതീശന്‍ വീണ്ടും കുഴഞ്ഞു. ആരോട് ചോദിക്കും? ലേബർ റൂമിന്റെ ഭൂമിശാസ്ത്രം അറിയാത്ത താനിനി അകത്തേക്കെങ്ങാനും കയറിയാൽ വല്ല പ്രശ്നവുമുണ്ടാവുമോ? സതീശൻ അൽ‌പ്പനേരം ആ റൂമിന്റെ മുന്നിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു, ഭാര്യയെ ഇപ്പോ പ്രസവിപ്പിക്കാൻ കയറ്റിയതുപോലെ! ഒടുവിൽ, രണ്ടും കല്‍പ്പിച്ച് ലേബര്‍ റൂമിന്‍റെ കതക് തുറന്ന് സതീശന്‍ അകത്തേക്ക് തലയിട്ടു. മീശ വച്ചൊരു മുഖത്തെ അപ്രതീക്ഷിതമായി കണ്ട നടുക്കത്തില്‍ ഒരു സിസ്റ്റര്‍ അയ്യേ എന്ന് വിളിച്ച് പിന്നിലേക്ക് ചാടി. “ആരാ? എന്തുവേണം?” മനസാന്നിധ്യം വീണ്ടെടുത്ത് അവർ ചോദിച്ചു. “ഞാന്‍…. എനിക്ക് കുട്ടിയെ കാണണം.” “ഏത് കുട്ടി?” “ഇപ്പോള്‍ പ്രസവിച്ച….” “ഓ… അതിനെ റൂമിലേക്ക് കൊണ്ടുപോയല്ലോ!”

ലേബര്‍ റൂമില്‍ നിന്ന് സതീശൻ റൂമിൽ കുതിച്ചെത്തി. പിള്ളക്കച്ചയിൽ പൊതിഞ്ഞ കുഞ്ഞ് അമ്മായിയുടെ കൈയ്യിലാണ്. മരുമകനെ കണ്ട ഭാവം കാണിക്കതെ അവർ കുട്ടിയെ കൊഞ്ചിക്കുന്നതിന്റെ തിരക്കിലാണ്. “എന്റെ ചക്കരയല്ലേ... മുത്തല്ലേ“ എന്നൊക്കെ അമ്മായി കുട്ടിയോടാണ് പറഞ്ഞതെങ്കിലും നാണം തോന്നിയത് സതീശനായിരുന്നു. അയാൾ അമ്മായിയുടെ അടുത്തേക്ക് നീണ്ടി. “Is it true?” സതീശന്‍ അങ്ങനെയാണ്, ഒരു പരുധിയിലധികം ആവേശഭരിതനായാല്‍ ഇംഗ്ലീഷിലേ സംസാരിക്കൂ. കുഞ്ഞിനെ കണ്ട് വാപൊളിച്ച് നിൽക്കുന്ന മരുമകന്റെ കൈയ്യിൽ സാവധാനം കുഞ്ഞിനെ കൈമാറി, സ്ഥാനം മാറി കിടന്ന സാരി മാറിലേക്കിട്ട് അവർ സതീശന് ഇരിക്കാൻ കട്ടിലിൽ സ്ഥലം കൊടുത്തു. ഒരിത്തിരി ചമ്മലോടെ സതീശൻ അവിടെ ഇരുന്നു. എന്നിട്ട്, കടിഞ്ഞൂൽ പുത്രന്റെ മൂക്കും, ചെവിയും, കൈയ്യും, കാലും, പിന്നെ മറ്റേ കിടുങ്ങാമണിയും തിരിച്ചും മറിച്ചും നോക്കി ജിജ്ഞാസ തീർത്തു. “അച്ഛനെ പോലെ തന്നെ!” അമ്മായി പറഞ്ഞു. കുഞ്ഞിന്റെ എന്ത് കണ്ടിട്ടാ അമ്മായി അങ്ങനെയൊരു പ്രസ്താവന നടത്തിയത്? സതീശൻ അമ്മായിയെ നോക്കി ചിരിച്ച്, അഭിപ്രായം വരവ് വച്ചു.

“അവളെവിടെ?” കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ച് സതീശൻ ചോദിച്ചു. “ഇപ്പൊ കൊണ്ടുവരും” കുഞ്ഞിനെ വാങ്ങുന്നതിന്റെ കൂട്ടത്തിൽ അമ്മായി പറഞ്ഞു. ഡലിവറി നോർമ്മൽ ആയിരുന്നോ എന്നൊന്നും സതീശൻ അമ്മായിയോട് ചോദിക്കാൻ നിന്നില്ല. എല്ലാം നോർമ്മലായിരുന്നുവെന്നാണ് ഇവരുടെ ഭാവത്തിലൂടെ മനസിലാവുന്നത്. സതീശന്‍ റൂമിന്‍റെ വെളിയിലിറങ്ങി. പിന്നെ, നീണ്ട വരാന്തയിലൂടെ അകലെയുള്ള ലേബര്‍ റൂമിനെ നോക്കി നിന്നു. അൽ‌പ്പം കഴിഞ്ഞപ്പോൾ ലേബര്‍ റൂമിന്‍റെ കതക് തുറന്നു. പച്ച വസ്ത്രധാരികളായ രണ്ട് സിസ്റ്റര്‍മാര്‍ ആരെയോ വീൽ കട്ടിലില്‍ ഉരുട്ടി പുറത്തേക്ക് വന്നു. സതീശന്‍ ആകാംശയോടെ മുന്നോട്ട് നടന്നു. നിറഞ്ഞ പുഞ്ചിരിയോടെ വീൽ കട്ടിലില്‍ കിടക്കുന്ന ഭാര്യയെയാണ് സതീശന്‍ പിന്നെ കാണുന്നത്. “ഇതെങ്ങനെ ഇത്ര പെട്ടെന്ന് സംഭവിച്ചു?“ എന്ന ചോദ്യം സതീശന്‍റെ ഭാവത്തിൽ നിന്നുതന്നെ മനസിലാക്കിയ അവള്‍ റൂമിലെത്തുന്നതുവരെ പുഞ്ചിരിച്ചുകൊണ്ടിരുന്നു.

“ഞാനിവിടെ നിന്നും പോകുന്നതുവരെ നിനക്ക് വേദനയൊന്നും ഇല്ലായിരുന്നല്ലോ! പ്രസവം നാളെയോ മറ്റന്നാളോ നടക്കുമെന്നാണെല്ലോ ഡോക്ടറും പറഞ്ഞത്?” – ഭാര്യയെ റൂമിലെ കട്ടിലിലേക്ക് മാറ്റിക്കിടത്തി സിസ്റ്റർമാർ പോയപ്പോൾ സതീശന്‍ തിരക്കി. “എല്ലാം വളരെ പെട്ടെന്നായിരുന്നു,” എന്നുമാത്രം പറഞ്ഞൊതുക്കി അവള്‍ കുഞ്ഞിലേക്ക് തിരിഞ്ഞു. സതീശനും അവളുടെ കൊഞ്ചലുകളിൽ പങ്കുചേരാൻ ശ്രമിച്ചു, ജീവിതത്തിലെ ആകസ്മികതകളെ ചോദ്യം ചെയ്ത് അതിന്റെ സന്ദിഗ്ദ്ധാവസ്ഥകളിൽ മറഞ്ഞിരിക്കുന്ന പരമാനന്ദത്തെയും പുളകോദ്ഗമത്തെയും ബോധപൂർവം നശിപ്പിച്ചുകളയാതെ! അവയെ കുറിച്ചാലോചിച്ച് തത്വസംഹിതകള്‍ രൂപീകരിക്കാനും, നിയോഗങ്ങളെ കുറിച്ച് ഊറ്റം കൊള്ളാനും ജീവിത സായാഹ്നങ്ങള്‍ ഇനിയും ധാരാളം ഉണ്ടല്ലോ!

10 comments:

  1. ലേശം ആത്മാംശമുള്ള കഥ.

    ReplyDelete
  2. നന്നായിരിക്കുന്നു ബൈജു. ശരിക്കും ആ കഥാപാത്രത്തിനൊപ്പം നടന്നതുപോലെ. പിടിച്ചിരുത്തിയ എഴുത്ത്.

    എല്ലാ ആശംസകളും.
    satheeshharipad.blogspot.com

    ReplyDelete
  3. നന്നായിരിക്കുന്നു ബൈജു... :)

    ReplyDelete
  4. ആത്മാംശം വായനയില്‍ തോന്നി..:) അഭിനന്ദനങ്ങള്‍..

    ReplyDelete
  5. നന്നായി.. ആശംസകൾ

    "ജീവിതത്തിലെ ആകസ്മികതകളെ ചോദ്യം ചെയ്ത് അതിന്റെ സന്ദിഗ്ദ്ധാവസ്ഥകളിൽ മറഞ്ഞിരിക്കുന്ന പരമാനന്ദത്തെയും പുളകോദ്ഗമത്തെയും ബോധപൂർവം നശിപ്പിച്ചുകളയാതെ! അവയെ കുറിച്ചാലോചിച്ച് തത്വസംഹിതകള്‍ രൂപീകരിക്കാനും, നിയോഗങ്ങളെ കുറിച്ച് ഊറ്റം കൊള്ളാനും ജീവിത സായാഹ്നങ്ങള്‍ ഇനിയും ധാരാളം ഉണ്ടല്ലോ!" പതിവു ശൈലി ആത്മാംശമായതിനാലാനാണോ അവസാനമായത്.

    ReplyDelete
  6. രാത്രിയില്‍ ഒരു ഓട്ടവും കൂടുതല്‍ കാശും കിട്ടാന്‍ വേണ്ടി ആ ഓട്ടോ ഡ്രൈവര്‍ പണിയൊപ്പിച്ചതാണോ എന്ന് വായിച്ചുവന്നപ്പോള്‍ സംശയം തോന്നിയിരുന്നു, കുട്ടിയെ കണ്ടെന്നു വരെ എത്തിയപ്പോഴാണ് സംഗതി സീരിയസ് ആണെന്ന് മനസ്സിലായത്‌.

    ആത്മാംശം കൂടി ഉള്ളതുകൊണ്ടാവും, കൂടുതല്‍ ആത്മാര്‍ഥമായി എഴുതാന്‍ കഴിഞ്ഞത്. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  7. ആത്മാംശം ഉള്ളതുകൊണ്ടാകം വായനക്ക് ഒരു സുഖമുണ്ട് ...:)

    ReplyDelete
  8. സിനിമാ ഡയലോഗ് പോലെ “ഇപ്പ..ശരിയാക്കിത്തരാം...” എന്ന ഡോക്ടറുടെ ഡയലോഗ് വിശ്വസിച്ച് രണ്ടു നാള്‍ ‘ത്രിശങ്കു’വില്‍ ഞാന്‍കഴിഞ്ഞ കാര്യം ഇപ്പോ ഓര്‍മവന്നു...പാവം ഞാന്‍..!!

    എന്തായാലും ‘ആത്മാംശം‘ കലക്കി..!!
    ആശംസകള്‍...!!

    ReplyDelete
  9. ആദ്യത്തെ ലൈൻ വായിച്ചപ്പോൾ ഫോൺ വിളിച്ച ആളുടെ ഭാര്യ ആയിരിക്കും പ്രസവിച്ചതെന്നും, സതീശൻ കാണാൻ ചെല്ലുമ്പോൾ ഉണ്ടാകുന്ന ചമ്മൽ ആയിരിക്കും വിഷയം എന്ന് കരുതി മുൻ വിധിയോട് കൂടി വായിച്ചു…അതിനാൽ എനിക്ക് പൂർണ്ണമായി ആസ്വദിക്കാൻ സാധിച്ചില്ല..നന്നായിട്ടുണ്ട്..പിന്നീട് വായിച്ചപ്പോൾ അതു മനസ്സിലായി…

    ReplyDelete
  10. എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോഴൊന്നും ഉണ്ടാകില്ല എന്ന് പറഞ്ഞത് കൊണ്ട് ഊണ് കഴിക്കാന്‍ പോയ ഞാന്‍, ഊണ് പകുതി ആക്കി പോരേണ്ടി വന്നു :) ആദ്യ പരഗ്രഫ് വായിച്ചപ്പോള്‍ അതാണ് ഓര്‍മ വന്നത്

    ReplyDelete