Sunday, May 29, 2011

ഇംഗ്ലീഷ് പഠിക്കാൻ എളുപ്പവഴി - ഭാഗം 2

ഇംഗ്ലീഷ് പഠനവുമായി ബന്ധപ്പെട്ട്, ഞാൻ അടുത്തിടെ എഴുതിയ ഇംഗ്ലീഷ് പഠിക്കാൻ എളുപ്പവഴി എന്ന ലേഖനം വായിച്ചിരിക്കുമല്ലോ! അതിന്റെ തുടർച്ചയാണ് ഇത്. ശ്രവണത്തിനും സംസാരത്തിനും ഇംഗ്ലീഷ് ഭാഷാപഠനത്തിലുള്ള സ്ഥാനത്തെ കുറിച്ചാണ് ആദ്യ ലേഖനം ചർച്ച ചെയ്തത്. അവ രണ്ടിനെയും പോലെ തന്നെ, ഉച്ചാരണത്തിനും (Pronunciation) വളരെ വലിയ പ്രാ‍ധാന്യമുണ്ട്. അതിനെ കുറിച്ച് നമുക്ക് നോക്കാം.

ക്ഷ, ഴ, ഭ, ഖ, ധ, ഘ, ഢ… തുടങ്ങിയ അക്ഷരങ്ങള്‍ പച്ചവെള്ളം പോലെ പറഞ്ഞ് ശീലിച്ച മലയാളികള്‍ക്ക് ഏത് ഭാഷയും നിഷ്പ്രയാസം കൈകാര്യം ചെയ്യാനാവും എന്നത് ഒരു സവിശേഷത തന്നെ! തമിഴ്നാട്ടില്‍ പോയാല്‍ തമിഴനേക്കാള്‍ മനോഹരമായി തമിഴ് സംസാരിക്കുന്നവനാണ് മലയാളി. ലോകത്തിലെ ഏതൊരു ഭാഷയും മലയാളിക്ക് നിഷ്പ്രയാസം വഴങ്ങും. എന്നാല്‍, പൊതുവേ ഉച്ചാരശുദ്ധി അവകാശപ്പെടുന്ന നാം ഇംഗ്ലീഷിന്‍റെ കാര്യത്തില്‍ ഏറെ പിന്നിലാണെന്നതാണ് ദുഃഖസത്യം, അത് നാം തുറന്ന് സമ്മതിക്കാറില്ലെങ്കിലും! ഇംഗ്ലീഷിനെ ഇംഗ്ലീഷായി സംസാരിക്കാതെ, അതിനെ മലയാളവൽക്കരിക്കാനാണ് (അന്യസംസ്ഥാനക്കാരുടെ ഭാഷയിൽ “മല്ലു ഇംഗ്ലീഷ്“) നമ്മിൽ ഭൂരിപക്ഷവും ശ്രമിക്കാറ്. ഭാഷയിൽ എത്രതന്നെ പ്രാവീണ്യമുണ്ടായാലും, ഉച്ചാരണം മോശമായാൽ എല്ലാം തീർന്നു. അതുകൊണ്ടാണ്, അന്യ സംസ്ഥാനങ്ങളിൽ ജോലിക്കെത്തുന്ന മലയാളികൾ പലരും ഇംഗ്ലീഷിന്റെ കാര്യത്തിൽ പലപ്പോഴും അപഹാസ്യരാവുന്നത്. ഇതിന് ഒറ്റ പോംവഴിയേയുള്ളൂ. മലയാളത്തെ മലയാളമായി നാം ഉച്ചരിക്കാറുള്ളതുപോലെ, ഇംഗ്ലീഷിനെ ഇംഗ്ലീഷായി തന്നെ ഉച്ചരിക്കാൻ ബോധപൂർവം ശ്രമിക്കുകയും പഠിക്കുകയും വേണം.

മലയാളത്തില്‍ നിന്ന് വിഭിന്നമായ ഭാഷയാണ് ഇംഗ്ലീഷെന്നും, വ്യാകരണ നിയമങ്ങളെ പോലെ തന്നെ ഉച്ചാരണത്തിലും ഇംഗ്ലീഷിന് അതിന്റേതായ സമ്പ്രദായങ്ങൾ ഉണ്ടെന്നുമുള്ള അടിസ്ഥാന സത്യമാണ് ആദ്യം നാം മനസിലാക്കേണ്ടത്. വെള്ളത്തെ വള്ളമെന്നോ, മീനിനെ മാനെന്നോ ഉച്ചരിച്ചാൽ അർത്ഥം മാറുന്നതുപോലെ, ഇംഗ്ലീഷ് വാക്കുകളെ ഉച്ചരിക്കേണ്ട വിധത്തില്‍ ഉച്ചരിച്ചില്ലെങ്കില്‍, അർത്ഥം മാറുക മാത്രമല്ല, ചിലപ്പോൾ വിപരീത ഫലവും ഉണ്ടായേക്കാം. (ഞാനൊരിക്കൽ Spam mails എന്ന് പറയേണ്ടതിന് പകരം, Sperm mails എന്ന് ഓഫീസിൽ തട്ടിവിട്ടു. അതിനെ ചൊല്ലി പലരും ഇന്നും എന്നെ കളിയാക്കാറുണ്ട്.) അതുകൊണ്ടുതന്നെ, വാക്കുകളുടെ ഉച്ചാരണ രീതി പഠിക്കുക എന്നതാണ് ഇംഗ്ലീഷ് ഭാഷാ പഠനത്തിലെ ഏറ്റവും ക്ലേശകരമായ അവസാന ഘട്ടം.

ലക്ഷക്കണക്കിന് വരുന്ന ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം ഒരു പാഠ്യപദ്ധതിയിലൂടെ പഠിച്ചെടുക്കുക അത്ര പ്രായോഗികമല്ല. എങ്കിലും, കഴിഞ്ഞ ലേഖനത്തിൽ പ്രതിപാദിച്ചതുപോലെ, റേഡിയോ, സിനിമ തുടങ്ങിയ ഉപാധികളിലൂടെ ഇംഗ്ലീഷ് നിരന്തരം കേൾക്കുകയും, സംസാരിക്കുകയും ചെയ്താൽ ഒരു പരുധി വരെ ഈ നേട്ടം നമുക്ക് കൈവരിക്കാൻ സാധിക്കും. എന്നാലും, ഒരു അമേരിക്കാകാരനെയോ, ബ്രിട്ടീഷുകാരനെയോ പോലെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞു എന്ന് വരില്ല. കാരണം, അവർ നേറ്റീവ് ഇംഗ്ലീഷ് സ്പീക്കേഴ്സും, നാം മലയാളം സ്പീക്കേഴ്സും ആണ്. അല്ലെങ്കിൽ, അമേരിക്കയിലേ ബ്രിട്ടനിലോ പോയി ഏതാനും മാസം താമസിച്ച് ഇംഗ്ലീഷ് പഠിക്കണം, ചില നടന്മാർ ചെയ്യാറുള്ളതുപോലെ. (ഹൃത്വിക് റോഷൻ ഏതോ ഒരു സിനിമയ്ക്കായി ലണ്ടനിൽ പോയി മൂന്ന് മാസം താമസിച്ച് ഇംഗ്ലീഷ് പഠിച്ചതായി പത്രത്തിൽ വായിച്ചതോർക്കുന്നു.) പക്ഷേ, എല്ലാവർക്കും ഇംഗ്ലീഷ് പഠിക്കാനെന്നും പറഞ്ഞ് വിദേശ രാജ്യങ്ങളിൽ പോകാനൊക്കില്ലല്ലോ! എന്നും പറഞ്ഞ് പ്രതീക്ഷ കൈവിടേണ്ടതില്ല. ചില വ്യായാമങ്ങളിലൂടെയും, അഭ്യാസ മുറകളിലൂടെയും ഉച്ചാര ശുദ്ധി നമുക്കും നേടാനാവും. എന്തൊക്കെയാണ് ആ വ്യായാമ മുറകൾ?

നാക്ക് അണ്ണാക്കില്‍ തൊടാതെ ‘ടയര്‍’ എന്ന വാക്ക് ഉച്ചരിക്കാന്‍ ശ്രമിച്ചുനോക്കൂ…. കഴിയില്ല! കാരണം, ‘ട’ എന്ന അക്ഷരം നാവില്‍ ജന്‍‌മമെടുക്കണമെങ്കില്‍, നാക്ക് അണ്ണാക്കിലേക്ക് മടക്കിയതിന് ശേഷം ശക്തിയായി മുന്നോട്ട് തള്ളപ്പെടണം. കീഴ്ചുണ്ടില്‍ പല്ല് സ്പര്‍ശിക്കാതെ ‘വ’ എന്ന് പറഞ്ഞുനോക്കൂ… അതിനും കഴിയില്ല. ഇങ്ങനെ ഏതൊരു അക്ഷരമെടുത്താലും, അവ ഉച്ചരിക്കുന്നതിന് നമ്മുടെ നാ‍വും, ചുണ്ടുകളും പ്രത്യേക രീതികളിൽ വളയുകയും തിരിയുകയും മടങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. നാവിന്‍റെയും ചുണ്ടുകളുടെയും സ്വനപേടകത്തിന്‍റെയും ഈ ചലനങ്ങളാണ് സ്വരങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കുക. ഒരു വാക്ക് ഉച്ചരിക്കുമ്പോൾ നിയതമായ രീതിയിൽ നാവോ ചുണ്ടുകളോ ചലിക്കുന്നില്ല്ലെങ്കിൽ ശരിയായ ഉച്ചാരണം പുറത്ത് വരില്ല. ഇംഗ്ലീഷ് ഉച്ചാരണത്തിനും ഇത് ബാധകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉദാഹരണത്തിന്, WE (ഞങ്ങള്‍) എന്ന പദം ‘വി’ എന്ന് മലയാളത്തില്‍ പറയുന്നത് പോലെ കീഴ്ച്ചുണ്ട് കടിച്ചുകൊണ്ടല്ല ഉച്ചരിക്കേണ്ടത്. മറിച്ച്, ‘ഉ’ ഉച്ചരിക്കുന്നതുപോലെ ചുണ്ടുകള്‍ രണ്ടും വൃത്താകൃതിയില്‍ ഉരുട്ടി വേണം ‘വി’ എന്ന് പറയാന്‍. അതുപോലെയാണ് ZOO (മൃഗശാല) എന്ന വാക്ക് ഉച്ചരിക്കുമ്പോഴും. ‘സൂ’ എന്ന സ്വരത്തിന് പകരം, തേനിച്ചകള്‍ പുറത്തുവിടുന്ന ‘zzz’ എന്ന ശബ്ദമാണ് ZOO ഉച്ചരിക്കുമ്പോള്‍ പുറത്തുവിടേണ്ടത്. 26 അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷില്‍ 52 സ്വരങ്ങളുണ്ടെന്ന് കേള്‍ക്കുമ്പോൾ തന്നെ മനസിലാക്കണം അവയെല്ലാം 52 രീതികളിലാണ് ഉച്ചരിക്കപ്പെടുന്നതെന്ന്. മലയാളത്തിൽ ആകെയുള്ളത് 14 സ്വരാക്ഷരങ്ങളാണ്. ഇതിൽ നിന്ന് നാം എന്താണ് മനസിലാക്കുന്നത്. ഇംഗ്ലീഷിലുള്ള പകുതിയിലേറെ സ്വരങ്ങളും മലയാളത്തിൽ ഇല്ല. (ഉദാഹരണത്തിന് Zoo എന്ന വാക്കിലെ ‘zzz’ എന്ന ശബ്ദം). അതുകൊണ്ടുതന്നെ, ആ സ്വരങ്ങൾ ഉച്ചരിക്കാൻ നമ്മുടെ നാവ് പരിശീലിച്ചിട്ടില്ല. പ്രശ്നങ്ങളുടെയെല്ലാം തുടക്കം ഇവിടെ നിന്നാണ്. ഏതായാലും, ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ നാവിന് വഴങ്ങാത്ത സ്വരങ്ങളെ നമുക്ക് സ്വായത്തമാക്കാനാവും. അതിനെയാണ് അധര വ്യായാമം അല്ലെങ്കിൽ Tongue Exercises എന്ന് പറയുന്നത്. Tongue Exercises രണ്ട് വിധം ഉണ്ട്. 1. Tongue-Twisters 2. Vocal Exercises.

Tongue-Twisters നെയും Vocal Exercises നെയും കുറിച്ച് നോക്കുന്നതിന് മുമ്പ് ഒരു രസകരമായ കാര്യം കൂടി ചേര്‍ക്കട്ടെ! ഒരു ഇംഗ്ലീഷുകാരന്‍റെ വായ ചലിക്കുന്ന രീതിവച്ചുതന്നെ അയാള്‍ എന്താണ് സംസാരിക്കുന്നതെന്ന് ഇംഗ്ലീഷറിയാവുന്ന ഒരാള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ബധിരര്‍ക്കായി വാര്‍ത്ത വായിക്കുന്ന സ്ത്രീ ആംഗ്യങ്ങള്‍ക്കൊപ്പം വായ ചലിപ്പിക്കുന്നതും കണ്ടിരിക്കുമല്ലോ! അതിന്‍റെ ഉദ്ദ്യേശവും ഇതുതന്നെ തന്നെ. എന്നാല്‍ മലയാളിയുടെ വായ ചലിക്കുന്നത് നോക്കി അയാള്‍ എന്താണ് പറഞ്ഞതെന്ന് ഊഹിക്കാന്‍ ഒറ്റ മനുഷ്യര്‍ക്കും കഴിയില്ല. അതാണ് ഇംഗ്ലീഷും മലയാളവും തമ്മിലുള്ള വ്യത്യാസം. മലയാളം നമുക്ക് ഇഷ്ടമുള്ളത് പോലെ പറയാം, എന്നാല്‍ ഇംഗ്ലീഷ് അങ്ങനെയല്ല! ഇംഗ്ലീഷിലെ ഓരോ വാക്കിനും അതിന്‍റേതായ ഉച്ചാരണശൈലിയും, ഊന്നലും (accent), വായ് ചലനങ്ങളുമുണ്ട്. (ഇംഗ്ലീഷ് എന്ന് പൊതുവേ പറഞ്ഞാലും, ഇംഗ്ലീഷ് തന്നെ ഒൻപത് വിധത്തിൽ സംസാരിക്കപ്പെടുന്നുണ്ട്. അമേരിക്കൻ ഇംഗ്ലീഷ്, ബ്രിട്ടീഷ് ഇംഗ്ലീഷ്, ഐറിഷ് ഇംഗ്ലീഷ്, സ്കോട്ടിഷ് ഇംഗ്ലീഷ്, വേൽ‌ഷ് ഇംഗ്ലീഷ്, ഓസ്ട്രേലിയൻ ഇംഗ്ലീഷ്, കനേഡിയൻ ഇംഗ്ലീഷ്, ഇന്ത്യൻ ഇംഗ്ലീഷ്, സൌത്ത് ആഫ്രിക്കൻ ഇംഗ്ലീഷ് എന്നിവയാണ് അവ. പദങ്ങളുടെ ഉച്ചാരണം കൊണ്ടും വാക്കുകളുടെ അർത്ഥ വ്യതിയാനം കൊണ്ടും ഓരോ ഇംഗ്ലീഷും വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ, ഓരോരുത്തർക്കും ഏത് ഇംഗ്ലീഷാണ് പഠിക്കേണ്ടതെന്ന് സ്വയം തീരുമാനിച്ച ശേഷം വേണം accent പഠനം ആരംഭിക്കാൻ!)

പാഠം ഒന്ന്: Tongue-Twisters

കുട്ടിക്കാലത്ത് ക്ഷ, ഭ, ഴ എന്ന് അക്ഷരങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തി പറഞ്ഞ് നാക്കിന്‍റെ വഴക്കിക്കൊണ്ടുവരുന്നതു പോലള്ള അഭ്യാസങ്ങളാണ് Tongue-Twisters. സുഗമമായി പറയാന്‍ സാധിക്കാത്ത വാക്യങ്ങളെയാണ് Tongue-Twisters ആയി ഉപയോഗിക്കാറ്. “ആന അലറലോടലറല്‍, പത്ത് പച്ചത്തത്ത……. ചത്തുകുത്തിയിരുന്നു” എന്നിങ്ങനെ മലയാളത്തില്‍ പ്രസിദ്ധമായ Tongue-Twisters നമ്മുടെ നാവിനെ വഴക്കാന്‍ സഹായിക്കുക മാത്രമല്ല, ഉച്ചാരണശുദ്ധിയുണ്ടാക്കുകയും ചെയ്യുന്നു. ഇംഗ്ലീഷില്‍ പ്രസിദ്ധമായ ചില Tongue-Twisters താഴെ കൊടുക്കുന്നു. നാവ് നിങ്ങളെ അനുസരിക്കുന്നുണ്ടോ എന്ന് പരീക്ഷിച്ചുനോക്കൂ! അനുസരിക്കുന്നില്ലെങ്കില്‍, പരിശീലനം തുടരൂ…

1. A proper copper coffee pot.

2. Around the rugged rocks the ragged rascals ran.

3. Long legged ladies last longer.

4. Mixed biscuits, mixed biscuits.

5. A box of biscuits, a box of mixed biscuits and a biscuit mixer!

6. Peter Piper picked a peck of pickled pepper. Did Peter Piper pick a peck of pickled pepper? If Peter Piper picked a peck of pickled pepper. Where’s the peck of pickled pepper Peter Piper picked?

7. Pink lorry, yellow lorry.

8. Red leather, yellow leather, red leather, yellow leather.

9. She sells sea-shells on the sea-shore.

10. The sixth sick Sheik’s sixth sheep is sick.

11. Three grey geese in green fields grazing.

12. We surely shall see the sun shine soon.

13. Peter pepper’s practical prescriptions for plain and perfect pronunciation.

14. Peter pepper’s elder daughter bought some butter, but the butter was bitter. so she bought some better butter to make the bitter butter better.

15. She sells seashells on seashore

പാഠം രണ്ട്: Vocal Exercises

ഗായകന്‍ സാധകം ചെയ്യാറുണ്ടെന്ന കാര്യം നമുക്കറിയാമല്ലോ! എന്താണ് സാധകം കൊണ്ട് ഉദ്ദേശിക്കുന്നത്? ശബ്ദവും ഉച്ചാരണവും നന്നാക്കുന്നതിനുള്ള ചില വ്യായമ മുറകളാ‍ണവ. ഇതേ വ്യായാമ മുറകളാണ് ഇംഗ്ലീഷ് ഭാഷാ സാധകരും ചെയ്യേണ്ടത്. (അതിന് നെഞ്ചോളമുള്ള വെള്ളത്തില്‍ ഇറങ്ങിനില്‍ക്കേണ്ടതില്ല.) ഭാഷ ആധികാരികമായി ഉച്ചരിക്കാന്‍ പാകത്തിന് നാവിനെ നിയന്ത്രണത്തിലാക്കുക എന്നതാണ് ഇത്തരം വ്യായാമങ്ങള്‍ കൊണ്ട് ഉദ്ദ്യേശിക്കുന്നത്. ചില വ്യായാമങ്ങള്‍ താഴെ…

1. ശ്വാസം നന്നായി വലിച്ചതിന് ശേഷം, ശ്വാസം തീരുന്നതുവരെ ‘ആ’ എന്ന സ്വരം നിര്‍ത്താതെ നീട്ടി പറയുക. (ആ‍ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ….. കുറഞ്ഞത് ഒരു മിനിറ്റ്). ഇങ്ങനെ മൂന്ന് തവണ ആവര്‍ത്തിച്ചശേഷം, താഴത്തെ ശ്രുതിയിലും മുകളിലുള്ള ശ്രുതിയിലും ശ്രമിക്കുക.

2. ‘ആ’ എന്ന സ്വരത്തിന് ശേഷം, ‘ഇ’ എന്ന സ്വരത്തില്‍ മുകളില്‍ പറഞ്ഞത് ആവര്‍ത്തിക്കുക. (അങ്ങനെ അ, ഇ, ഉ, എ, ഒ, അം എന്നീ സ്വരങ്ങളിലെല്ലാം ചെയ്യേണ്ടതാണ്.)

3. സ്വനപേടകത്തിന് വഴക്കം നല്‍കുക എന്ന ഉദ്ദ്യേശത്തോടെ ചെയ്യേണ്ട വ്യായാമമാണ് അടുത്തത്; clockwise-ല്‍ തല പതിനഞ്ച് തവണ ചുറ്റുക. ഇങ്ങനെ മൂന്ന് തവണ ചെയ്ത ശേഷം anticlockwise-ല്‍ ആവര്‍ത്തിക്കുക. അതിന് ശേഷം തല മുകളിലേക്കും താഴേക്കും (up and down) ചലിപ്പിച്ച് വ്യായാമം പതിനഞ്ച് തവണ തുടരുക. അതുകഴിഞ്ഞ്, വശങ്ങളിലേക്ക് തിരിച്ച് പരിശീലനം തുടരുക.

4. നാക്കിനെ വഴക്കിയെടുക്കുന്നതാണ് അടുത്ത ഇനം; എത്രത്തോളം നാക്കിനെ പുറത്തേക്ക് നീട്ടാമോ അത്രയും പുറത്തേയ്ക്ക് നീട്ടുക, പിന്നെ എത്രത്തോളം അകത്തോട്ട് വലിക്കാമോ അത്രത്തോളം അകത്തോട്ടും വലിക്കുക. ഇങ്ങനെ പതിനഞ്ച് തവണ ചെയ്യുക. അതിന് ശേഷം, നാക്ക് ‌clockwise-ല്‍ പതിനഞ്ച് തവണ ചുറ്റുക. അതുകഴിഞ്ഞ് anticlockwise-ല്‍ ആവര്‍ത്തിക്കുക. സ്വനപേടകത്തിനായി ചെയ്തതുപോലെ, നാവ് ഇരുവശങ്ങളിലേക്കും, പിന്നെ മുകളിലേക്കും താഴേക്കും ആവര്‍ത്തിക്കുക.

5. ശ്വാസകോശത്തിന് നല്‍കുന്ന പരിശീലനമാണ് അടുത്തത്; ശ്വാസം നന്നായി വലിച്ച് (inhale), എത്രത്തോളം നേരം ശ്വാസം പിടിച്ച് നില്‍ക്കാന്‍ കഴിയുമ്പോള്‍ അത്രം നേരം നില്‍ക്കുക. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുക. അതുകഴിഞ്ഞ്, ശ്വാസകോശത്തിലെ സകല വായുവും പുറത്തേക്ക് വിട്ട ശേഷം (exhale), ശ്വാസം ഉള്ളിലേക്ക് വലിക്കാതെ ആവുന്നത്ര നേരം നില്‍ക്കുക. പിന്നെ ഇത് മൂന്ന് തവണ ആവര്‍ത്തിക്കുക.

യോഗയിലെ ചില ആസനങ്ങളോട് ഈ വ്യായാമമുറകള്‍ സാമ്യമുണ്ടെന്ന് മനസിലായിരിക്കുമല്ലോ! ഈ വ്യായാമമുറകള്‍ സ്ഥിരമായി ചെയ്യുന്നതിലൂടെ നമ്മുടെ നാവും, സ്വനപേടകവും നിയന്ത്രണവിധേയമാവുകയും അതിലൂടെ ഭാഷോച്ചാരണം സുഗമമാവുകയും ചെയ്യും. ഇംഗ്ലീഷിന് മാത്രമല്ല, എല്ലാ ഭാഷകള്‍ക്കും ഇത് ബാധകമാണ്. പ്രാതലിന് മുമ്പുള്ള അരമണിക്കൂറാണ് വ്യായാമം ചെയ്യാൻ പറ്റിയ സമയം. ചിലര്‍ക്കെങ്കിലും ഈ ലേഖനം പ്രയോജനപ്പെടുമെന്ന പ്രത്യാശയോടെ നിർത്തട്ടെ.

(american accent training mp3, british accent training mp3 എന്നൊക്കെ ഗൂഗിൽ ചെയ്താൽ ധാരാളം ഓഡിയോ ഫയലുകൾ ഡൌൺലോഡ് ചെയ്യാവുന്നതാണ്.)

1 comment:

  1. ബൈജു അണ്ണാ നമിച്ചു.. വളരെ ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങള്‍ ഈയൊരു ലേഖനം കൊണ്ട് മനസ്സിലാകാന്‍ സാധിച്ചു. നന്ദി.

    ReplyDelete