Sunday, April 29, 2012

ഒരു സത്യാന്വേഷിയുടെ ആത്മഗതം!

ജീവിതത്തിൽ അത്യന്തം അഭിലഷണീയമായി ഒരേയൊരു കാര്യമേയുള്ളൂ..., സത്യം (Truth)! സത്യത്തിന് 'ധാർമ്മിക മാനദണ്ഡം' (moral standard) എന്നൊരു അർത്ഥം മാത്രമല്ല ഉള്ളത്. ആ അർത്ഥവുമല്ല ഞാനിവിടെ ഉദ്ദേശിക്കുക. സത്യമെന്നാൽ, അപരിമേയമായ ഒരു അവസ്ഥയാണത്, അനന്യമായ അനുഭവമാണത്, ദീപ്തമായ അറിവാണത്; ഒറ്റ വാക്കിൽ പറയാനാവാത്ത, ഭാവനയ്ക്കും ചിന്തയ്ക്കും അതീതമായ, യാഥാർത്ഥ്യത്തിന്റെ ഉള്ളറകളിൽ അന്തർലീനമായി കിടക്കുന്ന എന്തോ ഒന്ന്! അതിനെ 'ഈശ്വരൻ' എന്ന് വിളിച്ച്, ചരിത്രത്തിൽ സംഭവിച്ച ഏറ്റവും വലിയ 'പ്രായോഗിക അബദ്ധത്തെ' (practical blunder) ഞാൻ പിന്നെയും ന്യായീകരിക്കുന്നില്ല. സത്യത്തെ ഈശ്വരനായി സങ്കൽപ്പിക്കുന്നതിൽ പ്രായോഗിക ലാഭം അനവധി ഉണ്ടായിരിക്കാം.... എന്നാൽ, സത്യത്തെ ഈശ്വരൻ എന്ന് വിളിക്കാതിരിക്കാനാണ് എനിക്കിഷ്ടം! കാരണം, സത്യത്തിന് 'ഈശ്വരൻ' എന്നൊരു 'മൂർത്തീഭാവം' നൽകി പരിമിതപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. സത്യം അതിനും അതീതമാണ്; വേണമെങ്കിൽ, പുലബന്ധം പോലുമില്ലെന്ന് പറയാം. ഈ അർത്ഥത്തിൽ ഞാനൊരു നിരീശ്വരവാദി തന്നെ..., ഉന്മയുടെ മൂലകാരണം ശൂന്യതയാണെന്നും, പ്രപഞ്ചം സ്വയംഭൂവാണെന്നും, അതിന് വിരാചിതമാവാൻ ഈശ്വരന്റെ ആവശ്യമില്ലെന്നുമൊക്കെ വിശ്വസിക്കുന്ന ഒരു പാവം ചിന്തകൻ!

ജീവിതത്തിന്റെ അർത്ഥം മുഴുവൻ തിരിച്ചറിവുകളിലാണ് അടങ്ങിയിരിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്, സത്യത്തെ കുറിച്ചുള്ള തിരിച്ചറിവുകളിൽ...! നാം ജനിക്കുന്നു... ഒരു പുരുഷായുസ്സ് മുഴുവൻ ജീവിക്കുന്നു.... എന്തിന് വേണ്ടി? തിരിച്ചറിവുകൾക്ക് വേണ്ടി...! ആ അറിവുകൾ മാത്രമാണ് സ്ഥായിയായത്, നിരന്തരമായത്, വിമോചനകരമായത്... മറ്റെല്ലാം അപ്രസക്തമാണെന്നോ, അനാവശ്യമാണെന്നോ ഇതിനർത്ഥമില്ല. സത്യത്തിന് പുറത്ത് ഒന്നുമില്ലാത്തതുകൊണ്ട്, ആവശ്യ-അനാവശ്യങ്ങളെ / പ്രസക്ത-അപ്രസക്തങ്ങളെ നിർണ്ണയിക്കുന്നത് ഒരു അസംബന്ധമാണെന്ന് ഞാൻ മനസിലാക്കുന്നു. കാരണം, സത്യത്തിൽ നിന്നുള്ളതെല്ലാം സത്യമാണ്, പ്രസക്തവുമാണ്. അതിനാൽ, ഒന്നിനെയും നിഷേധിക്കാത്ത, ഒന്നിനോടും പുറംതിരിഞ്ഞ് നിൽക്കാത്ത, സ്വാഭാവികതകളെ ഇഷ്ടപ്പെടുന്ന തുറന്ന മനസാണ്, സ്വീകാര്യതയാണ് (receptivity) സത്യാന്വേഷണത്തിലെ ആദ്യ പടി എന്ന് ഞാൻ വിശ്വസിക്കുന്നു. അത് അത്ര എളുപ്പമല്ല! കാരണം, ജനിക്കുമ്പോൾ തന്നെ ഓരോ മനുഷ്യനും അവന്റെ ചുറ്റുപാടുകൾക്ക് വിധേയനാവുന്നു; conditioned ആവുന്നു. മതം, സംസ്ക്കാരം, വിദ്യാഭ്യാസം എന്നിങ്ങനെ സമൂഹത്തിലെ എല്ലാ ഘടകങ്ങളും അവനെ സ്വാധീനിക്കുന്നു. സാവധാനം ഇത്തരം conditions അവന്റെ ചുറ്റും ഒരു പുറന്തോട് സൃഷ്ടിക്കുകയും, സത്യാന്വേഷണം അമ്പേ അസാധ്യമാക്കുകയും ചെയ്യുന്നു. ഈ പുറന്തോടിനെ പൊട്ടിച്ചെറിഞ്ഞ് സ്വയം സ്വതന്ത്രനാവുക എന്നത് നിസാര കാര്യമല്ല. ചെറിയ കാര്യങ്ങൾ വലിയ കാര്യങ്ങൾക്കായി ത്യജിക്കപ്പെടേണ്ടിയിരിക്കുന്നു; കൂർത്ത് മൂർത്ത കല്ലുകൾ മിനുസമുള്ളതാവേണ്ടിയിരിക്കുന്നു. പ്രസവവേദന പോലെ തീഷ്ണമായ ഈ പ്രക്രിയ കാലക്രമേണ ഒരാളെ സ്വയം-പരിത്യാഗത്തിന് (self-surrender) സജ്ജനാക്കുമ്പോൾ സത്യത്തിലേക്കുള്ള വാതിൽ താനേ തുറക്കുന്നു. എത്ര മനോഹരമായ കാഴ്ചയാണത്, ഇവയെല്ലാം ഭാവനയിൽ കാണുക എന്നത്!

മുമ്പ് സൂചിപ്പിച്ചത് പോലെ, സത്യത്തിലേക്കുള്ള യാത്ര സാഹസികവും ദുസഹവുമാണെങ്കിലും, ഒരു ഘട്ടം കഴിയുമ്പോൾ അതെത്ര ആനന്ദകരമാണെന്നും, അതിലെ ഓരോ വഴിത്തിരിവും എത്ര നിർവൃതിദായകമാണെന്നും ഒരു സത്യാന്വേഷിക്ക് മാത്രമേ മനസിലാവൂ...! സത്യത്തിലേക്കുള്ള ദൂരം കുറയുന്തോറും, ഓരോ കാൽവയ്പ്പും പിന്നെ ആവേശഭരിതമാവുന്നു, പ്രചോദനകരമാവുന്നു, താനുടൻ കണ്ടുമുട്ടാനിരിക്കുന്ന സത്യത്തിന്റെ സുഗന്ധം വായുവിൽ തങ്ങിനിൽക്കുന്നത് അനുഭവിക്കാൻ കഴിയുക... അതിന്റെ സാന്നിധ്യം അടുത്തെവിടെയോ ഉണ്ടെന്ന് ഗ്രഹിക്കാൻ കഴിയുക... സത്യത്തെ കുറിച്ചുള്ള പ്രതീക്ഷകൾക്കോ ഊഹാപോഹങ്ങൾക്കോ ഇടം നൽകാതെ (conditioned ആവാതെ) അനങ്ങാതെ അങ്ങനേ നിൽക്കുക... ചക്രവാളത്തിൽ നിന്നെത്തുന്ന ശബ്ദതരംഗങ്ങളിൽ സത്യത്തിന്റെ അംശമുണ്ടോ എന്ന് ചികഞ്ഞുനോക്കുക... പിന്നെ, ആ ദിശയിലേക്ക് മുന്നോട്ട് നീങ്ങുക. നീർത്തടാകത്തിലെ മരച്ചുവട്ടിൽ രാത്രി മുഴുവൻ കാത്തിരിക്കുന്ന കാമിനിയുടെ അടുത്തേക്കുള്ള യാത്ര പോലെ പ്രണയാതുരമാണ് ഇത്. പ്രണയിനിയുടെ ലഹരിപിടിപ്പിക്കുന്ന സൗന്ദര്യത്തെ കുറിച്ചുള്ള, പ്രകോപനകരമായ ആ സാമീപ്യത്തെ കുറിച്ചുള്ള ചിന്തകളുടെ ഉന്മാദതയിൽ വഴിയോരക്കാഴ്ചകൾ ഒന്നും അയാൾ ഗൗനിക്കുന്നതേയില്ല. ഗൗനിച്ചാൽ തന്നെ അതയാളെ സ്പർശിക്കുന്നില്ല. അയാളുടെ മനസ് മുഴുവൻ കാമിനി മാത്രമാണ്. അവളോടുള്ള പ്രേമ പാരമ്യതയിൽ അയാൾ നിരന്തരം തപസ്സിരിക്കുന്നു... നീർച്ചാലുകൾ തേടുന്ന മാൻ‌പേട പോലെ ആവലോടെ അയാൾ മുന്നോട്ട് നീങ്ങുന്നു. മരുപ്പച്ച തേടിയുള്ള ദാഹാർദ്രനായ പഥിതന്റെ തീഷ്ണതയോടെ... എങ്കിലും അയാൾ ഓടുന്നില്ല. നടക്കുന്നു, വളരെ സാവധാനം...! കാരണം, അവളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞെന്ന് അയാൾ കരുതുന്നില്ല; കടമ്പകൾ ഇനിയും ഉണ്ടായേക്കാം... പൂട്ടുകൾ പലതും ഇനിയും തുറക്കേണ്ടതുണ്ടാവാം... അതിനാൽ അയാൾ സ്വയം ശാന്തനാക്കുന്നു; ഗുരുവിന്റെ ഉൾവിളികൾ ശ്രദ്ധിക്കുന്നു.... അതനുസരിച്ച് അയാൾ നടക്കുന്നു, തയാറെടുക്കുന്നു, മണിയറയിലേക്ക് പ്രവേശിക്കാനിരിക്കുന്ന നവവധു അമ്മയുടെ മൗനം ശ്രവിക്കും പോലെ!!!! ഇന്നല്ലെങ്കിൽ നാളെ ഞാൻ നിന്നെ കണ്ടെത്തും. ചുംബനങ്ങൾ നൽകും, നിന്റെ മടിയിൽ തലവച്ചുറങ്ങും, നിന്നോടൊപ്പം യുഗാന്ത്യം വരെ ശയിക്കും. ആ പ്രാപഞ്ചിക മുഹൂർത്തത്തിലൂടെ ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം നിന്നിൽ നിപതിക്കും മുമ്പ് നീയറിയുക... സത്യമേ, ഞാൻ നിന്നെ പ്രണയിക്കുന്നു, കാമിക്കുന്നു... നിൻ തിരുദർശനത്തിനായ് ഈ തിരുനടയിൽ കാത്തിരിക്കുന്നു, ഒരു പൂങ്കുലയുമായ്!

Sunday, April 15, 2012

ഒരു മാടപ്രാവിന്റെ രക്തം!


കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ, ചിലപ്പോൾ അപ്രസക്തമെന്നും മറ്റ് ചിലപ്പോൾ അർത്ഥവത്തെന്നും തോന്നാറുള്ള ഒരു സംഭവമാണ് ഈ പോസ്റ്റിനാധാരം! ഞാനപ്പോൾ ഹൈസ്കൂളിൽ പഠിക്കുകയാണ്..., എട്ടിലോ ഒൻപതിലോ! അധികം ആരുമായും സംസാരിക്കാത്ത, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി തലയിടാതെ, വഴക്കിനോ വക്കാണത്തിനോ പോകാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന, പെൺകുട്ടികളുടെ മുഖത്ത് നോക്കാൻ പോലും ഭയപ്പെടുന്ന, നാണംകുണുങ്ങിയും, ശാന്തനും, അന്തർമുഖനുമായ ഒരു നാടൻ പയ്യനായിരുന്നു ഞാൻ!

എന്റെ ഗ്രാമത്തിൽ അക്കാലത്തുണ്ടായിരുന്ന മിക്കവാറും എല്ലാ കുട്ടികളും, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവർ, ഏതാണ്ടിതേ സ്വഭാവക്കാർ തന്നെ, കാലത്തിന്റെ കുത്തൊഴുക്കിൽ പലരും പിന്നീട് മാറിയെങ്കിലും! തെക്കൻ കേരളത്തിൽ 80-കളിലും 90-ന്റെ ആദ്യപകുതിയിലും നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളാണ് അതിനുള്ള പ്രധാന കാരണമെന്ന് ഞാൻ കരുതുന്നു. ഇടത്തരം കുടുംബങ്ങളാണ് ഭൂരിപക്ഷവും. അവിടെയുള്ള കുട്ടികളെല്ലാം മാതാപിതാക്കൾക്കും മുതിർന്നവർക്കും പൂർണ്ണമായും വിധേയരായിരിക്കും. തെറ്റ് ചെയ്താൽ തല്ല് ഉറപ്പാണ്. തല്ല് എന്ന് പറഞ്ഞാൽ പല തരം തല്ലാണ്. പേരക്കമ്പി, പുളിയങ്കമ്പ്, ചൂല്, മടൽ, തുടുപ്പ്, കയറ് എന്നിങ്ങനെ പോകുന്ന വിവിധ ഗുണമേന്മയിലുള്ള തല്ലുകൾക്ക് പുറമേ തല്ലുകളുടെ പശ്ചാത്തലവും മാറാം. തെറ്റിന്റെ കാഠിന്യമനുസരിച്ചാണ് ഇത്. മാവിലോ പ്ലാവിലോ കെട്ടിയിട്ട് തല്ലുക, ദേഹത്ത് മീറിൻ കൂട് പൊട്ടിച്ചിടുക, വിരളമായ ഘട്ടങ്ങളിൽ ചട്ടുകം പഴുപ്പിച്ച് ചന്തിയിൽ വയ്ക്കുക... ഒരാൾ ചെയ്യുന്ന തെറ്റിന് എല്ലാവർക്കും തല്ല് കിട്ടുക എന്നൊരു ഐറ്റവും അന്നുണ്ടായിരുന്നു. (എന്റെ വീട്ടിൽ, തെറ്റ് ചെയ്തത് അനിയാണെങ്കിലും അടി കോമൺ ആണ്. ഏതെങ്കിലുമൊരു കുട്ടിയോട് പക്ഷപാതം കാട്ടിയെന്ന ചിന്ത വരാതിരിക്കാനാണ് അത്തരമൊരു നടപടിയെന്ന് അമ്മ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. ഇതൊക്കെ ആലോചിക്കുമ്പോൾ ഇന്നത്തെ കുട്ടികൾ മഹാഭാഗ്യവാന്മാരാണ്. ഞങ്ങൾ വാങ്ങിയ തല്ലിന്റെ പകുതിയെങ്കിലും നിങ്ങക്ക് കിട്ടിയിരുന്നെങ്കിൽ നീയൊക്കെ പണ്ടേ നന്നായിപ്പോയേനേ!) ഞാനെന്റെ ജീവിതത്തിൽ വാങ്ങിക്കൂട്ടിയ അടിയുടെ മുക്കാൽ ശതമാനവും വാങ്ങിക്കൂട്ടിയത് സ്കൂളിൽ നിന്നായിരുന്നു. ഇന്നത്തെ കുട്ടികൾ ഓഫീസിൽ പോകുന്നത് പോലെയാണ് സ്കൂളിൽ പോകുന്നത്. പണ്ട് അങ്ങനെയല്ല. സാറന്മാർ ക്ലാസിൽ വരുന്നത് തന്നെ തല്ലാനാണ്; കൈയ്യിൽ പുസ്തകം ഇല്ലെങ്കിലും ഒരു ചൂരൽ നിശ്ചയമായും കാണും. സാറ് എന്നെ അടിച്ചുവെന്ന് വീട്ടിൽ പരാതി പറഞ്ഞാൽ ക്ലാസിൽ ചെയ്ത തെറ്റിന് വീട്ടിൽ നിന്നും കിട്ടും അടി.

അതുപോലെ, ഇന്നത്തെപോലെ കുട്ടികൾക്ക് അന്ന് സമൂഹത്തിൽ (വീട്ടിനുള്ളിലെ കാര്യമല്ല) മുന്തിയ പരിഗണനയോ, അനാവശ്യ ശ്രദ്ധയോ, പരിലാളനയോ കിട്ടിയിരുന്നില്ല എന്ന് ഞാൻ മനസിലാക്കുന്നു. കല്യാണ വീടുകൾ, വാഹനങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കുട്ടികൾക്ക് സിറ്റ് ലഭിക്കാറില്ല. ലഭിച്ചാൽ തന്നെ, മുതിർന്നവർ ചോദിച്ചാൽ അപ്പോ എഴുന്നേറ്റ് കൊടുത്തേക്കണം! അപരിചിതരായ മുതിർന്നവർക്ക് പോലും കുട്ടികളെ ശാസിക്കാൻ അധികാരമുണ്ടായിരുന്നു. എന്നെ പോലുള്ള ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കൂടിപ്പോയാൽ മൂന്നോ, നാലോ ജോഡി. അതിലപ്പുറം തുണി ഉണ്ടാവാറില്ല. അതുപോലെ തന്നെ സുപ്രധാനമായ ഒന്നാണ് ഇലട്രോണിക്സ് വിപ്ലവത്തിന്റെ അഭാവം! ഇന്നത്തെ പോലെ എല്ലാ വീടുകളിലും അന്ന് ടിവി ഇല്ല. കേബിൾ ടിവി ഇല്ല. മൊബൈൽ ഫോണില്ല... ഇതൊന്നും ഇല്ലാത്ത ആ കാലഘട്ടത്തെ കുറിച്ച് ഇന്നാലോചിക്കുമ്പോൾ ഞാന്റെ കുട്ടിക്കാലം കഴിച്ചുകൂട്ടിയത് ശിലായുഗത്തിലായിരുന്നോ എന്ന് സംശയിച്ച് പോവാറുണ്ട്. ഏതായാലും, ഇന്നത്തെ കുട്ടികളെ അപേക്ഷിച്ച് അന്നത്തെ കുട്ടികൾ താരതമ്യേന മിത-ഉൽസുകരോ, മന്ദരോ ആയിരുന്നു. നിയന്ത്രണങ്ങളില്ലാത്ത വിധം ഉല്ലസിക്കാനോ, overexcited ആവാനോ ഉള്ള ഉപാധികൾ ഇല്ലാതിരുന്നതുകൊണ്ടാവാം ഞാനടക്കമുള്ള കുട്ടികൾ, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, അച്ചടക്കമുള്ളവരും ദൈവഭയമുള്ളവരും, മൂല്യബോധമുള്ളവരോ ഒക്കെയായി മാറിയത്.

ഇത്രയും വായിച്ച് കഴിഞ്ഞിട്ട്, "പട്ടച്ചാരായം കുടിക്കും പോലെ" ഡ്രൈ ആയിരുന്നു എന്റെ കുട്ടിക്കാലമെന്ന് ആരും തെറ്റിദ്ധരിക്കരുതേ! കറണ്ടടിച്ച കുട്ടിക്കാലം എന്ന പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ചൂടുള്ള പല അനുഭവങ്ങളെയും കൊണ്ട് സമ്പന്നവുമായിരുന്നു അത്, ഒരുപക്ഷേ ഇന്നത്തെ കുട്ടികൾക്ക് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്തവ, ഞങ്ങൾക്ക് മാത്രം ലഭിച്ച സൗഭാഗ്യം എന്ന് കരുതാവുന്നവ....!

കുണ്ടി കീറിയ നിക്കറുമിട്ട്, കൈയ്യിലൊരു വണ്ടിയും ഒട്ടിയ വയറുമായി കൂട്ടുകാരുമൊത്ത് കാവുകളിലും, മാമ്പഴക്കാടുകളിലും ചുറ്റിനടക്കുക, അവിടെയെല്ലാം നിർലോഭം കായ്ചുകിടക്കുന്ന വിവിധയിനം മാമ്പഴങ്ങളും, പേരയ്ക്കയും, കശുമാങ്ങയും, ഞാറയും, അയനിച്ചക്കയും പേരറിയാത്ത കാട്ടുകനികളും പറിച്ച് പോക്കറ്റിൽ ശേഖരിക്കുകയോ, മരത്തിലിരുന്ന് കഴിക്കുകയോ ചെയ്യുക, വയറുനിറഞ്ഞ് കഴിഞ്ഞാൽ പിന്നെ നാടൻ കളികൾ... കാൽപ്പന്ത്, ഗോലികളി, സെവന്റീസ്, കുട്ടിയും കോലും... പെൺകുട്ടികൾ കൂടെയുണ്ടെങ്കിൽ വട്ടുകളി, തൊട്ടുകളി, ഒളിച്ചുകളി...! ഉച്ചതിരിഞ്ഞ് താമരക്കുളത്തിലേക്ക്... പോകുംവഴി വാഴത്തോപ്പിൽ കയറി കൂമ്പിൽ വിരിഞ്ഞ പോളയടർത്തി തേൻ കുടിക്കുക... പിന്നെ, കൂമ്പിടിച്ച് അകത്തിരിക്കുന്ന മൃദുവായ ഭാഗം തിന്നുക. വയലുകളിലും തോടുകളിലും മൂഞ്ചൂട്ട കൊണ്ട് ഞണ്ട് പിടിക്കുക... തെങ്ങിൻ ചോട്ടിൽ വീണുകിടക്കുന്ന വലിയ വെള്ളയ്ക്കകളിൽ തുളയിട്ട് പുളിച്ചുതുടങ്ങിയ ഇളനീർ കുടിക്കുക... പിന്നെ, ദേഹത്തിലൊട്ടിയ സകലമാന ചേറോടും കൂടി കുളത്തിലേക്ക് കുതിക്കുക... വെള്ളത്തിലെ കളികൾ വേറെ! തൊട്ടുകളി, മുങ്ങാങ്കുഴിയിടൽ, താമരപറിക്കൽ, കരണംമറിയൽ, ചങ്ങാടം തുഴയൽ.... കുളിയും കളിയും ഒരു പരുവമായി ദേഹം ചൊറിഞ്ഞ് തുടങ്ങുമ്പോൾ, കരയിൽ ഉപേക്ഷിച്ച ചകിരിയിൽ അവശേഷിച്ച സോപ്പുകൊണ്ട് ദേഹം പതയ്ക്കുക. പിന്നേം വെള്ളത്തിലേക്ക് കരണം മറിയുക. ഒടുവിൽ, നീന്താൻ ഒരിറ്റ് ജീവൻ ബാക്കിയില്ലെന്ന് വരുമ്പോൾ, നല്ല വെള്ളത്തിൽ കുളിച്ചുകയറാനെന്നും പറഞ്ഞ് കുളത്തിന് നടുവിലോ ഏതെങ്കിലും മൂലയിലോ പോയി കലങ്ങാത്ത വെള്ളത്തിൽ ഔദ്യോഗിക സ്നാനം നടത്തുക. പിന്നെ തല തുവർത്തി വീട്ടിലേക്ക്... ഇനി ഈ വാനരപ്പട കണ്ടുമുട്ടുന്നത് അടുത്തുള്ള കൃഷ്ണക്ഷേത്രത്തിലെ ഭജനയ്ക്കാണ്. ഭക്തി മൂത്തിട്ടൊന്നുമല്ല; ഭജന കഴിഞ്ഞിട്ട് ക്ഷേത്രത്തിൽ എന്നും "പ്രസാദം" (അരി പായസം) വിളമ്പും. അതിനാണെങ്കിൽ ഒടുക്കലത്തെ മധുരവും. ക്ഷേത്രക്കുളത്തിലെ താമരയിലയിൽ വിളമ്പിയ പായസം നഖം ഇലയിൽ തൊടാതെ (നഖം താമരയിലയിൽ കൊണ്ടാൽ പായസം കയ്ക്കും) വളരെ ശ്രദ്ധിച്ച് ചൂടോടെ കഴിക്കുക. പിന്നെ, കൂടെ കിട്ടാറുള്ള പൊരിയും പഴവും വഴി നീളെ തിന്ന് വീട്ടിലേക്ക് മടങ്ങുക. അപ്പോഴേക്കും രാത്രിയായിട്ടുണ്ടാവും... സ്പെഷ്യൽ ട്യൂഷനുകളില്ല, സീരിയൽ ഭ്രമമോ ടെലിവിഷൻ കമ്പമോ ഇല്ല. അതുകൊണ്ടുതന്നെ, അക്കാലത്ത് കുട്ടികൾക്ക് ഇഷ്ടം പോലെ സമയമുണ്ടായിരുന്നു, പ്രകൃതിയെയും അതിന്റെ വരദാനമായ ജീവിതത്തെയും ശരിക്കാസ്വദിക്കാൻ!

പുട്ടിന് തേങ്ങായിടുന്നത് പോലെ അൽപ്പനേരം എന്റെ ബാല്യകാലചരിതം പറഞ്ഞെന്നേയുള്ളൂ... കുട്ടിക്കാലത്ത് എന്തൊക്കെ കളികൾ കളിച്ചുവെന്ന് പറഞ്ഞാലും, എന്തുമാത്രം കുസൃതികൾ കാണിച്ചുവെന്ന് പറഞ്ഞാലും, അടിസ്ഥാനപരമായി ഞാനൊരു അന്തർമുഖനായിരുന്നു. എല്ലാം കഴിഞ്ഞാൽ ഒന്നുമറിയാത്ത കുട്ടീടെ ഭാവം! ഈ അന്തർമുഖതയിൽ നിന്ന് പുറത്തുവരുന്നത് കൂട്ടുകാരെ കാണുമ്പോഴായിരുന്നു... അപ്പോഴൊക്കെ എന്തെങ്കിലും ഒരബദ്ധം ഞാൻ കാണിക്കാറുണ്ട്.

പള്ളിപ്പെരുന്നാൾ അടുത്ത് വന്ന സമയമായിരുന്നു അത്. ഞാനന്ന് അൾത്താര ശുശ്രൂഷകൻ, നീണ്ട് മെലിഞ്ഞ ഒരു പയൽ! കുർബാനയ്ക്ക് ശേഷം ഞാനടക്കമുള്ള അൾത്താര ബാലന്മാരെ അച്ചനും യുവജനങ്ങളും പള്ളിയിൽ തന്നെ പിടിച്ച് നിർത്തി. പെരുന്നാൾ വരുന്നതിനാൽ, പള്ളിയുടെ കൂരയിലും ഉത്തരത്തിലും മറ്റുമിരിക്കുന്ന മാറാലകളും പ്രാവിൻ കൂടുകളുമെല്ലാം വൃത്തിയാക്കണം. കാലപ്പഴക്കം മൂലം ബലക്ഷയം ബാധിച്ച് തുടങ്ങിയിരുന്ന ഉത്തരത്തിൽ മുതിർന്ന ആളുകൾക്ക് കയറാൻ ഒരു മടി. തന്നെയുമല്ല, ഇത്തരം ജോലികൾ ചെയ്യാൻ മരംകേറികളായ ഞങ്ങൾ കുട്ടികൾക്ക് വലിയ ഉൽസാഹവുമായിരുന്നു. തന്നെയുമല്ല, പള്ളിക്ക് വേണ്ടി ഇത്തരം കടുപ്പമുള്ള ജോലികൾ ചെയ്താൽ അച്ചൻ ഞങ്ങളെ പള്ളിമേടയിൽ കൊണ്ട് പോയി വേണ്ട വിധം സൽക്കരിക്കുമെന്ന് ഞങ്ങൾക്കറിയാം. (അക്കാലത്ത്, പള്ളിമേടയിൽ പെട്ടെന്നൊന്നും ആർക്കും പ്രവേശനം ലഭിച്ചിരുന്നില്ല. കൂടിപ്പോയാൽ സ്വീകരണമുറി വരെ. അച്ചൻ ഉപയോഗിക്കുന്ന കിടപ്പുമുറി, ഡൈനിംഗ് ഹാൾ, അടുക്കള, സ്റ്റോർ റൂം എന്നിവിടങ്ങളിൽ അച്ചനുമായി അടുത്ത ബന്ധമുള്ളവർക്ക് മാത്രമേ പ്രവേശനം ലഭിച്ചിരുന്നുള്ളൂ, അതും അത്യാവശ്യമെങ്കിൽ മാത്രം. പള്ളിമേടയിലെ അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ എപ്പോഴും ഉണ്ടാവും. പള്ളിയോട് ചേർന്നുള്ള വാഴത്തോട്ടത്തിൽ നിന്നുള്ള, പഴുക്കാൻ വച്ചിരിക്കുന്ന കുലകളോ, മാമ്പഴങ്ങളോ അങ്ങനെ പലതും... അതിൽ നിന്ന് ഒരു പഴമോ മാമ്പഴമോ കിട്ടുക എന്നുപറഞ്ഞാൽ വലിയ കാര്യമായിരുന്നു, അന്നൊക്കെ.)

ചേട്ടന്മാരെല്ലാം ചേർന്ന് നടുവ് വളഞ്ഞ ഒരു ഏണി എവിടെനിന്നോ കൊണ്ടുവന്നു. എല്ലാരും കൂടി അതിനെ ചുവരിൽ ചാരി, ഓരോരുത്തരെയായി മുകളിലേക്ക് കയറ്റി. കുറച്ചുപേർ കഴിഞ്ഞ പെരുന്നാളിന് കെട്ടിയ തോരണങ്ങൾ നീക്കുന്നു, മറ്റുചിലർ മാറാലകൾ അടിക്കുന്നു, പിന്നെ ഒരു ത്രില്ലിന്റെ പേരിൽ അനാവശ്യമായി മുകളിൽ കയറിയ ചില ആശാന്മാർ ഉന്നതത്തിൽ നിന്നുള്ള അൾത്താരയുടെ വ്യൂ ആസ്വദിക്കുന്നു... ഇടക്കിടെ, ജോലി ചെയ്യുന്നവർക്ക് നിർദ്ദേശങ്ങൾ നൽകുന്നു. മാറാലകൾ അടിക്കുന്ന കൂട്ടത്തിൽ, ഞങ്ങൾ ആൾപാർപ്പില്ലാത്ത ഏതാനും പ്രാവിൻ കൂടുകളും, അണ്ണാറക്കണ്ണന്റെ ചകിരിക്കൂടും വാരി താഴെയിട്ടു. ഒരുവശത്ത് കൂടി കയറി, ജോലിയെല്ലാം പൂർത്തിയാക്കി, മറ്റൊരു വശത്തുകൂടി താഴെ ഇറങ്ങുകയാണ് സാധാരണ പതിവ്. അങ്ങനെ, ജോലിയെല്ലാം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങുമ്പോഴാണ് ഒരു പ്രാവിൻ കൂട് ശ്രദ്ധയിൽ പെടുന്നത്. മേൽക്കൂരയിൽ കുറുകെ വച്ചിട്ടുള്ള തടിയിൽ ഞാന്ന് കിടന്ന് ഞാൻ പ്രാവിൻ കൂട്ടിലേക്ക് തലനീട്ടി. നോക്കുമ്പോൾ, പൂട കിളിർക്കാത്ത രണ്ട് പ്രാവിൻ കുഞ്ഞുങ്ങൾ! "അണ്ണാ.... രണ്ട് പ്രാവണ്ണാ!!!" ഞാൻ വിളിച്ചുപറഞ്ഞു. "എടുക്കട്ടാ?" പിന്നെ ചോദിച്ചു. "ഓ... നീ എട്," ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ഒരു ചേട്ടൻ പറഞ്ഞു. ഞങ്ങളുടെ ഗ്രൂപ്പിൽ പ്രാവുകളെ വളർത്തുന്ന കുട്ടികൾ ഉണ്ടായിരുന്നു, കുഞ്ഞുങ്ങളെ എടുത്ത് അവർക്ക് കൊടുക്കാം എന്നായിരുന്നു ആദ്യത്തെ പ്ലാൻ. അപ്പോഴാണ് ആരോ പറഞ്ഞത് മാടപ്രാവുകളെ വീട്ടിൽ വളർത്താൻ പാടില്ലത്രേ! അവറ്റകൾ കുറുകിയാൽ വീടിന് ദോഷം വരും! അപ്പോ, ഇനിയെന്ത് ചെയ്യും? വളർത്താനാണെങ്കിൽ മാത്രം കുഞ്ഞുങ്ങൾ സൂക്ഷിച്ച് ഇറക്കിയാൽ മതി. കൊല്ലാനാണെങ്കിൽ അതിന്റെ ആവശ്യമില്ല, ജോലിഭാരവും കുറയും! ഒടുവിൽ, പ്രാവിൻ കുഞ്ഞുങ്ങളെ ആർക്കും വേണ്ടന്ന സ്ഥിതിയായപ്പോൾ ഒരു കുഞ്ഞിനെ ഞാൻ കൈകളിൽ എടുത്തു. നല്ല ഭാരം...! (പ്രായപൂർത്തിയായ പ്രാവുകളെക്കാൾ, പ്രാവിൻ കുഞ്ഞുങ്ങൾക്ക് ഭാരവും വലിപ്പവും ഉണ്ടായിരിക്കും.) രണ്ടും കൽപ്പിച്ച്, മനസില്ലാമനസോടെ ആ കുഞ്ഞിനെ ഞാൻ താഴേക്കിട്ടു, ഏതാണ്ട് പത്ത്-പതിനഞ്ചടി മുകളിൽ നിന്ന്! പൊത്തോന്നൊരൊറ്റ വീഴ്ച! വീഴ്ചയുടെ ആഘാതത്തിൽ അത് കാഷ്ടിച്ചു, വയറിളകിയ പോലെ! "ചത്താടേയ്?" മുകളിലിരുന്ന് ഞാൻ കേട്ടു. "ഇല്ല!" ഹോ, ആശ്വാസം! അടുത്തതിനെയും അതുപോലെ താഴേക്കിട്ടു. പക്ഷേ, ആ വീഴ്ചയിൽ ആ പ്രാവിൽ നിന്ന് തെറിച്ചത് ചോരയായിരുന്നു. ഒന്ന് അനങ്ങുക പോലും ചെയ്യാതെ, വീണയുടനെ അത് ചത്തു. ഞാൻ താഴെയിറങ്ങി.

വൃത്തിയാക്കൽ കഴിഞ്ഞതിനാൽ ചേട്ടന്മാരെല്ലാം ഏണിയുമായി പോയി. പള്ളിയുടെ വാതിലുകളെല്ലാം പൂട്ടി, താക്കോൽ മേടയിൽ വച്ചിട്ട് വീട്ടിലേക്ക് പോവുക എന്ന ജോലി മാത്രമേയുള്ളൂ ഇനി ഞങ്ങൾക്ക്. വീട്ടിൽ ചെന്നയുടൻ കളിക്കാൻ പോകേണ്ടുന്നതിനാൽ, ഞങ്ങൾ ചിലർ അതിവേഗം വാതിലുകളെല്ലാം പൂട്ടി. പക്ഷേ, താഴെ കിടക്കുന്ന പ്രാവുകളുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ലല്ലോ! "ഇതിനെ എന്തര് ചെയ്യോടേയ്?" "തൂക്കി വെളിയിലെറിയടേയ്!" കൂട്ടുകാർ നിർദ്ദേശിച്ചു. ചത്ത പ്രാവിനെ തൂക്കി വെളിയിൽ കൊണ്ട് പോയി അടുത്തുള്ള പറമ്പിലേക്ക് ഒറ്റയേറ്റ്! പുളിമരത്തിന്റെ മുകളിൽ കൂടി അത് എങ്ങോട്ടോ പോയി. പിന്നെ, പള്ളിയിലേക്ക് തിരിച്ചുകയറി അടുത്ത പ്രാവിനെ എടുത്തു. അതിന് ജീവനുണ്ട്. ഏതായാലും നുമ്മ ഇതിനെ കൊല്ലാൻ പോവുകയാണ്! അതിന് മുമ്പ്, ഇത് കൊണ്ടെന്തെങ്കിലും പരീക്ഷണം കാണിച്ചാലോ? ഞാൻ മുമ്പ് പറഞ്ഞതുപോലെ, കൂട്ടുകൂടിയാൽ ഏത് അന്തർമുഖനും കുരുത്തം കെട്ടവനാവും. കൂട്ടുകാർ കൂടെയുള്ള ധൈര്യത്തിൽ, പ്രാവിനെ കൈകളിലെടുത്ത് ഞാൻ ചുറ്റും നോക്കി! അപ്പോഴാണ് മുകളിൽ ചുറ്റുന്ന ഫാനിനെ ഞാൻ കാണുന്നത്. അത് നല്ല ഐഡിയാ....! ചുറ്റുന്ന ഫാനിലേക്ക് ഇതിനെ എറിഞ്ഞുനോക്കിയാലോ? നല്ല രസമായിരിക്കും! ഫാനിന്റെ താഴെ പോയി നിന്ന്, റെഡി വൺ ടു ത്രീ പറഞ്ഞ് പ്രാവിനെ മുകളിലേക്ക് എറിഞ്ഞു. അത്ഭുതകരമെന്ന് പറയട്ടെ, മുകളിലേക്കുള്ള പോക്കിലും താഴേക്കുള്ള വരവിലും ഫാനിന്റെ പങ്കകളെ ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ, ഒരു പോറൽ പോലും ഏൽക്കാതെ, പ്രാവ് എന്റെ കൈകളിലേക്ക് തന്നെ വന്നുവീണു. അങ്ങനെ വിട്ടാ പറ്റില്ലല്ലോ! ഒന്നിൽ പിഴച്ചാൽ മൂന്നിൽ - എന്നാണല്ലോ പ്രമാണം! ഞാൻ പ്രാവിനെ വീണ്ടും മുകളിലേക്ക് എറിഞ്ഞു. ഇത്തവണ ലക്ഷ്യം തെറ്റിയില്ല. അതിവേഗം ചുറ്റുന്ന പങ്കകളിൽ തട്ടി ഛിന്നഭിന്നമായ പ്രാവിന്റെ ശരീരവും രക്തവും നാലുപാടും തെറിച്ചു. എന്റെ മുഖത്തും ഉടുപ്പിലുമെല്ലാം ചോര! കളറിൽ മുക്കിയ ബ്രഷ് ക്യാൻവാസിൽ കുടഞ്ഞതുപോലെ! അത്തരമൊരു നീണ്ട വർണ്ണചിത്രം പള്ളിയുടെ ചുവരിലും പ്രത്യക്ഷപ്പെട്ടു! കുടലും തലയും വേർപെട്ട് അവിടമാകെ ചിതറിക്കിടക്കുന്നു. ഒരു നിമിഷം ഞാൻ സ്തബ്ദനായി നിന്നുപോയി! ഇതാണോ ഞാൻ ചെയ്യാൻ ഉദ്ദേശിച്ചത്? തികഞ്ഞ കുറ്റബോധത്തോടെ ഞാൻ വീട്ടിലേക്ക് പോയി.

കേവലം വെറുമൊരു പ്രാവിൻ കുഞ്ഞ്...! ആ ജീവിയോട് കാണിച്ച ക്രൂരത എന്നെ വേട്ടയാടാൻ തുടങ്ങി! ഭക്ഷണം കഴിക്കാനാവാതായി! എന്തെങ്കിലും വായിൽ വയ്ക്കുമ്പോൾ ഉടൻ ഓക്കാനം വരിക.... പ്രാവിൻ രക്തത്തിൽ രൂപം കൊണ്ട ചുവർചിത്രത്തിന്റെ ഓർമ്മകൾ എന്നെ ഭയപ്പെടുത്തി.... ഇതുപോലൊരു അന്ത്യം എനിക്കുണ്ടായാൽ...? രണ്ട് മൂന്ന് നാളത്തെ മാനസിക വൃഥയ്ക്കൊടുവിൽ എല്ലാം സാധാരണ ഗതിയിലായി. എങ്കിലും, ആ സംഭവത്തെ കുറിച്ചോർത്ത് ഞാനിന്നും പരിതപിക്കുന്നു. നിഷ്ക്കളങ്കയായ ഒരു പ്രാവിൻ കുഞ്ഞിന് ജീവൻ നിഷേധിച്ചതുകൊണ്ടല്ല; അതിലുപരി, എനിക്കെന്തോ വിവരിക്കാൻ കഴിയാത്ത മറ്റൊന്തോ കാരണങ്ങൾ മൂലം...!

Friday, April 6, 2012

ക്രിസ്തുവും കാർമ്മിക് നിയമവും!


ക്രിസ്താനുഭവം: ഒരു അനുഭവ സാക്ഷ്യം! എന്ന തലക്കെട്ടിൽ ഈ അടുത്തിടെ ഞാനെഴുതിയ അനുഭവക്കുറിപ്പ് വായിച്ചിരിക്കുമല്ലോ? ആ കുറിപ്പിന്റെ തുടർച്ചയായി ഈ ലേഖനത്തെ വേണമെങ്കിൽ കാണാം. ക്രിസ്തുവിന്റെ സഹനത്തോട് അനുരൂപനാവാൻ ശ്രമിച്ചപ്പോൾ ഞാനനുഭവിച്ച തീവ്രമായ കാൽവേദന അത്ഭുതകരമാംവിധം വിട്ടുമാറി എന്നതായിരുന്നു ആ കുറിപ്പിലെ രത്നച്ചുരുക്കം. ആ അനുഭവത്തോടെ ക്രിസ്തുമതത്തോടുള്ള എന്റെ വീക്ഷണം തന്നെ മാറിപ്പോയി എന്നതാണ് സത്യം. ക്രിസ്തുവിന്റെ ജനനം, പീഢാസഹനം, കുരിശുമരണം എന്നിവയെ സംശയദൃഷ്ടിയോടെ സമീപിക്കുകയും, അവ തീർത്തും അപ്രസക്തമാണെന്ന് വിശ്വസിക്കുകയും ചെയ്ത ഒരു ക്രിസ്ത്യാനിയായിരുന്നു ഞാൻ, ഒരു പരുധിവരെ! എന്നാൽ, ആ അനുഭവത്തോടെ, ക്രിസ്തുമതത്തിന്റെ കാതലായ അംശങ്ങളെ ഗൗരവമായ ധ്യാനത്തിനും ചർച്ചകൾക്കും ഞാൻ വിധേയമാക്കുകയും, അതുമൂലം സുദൃഢമായ ക്രൈസ്തവ വിശ്വാസം എന്നിൽ ഉടലെടുക്കുകയും ചെയ്തുവെന്നത് ശ്രദ്ധേയമായ ഒരു സംഗതിയാണ്. ഞാൻ കടന്നുപോയ ചിന്തനത്തിലെ ചില പ്രസക്ത ഭാഗങ്ങളാണ് ഈ ലേഖനത്തിന്റെ ആധാരം. ക്രൈസ്തവർ ഇന്ന് ആചരിക്കുന്ന ദുഃഖവെള്ളിയുടെ പശ്ചാത്തലത്തിൽ വേണം ഈ ലേഖനം വായിക്കാൻ...!

ഒരാൾ ചെയ്ത കർമ്മത്തിന്റെ ഫലം മറ്റൊരാൾക്ക് ഏറ്റെടുക്കാൻ സാധിക്കുമോ? എന്തുപറയുന്നു? സാധിക്കും എന്നാണ് പൊതുവേയുള്ള നിഗമനം, പ്രത്യേകിച്ച് മതപരമായി ചിന്തിക്കുമ്പോൾ! സ്വന്തം കൂട്ടുകാരൻ ക്ലാസിൽ ചെയ്ത തെറ്റിന്റെ ശിക്ഷ മറ്റൊരു കൂട്ടുകാരൻ സ്വമനസാ ഏറ്റുവാങ്ങുന്നതുപോലെ, ഒരാളുടെ കർമ്മഫലം മാത്രമല്ല, രോഗങ്ങളും പീഢകളും വരെ പരസ്പരം കൈമാറാൻ സാധിക്കും. ഇതെങ്ങനെ നടക്കുന്നുവെന്ന് ചോദിച്ചാൽ അറിയില്ല. എന്നാൽ, വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ ത്രേസ്യയുടെയും, ചെറുപുഷ്പം എന്നറിയപ്പെടുന്ന കൊച്ചുത്രേസ്യായുടെയും, അൽഫോൺസാമ്മയുടെയും, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും ജീവിതങ്ങൾ പരിശോധിക്കുകയാണെങ്കിൽ, രോഗം മൂലം തങ്ങളെ സമീപിക്കുന്നവരെ ഇവർ സുഖപ്പെടുത്തിയത് ആ രോഗം സ്വന്തം ശരീരത്തിൽ സ്വീകരിച്ചുകൊണ്ടാണെന്നും, അവരുടെ കർമ്മഫലം അനുഭവിച്ചുകൊണ്ട് മരണം വരെ ആ രോഗങ്ങളുടെ പീഢകൾ അവർ സ്വയം ഏറ്റുവാങ്ങിയിരുന്നെന്നും കാണാൻ സാധിക്കും...! ഇതിന്റെ ശാസ്ത്രവശങ്ങൾ എന്തുമാവട്ടെ, ഒരാളുടെ കർമ്മഫലങ്ങൾ മറ്റൊരാൾക്ക് ഏറ്റെടുക്കാനാവുമെന്നും, അതിലൂടെ അയാൾക്ക് മറ്റൊരാൾക്ക് വേണ്ടി പരിഹാരം ചെയ്യാനാവുമെന്നുമാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. അതുകൊണ്ടാണല്ലോ നാം മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും.... അതെന്തുതന്നെയാണെലും, ക്രിസ്തു ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുത്തു എന്ന് പറയുമ്പോൾ ഏതാണ്ടിതേ കാര്യം തന്നെയാണ് അർത്ഥമാക്കുന്നത്.

"Every action has an equal and opposite reaction" എന്ന ന്യൂട്ടൻ സിദ്ധാന്തം (കുറേകൂടി ദാർശനികമായി ചിന്തിച്ചാൽ കാർമ്മിക് നിയമം അല്ലെങ്കിൽ Law of Karma) മനുഷ്യന്റെ പ്രവർത്തികൾക്കും (human conduct) ബാധകമാണെന്ന കാര്യത്തിൽ സംശയമില്ല. കാരണം, മനുഷ്യനും അവന്റെ പ്രവർത്തികളും പ്രപഞ്ചത്തിന്റെ ഭാഗമാണല്ലോ? അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഓരോ പ്രവർത്തിയും ഗുണ/ദോഷകരമായ ഫലങ്ങൾ (consequences) ഉണ്ടാക്കുന്നുണ്ട്. പക്ഷേ, എന്റെ സംശയം ഇതാണ്.... ചെയ്ത പ്രവർത്തിയുടെ ഫലം ഒരാൾ അനുഭവിക്കാതെയോ, അനുഭവിക്കുന്നതിന് മുമ്പോ മരിച്ചപോവുകയാണെങ്കിൽ? അയാൾ അനുഭവിക്കേണ്ടിയിരുന്ന കർമ്മഫലത്തിന്റെ കാര്യം എന്താവും? ഹിന്ദു ദർശനം അനുസരിച്ച്, ആ കർമ്മഫലങ്ങൾ അയാൾ അടുത്ത ജന്മത്തിൽ അനുഭവിക്കും. ഒരു ഹിന്ദുവിനെ സംബന്ധിച്ച് പ്രശ്നം തീർന്നു! (പ്രശ്നം തീർന്നെന്ന് തീർത്ത് പറയാനൊക്കില്ലെങ്കിലും... കാരണം, പുനർജന്മം എന്നത് സർവ്വ സാധാരണമായി സംഭവിക്കുന്ന ഒന്നല്ലെന്നാണ് എന്റെ ഗുരു ഒരിക്കൽ പറഞ്ഞത്. ചിലപ്പോൾ, മറുജന്മമെടുക്കാൻ ഒരാത്മാവിന് 500-700 വർഷം വരെ കാത്തിരിക്കേണ്ടി വരുമത്രേ!) എന്നാൽ, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അങ്ങനെയല്ല; കാരണം അയാൾ പുനർജന്മത്തിൽ വിശ്വസിക്കുന്നില്ല. മതമേതായാലും, മനുഷ്യൻ ഫലമനുഭവിക്കാത്ത കർമ്മങ്ങളെല്ലാം പ്രകൃതിയിൽ (in a subtile sense) കുമിഞ്ഞുകൂടുകയും (accumulated), മാനവീകതയ്ക്ക് അവ ബാധ്യതയായിത്തീരുകയും ചെയ്യുന്നുവെന്നാണ് പണ്ഡിതമതം. ഒരു നവജാത ശിശുവിനെ സംബന്ധിച്ച് കർമ്മപാപം ഇല്ലെങ്കിലും, ആദിമനുഷ്യനായ ആദാം മുതൽ ജീവിച്ച് മരിച്ച ജനസഹസ്രങ്ങൾ ചെയ്ത പാപങ്ങളുടെ ഫലം പരോക്ഷമായി ആ കുട്ടിയുടെമേൽ ആരോപിക്കപ്പെടുന്നുണ്ട്. ഇതിനെ വേണമെങ്കിൽ ആദിപാപമെന്ന് (original sin) വേണമെങ്കിൽ പറയാം. ഈ അർത്ഥത്തിൽ, ഓരോ കുട്ടിയും പാപത്തോടെയാണ് (potential to suffer the consequences of those actions done by his ancestors) ജനിച്ച് വീഴുന്നത്. അതവിടെ നിൽക്കട്ടെ!

ആദിമനുഷ്യൻ മുതലങ്ങോട്ട് ജീവിച്ചിരുന്ന സകേല മനുഷ്യരുടെയും കൂമ്പാരം കൂട്ടപ്പെട്ട പാപകർമ്മങ്ങളെ അനുഭവിച്ച് തീർത്ത്, അവ മൂലം പ്രകൃതിയിൽ ഉടലെടുക്കുന്ന അനിഷ്ട സംഭവങ്ങളെ നിഷ്ക്രിയമാക്കുക എന്നത് സാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ല, മുകളിൽ സൂചിപ്പിച്ചതുപോലെ കൊച്ചുത്രേസ്യായെയും ഫ്രാൻസിസ് അസീസിയെയും പോലെയുള്ള ദൈവീകമനുഷ്യർക്ക് ഒരു പരുധി വരെ സാധിക്കുമെങ്കിലും! ഇവിടെയാണ് അമാനുഷികനായ ഒരു വ്യക്തിയുടെ, ക്രിസ്തുവിന്റെ സാന്നിധ്യം ശ്രദ്ധേയമാവുന്നത്. അവൻ ലോകത്തിന്റെ മുഴുവൻ കർമ്മഫലങ്ങളെയും സ്വയം ഏറ്റെടുത്തു... സ്വന്തം രക്തത്തിന്റെ വില നൽകി അവൻ അതിന് പരിഹാരം ചെയ്തു. ഇതാണ് സത്യത്തിൽ ദുഃഖവെള്ളി! ദുഃഖവെള്ളിക്ക് പിന്നിൽ, ഹൈന്ദർവർക്ക് പോലും വിശ്വസിക്കാവുന്ന, തികച്ചും ന്യായമായ അർത്ഥതലങ്ങളുണ്ടെന്നതാണ് സത്യം. ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ പ്രസക്തിയെ കുറിച്ച് ആവുന്നത്ര ലളിതമായും, ചുരുക്കമായും പ്രതിപാദിക്കുകയായിരുന്നു ഞാൻ!

തീർച്ചയായും..., ഞാൻ കുറിച്ച പല കാര്യങ്ങളും തർക്കവിഷയമാണ്, പ്രത്യേകിച്ച് ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ! ചിലപ്പോൾ ഇപ്പറഞ്ഞ പോലെ, ക്രിസ്തുവിനെ ലോക രക്ഷകനായി കാണാനാവുമോ എന്ന കാര്യത്തിലും തർക്കം നടന്നേക്കാം. സംഗതി എന്താണെങ്കിലും, ഇതൊക്കെയാണ് ഇക്കഴിഞ്ഞ കുറേ നാളുകളായി എന്റെ മനസിലൂടെ കടന്നുപോയ ചിന്തകൾ... ഇവയിൽ സത്യമുണ്ടാവാം, അതിലേറെ പൊട്ടത്തരങ്ങളും ഉണ്ടാവാം... പക്ഷേ, എല്ലാം ഇവിടെ അവസാനിക്കുന്നില്ലല്ലോ! അസത്യങ്ങളിൽ നിന്ന് അർദ്ധ സത്യങ്ങളിലേക്കും, അർദ്ധസത്യങ്ങളിൽ നിന്ന് സത്യങ്ങളിലേക്കുമുള്ള യാത്ര തുടരുകയാണ്.... തുറന്ന മനസോടെ.... നിഷ്പക്ഷതയോടെ....!

Wednesday, April 4, 2012

കൃഷ് നീ ബേഗനേ ബാ!

പുഞ്ചിരി തൂകും
കൃഷ്ണ വിഗ്രഹം!
എന്തൊരു ലാളിത്യം
എന്തൊരു പ്രശാന്തത!
എന്തൊരു ചേതന!
പ്രേമം, കരുണ,
കുസൃതി, ദയ...
പിന്നെ, ലേശം കള്ളത്തരം!
ഇതെല്ലാം തികഞ്ഞ
സുന്ദര മുഖം!

ആ മന്ദഹാസത്തിൽ
അലിയാത്തവരുണ്ടോ?
ആ വേണുരാഗത്തിൽ
മെയ് മറക്കാത്തവരും?
സർവ്വ ലോകത്തിനും നാഥൻ നീ
പരംപുരുഷൻ നീ
ദുഷ്ടശക്തികൾ മുന്നിൽ
അച്യുതൻ നീ, പിന്നെ,
ഗോക്കളിൻ നാഥൻ
ഗോവിന്ദൻ നീ
കേശവൻ നീ
പാർത്ഥസാരഥി നീ
മുരളിയേന്തും
മുരളീധരനും നീ
എന്നെന്നും ജീവിക്കും
സനാതൻ നീ
ലീലകളിലാറാടും
ആനന്ദൻ നീ
ശ്രീ ഹരി നീ, അജയൻ നീ
ഇനിയുമെന്തൊക്കെയോ നീ
അതൊക്കെ ചൊല്ലാൻ സമയമില്ലിനീ...

അതുകൊണ്ട് നീയെൻ
പ്രാർത്ഥന കേൾക്കേണം നീ.
വേഷം കെട്ടെടുക്കാതെ
അവയെല്ലാം സാധിക്കണം നീ.
അധികമൊന്നുമില്ല;
കൂടിപ്പോയാ നാലെണ്ണം.
ഇല്ലെന്ന് പറയരുത്!
എന്റെ കണ്ണനല്ലേ?
ചക്കരയല്ലേ?
വാവയല്ലേ?
ഉണ്ണി കൃഷ്ണനല്ലേ?

ഗോപാലൻ തലകുലുക്കി.
ഞാനെൻ പോക്കറ്റ് തപ്പി
കിട്ടിയ ലിസ്റ്റ് പുറത്തെടുത്തു
പിന്നെ നീണ്ട വായന.

അപ്രൈസൽ മീറ്റിംഗ്
കഴിഞ്ഞിട്ടാഴ്ച മൂന്നായി, കണ്ണാ!
ഒരു വിവരവുമില്ല.
അതൊന്ന് തിരക്കേണം!
നല്ലൊരു ഇങ്ക്രിമെന്റ്,
ഒപ്പമൊരു പ്രമോഷനും...
ഏറെ നാളത്തെ ആശയാണ്,
അതൊന്ന് സാധിക്കണം.

എന്തൊരു വെയിലാ, കണ്ണാ!
വൃന്ദാവനത്തിലെങ്ങനെ?
അവിടെ മരങ്ങളുണ്ട്,
പോരാത്തതിന് ഗോപികമാരും...
ഗൊച്ചു ഗള്ളൻ...
അതുപോലാണോ ഇവിടെ?
ബൈക്കോടിച്ചുമടുത്തു
ഒരു കാറെന്താ വാങ്ങാത്തേന്ന്
ആളുകൾ ചോദിക്കുന്നു.
പ്രമോഷനാവട്ടേന്ന് ഞാൻ.
അതോണ്ട് കൈവിടരുത്...
പ്ലീസ്...

പ്രൊമോഷനായാലൊരു
മലേഷ്യൻ ട്രിപ്പ് വേണമെന്ന്
മക്കളും പെണ്ണുമ്പിള്ളേം
വാശിപിടിക്കുവാ...
അവർടെ സന്തോഷമല്ലേ എന്റെയും?
അതോണ്ട്,
അതൊന്ന് സാധിക്കണം.

മലേഷ്യേൽ സാധനങ്ങൾ ചീപ്പാത്രേ!
കൊറേ സാധനങ്ങളുടെ
ലിസ്റ്റുണ്ട് കൈയ്യിൽ
അത് പിന്നെ കാണിക്കാം
അതൊക്കെ വാങ്ങാൻ
കാശൊത്തിരി ചെലവാകും.
അതിനുള്ള വഴി
നീ തന്നെ കാണണം.
വീട്ടിന് മുന്നിൽ വളച്ചുപിടിച്ച
പൊറമ്പോക്ക് ഭൂമി
വിറ്റുതന്നാലും മതി.
കമ്മീഷൻ തരാം, 2%!

അതുപോലെ,
കോടതിക്കേസ് എളുപ്പം തീരണം,
യേട്ടന്റെ തലയിൽ
ഇടിത്തീ വീഴണം.
മൂത്തവൾക്ക് നല്ല
വരനെ നൽകണം.
യുഎസിൽ സെറ്റിലായ,
സ്ത്രീധനം വാങ്ങാത്ത
നായർ തറവാടി
തന്നെ വേണം.
പെണ്ണിന് പ്രായമേറുന്നു...
തൽക്കാലമവൾ
പ്ലസ് ടൂ ജയിച്ചിടേണം.

എന്തോ മറന്നു....
ങാ... പിടികിട്ടി!
പറമ്പിലെ തേങ്ങകൾ
കള്ളന്മാർ കക്കുന്നു.
കാവലിനാളെ കിട്ടിണില്ല, കണ്ണാ!
ആളെക്കിട്ടും വരെ
നിന്റെയൊരു കണ്ണവിടെ വേണം,
ട്ടാ?
നീയേ ശരണം, നിയേ ഗതി...

തൽക്കാലം വേറെയൊന്നുമില്ല.
ബാക്കി പിന്നെ!
വൈഫിനെ അയയ്ക്കാം.
അവൾക്കും പേഴ്സണലായെന്തോ
പറയണമെന്ന് കേട്ടു...
അപ്പോ ശരി...
പറഞ്ഞതൊന്നും മറക്കരുതേ,
കാർമുകിൽവർണ്ണാ,
ഗുരുവായൂരപ്പാ,
മാധവാ
വാസുദേവാ
നന്ദഗോപാലാ...

Monday, April 2, 2012

എന്റെ അദ്വൈതാനുഭവങ്ങൾ (An Experience of Divine Oneness)

കുറിപ്പ്: നമുക്കുണ്ടാവുന്ന അനുഭവങ്ങൾ എല്ലാം പുറത്ത് പറയരുതെന്നും, സ്വകാര്യ ജീവിതത്തിലെ വിവരങ്ങൾ/രഹസ്യങ്ങൾ പുറത്ത് പറയുമ്പോൾ മിതത്വം/വിവേകം പാലിക്കണമെന്നും എന്റെ പല സുഹൃത്തുക്കളും ഉപദേശിച്ചിട്ടുണ്ട്. സ്നേഹമുള്ളതുകൊണ്ടാണ് അവരങ്ങനെ ചെയ്തത്. കാരണം, കേൾക്കുന്നവർ നമ്മേ ശരിയായി മനസിലാക്കണമെന്നില്ല, അംഗീകരിക്കണമെന്നില്ല. നല്ലതെന്ന് നാം കരുതുന്നവ ചിലപ്പോൾ ദോഷകരമായി ഭവിക്കാം, നാം പരിഹാസ്യരായി തീർന്നേക്കാം! ഏതായാലും, ആ ഭയം എനിക്കില്ല. കാരണം, എനിക്കുണ്ടായ ഒരനുഭവത്തെ ഡോക്യുമെന്റ് ചെയ്യുക എന്നത് മാത്രമാണ് ഈ പോസ്റ്റിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. അതിനെ വായനക്കാർ സ്വീകരിക്കുമോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം; അല്ലാത്തവർക്ക് തള്ളിക്കളയാം, നിർബാധം!

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അദ്വൈത ചിന്തകൾക്ക്, വേദ കാലഘട്ടത്തോളം! വേദങ്ങളിൽ അന്തർലീനമായി കിടക്കുന്ന അദ്വൈത സത്യങ്ങളെ ക്രോഡീകരിച്ചതും, ചിട്ടയാർന്ന സംവിധാനമാക്കിയതും, അതിന്റെ ആദ്യ ബഹുജന പ്രചാരകനായതും ആദിശങ്കരനാണെന്നതിൽ സംശയമില്ല. അഹം ബ്രഹ്മാസ്മി (I am Brahman), തത്വമസി (That thou art), അയമാത്മ ബ്രഹ്മ (This Atman is Brahman) തുടങ്ങിയ അദ്വൈത ശ്ലോകങ്ങളുടെ പൊരുളും പെരുമയും ആദിശങ്കരന്റെ ജനനം കൊണ്ട് ധന്യമായ ഈ കേരളത്തിലെ ഓരോ മലയാളിക്കും സുപരിചിതമായതുകൊണ്ട് അദ്വൈത ചിന്തകളിലേക്ക് ഞാൻ കടക്കുന്നില്ല, ബോധപൂർവം! എങ്കിലും, അതിനെകുറിച്ചുള്ള എന്റെ ഒരേയൊരു വിലയിരുത്തൽ ഞാൻ പറയുകയാണ്. 2001-ൽ ആരംഭിച്ച എന്റെ തത്വശാസ്ത്ര പഠനത്തിനിടയിൽ ഒരിക്കൽ പോലും അദ്വൈത സിദ്ധാന്തത്തിലെ ഏതെങ്കിലുമൊരു കാര്യം സ്വന്തം ജീവിതത്തിൽ നേരിട്ട് അനുഭവിച്ചതായി പറഞ്ഞ ഒരാളെ കുറിച്ചും ഞാൻ കേട്ടിട്ടില്ല, അനന്തം സ്വാമിമാരുടെ അദ്വൈത ചിന്തകൾ കേട്ട് മടുത്തിട്ടുണ്ടെങ്കിലും! അദ്വൈതത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വിടവായി ഞാൻ കാണുന്നു, ഈ അനുഭവങ്ങളുടെ അഭാവം! മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജനങ്ങളുടെ ഇടയിൽ തീർത്തും ബൗദ്ധിക/ആശയ തലത്തിൽ നിൽക്കുന്ന ഒന്നാണ് അദ്വൈത സിദ്ധാന്തം. അനുഭവത്തിന്റെ വെളിച്ചം അദ്വൈതചിന്തകളെ വിപ്ലവാത്മകമാക്കിയിട്ടില്ല എന്നതാണ് സത്യം! ഈ പശ്ചാത്തലത്തിലാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് ഞാൻ കണ്ട ഒരു സ്വപ്നം പ്രാധാന്യമർഹിക്കുന്നത്, ഒന്നുമില്ലേലും വ്യക്തിപരമായ വീക്ഷണക്കോണിലൂടെ ചിന്തിക്കുമ്പോൾ...! അദ്വൈതം എന്താണെന്നും, "സർവ്വം ഒന്നാണ്" എന്ന് പറയുന്നതിന്റെ അനുഭവതലം എന്താണെന്നും വെളിപ്പെടുത്തുന്നതായിരുന്നു ആ സ്വപ്നം! വിസ്മയിപ്പിക്കുന്ന വെളിപാടായിരുന്നു അത്....! ഭാവിയിൽ വെറുതേയെങ്കിലും മറിച്ചുനോക്കാൻ ഞാനാ സ്വപ്നം ഇവിടെ അതേപടി പകർത്തുകയാണ്.

എന്റെ ഗുരുവും സുഹൃത്തുമായ ശ്രീ. കൃഷ്ണൻ കർത്തയുടെ പുളിയളക്കോണത്തുള്ള (തിരുവനന്തപുരം) സത്യസായി ആശ്രമം. ഇന്ന് കാണുന്ന ആശ്രമമല്ല സ്വപ്നത്തിലുള്ളത്. കുറച്ച് പഴക്കമുണ്ട്! ഓല മേഞ്ഞ്, വടക്ക് അഭിമുഖമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ചെറിയ ഭജനഹാൾ. ഞാൻ ഭജനഹാളിൽ ഒറ്റയ്ക്ക്! അവിടെങ്ങും ആരുമില്ല. സായംസന്ധ്യ... എങ്കിലും എങ്ങും പ്രകാശം നിറഞ്ഞുനിൽക്കുന്നു. പെട്ടെന്ന് ആരുടെയോ അദൃശ്യമായ സാന്നിധ്യം ഭജനഹാളിൽ നിറയുന്നു..., അതിന്റെ ആധിക്യത്തിൽ എന്നിൽ ഭയം ജനിക്കുന്നു. ഭയം മൂലം ഞാൻ പെട്ടെന്ന് ഭജനഹാളിൽ നിന്ന് പുറത്തിറങ്ങുന്നു, പിന്നെ രക്ഷപ്പെടാൻ ശ്രമിക്കുന്നു. അപ്പോഴാണ് ഹാളിനുള്ളിൽ എന്റെ ബാഗ് വച്ച് മറന്ന കാര്യം ഞാൻ ഓർമ്മിക്കുന്നത്. ഞാൻ നിൽക്കുന്നു. തിരിഞ്ഞ് നോക്കുമ്പോൾ ഹാളിനകത്തിരിക്കുന്ന ബാഗിനെ അഴികൾക്കുള്ളിലൂടെ എനിക്ക് കാണാം. ഇനി എന്താ ചെയ്ക? ഭയം മൂലം അകത്ത് കേറാനും മടി. ഞാൻ ആലോചിക്കുന്നു... "ആ ബാഗ് എന്റെ കൈകളിലേക്ക് പറന്നുവന്നിരുന്നെങ്കിൽ?" മനസ് കൊണ്ട് ആശിച്ച് ഞാൻ വെറുതേ വലത് കൈ നീട്ടുന്നു. എന്നെ ഞെട്ടിപ്പിച്ചുകൊണ്ട്, ഹാളിന് വെളിയിൽ നിൽക്കുന്ന എന്റെ കൈകളിലേക്ക് ബാഗ് പറന്നെത്തുന്നു. ഞാൻ സംഭ്രമിക്കുന്നു, സ്തംഭിച്ചുപോകുന്നു. ഇതെന്ത് മറിമായം? ഞാനെന്റെ കൈയെ തിരിച്ചും മറിച്ചും നോക്കുന്നു. ഇത് സ്വപ്നമല്ല. എനിക്കേതോ അത്ഭുതശക്തി കൈവന്നിരിക്കുന്നു. എന്നിൽ ആവേശം അലതല്ലുന്നു. സന്തോഷം കൊണ്ട് ഞാൻ നട്ടം കറങ്ങുന്നു. ഇത് ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ എന്റെ തല ഇപ്പൊ വെടിക്കും! ആദ്യം കൃഷ്ണേട്ടനോട് തന്നെ പറയാം. "കൃഷ്ണേട്ടാ..." ഉറക്കെ വിളിച്ച് ഞാനാ ആശ്രമത്തിലെങ്ങും ഓടി നടക്കുന്നു.

ഭജനഹാളിനടുത്തുള്ള റോഡിലൂടെ താഴേക്ക് ഇറങ്ങിവരികയാണ് കൃഷ്ണേട്ടൻ. കൂടെ ആരൊക്കെയോ ഉണ്ട്. "അതേ... ഇവിടെയൊരു അത്ഭുതം നടന്നു..." ഞാൻ ദൂരെ നിന്നേ വിളിച്ചുപറയുന്നു. അദ്ദേഹത്തിന്റെ അടുക്കൽ ഓടിയെത്തിയ ഞാൻ അത്ഭുതസിദ്ധിയെ കുറിച്ച് പറയാൻ ഞാൻ നാവെടുക്കുന്നു. പക്ഷേ, കൂടെ ഉള്ള ആളുകളുമായി സംസാരിക്കുന്ന തിരിക്കിലാണ് അദ്ദേഹം. അതിൽ ഒരാൾ പൊലീസുകാരനാണെന്ന് അയാളുടെ സംസാരത്തിൽ നിന്ന് മനസിലാവുന്നു. ഞാൻ അക്ഷമനായി കാത്തുനിൽക്കുന്നു. ഒടുവിൽ, തിരക്കൊഴിയുമ്പോൾ "എന്തത്ഭുതമാ നടന്നേ" എന്ന് അദ്ദേഹം ചോദിക്കുന്നു. ഞാനും കൃഷ്ണേട്ടനും ആശ്രമത്തിന് താഴേക്കുള്ള റോഡിലൂടെ നടക്കുമ്പോൾ, സ്വൽപ്പം മുമ്പ് ഭജനഹാളിൽ നടന്ന സംഭവം ഞാൻ വിവരിക്കുന്നു. വിവരിച്ച് വിവരിച്ച് മെയ്‌മറന്ന് ഞാൻ നടക്കുകയാണ്. ഞാൻ കൃഷ്ണേട്ടനെ ശ്രദ്ധിക്കുന്നില്ല. കുറേ ദൂരം ചെന്ന് കഴിയുമ്പോൾ ഞാൻ തിരിഞ്ഞുനോക്കുന്നു. കൃഷ്ണേട്ടനെ കാണാനില്ല. ഞാൻ ചുറ്റും നോക്കുന്നു. അപ്പോൾ ഞാൻ കാണുന്നു, ധൂളി പോലെ സ്വയം വായുവിൽ അലിഞ്ഞില്ലാതായ അദ്ദേഹത്തിന്റെ ശരീരത്തെ! "കൃഷ്ണേട്ടാ..." ഞാൻ ഉറക്കെ വിളിക്കുന്നു. അപ്പോൾ ഒരു അശരീരി. "കൃഷ്ണൻ എന്നൊരാൾ നിലനിൽക്കുന്നില്ല." "ഞാനിത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത് കൃഷ്ണേട്ടനോടാണല്ലോ," എന്ന് ഞാൻ. "നീ ഇത്രയും നേരം, ഇക്കാലമത്രയും സംസാരിച്ചുകൊണ്ടിരുന്നത് നിന്നോട് തന്നെയായിരുന്നു" - എന്ന് അശരീരി. "എന്നോട് തന്നെയോ?" ഞാൻ സ്വയം ചോദിക്കുന്നു. ആ ചിന്തകൾക്കിടയിൽ, എന്റെ ചുറ്റുമുള്ള ലോകത്തിന് സാവധാനം പരിണാമം സംഭവിക്കുന്നു, വസ്തുക്കളെല്ലാം കാഴ്ചയിൽ ജല്ലിയായി (jelly) രൂപാന്തരം പ്രാപിക്കുന്നു, എന്റെ ശരീരം ഉൾപ്പെടെ!

എവിടെ നോക്കിയാലും ജല്ലിയായി, തിളങ്ങുന്ന ഒരു വസ്തു മാത്രം! കെട്ടിടങ്ങളുടെയും സാധനങ്ങളുടെയും ആകൃതിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അവ ഉണ്ടാക്കപ്പെട്ടിരുന്ന വസ്തുവിനാണ് മാറ്റം. സർവ്വം ജല്ലി മയം! ഞാൻ എന്നിലേക്ക് തന്നെ നോക്കുന്നു. അതും ജല്ലി തന്നെ. ഞാൻ താഴേക്ക് നോക്കുന്നു. ജല്ലിയായി മാറിയ എന്റെ പാദങ്ങൾ. അവ ഭൂമിയിലേക്ക് (ജല്ലിയിലേക്ക്) മുട്ടോളം ഇറങ്ങി നിൽക്കുന്നു, ചെളിയിൽ പുതഞ്ഞ പോലെ! ഞാൻ നടക്കാൻ ശ്രമിക്കുന്നു, വേച്ച് വേച്ച്! ഭൂമിയും ശരീരവും ഒന്നായി മാറിയതിനാൽ എനിക്ക് നടക്കാൻ കഴിയുന്നില്ല. സംഭ്രമത്തോടെ ഞാൻ ചുറ്റും നോക്കുന്നു. ഞാനല്ലാതെ മറ്റാരും തന്നെയില്ല. ഈ മഹാപ്രപഞ്ചത്തിൽ ഞാനല്ലാതെ മറ്റാരും നിലനിൽക്കാത്തതുപോലെ! എല്ലായിടത്തും ഞാൻ! എന്റെ പ്രതിബിംബം! ഞാനെന്ന ബോധം! ഞാൻ എന്നിലേക്ക് തന്നെ നോക്കുന്നു... എന്റെ കാലുകളിലൂടെ, എന്റെ തന്നെ ഭാഗമായി (extension) വിരാചിതമായി നിൽക്കുന്ന ഒരു ജല്ലി ഉലകം. എന്റെ കാലുകളെ feel ചെയ്യാവുന്നതുപോലെ ഈ പ്രപഞ്ചത്തെയും എനിക്ക് feel ചെയ്യാൻ കഴിയുന്നു..., എന്റെ തന്നെ ശ്വാസാച്ഛാസം പോലെ! എന്റെ ബോധം (consciousness) ഈ പ്രപഞ്ചവസ്തുക്കളിലൂടെ അനന്തതയിലേക്ക് നീണ്ടുകിടക്കുന്നതുപോലെ! എന്റെ ചുറ്റുമുള്ള വസ്തുക്കളെ ഞാൻ നോക്കുമ്പോൾ എനിക്ക് എന്നെ തന്നെ feel ചെയ്യാൻ കഴിയുന്നു, എന്റെ കൈകളിലേക്ക് നോക്കുമ്പോൾ ആ കൈകളെ എനിക്ക് feel ചെയ്യാനാവുന്നതുപോലെ! ഈ അനന്തതയുടെ അനന്തസാധ്യതയിൽ എന്റെയുള്ളിൽ എവിടെനിന്നോ ആനന്ദം വന്ന് നിറയുന്നു. ഞാനെന്ന ബോധം എന്നെ നിർവൃതിയിൽ ലയിപ്പിക്കുന്നു. എങ്കിലും, പെട്ടെന്ന് ഞാൻ നിരാശനാവുന്നു. എല്ലാമുണ്ടായിട്ടും ഈ ലോകത്തിൻ ഞാൻ ഏകനാണെന്ന തോന്നൽ. കുശലം പറയാനോ, തമാശ പറയാനോ ആരുമില്ലെന്ന ദുഃഖം. പെട്ടെന്ന് ഞാനാ ദുഃഖത്തിൽ നിന്ന് കരകയറുന്നു; ഇനിയെന്ത് ചെയ്യാനാവുമെന്ന് ചിന്തിക്കുന്നു. എനിക്ക് വേണ്ടി ഒരു ലോകം സൃഷ്ടിച്ചാലോ? അവിടത്തെ ലീലകളിൽ ആനന്ദനിർവൃതിയടഞ്ഞാലോ? പെട്ടെന്ന് എന്റെ ചുറ്റുമുള്ള ജല്ലി ഉലകത്തിന് പരിണാമം സംഭവിക്കുന്നു. പുതിയൊരു ലോകത്തിലേക്ക് (as we see it now) ഞാൻ പ്രവേശിക്കുന്നു... ചെടികളും മരങ്ങളും ആകാശവും പറവകളുമെല്ലാം നാം കാണുന്നപോലെതന്നെ നിലനിൽക്കുന്ന ഒരു ലോകം. അവിടെ ഞാൻ യഥേഷ്ടം പറന്നുനടക്കുന്നു. ഞാനും ആ വസ്തുകളും രണ്ടാണെന്ന വ്യാജ പ്രതീതി ഞാൻ സ്വയം ജനിപ്പിക്കുന്നു. അതിലൂടെ ലഭിക്കുന്ന സ്വകാര്യതയിൽ ആനന്ദം കൊള്ളുന്നു. എനിക്കെന്ത് വേണമെങ്കിലും ഇപ്പോൾ കാട്ടിക്കൂട്ടാം! ഏത് കുസൃതിയാണ് ചെയ്യുക? ലാവണ്യയുടെ* വീട്ടിലേക്ക് പോയാലോ? അവളിപ്പോൾ എന്ത് ചെയ്യുന്നുവെന്ന് നോക്കിയാലോ? എന്നാപ്പിന്നെ പോയ്ക്കളയാം. രണ്ടാലോചന ഇല്ല. ഞാൻ പറക്കുന്നു. നിനച്ച് തീരും മുമ്പ് അവളുടെ വീട്ടിലെത്തിക്കഴിഞ്ഞു. ഞാനകത്തേക്ക് ഒളിഞ്ഞ് നോക്കുന്നു. ഇത് ഞാനുദ്ദേശിച്ച ലാവണ്യയല്ല. വേറെയേതോ ലാവണ്യയാ...! ഇനി, പേരും അഡ്രസും കൃത്യമായി പറഞ്ഞാലേ കൊണ്ടാക്കൂ എന്നുണ്ടോ? സംശയം! അങ്ങനെയാണെങ്കീ അങ്ങനെ തന്നെ!!! (ഈ ഘട്ടത്തിൽ ഞാൻ ഉണരുകയാണ്.)

ഉണർന്നപ്പോൾ ഞാൻ തീർത്തും excited ആയിരുന്നു. ഉള്ളിൽ ആവേശം തിരതല്ലുന്നുണ്ടായിരുന്നു. പിന്നെയെനിക്ക് ഉറക്കം വന്നില്ല. സ്വപ്നത്തെ കുറിച്ച് കൃഷ്ണേട്ടനോട് പറഞ്ഞേ തീരൂ. സ്വപ്നം മറന്നുപോകാതിരിക്കാൻ ഞാൻ പേപ്പറിൽ എഴുതിവച്ചു. വൈകിട്ട് ഫോൺ ചെയ്തപ്പോൾ സ്വപ്നം വിവരിച്ചു. അദ്ദേഹം ഒരു വാക്കുപോലും പറയാതെ സശ്രദ്ധം കേട്ടു. ഇത്തരം experiences of divine oneness സ്വാഭാവികമാണെന്നും, ഒരു മുന്നാസ്വാദനമെന്ന/തുടക്കമെന്ന നിലയിൽ ഇത്തരം അനുഭവങ്ങൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. A point of no return എന്നൊരു അവസ്ഥ ഇത്തരം അനുഭവത്തിന്റെ പരമകോടിയിൽ ഉണ്ടെന്നും, അവിടെയെത്തിക്കഴിഞ്ഞാൽ ശിഷ്ടകാലമത്രയും ഈ ഏകത്വ അനുഭവത്തിൽ നിരന്തരം ജീവിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രപഞ്ചത്തിൽ ഞാനല്ലാതെ മറ്റാരുമില്ല എന്ന തോന്നൽ ഉണ്ടായപ്പോൾ എനിക്ക് ദുഃഖം അനുഭവപ്പെട്ടത് അപക്വതയുടെ ലക്ഷണമാണെന്നും, അതിൽ വ്യസനിക്കേണ്ടതില്ലന്നും, ഇതെല്ലാം വളർച്ചയുടെ ലക്ഷണമാണെന്നും അദ്ദേഹം. സ്വപ്നത്തിന്റെ ഉള്ളടക്കവും കൃഷ്ണേട്ടന്റെ വ്യാഖ്യാനവും ഒരുപക്ഷേ പലർക്കും ഭ്രാന്തമായി തോന്നാം... ഈ ആധുനിക ലോകത്തിൽ ഇതെല്ലാം ആര് വിശ്വസിക്കാൻ, ല്ലേ? ഡിഗ്രികളും ഡോക്ടറേറ്റുകളും പോക്കറ്റിൽ വച്ച് നടക്കുന്ന പണ്ഡിതന്മാരും ബുദ്ധിജീവികളും എല്ലാം തികഞ്ഞ ശാസ്ത്രജ്ഞന്മാരുമാണെല്ലോ നാമെല്ലാം....! നമുക്കൊന്നും ഇത്തരം ഭ്രാന്തൻ അനുഭവങ്ങൾ ദഹിക്കില്ല. എന്നാലും ഒരു കാര്യം മാത്രം പകൽ പോലെ സത്യം! ഞാനൊരു സ്വപ്നം കണ്ടു, അതിൽ ഞാൻ പുസ്തകങ്ങളിൽ മാത്രം വായിച്ചിട്ടുള്ള അദ്വൈതം എന്തെന്ന് അനുഭവിച്ചു! വർണ്ണപ്രകാശത്തിൽ തിളങ്ങുന്ന ജല്ലി  പോലെ മനോഹരമായിരുന്നു അത്, ആ അനുഭവം!

* ലാവണ്യയുടെ - എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടി. ;)