Friday, May 13, 2011

എങ്കിലും മൊട്ടുകൾ പ്രതികരിച്ചില്ല

ബാലു ഉറക്കമുണർന്നതേയുള്ളൂ. എങ്കിലും, കിടക്കയിൽ നിന്ന്‌ എഴുന്നേൽക്കാൻ മെനക്കെടാതെ ഉറക്കക്ഷീണത്തിന്റെ ആലസ്യത്തിൽ അൽപ്പനേരം കൂടി മയങ്ങാൻ വീണ്ടും ചുരുണ്ടുകൂടി. തൊട്ടടുത്തുള്ള വീട്ടിലെ കുഴൽക്കിണറിൽ ഘടിപ്പിച്ച പമ്പുസെറ്റിന്റെ വിറയാർന്ന ശബ്ദവും വാഹനങ്ങളുടെ ഇരമ്പലും അരോചകപ്പെടുത്തുന്ന സുപ്രഭാത കീർത്തനങ്ങൾ പോലെ ബാലുവിന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. അലക്ഷ്യമായ ആ കിടപ്പിനിടയിൽ മയങ്ങിപ്പോയത്‌ എപ്പോഴാണെന്നറിയില്ല, പിന്നെ എഴുന്നേൽക്കുമ്പോൾ മണി എട്ടര കഴിഞ്ഞിരുന്നു. മേശപ്പുറത്ത്‌ നിരന്തരം ചിലയ്ക്കുന്ന ടൈം പീസിന്റെ വായിൽ തുണി തിരുകി, ഉറക്കച്ചടവുമൂലം മ്ളാനമായ മുഖം അമർത്തിത്തുടച്ച്‌ ബാലു സാവധാനം എഴുന്നേറ്റു. മേശപ്പുറത്ത്‌ മൂടിവച്ചിരിക്കുന്ന ആറിത്തണുത്ത ബെഡ്‌ കോഫിയുടെ കയ്പ്പിനെ കുറിച്ച്‌ വ്യാകുലപ്പെടാതെ അയാൾ കണ്ണാടിയിലേക്ക്‌ നോക്കി നിന്നു. അതിൽ പ്രതിഫലിച്ച ബിംബത്തിന്റെ താടിയും മീശയും ചൊരിഞ്ഞ പരിഹാസങ്ങൾ അസഹനീയമായപ്പോൾ ഡ്രോയർ തുറന്ന്‌ ഷേവിംഗ്‌ സെറ്റെടുത്ത്‌ ബാലു മേശപ്പുറത്തുവച്ചു, മറതിക്ക്‌ തക്ക മരുന്നായി. രാത്രി മുഴുവൻ എത്ര എഴുതാൽ ശ്രമിച്ചിട്ടും പൂർത്തിയാക്കാനാവാത്ത ആ കവിത അപ്പോഴും മേശപ്പുറത്ത്‌ അനാഥമായി കിടപ്പുണ്ടായിരുന്നു. വെട്ടിയും തിരുത്തിയും പ്രാണൻ നഷ്ടപ്പെട്ട ചിന്തകളുടെ ശവശരീരങ്ങൾ കബറടക്കം കാത്ത്‌ മലച്ചുകിടക്കുന്നു, മഹായുദ്ധം നടന്ന പോർക്കളത്തിലെന്ന പോലെ! ബാലു ആ കടലാസുകഷ്ണങ്ങളിൽ അങ്ങാളമിങ്ങോളം കണ്ണോടിച്ചു, എന്തോ മനസിലാക്കാൻ ശ്രമിക്കുന്നതുപോലെ.

ചിലപ്പോൾ അങ്ങനെയാണ്‌, എഴുതാൻ ശ്രമിക്കുന്തോറും ആശയങ്ങൾ ഗതികിട്ടാത്ത പ്രേതങ്ങളെ പോലെ അലക്ഷ്യമായി അലയുക, വികാരങ്ങൾ കുത്തിയൊഴുകുമ്പോഴും വിരലുകൾ നിഷേധാത്മകമായി ശാഠ്യം പിടിക്കുക, പിന്നെ അതിൽ നിന്നുരുവാകുന്ന നൈരാശ്യത്തിലും അപകർഷതയിലും മനസിൽ തോന്നുന്നതെല്ലാം ഛർദ്ദിച്ചുവയ്ക്കുക, പിന്നെ എഴുതിയതെല്ലാം ഭ്രാന്തമായി വെട്ടിക്കളയുക. വരികൾക്ക്‌ ജന്മം നൽകാനുള്ള ഈ പ്രസവ വേദനകളിലെല്ലാം കാലാന്തരത്തിൽ ലഭിച്ചേക്കാവുന്ന ഒരുതരം സുഖം ഒളിഞ്ഞുകിടപ്പുണ്ടെങ്കിലും, പ്രതിബന്ധങ്ങളെ അതിജീവിക്കാൻ കഴിയാതെ, പരിപക്വമാവാത്ത സ്വന്തം സൃഷ്ടിയെ ഗർഭഛിദ്രം ചെയ്യേണ്ട സ്ഥിതി വരുമ്പോൾ ഒരോ എഴുത്തുകാരന്റെയും മനസിൽ അവശേഷിക്കുക മരണതുല്യമായ നൈരാശ്യമോ ശൂന്യതയോ ആയിരിക്കും. അവന്റെ സർഗാത്മകതെയെ നിഷ്പ്രഭമാക്കിക്കൊണ്ട്‌ ഇടക്കിടെ വന്നുപോവുന്ന ഇത്തരം രാത്രികൾ ഒരർത്ഥത്തിൽ അനിവാര്യത തന്നെയാണ്‌. കാരണം, ക്രിയാത്മകത എന്നത്‌ എതിരാളിയില്ലാത്ത യുദ്ധഭൂമിയല്ലല്ലോ! അവരെ തോല്പ്പിക്കുന്നതുവരെ എഴുത്തുകാരൻ യുദ്ധം തുടരേണ്ടിരിക്കുന്നു. ഒഴുക്ക്‌ നഷ്ടപ്പെട്ട നദിയുടെ മലീമസമായ മ്ളാനത ബാലുവിന്റെ മുഖത്ത്‌ പ്രകടമായിരുന്നു. കൂടുതൽ പൊരുതി ശേഷിച്ച ആത്മവിശ്വാസവും ചോർന്നുപോകാൻ ഇടനൽകാതെ പേപ്പറുകൾ മടക്കി വച്ച്‌ ബാലു ഒരു സിഗററ്റെടുത്ത്‌ കത്തിച്ചു, പിന്നെ ജനാലയിലൂടെ പുറത്തേയ്ക്ക്‌ നോക്കിനിന്നു.

കോളിംഗ്‌ ബെല്ലിന്റെ അപ്രതീക്ഷിതമായ നീണ്ട മുഴക്കമാണ്‌ അസുഖകരമായ പരിസരബോധത്തിലേക്ക്‌ ബാലുവിനെ കൂട്ടിക്കൊണ്ട്‌ വന്നത്‌. അരോചകം കലർന്ന ആ കൂക്കുവിളിയെ അവഗണിക്കാൻ എത്ര ശ്രമിച്ചിട്ടും വിജയിക്കാതെ വന്നപ്പോൾ, സിഗററ്റ്‌ കുറ്റി കുത്തിക്കെടുത്തി, അയഞ്ഞ്‌ തൂങ്ങിയ കൈലി നന്നായുടുത്ത്‌, തന്റെ സ്വകാര്യതയെ കല്ലെഞ്ഞെറിഞ്ഞോടിച്ചതിലുള്ള കുണ്ഠിതത്തോടെ ബാലു സിറ്റൗട്ടിലേക്ക്‌ നടന്നു. രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ ഓരോരുത്തന്മാർ ഇറങ്ങിക്കൊളും. പോകുംവഴി അയാൾ പിറുപിറുത്തു. യാതൊരു മുന്നറിയിപ്പും കൂടാതെ എഴുന്നെള്ളിയിരിക്കുന്ന അതിഥിയെ സ്വീകരിക്കാൻ ഇരുകൈകൾ കൊണ്ടും ഒരുവിധം നന്നായി മുടി ഒതുക്കി ബാലു കതക്‌ തുറന്നു. സ്വയം അലങ്കരിച്ച്‌ വിരൂപമാക്കിയ ഒരു സ്ത്രീ മുന്നിൽ! ബാലു അമ്പരന്നു. കോളിംഗ്‌ ബെല്ലിനോടുള്ള മുജ്ജന്മ വൈരാഗ്യം തീർത്തതിന്റെ ചാരിതാർത്ഥ്യത്തിൽ ആ രൂപം ബാലുവിനെ നോക്കി പുഞ്ചിരിച്ചു. ചക്ക വെട്ടിക്കീറി വച്ചമാതിരിയുള്ള അവളുടെ പുഞ്ചിരി കൂടിയായപ്പോൾ ബാലു സ്വയം വഴിമാറിക്കൊടുത്തു, കിട്ടിയ വിടവിലൂടെ സ്ത്രീരൂപം വീട്ടിനുള്ളിലേക്ക്‌ കയറിപ്പോയി.

സോഫയിൽ കിടന്ന ദിനപത്രത്തിലെ വാർത്തകളിൾക്കിടയിലൂടെ കണ്ണോടിക്കുമ്പോഴും, ഭാര്യ സുമിത്രയോടുള്ള അരിശമായിരുന്നു ബാലുവിന്റെ മുഖത്ത്‌ മുഴുവൻ. ചുക്കിച്ചുളിഞ്ഞ്‌ മുന്നോട്ടാഞ്ഞുനിൽക്കുന്ന പുരികങ്ങൾ സുമിത്രയെ ആവോളം ചീത്തവിളിച്ചുകൊണ്ടിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക്‌ ശേഷം എഴുത്തിന്റെ ലോകത്തേയ്ക്ക്‌ കാലുറപ്പിക്കാൻ ശ്രമിക്കുകയായിരുന്ന ബാലു സുമിത്രയോടൊപ്പം നാട്ടിലെ ബന്ധുവിന്റെ കല്യാണത്തിന്‌ പോകാതിരുന്നതും, സുമിത്രയുടെ അസാന്നിധ്യം മുന്നിൽ കണ്ട്‌ ഓഫീസിൽ നിന്ന്‌ അടിയന്തിരമായി ലീവെടുത്തതും സ്വസ്ഥമായി എന്തെങ്കിലും എഴുതാമല്ലോ എന്ന ചിന്തയായിരുന്നു. പ്രാതൽ ബ്രഡ്ഡും ജാമും കൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്യണമെന്ന്‌ മാത്രം നിർദ്ദേശിച്ച്‌ വെളുപ്പിനേ തന്നെ പടിയിറങ്ങുമ്പോൾ വേലക്കാരിയുടെ ഈ വരവ്‌ സുമിത്ര സൂചിപ്പിക്കുക കൂടി ചെയ്തില്ല. “നായിന്റെ മോൾ”. പത്രത്താളുകൾ മറിച്ച്‌ ബാലു അരിശത്തോടെ അടുക്കളയിലേക്ക്‌ നോക്കി. “ഇതിലും ഭേദം ഓഫീസിൽ തന്നെ പോകുന്നതായിരുന്നു!“ എഴുതാൻ ഏകാന്തത കടം വാങ്ങിയ എഴുത്തുകാരനെ പീഡിപ്പിക്കുന്ന പ്രാരാബ്ദങ്ങളെ പോലെ തോന്നി ബാലുവിന്‌ ആ നിമിഷങ്ങൾ!

”ഒരു ദിവസമെങ്കിലും സ്വസ്ഥമായിരിക്കാമെന്ന്‌ വച്ചാൽ സമ്മതിക്കില്ല. എവിടെയെങ്കിലും ഇറങ്ങിപ്പോയാലോ!“ ബാലു ആലോചിച്ചു. ജോലിക്കാരിയെ ഒറ്റയ്ക്ക്‌ വീട്ടിൽ നിർത്തിയിട്ട്‌ രക്ഷപ്പെടാൻ കഴിയാത്ത ദുർഗതി! ബാലു പത്രം സോഫയിലേക്ക്‌ വലിച്ചെറിഞ്ഞു. പിന്നെ അൽപ്പനേരം ചാരിക്കിടന്നു. എഴുത്തിൽ വലിയൊരു ഇടവേള വന്നതിന്‌ ശേഷം ഇങ്ങനെയാണ്‌, ആരുടെയെങ്കിലും സാന്നിധ്യമുണ്ടായാൽ ഒന്നും എഴുതാൻ സാധിക്കാതിരിക്കുക! സുമിത്രയെ ഒഴിവാക്കാൻ കൂടി വേണ്ടിയാണ്‌ ബാലു രാത്രി കാലങ്ങളിൽ എഴുത്തിനിരിക്കാൻ ആരംഭിച്ചതും. എന്തോ, രാത്രിയിൽ ചുറ്റുപാടും കിടന്നുറങ്ങുന്ന ശരീരങ്ങൾക്ക്‌ നടുവിൽ താൻ മാത്രം ഉറർന്നിരിക്കുന്നുവെന്ന അഹങ്കാരത്തോടെ എഴുതാനിരിക്കുന്നതിന്‌ ഒരു പ്രത്യേക സുഖമുണ്ട്‌.

”സാറേ, സാറ്‌ കാപ്പി കുടിച്ചായിരുന്നാ?“ ഭവ്യത മുഖത്തുവരുത്താൻ പരിശ്രമിച്ചുകൊണ്ടുള്ള ജോലിക്കാരിയുടെ ചോദ്യം കേട്ട്‌, ബാലു തലയുയർത്തി നോക്കി. ദ്വയാർത്ഥം കുറിക്കുന്ന വിധം ഇല്ലെന്ന്‌ തലയാട്ടി ബാലു സോഫയിൽ നിന്നെഴുന്നേറ്റു. പിന്നെ, ഗൗരവമായെതെന്തോ ചെയ്തുതീർക്കാനുണ്ടെന്ന ഭാവേന മുറിയിലേക്ക്‌ കയറിപ്പോയി. പൂർത്തിയാക്കുന്നതിന്‌ മുമ്പേ മൃതിയടഞ്ഞുപോയ കലാകാരന്റെ ശില്പം പോലെ ബാലുവിന്റെ കവിത അപ്പോഴും മേശപ്പുറത്ത്‌ കിടപ്പുണ്ടായിരുന്നു. വെട്ടിയും തിരുത്തിയും പരസ്പര ബന്ധം നഷ്ടപ്പെട്ട വരികളെ അയാൾ നിരാശയോടും നിസഹായതയോടും നോക്കിനിന്നു. പണ്ടൊക്കെ എഴുതാൻ കഴിയാതെ വരുമ്പോൾ ഒരു പ്രചോദനമായി സുമിത്ര അടുത്തുണ്ടാവുമായിരുന്നു. അവളോടുത്തുള്ള നിമിഷങ്ങൾ... അതുമാത്രം മതിയായിരുന്നു, ഒരിക്കലും നിലയ്ക്കാത്ത പ്രവാഹം പോലെ വികാരങ്ങൾ നിലംകുത്തിയൊഴുകാൻ, കവിയെ പോലും അതിശയിപ്പിക്കുന്ന കാവ്യഭാവനകൾ ജന്മമെടുക്കാൻ. എല്ലാം നഷ്ടപ്പെട്ടതു പോലെ!

സുമിത്രയെ പരിണയം ചെയ്യാൻ പാടില്ലായിരുന്നു..., ബാലു പലപ്പോഴും ചിന്തിക്കാറുണ്ട്‌. കവിയുടെ അഗാധമായ അബോധാവസ്ഥകളിൽ മടിപിടിച്ചുറങ്ങുന്ന ചില വാക്കുകളെ, ചിന്തകളെ ഇക്കിളിപ്പെടുത്താനും തൊട്ടുണർത്താനും ഭാര്യമാരെക്കാൾ കാമുകിമാർക്ക്‌ പ്രത്യേക കഴിവാണുള്ളത്‌. അതെല്ലാം പ്രണയത്തിന്റെ അജ്ഞാതമായ ലീലവിലാസങ്ങൾ...! അത്തരം മാസ്മരികതകളിൽ മൊഴുകി സുമിത്രയുടെ അവശകാമുകനായിട്ടെങ്കിലും ജീവിക്കാനായാൽ അതുതന്നെ സുകൃതം. മാംസം മാംസത്തോട്‌ ചേരുമ്പോൾ കട്ടപിടിച്ചുറയുന്ന ഇത്തരം ഭാവനലീലകൾ പ്രേമസാഫല്യമനുഭവിക്കുന്ന തന്നെപ്പോലെയുള്ളവർക്ക്‌ ഒരു പ്രയോജനവും ചെയ്യാറില്ല. പ്രണയ നൈരാശ്യം സത്യത്തിൽ ഒരു അനുഗ്രഹമാണ്‌. കാരണം, അവിടെ മനസ്‌ ഒരിക്കലും സംതൃപ്തിയിൽ വിശ്രമിക്കുന്നില്ല, ഇടവേളകളില്ലാത്ത സംഭോഗങ്ങളിൽ അത്‌ എന്നും വിയർപ്പൊഴുക്കിക്കൊണ്ടേയിരിക്കും! അറിയാതെയാണെങ്കിലും, സുമിത്രയെ വിവാഹം ചെയ്തുപോയില്ലേ, ഇനിയെന്ന്‌ ചെയ്യാൻ? ഇതളുകളിൽ നിന്ന്‌ സുഗന്ധം സാവധാനം വിടപറയുന്നതുപോലെ പ്രണയവും കവിതയും തന്നിൽ നിന്ന്‌ അപ്രത്യക്ഷമാകുമെന്ന്‌ ബാലു ഒരിക്കലും കരുതിയതേയല്ല.

വിരാചിതമാവാത്ത സ്വപ്നങ്ങളുടെയും നുണയാത്ത സുഖങ്ങളുടെയും നായകൻ - കാമുകൻ അല്ലെങ്കിൽ കവി. അയാൾ ഒരു സുപ്രഭാതത്തിൽ വിവാഹിതനാവുന്നു, പ്രചോദനങ്ങളുടെ അണ്ഡം നൽകിയ കാമുകിയെ തന്നെ പരിണയം ചെയ്യുന്നു. “തുടർന്നുള്ള കാലം അവനും അവളും സസന്തോഷം സുഖസമൃദ്ധിയിൽ ജീവിച്ചു” എന്ന അടിക്കുറിപ്പോടെ നാടകമോ സിനിമയോ അവസാനിപ്പിക്കാമെങ്കിലും, ജീവിതം അങ്ങനെയല്ല! ബാലു മറ്റൊരു സിഗററ്റ്‌ കത്തിച്ചു. അപ്പോഴേക്കും അയലത്തെ പമ്പുസെറ്റ്‌ നിശ്ചലമായി കഴിഞ്ഞിരിന്നു.

അന്ന്‌ ഒരു തിങ്കളാഴ്ചയായിരുന്നു, 1165 ചിങ്ങമാസം. ബാലു ഗംഗാധരൻ - സുമിത്ര എസ്‌. നായർ ദമ്പതികളുടെ വിവാഹദിനം. നടക്കുമെന്ന്‌ കരുതിയതല്ല. എങ്കിലും നടന്നു, ഒരു നിയോഗം പോലെ. ബാലുവിന്റെ മുറി തീരെ ചെറുതാണ്‌. എങ്കിലും ആ മുറി തന്നെ വേണമെന്ന്‌ നിശ്ചയിച്ചതിന്‌ പിന്നിൽ കാരണങ്ങൾ പലതായിരുന്നു. സുമിത്രയെ കുറിച്ചുള്ള പ്രണയകാവ്യങ്ങൾ രചിച്ച മുറിയിൽ വച്ചുതന്നെ അവളുമായുള്ള ആദ്യനിമിഷങ്ങൾ പങ്കുവയ്ക്കണമെന്ന അഭിനിവേശം. അവിടെ വച്ച്‌ താനെഴുതിയ കാവ്യശകലങ്ങൾ, ഡയറിക്കുറിപ്പുകൾ, ഇനിയും നൽകാത്ത സമ്മാനങ്ങൾ, പ്രേമലേഖനങ്ങൾ എല്ലാം കൊണ്ട്‌ അവളെ മൂടുക. പിന്നെ, ആ ചുവരുകൾക്കുള്ളിൽ താനെന്നും അനുഭവിക്കാറുള്ള കാവ്യഗ്രഹാതുരത്വങ്ങൾക്ക്‌ നടുവിൽ കാണാൻ കൊതിച്ചതെല്ലാം ഒരു കവിത പോലെ വായിച്ചെടുക്കുക. നിലാവുപൊയ്യൂന്ന നിശീഥിനിയുടെ തണുത്ത തലോടലുകളിൽ മെയ്മറന്നിരിക്കുമ്പോൾ, ഒരു കപ്പ്‌ പാലുമായി മുറിയിലേക്ക്‌ കാലെടുത്തുവച്ച സുമിത്രയുടെ ആഭരണങ്ങൾ പറഞ്ഞ കുശുകുശുപ്പുകൾ ബാലു ഇന്നും ഓർക്കുന്നു. വികാരങ്ങളുടെ മുർധന്യാവസ്ഥയിൽ വാരിപ്പുണരാൻ മനസും ശരീരവും കൈനീട്ടി നിൽക്കുമ്പോൾ സുമിത്രയുടെ മുഖത്തെ എന്തോ ഒരു പരിഭവം. അതിന്റെ അർത്ഥം ഊഹിക്കാൻ ശ്രമിക്കുന്നതിനിടയിൽ പാൽ കപ്പ്‌ മേശയിൽ വച്ച്‌, കാണിക്കാൻ വച്ചിരുന്ന ഡയറിയെടുത്ത്‌ കാറ്റുവീശുന്ന സുമിത്ര. വിയർത്തൊലിക്കുന്ന ശരീരവുമായി കാറ്റും വെളിച്ചവും കയറാത്ത ഇത്തിരിപ്പോന്ന മുറിയിൽ ചെന്നുപെട്ടതിലുള്ള കുണ്ഠിതം സ്പഷ്ടമാക്കുന്ന മിഴികൾ. പിന്നെ, എഴുതിവച്ച പ്രണയനാടകത്തിന്റെ ആമുഖരംഗം തുടങ്ങുന്നതിന്‌ മുമ്പേ ഒരു വാക്കുപോലും മിണ്ടാൻ കൂട്ടാക്കാതെ കിടന്നുറങ്ങാൻ അവൾ കാണിച്ച ധൈര്യം. നേരം വെളുക്കുന്നതുവരെ ഡയറിക്കുറിപ്പുകൾ മറിച്ചും പ്രിയതമയുടെ ഉറക്കം ആസ്വദിച്ചും അറിയാതെ മയങ്ങിപ്പോയ തന്നെ ഗൗനിക്കുക പോലും ചെയ്യാതെ പ്രഭാതകൃത്യങ്ങൾക്ക്‌ മുറിവിട്ടിറങ്ങിപ്പോയ അവളുടെ അഹങ്കാരം. പിന്നെ, “ഇവിടെ ബാത്ത്‌റും അറ്റാച്ചിടായി റൂമൊന്നുമില്ലേ?” എന്ന അവളുടെ ചോദ്യം, ഏതോ നികൃഷ്ടജീവിയോടെന്ന പോലെ മുഖം നോക്കാതെയുള്ള അവളുടെ നില്പ്പ്‌. പൊട്ടിത്തെറിക്കാൻ പുകഞ്ഞുനിൽക്കുന്ന സ്ഫോടക വസ്തുവിനെ പോലെ ഗൗരവമായ നോട്ടം. പട്ടണത്തിന്റെ ഈ വലിയ വീട്‌ അവളുടെ അച്ഛന്റെ ചിലവിൽ വാടകയ്ക്കെടുത്ത്‌ വരുന്നതുവരെ ബാലുവിന്റെ ആദ്യരാത്രികൾ ഇത്തരത്തിൽ എഴുതിച്ചേർക്കപ്പെട്ട അദ്ധ്യായങ്ങളായിരുന്നു. എന്നിട്ടും അയാൾ രമ്യതയ്ക്ക്‌ ഒരുക്കമായി, എന്തിനോ വേണ്ടി!

എന്തിനോ വേണ്ടി എന്ന്‌ പറയാനാവില്ല. അറിയില്ലെന്ന്‌ നടിച്ചാൽ അതൊരു ആത്മവഞ്ചനയാവും. ബാലുവിന്‌ സുമിത്രയെ വേണമായിരുന്നു, മുഴുവനായും. അതാണ്‌ സത്യം. കവിതകളിലൂടെ സ്വയംഭോഗം ചെയ്യാനല്ല താനവളെ പ്രണയിച്ചതും വിവാഹം കഴിച്ചതും. എഴുതാനോ പറയാനോ കഴിയാതെ വാക്കുകൾക്കപ്പുറം കിടക്കുന്ന പരമാനന്ദത്തെ നേരിട്ടനുഭവിക്കാൻ, അതിന്റെ ലഹരിയിൽ വീണ്ടും വീണ്ടും അധഃപതിക്കാൻ, അങ്ങനെ താനിതുവരെ സുമിത്രയെ കുറിച്ചെഴുതിയ വരികളെ കവച്ചുവയ്ക്കാൻ! പ്രണയകാലത്തിന്റെ കാല്പനികതകളെ പുനഃസംസ്ഥാപിക്കുന്ന തീവ്രമായ രതിസുഖത്തിലൂടെ സ്വന്തം ഭാവനയെ ശാന്തമാക്കുക. ഈ ദ്രവ്യാസക്തികൾക്കിടയിൽ ബാലുവിന്‌ നഷ്ടമായത്‌ സ്വന്തം കവിതകളെ ആയിരുന്നു. ഉപരിപ്ളവമായ സുഖലോലുപതയ്ക്കിടയിൽ തന്നിലെ കവി എന്ന മൃദുല വികാരത്തെ കളങ്കിതമാകാനും അമർത്തിപ്പൊട്ടിക്കാനും തോന്നിയത്‌ ഏറ്റവും വലിയ പാകതമാണെന്ന്‌ തോന്നുന്നത്‌ ഇപ്പോഴാണ്‌, അതിന്റെ പാർശ്വഫലങ്ങളാണ്‌ വാക്കുകൾ കിട്ടാത്ത ഈ രാത്രികൾ. ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കമായ ചോദ്യങ്ങൾ, ആലോചനകൾ, പരിഭവങ്ങൾ ഇനിയും പുനർജനിച്ചിരുന്നെങ്കിൽ! സുമിത്ര മൂലം ക്ഷയം ബാധിച്ച തന്റെ സർഗാത്മകത ഒരു വശത്ത്‌, ആസക്തികൾക്കുമപ്പുറം സുമിത്രയെ ഉൾക്കൊള്ളാൻ കഴിയാത്തതിലുള്ള അതൃപ്തി മറ്റൊരു വശത്ത്‌. ബാലു തീർത്തും നിരാശനായിരുന്നു.

വ്യക്തികൾ തമ്മിലുള്ള അന്തരം അംഗീകരിക്കേണ്ട യാഥാർത്ഥ്യം തന്നെയാണ്‌, അതില്ലെന്ന്‌ എത്ര തന്നെ ആവർത്തിച്ചാലും. ബാലുവിന്റെ ഇഷ്ടാനിഷ്ടങ്ങളെ ദൂരത്തുനിന്നുപോലും തിരിച്ചറിയാൻ സുമിത്രയ്ക്ക്‌ പണ്ടോക്കെ കഴിയുമായിരുന്നു, ബാലുവിന്‌ തിരിച്ചും. കോളേജ്‌ പഠനകാലത്തെ ഇരുവരും പുലർത്തിയ ഈ മാനസിക സമത്വമാണ്‌ വിവാഹത്തെ കുറിച്ച്‌ ആലോചിക്കാൻ ബാലുവിനെയും സുമിത്രയെയും പ്രേരിപ്പിച്ചതുതന്നെ. പരസ്പരം ഒന്ന്‌ കാണാതിരുന്നാൽ, ശബ്ദം കേൾക്കാതിരുന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന മനസിനെ നിയന്ത്രിക്കാൻ കഴിയാതെ എത്രയോ തവണ ബാലു സുമുത്രയുടെ ഹോസ്റ്റൽ വളപ്പുകളിൽ രാത്രിസഞ്ചാരം നടത്തിയിരിക്കുന്നു. സുമിത്രയില്ലാത്ത നിമിഷങ്ങൾ മരണതുല്യമാണെന്നൊക്കെ കവിതകൾ രചിച്ചിരിക്കുന്നു. എന്നിട്ടും! ഒരു പക്ഷേ, പ്രണയം എന്നത്‌ മറഞ്ഞിരിക്കുന്ന നഗ്നതെ ആവോളം നുകരാനുള്ള പരോക്ഷമായ കാമാസക്തികൾ മാത്രമാവാം, ഒട്ടിരുട്ടി വെളുക്കുമ്പോഴേയ്ക്കും കെട്ടിറങ്ങുന്ന ലഹരിയാവാം. അതിന്റെ ആസക്തിയിൽ മരുഭൂമിയിൽ മുന്തിരിപ്പഴങ്ങൾ വിളയുന്നതായും, സ്വർഗം ഭൂമിയിൽ നിപതിച്ചതായും ഒക്കെ തോന്നിയേക്കാം. എന്നാൽ, കുറച്ചുകാലം ജീവിച്ചുകഴിയുമ്പോൾ, നുകരാൻ കൊതിച്ചവ ആവശ്യത്തിലേറെ നുകർന്നു കഴിയുമ്പോൾ മനസുകൾ വ്യത്യസ്ത ദിശകളിൽ സഞ്ചരിക്കാൻ തുനിയുന്നു. വികാരങ്ങൾക്ക്‌ പുതുമ നഷ്ടപ്പെട്ടും അഭിനിവേശങ്ങളുടെ മുനയൊടിഞ്ഞും കാന്തശക്തി നഷ്ടപ്പെട്ട പച്ചിരുമ്പുകളെ പോലെ മനസുകൾ പരസ്പരം ഇണചേരാതെ കിടക്കുന്നു. പരസ്പരം പങ്കുവയ്ക്കാൻ മലിനതകൾ മാത്രമല്ലാതെ മറ്റൊന്നും ഇല്ലെന്ന്‌ കാണുമ്പോൾ, ചൂഴ്ന്നിറങ്ങാൻ വൈവിധ്യങ്ങൾ അവശേഷിച്ചിട്ടില്ലെന്ന്‌ മനസിലാവുമ്പോൾ, പരിവേഷണം മതിയാക്കി കളിപ്പാട്ടം വലിച്ചെറിയുന്ന കുട്ടിയെ പോലെ ഇണപിരിയാൻ മനസുകൾ ശാഠ്യം പിടിക്കുന്നു. അടുക്കുന്തോറും, അറിന്തോറും വിടവുകൾ വലുതായിക്കൊണ്ടിരിക്കുക. കൂടും ഇണയെയും ഉപേക്ഷിച്ച്‌ പണ്ടെന്നോ തനിക്കുണ്ടായിരുന്ന മാനസികാവസ്ഥയിലേയ്ക്ക്‌ തിരികെ പറക്കാൻ തക്കം പാർത്തിരിക്കുന്ന പക്ഷിയെ പോലെ ഉള്ളം വെമ്പിക്കൊണ്ടിരിക്കുക. അതിനിടയിൽ ആരംഭിക്കുന്ന വിമർശനങ്ങൾ, കുത്തുവാക്കുകൾ. എല്ലാം കേട്ടുമടുക്കുമ്പോൾ പലരും അല്പകാലത്തേയ്ക്കെങ്കിലും ജീവച്ഛവമായിട്ടെങ്കിലും സ്വയം നിന്നുകൊടുത്തേക്കാം, പിന്നെ ദൈനംദിന ജീവിതത്തിന്റെ കുത്തൊഴുക്കുകളിൽ ആശ്വാസം കണ്ടെത്തി തന്നിലേയ്ക്ക്‌ തന്നെ ചുരുങ്ങിയേക്കാം. അല്ലായിരുന്നെങ്കിൽ, ബാലു വരുന്നില്ലെന്നറിഞ്ഞിട്ടും അതിൽ കൂസാക്കാതെ നാട്ടിലേക്ക്‌ പോകാൻ സുമിത്രയും, ഒറ്റയ്ക്ക്‌ യാത്ര ചെയ്യുന്ന ഭാര്യയെ കുറിച്ച്‌ വ്യാകുലപ്പെടാതെ ലീവെടുത്ത്‌ വീട്ടിലിരിക്കാൻ ബാലുവും ശ്രമിക്കുമായിരുന്നില്ല. മഹാനദികൾ ദിശമാറി ഒഴുകുക സ്വാഭാവികം, എന്നാൽ സമുദ്രം പിളരുമോ? കവിതാപ്രാധാന്യമുള്ള ഒരാശയം മനസിൽ തടഞ്ഞതുപോലെ ബാലു കുറേ നേരം കണ്ണടച്ചിരുന്നു, ഒരു ദീർഘനിശ്വാസത്തോടെ! പിന്നെ, കിടപ്പുമുറിയിലെ ലൈറ്റണച്ച്‌, കതക്‌ ചാരി ബാലു പുറത്തേക്ക്‌ വന്നു.

ഡൈനിംഗ്‌ ടേബിളിലിരുന്ന ബ്രെഡ്‌ പാക്കറ്റിന്റെ കെട്ടഴിച്ച്‌ ബാലു അടുക്കളയിലേക്ക്‌ നോക്കി. അനക്കമൊന്നും കേൾക്കാനില്ല. വിളിക്കാനൊരു പേരുപോലും അറിയാത്തതിന്റെ ദുർഗതി സഹിക്കാനാവാതെ വന്നപ്പോൾ ബാലു ഗതികെട്ട്‌ എഴുന്നേറ്റു. ഫ്രിഡ്ജിൽ നിന്ന്‌ പാലെടുത്ത്‌ അടുക്കളയിലേക്ക്‌ ചെന്നു. ഗ്യാസ്‌ സ്റ്റൗവിന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീരൂപത്തിന്റെ പിൻഭാഗം കണ്ട്‌ ബാലു ചെറുതായൊന്ന്‌ പതറി. ആൾപ്പെരുമാറ്റം കേട്ട്‌ ആ രൂപവും പെട്ടെന്ന്‌ തിരിഞ്ഞു. “ഇതാ പാല്‌, ഒരു ചായയിടൂ...” മുഖത്ത്‌ പ്രകടമായ പതർച്ച മറയ്ക്കാൻ ശ്രമിച്ച്‌ ബാലു പറഞ്ഞു. “ചായ അടുപ്പത്ത്‌ വച്ചിട്ടുണ്ട്‌. ഇപ്പൊ തരാം സാറേ!” എടുത്ത പാൽ ഫ്രിഡ്ജിൽ തന്നെ തിരികെ വച്ച്‌ ബാലു ടേബിളിൽ ചെന്നിരുന്നു, പിന്നെ ബ്രഡ്ഡിൽ ജാം പുരട്ടാൻ തുടങ്ങി.

പിന്നിൽ നിന്ന്‌ നോക്കുമ്പോൾ സുമിത്രയ്ക്കും ഒരു പ്രത്യേക വശ്യതയുണ്ടെന്ന്‌ സമ്മതിക്കാതെ വയ്യാ. മുഴുത്ത നിതംബങ്ങളെ സ്പർശിക്കുന്ന തലമുടിയും അതിനിടയിലൂടെ പുറത്തുകാണുന്ന ചെറുത്ത തോളുകളും ആസ്വദിച്ച്‌ ഏറെനേരം നിശബ്ദം നിൽക്കുക ബാലുവിന്റെ സ്ഥിരം വിനോദമായിരുന്നു, കോളേജ്‌ പഠനകാലങ്ങളിൽ. വായനയിലോ പഠനത്തിലോ മെയ്മറന്നിരിക്കാറുള്ള സുമിത്രയുടെ പിറകിൽ ശബ്ദമുണ്ടാക്കാതെ ഏറെ നേരം നിൽക്കുക. പിന്നിൽ നിൽക്കുന്നയാളിൽ നിന്ന്‌ പ്രസരിക്കുന്ന മാന്ത്രിക തേജസിന്റെ സ്പർശനത്തിൽ ഞെട്ടിത്തിരിയുന്ന സുമിത്രയെ അതുമുതും പറഞ്ഞ്‌ കളിയാക്കുക. പിന്നെ, പിണക്കം മാറ്റാൻ അവളുടെ അടുത്തിരുന്ന്‌ ഏറെ നേരം കൈത്തണ്ടയിൽ ചൊറിയുകയും പിച്ചുകയും ചെയ്യുക. ഒടുവിൽ ഗതികെട്ട്‌, തന്നെ ശല്യം ചെയ്യരുതെന്ന്‌ ചിണുങ്ങുന്ന സുമിത്രയുടെ കൈയ്ക്ക്‌ പിടിച്ച്‌ രണ്ട്‌ വാക്ക്‌ പഞ്ചാര വർത്തമാനം പറയുക. അവളുടെ മുഖം പ്രസന്നമാവുന്നത്‌ കാണുമ്പോൾ യാത്ര പറഞ്ഞ്‌ പിരിയുക.
മണിയറയിലേക്ക്‌ സുമിത്ര കാലെടുത്ത്‌ വയ്ക്കുന്നതിന്‌ മുമ്പ്‌ വരെ ബാലുവിന്റെ മനസിൽ കളിയാടിയിരുന്ന ഇത്തരം കുസൃതികൾ ആവർത്തിക്കാൻ കഴിയാതെ പോയതിൽ ബാലുവിന്‌ കുറ്റബോധം തോന്നിയിട്ടുണ്ടെങ്കിലും, സന്ദിഗ്ദ്ധാവസ്ഥകൾ കഴിഞ്ഞപ്പോൾ സുമിത്രയ്ക്കും തന്നോടുള്ള മുൻതൂക്കം നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവ്‌ ബാലുവിനെയും നിഷ്ക്രിയനാക്കുകയാണുണ്ടായത്‌. പ്രതിബന്ധതകളോ വൈകാരിക ബന്ധനങ്ങളോ ഇല്ലാത്ത യാന്ത്രികമായ ഒരു ജീവിതശൈലി. ബാലുവിന്‌ എല്ലാം ഒരു ശീലമായി തുടങ്ങിയിരുന്നു. ബാലു ബ്രെഡ്ഡിന്റെ ഇരുകഷ്ണങ്ങളും ചേർത്ത്‌ കടിച്ചു. “സാറെ, ചായ.” മേശപ്പുറത്ത്‌ ചായ ഗ്ളാസ്‌ വച്ച ശേഷം ജോലിക്കാരി അടുക്കളയിലേക്ക്‌ തിരിച്ചുപോയി. ആവിപറക്കുന്ന ചായക്കപ്പ്‌ ചുണ്ടോടടുപ്പിക്കുമ്പോൾ, ബാലുവിന്റെ കണ്ണുകളും അവളോടൊപ്പം സഞ്ചരിച്ചു. “ഒരു പുരുഷനെയും ആകർഷിക്കാനിടയില്ലാത്ത സ്ത്രീരൂപം.”

സുമിത്ര അതിസുന്ദരിയാണ്‌. പഠനകാലത്ത്‌ എത്രയെത്ര ചെറുപ്പക്കാരാണ്‌ അവളുടെ ദർശനസുഖം അനുഭവിക്കാൻ ജീവൻ കളഞ്ഞ്‌ നടന്നിട്ടുള്ളത്‌! എക്കണോമിക്സ്‌ ഡിപ്പാർട്ട്മെന്റിലെ രണ്ടാം വർഷ ക്ളാസ്‌ മുറിയിലെ മൂന്നാമത്തെ ബഞ്ചിലിരുന്ന്‌ പുറത്തേക്ക്‌ നോക്കിയപ്പോൾ യാദൃശ്ചികമായി കണ്ണിൽ പതിഞ്ഞ ആ വെണ്ണപ്രതിമ തന്റെ ജീവിതസഖിയാവുമെന്ന്‌ സ്വപ്നത്തിൽ പോലും കരുതിയതല്ല. ഒന്നാം വർഷ ബോട്ടണി വിദ്യാർത്ഥിനിയായിരുന്നു സുമിത്ര അപ്പോൾ. ഇടതൂർന്ന കാമ്പസ്‌ മരങ്ങളുടെ മറവിലും, ലൈബ്രറി ഇടനാഴികകളിലുമൊക്കെ സുമിത്രയുടെ വരവും കാത്ത്‌ ബാലു എത്രയോ തവണ നിന്നിരിക്കുന്നു, അവൾ പോലുമറിയാതെ! പച്ചമണ്ണിന്റെ വാസനയും ചെന്താമരയുടെ മുഖവും അരയന്നങ്ങളുടെ മിഴികളുമുള്ള ആ കനകവിഗ്രഹത്തിന്റെ പുഞ്ചിരികൾ, കുസൃതിത്തരങ്ങൾ... എല്ലാം ബാലു അകലങ്ങളിൽ നിന്ന്‌ പല തവണ ആസ്വദിച്ചിരിക്കുന്നു. പറയാത്ത പ്രണയത്തിന്റെ രതിവൈഭവങ്ങൾ ബാലുവിന്റെ വിരലുകളിലൂടെ എത്രയോ തവണ കവിതകളായി ജന്മമെടുത്തിട്ടുണ്ട്‌. ക്ളാസ്‌ മുറിയുടെ അരോചകങ്ങളിൽ മുഷിഞ്ഞിരിക്കുമ്പോൾ നടന്നുപോകാറുള്ള അവളുടെ വെളുത്ത കാലുകളും ഓളംതെന്നുന്ന അരക്കെട്ടും വെള്ളക്കുപ്പായത്തിൽ പൊന്തിനിൽക്കുന്ന ഇളം മുലകളും ബാലുവിനെ അവാച്യമായ ഉന്മാദത്തിലേക്ക്‌ പലപ്പോഴും തള്ളിവിടാറുണ്ട്‌. ആ സൗന്ദര്യത്തെ വാരിപ്പുണരുന്നതുവരെ യൗവനത്തിന്റെ ചൂടുള്ള ബീജങ്ങൾ നിരവധി തവണ വായുവിൽ തെറിച്ചത്‌ ബാലു ഇന്നും ഓർക്കുന്നു. എന്നാൽ, ശരീരം ശരീരത്തോട്‌ കാണിക്കുന്ന വന്യമായ ആവേശങ്ങൾ നാൽപ്പത്‌ നാൾ നീണ്ടുനിന്ന പെരുമഴയ്ക്ക്‌ ശേഷം ഇറങ്ങുന്ന പ്രളയജലം പോലെ നൈമിഷികമാണെന്ന തിരിച്ചറിവുകളാണ്‌ പിന്നെ ജീവിതത്തെ ഒരിക്കലും നിനച്ചുനോക്കാത്ത ദിശകളിലേക്ക്‌ നയിക്കുക. ഉപരിപ്ളവമായ സൗന്ദര്യബോധങ്ങളിൽ നിന്ന്‌ രക്ഷപ്പെടാനുള്ള പോരാട്ടമാവും പിന്നെ! അറിയാതെയെങ്കിലും ചെന്നകപ്പെട്ട മാനസിക വൈകൃതങ്ങളുടെ ചതുപ്പുനിലങ്ങളിൽ നിന്ന്‌ ജീവൻ രക്ഷിച്ചെടുക്കാനുള്ള കഠിനമായ പോരാട്ടം.

മനോഹരമായ കണ്ണുകളോ വെളുത്ത നിറമോ നീളമുള്ള മുടിയോ സൗന്ദര്യത്തെ പൂർണ്ണമാക്കുന്നില്ലെന്നും, അതിലെല്ലാമുപരി ദാമ്പത്യജീവിതം അർത്ഥവത്താക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നും മനസിലാക്കാൻ വൈകിയതിൽ പശ്ചത്തപിച്ചിട്ടെന്ത്‌ ഫലം? സുന്ദരിയാണെന്ന ഗർവും അഹങ്കാരത്തോടും മണിയറയിലേക്ക്‌ കാലെടുത്തുവയ്ക്കുന്ന പെണ്ണിന്റെ ആകാരഭംഗിയിൽ നിയന്ത്രണം നഷ്ടപ്പെട്ടത്‌ സ്വന്തം വ്യക്തിത്തിനേറ്റ അപമാനമാണെന്ന്‌ പിന്നെ തോന്നും, ആർക്കും അടങ്ങിക്കൊടുക്കാത്ത പൗരുഷത്തെ വൈകാരികതയുടെ മുൾമുനയിൽ നിർത്തിയതിന്റെ ആത്മസംതൃപ്തിയിൽ പെൺശരീരം വിശ്രമിക്കുന്നത്‌ കാണേണ്ടി വരുമ്പോൾ. നൈമിഷികമായ കെട്ടുകാഴ്ചകൾക്ക്‌ വിലയില്ലെന്ന യാഥാർത്ഥ്യം മനസിലായി വരുമ്പോഴേക്കും രക്ഷപ്പെടാൻ കഴിയാത്ത വിധം സമയം ഏറെ അകന്നുകഴിഞ്ഞിരിക്കും. തേനോ മണമോ ഇല്ലാത്ത പൂവുകൾ അപാര സൗന്ദര്യത്തോടെ വിടർന്ന്‌ നിൽക്കുന്നത്‌ ഇരകളെ ആകർഷിക്കാൻ വേണ്ടി മാത്രമാവും. അത്തരമൊരു പാവം ഇരയാണ്‌ താനും, ബാലു ചിന്തിച്ചു. തേനുള്ള പൂക്കൾ വിരിയാറില്ല, വിരഞ്ഞാൽ സുഗന്ധം പരത്താറില്ല. ബാലു കപ്പ്‌ താഴെ വച്ചു.

“ഇവൾ വിവാഹിതയാവുമോ? അടുക്കളയിൽ നിൽക്കുന്ന സ്ത്രീരൂപത്തെ നോക്കി ബാലു സ്വയം ആരാഞ്ഞു. ആര്‌ വിവാഹം കഴിക്കാൻ! സൗന്ദര്യം തൂക്കി വാങ്ങുന്ന ഇക്കാലത്ത്‌ ഇങ്ങനെയൊരു രൂപത്തെ കെട്ടാൻ ബോധമുള്ളവർ തയാറാവുമോ? മാനദണ്ഡങ്ങളുടെ ലേലച്ചന്തകളിൽ സൗന്ദര്യം തീറെഴുതി വയ്ക്കാനില്ലാതെ വഴിമുട്ടിപ്പോയവർ. ഈ എതിർലിംഗങ്ങളുടെ സാന്നിധ്യം പോലും ഗൗനിക്കാതെ, ഗൗനിച്ചാൽ തന്നെ അറപ്പോടും പുശ്ചത്തോടും നടന്നകലുന്നവർ. തൊലിവെളുപ്പും ആകാരഭംഗിയും ജാതിവ്യവസ്ഥയായി ഉറച്ചുപോയ മനഷ്യമനസുകളുടെ മുൻവിധികളെയും അവഗണനകളെയും സഹിക്കുന്നവർ. വിരൂപികളെന്നും വിരൂപന്മാരുമെന്ന്‌ മുദ്രയടിക്കപ്പെട്ടവർ. ജീവിതമെന്നാൽ ആകാരഭംഗിയെന്ന അളവുകോൽ നിശ്ചയിച്ച്‌, ചായങ്ങൾ പൂശിയും ലോഹങ്ങൾ തൂക്കിയും കുട്ടിക്കുപ്പായങ്ങളിൽ ഗമ കാണിക്കുന്ന ജാതികളുടെ മുന്നിൽ നിന്ന്‌ ഒഴിഞ്ഞുമാറി സ്വന്തം വികാരങ്ങൾ കടിച്ചമർത്തുകയാവും ഇവരൊക്കെ. അല്ലാതെ ഇവർക്ക്‌ എന്തുചെയ്യാൻ സാധിക്കും? ഇവരുടെ അന്തർലീനങ്ങളെ കുറിച്ച്‌ നാല്‌ വരിയെങ്കിലുമെഴുതാൽ കവികളില്ല, ഇവരുടെ സാന്നിധ്യം പ്രചോദനമാണെന്ന്‌ പ്രസംഗിക്കാൻ സ്തുതി പാഠകരില്ല. അവരെല്ലാം കെട്ടുറപ്പില്ലാത്ത ചുണ്ണാമ്പു പ്രതിമകളുടെ പുറകേയാണ്‌! എന്നാലും, ഇവരും ജീവിക്കുന്നു, നിശബ്ദം. സുമിത്രയെ പോലുള്ള ആത്മവഞ്ചനകളുടെ മൂടുപടങ്ങൾ ധരിക്കാതെ, ക്രയവിക്രയ മനോഭാവങ്ങളില്ലാതെ. കാഴ്ചക്കാരന്റെ ധമനികളിൽ രക്തസമ്മർദ്ദമുളവാക്കുന്ന ദേവസ്ത്രീകളുടെ ഗർവുകലർന്ന കാമക്കണ്ണുകളെക്കാൾ മോഹനമാവില്ലേ കണ്ണാടിക്കുമുന്നിൽ നിന്നുപോലും ഒഴുഞ്ഞുമാറുന്ന ഇവരുടെ രതിസങ്കൽപ്പങ്ങൾ, കാവ്യാത്മകമാവില്ലേ ഇവരുടെ ഉൾവലിവുകൾ? സ്വന്തം ശരീരത്തോട്‌ ദ്വന്ദയുദ്ധം നടത്തുന്ന വികലാംഗരും, മാംസമില്ലാത്ത അസ്ഥിപഞ്ചരങ്ങളും ജന്മാന്തരങ്ങളായി തണുത്തുറയാത്ത മനസുമായി മഞ്ചാടിക്കുരുക്കളെണ്ണി കാത്തിരിക്കുകയാവാം..., ശരീരത്തിന്റെ വിലക്കുകളെ അതിജീവിച്ച്‌ ഇന്നല്ലെങ്കിൽ നാളെ ഉള്ളിൽ നീറുന്ന രതിസങ്കൽപ്പങ്ങളെ അതിസൂഷ്മം ആവിഷ്ക്കരിക്കാൻ, വിധിയും സമൂഹവും അടിച്ചമർത്തിയ അഭിനിവേശങ്ങളെ സ്വതന്ത്രമാക്കാൻ! അതിർവരമ്പുകളില്ലാത്ത ഒരു ലോകത്ത്‌ സ്വന്തം വികാരങ്ങളുടെ തനതായ വിഹായസിലേറി ആവോളം പാറി നടക്കാൻ! അതുവരെ, ആശകളെയും അഭിനിവേശങ്ങളെയും അണകെട്ടി നിർത്തുകയേ തരമുള്ളൂ. മണിയറയുടെ അരണ്ട വെളിച്ചത്തിൽ പോലും സ്വാർത്ഥത കാണിക്കുന്ന സ്വർണ്ണവിഗ്രഹങ്ങളെക്കാൾ വിലമതിക്കേണ്ടിവരും ഇവരുടെ ഈ ഉൾവലിവുകളെ! ബാലു എഴുന്നേറ്റു.

എഴുതാൻ കഴിയാത്ത വരികളുടെ നൊമ്പരവും ആശയക്കുഴപ്പങ്ങളും ബാലുവിന്റെ ആത്മാവിൽ അലയടിക്കുന്നുണ്ടായിരുന്നു. അതിന്റെ അലകൾ കെട്ടടങ്ങും മുമ്പേ, കപടതകളോ ആർഭാടങ്ങളോ ഇല്ലാത്ത ഏതെങ്കിലുമൊരു ഹൃദയം തട്ടിത്തുറക്കാൻ ബാലു അതിയായി കൊതിച്ചു. പാതിയടഞ്ഞ വാതിൽ തുറന്ന്‌ അടുക്കളയിലേക്ക്‌ പ്രവേശിക്കുമ്പോഴും ബാലുവിന്റെ മനസ്‌ ചീറ്റിയടിക്കുന്ന മണൽക്കാറ്റുകളിലൂടെ അവ്യക്തമായ ഉത്തരങ്ങൾ തേടി യാത്ര ചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കുന്നുകൂടിക്കിടക്കുന്ന എച്ചിൽ പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന അവളുടെ തോളിൽ ബാലുവിന്റെ ശ്വാസനിശ്വാസങ്ങൾ സാവധാനം വീശാൻ തുടങ്ങി, എങ്കിലും അവൾ പ്രതികരിച്ചില്ല.

1 comment:

  1. നന്നായിട്ടുണ്ട്... എഴുത്തിന്റെ ശൈലി ഇഷ്ടപ്പെട്ടു.. ആശംസകൾ...

    ReplyDelete