ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു ദമയന്തി. കഠിനാധ്വാനി. കുടുംബത്തിന്റെ ഭാരിച്ച സാമ്പത്തിക പ്രശ്നങ്ങളിൽ വിഷണ്ണയാവാതെ അവൾ പഠിച്ചു; ബിരുദാനന്തര ബിരുദം നേടി. 1975-ൽ ഒരു സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ശാരീരിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളായിരുന്നു അത്. സെക്കന്‍ഡ് ഗ്രേഡ് ഹെഡ് മിസ്ട്രസ് തസ്തികയിലായിരുന്നു നിയമനം. ജോലി കിട്ടിയിട്ടും, ദമയന്തി തന്‍റെ തുടര്‍വിദ്യാഭ്യാസം അവസാനിപ്പിച്ചില്ല. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിഎഡും, ബധിര വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള ഡിപ്ലോമയും (SDTT) സ്വന്തമാക്കി. വേണ്ടെത്ര വിദ്യാഭ്യാസയോഗ്യത ഉണ്ടായിരുന്നതിനാല്‍, 1997-ല്‍ വിദ്യാഭ്യാസവകുപ്പ് ദമയന്തിയെ പോസ്റ്റ്-ഗ്രാജുവേറ്റ് അസിസ്റ്റന്‍ഡ് ഗ്രേഡിലേക്ക് പ്രമോട്ട് ചെയ്യുകയും, മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
അതുവരെ സുഗമമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ദമയന്തിയുടെ ജീവിതത്തിൽ താളപ്പിഴകൾ ആരംഭിക്കുന്നത് ദമയന്തിയെ സെക്കൻഡ് ഗ്രേഡിലേക്ക് സ്ഥാനമിറക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെയാണ്. നടപടിയുടെ കാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, SDTT എന്ന ഡിപ്ലോമ കോഴ്സ് ദമയന്തി ചെയ്തിട്ടില്ലെന്ന സാങ്കേതിക പിശകിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മനസിലായി. അതിനെതിരെ ഉന്നതാധികാരികൾക്ക് പരാതി നൽകി. പരാതി പരിശോധിച്ച് തെറ്റ് മനസിലാക്കിയ വകുപ്പുദ്യോഗസ്ഥര്‍ ജില്ലയിലെ ഒരു മിഡില്‍ സ്കൂളിന്‍റെ ഹെഡ് മിസ്ട്രസായി ദമയന്തിയെ നിയമിച്ച് പ്രശ്നത്തില്‍ നിന്ന് തലയൂരി.
ഇതാദ്യമായാണ് ദമയന്തിക്ക് ഹെഡ് മിസ്ട്രസായി നിയമനം ലഭിക്കുന്നത്. ഭാരിച്ച ഉത്തരവാദിത്തങ്ങൾ. ദമയന്തി ചാർജെടുക്കുമ്പോൾ കുത്തഴിഞ്ഞ നിലയിലായിരുന്നു ആ സ്കൂൾ. ജീവനക്കാരുടെ കൃത്യവിലോപവും അഴിമതിയും സ്കൂൾ നടത്തിപ്പിനെ താറുമാറാക്കിയെന്ന് മനസിലാക്കിയ ദമയന്തി സ്കൂൾ നിയമങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ കാര്‍ക്കശമാക്കുകയും, ചില പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തു. എന്നാൽ അവയെല്ലാം ദമയന്തിക്ക് വിനയാവുകയായിരുന്നു. സഹപ്രവര്‍ത്തകരുടെ പാരകള്‍ക്കും പരാതികള്‍ക്കുമൊടുവില്‍, 1999-ല്‍ വിദ്യാഭ്യാസവകുപ്പ് അവരെ സസ്പെന്‍ഡ് ചെയ്യുകയും, ഒരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍, ഇത്തവണയും ഭാഗ്യം ദമയന്തിക്കൊപ്പമായിരുന്നു. തുടര്‍ച്ചയായ പോരാട്ടത്തിനൊടുവിൽ ദമയന്തിക്ക് ജോലി തിരികെ ലഭിച്ചു, മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റമുണ്ടാവുമെന്ന വ്യവസ്ഥയിൽ. വീണ്ടും, പുതിയൊരു സ്കൂളിലേക്ക്! അവിടം ദമയന്തിയെ കാത്തിരുന്നത് മറ്റു ചില പ്രശ്നങ്ങളുമായിട്ടാണ്.
പുതിയ സ്കൂളിൽ ചാർജെടുത്ത് അധികംനാൾ ആവുന്നതിന് മുമ്പ് തന്നെ, വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ആ ജില്ലയിലെ എല്ലാ സ്കൂളുകളിലും പാഠപുസ്തകം വിതരണം ചെയ്യുന്നതിൽ അനാസ്ഥ കാണിക്കുന്നതായി ദമയന്തി കണ്ടെത്തി. പാഠപുസ്തകമില്ലാതെ കുട്ടികളെ പഠിപ്പിക്കേണ്ട വന്ന അധ്യാപകരുടെയുടെയും, രക്ഷിതാക്കളുടെയും പരാതിന്മേലായിരുന്നു ഇത്. പ്രശ്നം ഉന്നയിച്ച് വിദ്യാഭ്യാസ കാര്യാലയത്തിന് ദമയന്തി കത്തെഴുതി. പക്ഷേ, പ്രതികരണം വിഭിന്നമായിരുന്നു. ദമയന്തിയുടെ രണ്ട് മാസത്തെ ശബളം കാര്യാലയം പിടിച്ചുവച്ചു. 1,850 രൂപ മാത്രം അടിസ്ഥാന ശബളം വാങ്ങിരുന്ന അവര്‍ എല്‍പിസിയില്‍ (Last Pay Certificate) ഒപ്പിട്ടില്ല എന്നതായിരുന്നു ഉദ്യോഗസ്ഥര്‍ വിശദീകരിച്ച കാരണം. ദമയന്തിയുടെ പേരില്‍ അന്നുവരെ ഉണ്ടായിരുന്ന 18,000 രൂപയുടെ പ്രോവിഡ്ന്‍റ് ഫണ്ട് പുതിയ ജില്ലയിലേക്ക് ട്രാന്‍സ്ഫർ ചെയ്യുന്നതിലും തടസങ്ങൾ! ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ തേജോവധം സഹിക്ക വയ്യാതെ, തലസ്ഥാനത്തുള്ള വിദ്യാഭ്യാസ ഡയറക്ട്രേറ്റിനെ നേരിട്ട് സമീപിക്കാന്‍ ദമയന്തി തീരുമാനിച്ചത് 2000 മാര്‍ച്ചിലാണ്.
മാര്‍ച്ച് 10. ഡയറക്ട്രേറ്റിലെ കമ്മീഷണറെ ദമയന്തി കാണാനെത്തിയ ദിവസം. IAS റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു കമ്മീഷണര്‍. ദമയന്തിയുടെ പരാതികള്‍ അനുനയത്തോട് കേട്ട് മനസിലാക്കിയ അയാൾ ദമയന്തിയുടെ കുടുംബകാര്യങ്ങളെ കുറിച്ച് സാവധാനം ആരായാന്‍ തുടങ്ങി. ഒരു പ്രേമവിവാഹമായിരുന്നു ദമയന്തിയുടേത്. തന്നോടൊപ്പം ജോലി ചെയ്തിരുന്ന താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളെയാണ് ദമയന്തി സ്നേഹിച്ചതും വിവാഹം കഴിച്ചതും. അവര്‍ക്ക് മൂന്ന് കുട്ടികള്‍. മൂത്തയാള്‍ MBBS നാലാം വര്‍ഷം പഠിക്കുന്നു, രണ്ടാമത്തെ മകള്‍ കാർഷിക കോളേജിൽ B.Sc. ചെയ്യുന്നു, മൂന്നാമത്തെയാള്‍ സ്കൂളിലും. ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കഴിഞ്ഞ് മൂന്ന് വര്‍ഷമായി ദമയന്തി ഭര്‍ത്താവില്‍ നിന്ന് അകന്നാണ് താമസിച്ചിരുന്നത്. ഒരേ ഡിപ്പാര്‍ട്ടുമെന്‍റില്‍ ജോലി ചെയ്തിരുന്ന അദ്ധ്യാപക ദമ്പതിമാരായ ദമയന്തിയും ഭര്‍ത്താവും അകന്ന് കഴിയുന്ന വിവരം വകുപ്പിലെ മിക്കവർക്കും അറിയാമായിരുന്നു, ഇക്കാര്യം കമ്മീഷണറും അറിഞ്ഞിട്ടുണ്ടാവണം.
ദമയന്തിയുടെ കുടുംബകഥകള്‍ കേട്ട് ‘മനസലിഞ്ഞ’ കമ്മീഷണര്‍ ആവശ്യമായ പേപ്പറുകള്‍ ക്ഷണനേരത്തില്‍ ശരിയാക്കിക്കൊടുത്തു. ശബളക്കുടിശിക, പ്രോവിഡന്‍റ് ഫണ്ട് എന്നിവയുടെ പേപ്പര്‍വര്‍ക്കില്‍ ഉണ്ടാകാനിടയുള്ള കാലതാമസം ഒഴിവാക്കുന്നതിന് സഹ ഉദ്യോഗസ്ഥനെ നേരിട്ട് വിളിപ്പിച്ചാണ് കമ്മീഷണര്‍ എല്ലാം ശരിയാക്കിയത്. അങ്ങനെ, ഒറ്റ ദിവസം കൊണ്ട് ദമയന്തിയുടെ എല്ലാ ഔദ്യോഹിക കുരുക്കുകളും തീര്‍ന്നു. ഓഫീസില്‍ നിന്നിറങ്ങും മുമ്പ് ദമയന്തിയെ കമ്മീഷണര്‍ വീണ്ടും വിളിപ്പിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തശേഷം, അവധി ദിവസമായ നാളെ (ശനിയാഴ്ച) എന്താണ് പരിപാടിയെന്ന് അദ്ദേഹം ദമയന്തിയോട് വെറുതേ ചോദിച്ചു. പ്രത്യേകിച്ച് തിരക്കൊന്നുമില്ലെങ്കിൽ, അടുത്തുള്ള അമ്പലത്തില്‍ വരാനായിരുന്നു അയാളുടെ ആവശ്യം. ശനിയാഴ്ച വൈകിട്ട് മടക്കയാത്ര പ്ലാൻ ചെയ്തിരുന്നതിനാലും, അമ്പലം ഒരു പൊതു സ്ഥലമായിരുന്നതിനാലും കൂടുതലൊന്നും ആലോചിക്കാതെ ദമയന്തി വരാമെന്നേറ്റു, ഒന്നുമില്ലെങ്കിലും ഇത്രയൊക്കെ സഹായിച്ച ആളല്ലേ!
മാര്‍ച്ച് 11. രാവിലെ 11:45 മണിയായപ്പോള്‍ കമ്മീഷണര്‍ സ്വന്തം കാറില്‍ അമ്പലത്തിലെത്തി. കൊച്ചുവർത്തമാനവും അമ്പലം ചുറ്റിയുള്ള നടപ്പും കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുമ്പോള്‍, ‘ഡ്രോപ്പ് ചെയ്യാം’ എന്നായി അയാൾ. തികച്ചും സ്വാഭാവികമായ ക്ഷണം നിരസിക്കാൻ ദമയന്തിക്ക് തോന്നിയില്ല. അവർ കാറില്‍ കയറി. ഒരു വീടിന്റെ മുന്നിലാണ് പിന്നെ കാര്‍ ചെന്ന് നില്‍ക്കുന്നത്. ഇത് തന്‍റെ വീടാണെന്നും ഒരു കപ്പ് കാപ്പി കുടിച്ചിട്ട് പോയാല്‍ മതിയെന്നും പിന്നെ! സല്‍ക്കാരവേളയില്‍ ദമയന്തിയുടെ പ്രശ്നങ്ങളെ കുറിച്ച് അനുകമ്പയോടെ സംസാരിക്കുകയും അവയ്ക്കുള്ള പ്രതിവിധികളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്ത കമ്മീഷണര്‍ ഒരു കുപ്പി മദ്യം മേശപ്പുറത്തെടുത്ത് വച്ചത് അപ്രതീക്ഷിതമായിട്ടാണ്. സാവധാനം മദ്യപിക്കാന്‍ ആരംഭിച്ച അയാള്‍, ടിവി ഓണ്‍ചെയ്തശേഷം നീലച്ചിത്രങ്ങൾ പ്ലേ ചെയ്തു. അയാളുടെ ഉദ്ദേശം ഞെട്ടലോടെ മനസിലാക്കിയ ദമയന്തി അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എങ്കിലും ഫലമുണ്ടായില്ല. മദ്യലഹരിയിലും കാമാസക്തിയിലും ഭ്രാന്തനായി മാറിക്കഴിഞ്ഞിരുന്ന അയാള്‍ ദമയന്തിയെ ബലാല്‍ക്കാരമായി വലിച്ചിഴച്ച് ഒരു മുറിയിൽ കൊണ്ടുപോയി കെട്ടിയിട്ടു. സ്വന്തം ഇംഗിതത്തിന് അവർ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ, അയാൾ ദമയന്തിയെ ക്രൂരമായി മര്‍ദ്ദിക്കുകയും മാറിടത്തില്‍ മാരകമായി കടിക്കുകയും ചെയ്തു. മൃതപ്രായയായ അവളെ അയാള്‍ നാല് തവണ ബലാത്സംഗം ചെയ്തു. വൈകിട്ട് 7:30 മണി. ദമയന്തിയെ ഓട്ടോ സ്റ്റാന്‍ഡില്‍ ഇറക്കിവിട്ട ശേഷം അയാള്‍ ഇരുട്ടിലേക്ക് കാറോടിച്ചുപോയി.
അതിഭീകരമായ വേദനയിലും ഭീതിയിലും സുബോധം നഷ്ടപ്പെട്ട ദമയന്തി ഒരു വിധേന അടുത്തുള്ള ഒരു പരിചയക്കാരിയുടെ വീട്ടിലെത്തിച്ചേര്‍ന്നു. മാനനഷ്ടം മൂലം വന്നേക്കാവുന്ന അപകീര്‍ത്തിയെ ഭയന്ന് അവർ ആരോടും ഒന്നും പറഞ്ഞില്ല. മാറിടത്തിലെ മുറിവിന്‍റെ വേദന അസഹനീയമായപ്പോള്‍ ദമയന്തി അടുത്തുള്ള ആശുപത്രിയില്‍ പോയി ടെറ്റനസ് ഇഞ്ചക്ഷന്‍ എടുത്തു. അതുകൊണ്ടൊന്നും ദമയന്തിയുടെ പ്രശ്നങ്ങള്‍ അവസാനിച്ചില്ല. മൂത്രമൊഴിക്കുമ്പോൾ കഠിനമായ വേദന. യോനീതടത്തില്‍ വലിയ മുറികളേറ്റിരിക്കുന്ന കാര്യം ദമയന്തി തിരിച്ചറിയുന്നത് അപ്പേഴാണ്.
മാര്‍ച്ച് 17. വീട്ടിൽ തിരിച്ചെത്തിയ ദമയന്തിയുടെ മുറിവുകൾ പഴുത്ത് തുടങ്ങിയിരുന്നു. താമസിയാതെ പൊള്ളുന്ന പനിയെ പിടികൂടി. ആരുടെയൊക്കെയോ സഹായത്തോടെ അവർ ആശുപത്രിയിലെത്തി. അധികൃതർ അവരെ അഡ്മിറ്റ് ചെയ്തു. ആശുപത്രി കിടക്കയിലെ മരണ സമാനമായ വേദനയിലും, അപമാനത്തിലും അവർ ദൃഢനിശ്ചയമെടുത്തു, തനിക്കുണ്ടായ അനുഭവം വേറൊരു പെണ്ണിനും ഉണ്ടാവാന്‍ പാടില്ല. ആ പ്രതിജ്ഞയുടെ ശക്തിയെന്നവണ്ണം അവരുടെ ശാരീരിക സ്ഥിതി മെച്ചപ്പെടുകയും, രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആവുകയും ചെയ്തു.
മാര്‍ച്ച് 20. ദമയന്തി സ്ഥലം എസ്‌പിയെ കാണുകയും കമ്മീഷണര്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. പരാതി IAS റാങ്കിലുള്ള ഒരാള്‍ക്കെതിരെ ആയതിനാല്‍, ഡിഐജിയെ കണ്ട് പരാതി ബോധിപ്പിക്കാന്‍ SP ദമയന്തിയോട് നിര്‍ദേശിച്ചു. ബലാത്സംഗം നടന്നത് തലസ്ഥാന നഗരിയില്‍ വച്ചായിരുന്നതിനാലും, ആ സ്ഥലം തന്‍റെ നിയന്ത്രണ പരുധിയില്‍ വരാത്തതിനാലും, സംഭവ സ്ഥലത്തിന്‍റെ ചുമതലയുള്ള പൊലീസ് കമ്മീഷണറെ കാണാനായിരുന്നു ഡിഐജിയുടെ ഉപദേശം. ആ നിര്‍ദ്ദേശമനുസരിച്ച്, മാര്‍ച്ച് 21-ന് ദമയന്തി തലസ്ഥാനത്തേക്ക് അവർ വീണ്ടും വണ്ടി കയറി. തുടർന്ന്, പൊലീസ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചു. പരാതി വായിച്ച് മനസിലാക്കിയ ശേഷം, കമ്മീഷണര്‍ ഒന്നാം നിലയിലുള്ള അസിസ്റ്റന്‍ഡ് കമ്മീഷണറെ കാണാന്‍ ദമയന്തിയെ പറഞ്ഞയച്ചു. അദ്ദേഹമാകട്ടെ, വനിതാപൊലീസിന്‍റെ കേന്ദ്ര ഓഫീസില്‍ ജോലിചെയ്യുന്ന ഡെപ്യൂട്ടി കമ്മീഷണറെ കാണാന്‍ ദമയന്തിക്ക് നിർദ്ദേശം നൽകി. അങ്ങനെ, ഓഫീസ് പടികൾ കയറിയിറങ്ങി സഹികെട്ട ദമയന്തി ഒടുവില്‍ ഒരു പത്രപ്രവര്‍ത്തകനെ കാണാന്‍ തീരുമാനിച്ചു. അയാളുടെ നിദേശപ്രകാരമാണ് അവർ ഓള്‍ ഇന്ത്യ ഡൊമാക്രാറ്റിക് വിമന്‍സ് അസോസിയേഷനെ സമീപിക്കുന്നത്. സംഘടനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, വനിതാ പൊലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ദമയന്തിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ചോദ്യം ചെയ്യൽ പാതിരാത്രി വരെ തുടർന്നു. എന്നിട്ടും, വൈദ്യപരിശോധയ്ക്ക് അവര്‍ അവളെ അയയ്ക്കാതിരുന്നത് ദമയന്തിയില്‍ സംശയമുണര്‍ത്തി.
മാര്‍ച്ച് 23. ദമയന്തിയുടെ ആരോഗ്യനില വീണ്ടും വഷളായി. കഠിനമായ വയറുവേദനയിൽ അവർ പുളഞ്ഞു. വേദനയിൽ നിലവിളിച്ച അവരെ രണ്ടുമൂന്ന് പേര്‍ ചേർന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമദൃഷ്ടിയില്‍ തന്നെ, ദമയന്തി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലാക്കിയ ഡോക്ടര്‍ അവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. അങ്ങനെ, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ ദമയന്തിയെ അഡ്മിറ്റ് ചെയ്യാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് വിസമ്മതം. ബലാത്സംഗ കേസായതിനാല്‍ പൊലീസിന്‍റെ മെമ്മോ കൂടാതെ അഡ്മിറ്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് അയാളുടെ വാദം. നേരം ഏറെ വൈകിയിരുന്നതിനാല്‍, ദമയന്തി മറ്റ് വഴികളൊന്നും കാണാതെ മുറിയിലേക്ക് തിരിച്ചുപോന്നു.
മാര്‍ച്ച് 24. വനിതാ അസോസിയേഷന്‍റെ സഹായത്തോടെ പലതവണ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും, അനുകൂലമായ യാതൊരു പ്രതികരണവും ലഭിക്കാതെ ദമയന്തി വലഞ്ഞു. അപ്പോഴും വേദന ദമയന്തിയെ പിടിവിടാതെ തുരത്തുന്നുണ്ടായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി കണ്ട് സംഭ്രമിച്ച അസോസിയേഷന്‍ അംഗങ്ങൾ ദമയന്തിയെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അടിയന്തിരമായി അഡ്മിറ്റ് ചെയ്തു. തനിക്ക് സംഭവിച്ചതെല്ലാം ദമയന്തി ഡ്യൂട്ടി ഡോക്ടറെ ധരിപ്പിച്ചു. പക്ഷേ, ദമയന്തിയുടെ പ്രശ്നങ്ങൾ അവിടെയും അവസാനിച്ചില്ല. ആശുപത്രി അധികൃതർ ദമയന്തിക്ക് മരുന്ന് നൽകുകയോ, ശ്രദ്ധിക്കുകയോ ചെയ്യാതായി. വനിതാ അസോസിയേഷന്‍ പ്രവര്‍ത്തകർക്ക് ആശുപത്രി പ്രവേശനം നിഷേധിക്കപ്പെട്ടു. തടവറ സമാനമായ ആശുപത്രിയില്‍ വച്ച് ഡോക്ടർമാർ അജ്ഞാതമായ ചികിത്സാമുറകൾ ദമയന്തിയിൽ പരീക്ഷിച്ചു. അസഹനീയമായ വേദനയിൽ ദമയന്തി മരിക്കാൻ കൊതിച്ചു. നിരന്തര യാതനകൾക്കും അവഗണനകൾക്കുമൊടുവിൽ, ഏപ്രില്‍ ആറാം തിയതി അധികൃതർ ദമയന്തിയെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്പോള്‍ മെഡിക്കൽ റിപ്പോർട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം ഒടുവിലാണ് പൊലീസ് ദമയന്തിയെ ജിഡീഷ്യല്‍ മജിസ്ട്രേട്ടിന്‍റെ മുന്നില്‍ ഹാജരാക്കുന്നത്.
കമ്മീഷണര്‍ക്കെതിരായ കേസ് തെളിയിക്കുന്നതിന് ശക്തമായ സാക്ഷികള്‍ വേണമെന്ന് ദമയന്തിക്ക് അറിയാമായിരുന്നു. അതിന് ദമയന്തി മനസില്‍ സൂക്ഷിച്ച ഒരേയൊരു സാക്ഷിയായിരുന്നു കമ്മീഷണറുടെ കാര്‍ ഡ്രൈവര്‍. അമ്പലത്തില്‍ നിന്ന് ദമയന്തിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് അയാളായിരുന്നു. കമ്മീഷണര്‍ അയാളെ ‘മുരളി’ എന്ന് വിളിച്ചത് ദമയന്തി ഓര്‍ത്തെടുത്തു. കമ്മീഷണർ തന്നെ മാനഭംഗപ്പെടുത്തുമ്പോൾ അയാള്‍ വീട്ടിന്റെ വെളിയിൽ ഉണ്ടായിരുന്നിരിക്കാമെന്ന് ദമയന്തി ഊഹിച്ചു. അങ്ങനെ, കേസില്‍ അനുകൂലമായ സാഹചര്യം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മറ്റൊരു കാലക്കേട് സംഭവിക്കുന്നത്. കമ്മീഷണര്‍ മാത്രം കുറ്റക്കാരനായ കേസില്‍, അയാളെ മാത്രം പ്രതി ചേര്‍ക്കേണ്ടിയിരുന്ന കോടതി ഡ്രൈവറെയും പ്രതിയാക്കി കേസെടുത്തു. കേസിലെ സുപ്രധാന സാക്ഷിയെ പ്രതിക്കൂട്ടിലാക്കി കേസ് തള്ളിപ്പോകാൻ മനപ്പൂര്‍വ്വം നടന്ന കരുനീക്കമായിരുന്നു അതെന്ന് ദമയന്തി മനസിലാക്കിയത് ഏറെ വൈകി. ഏതായാലും, പരാതി ലഭിച്ചിട്ടും പൊലീസ് നടപടിയൊന്നുമെടുക്കാതെ കൃത്യവിലോപം കാണിച്ചുവെന്ന വാദത്തിന്മേല്‍ കോടതി കേസ് CB-CID-ക്ക് കൈമാറാന്‍ ഉത്തരവിട്ടു.
CB-CID കേസ് ഏറ്റെടുത്തതിന് ശേഷം അവരുടെ മുന്നില്‍ സ്റ്റേറ്റുമെന്‍റ് നല്‍കി ദമയന്തി നാട്ടിലേക്ക് മടങ്ങി. തുടര്‍ച്ചയായി അവധിയെടുത്തതുമൂലമുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച്, അവർ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. തന്നെ അതിക്രൂരമായി ബലാത്സംഹം ചെയ്ത കമ്മീഷണർക്കെതിരെ തനിക്ക് ഒരു കാലത്തും നീതി ലഭിക്കില്ലെന്ന് ദമയന്തി തിരിച്ചറിഞ്ഞിട്ടുണ്ടാവണം, ഏറെനാൾ കഴിയും മുമ്പേ അവർ പരാതി പിൻവലിച്ചു. ജോലി രാജിവച്ച് മക്കളെയും കൂട്ടി അവർ താൻ സ്നേഹിച്ച് പുരുഷനെ തേടി യാത്രയായി, എല്ലാ അഭിപ്രായഭിന്നതകളും മറന്ന് സുരക്ഷിതമായ ആ കൈകളിൽ സമാധാനമായി കിടന്നുറങ്ങാൻ...!
(കുറിപ്പ്: ഈ കഥ തികച്ചും സാങ്കൽപ്പികമാണ്. അതുകൊണ്ടുതന്നെ, ദമയന്തിയെ കുറിച്ചോ, കമ്മീഷണറെ കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.)
ഈ കഥ തികച്ചും സാങ്കൽപ്പികമാണ്. അതുകൊണ്ടുതന്നെ, ദമയന്തിയെ കുറിച്ചോ, കമ്മീഷണറെ കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.
ReplyDeleteനീണ്ട നീണ്ട് പോകുന്ന നീതി.
ReplyDeleteഎപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന (അതോ സംഭവിച്ചതോ)
ഒന്ന്. നന്നായെഴുതി
ഇതൊരു നോവലാക്കി എഴുതി നോക്കൂ, കൂടുതൽ നന്നായിരിക്കും.
ReplyDeleteനല്ല കഥ.
satheeshharipad.blogspot.com
ജനാധിപത്യം എന്ന കാലഹരണപ്പെട്ട സംവിധാനത്തിന്റെ കുഴപ്പങ്ങളാണിതെല്ലാം.പണക്കാര്‍ക്കും അധികാരവര്‍ഗ്ഗത്തിനും മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കണ്ണുമൂടിക്കെട്ടപ്പെട്ട നിയമം ശരിക്കും വേശ്യകളെപ്പോലെയാണു.ഇന്നാട്ടില്‍ ആര്‍ക്കും എന്തു തെമ്മാടിത്തരവും കാട്ടാം.ആരും തന്നെ ചോദിക്കാനുണ്ടാവില്ല.മനസാക്ഷിയെന്നതൊന്നില്ലാതെ ഒരു പാവം പെണ്ണിനെ കടിച്ചുകീറികൊന്നവനുവേണ്‍റ്റിയും അഞ്ചോളം മിടുക്കമ്മാര്‍ വക്കാലത്തുമായി ഉറക്കമൊഴിക്കുന്ന ഇന്നാട്ടില്‍ ദമയന്തിമാര്‍ക്കൊക്കെ എന്തു നീതി കിട്ടാനാണ്.ദമയന്തി ചെയ്ത തെറ്റ് അവര്‍ പരാതികൊടുത്തു എന്നുള്ളത് മാത്രമാണ്.ബുദ്ധിയില്ലാത്ത സ്ത്രീ..
ReplyDeleteപണവും അധികാരവും ഉപയോഗിച്ച് ഇവിടെ എന്തും ആകാല്ലോ...
ReplyDeleteഭാഗ്യം ഏതായാലും അവര്‍ ജീവനോടെ ഉണ്ടല്ലോ... പിന്നെ, സത്യത്തില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത് ഇതൊന്നുമല്ല, ഏതെങ്കിലും ക്വട്ടേഷന്‍ കാരുടെ അടുത്ത് ചെന്നാല്‍ പോരായിരുന്നോ? സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാണത്രെ ഇന്നത്തെ ക്വട്ടേഷന്‍-കാര്‍.
പിന്നെ പോസ്റ്റിനെ കുറിച്ച്, ഒരു കഥയായി കൂട്ടാന്‍ ആകില്ല.
ഒരു കഥയായി കാണാനാവുന്നില്ലല്ലോ മാഷേ.. പണക്കിലുക്കം അധികാരത്തിന്റെ സ്വരമായി മാരുമ്പോൾ മോഹിപ്പിക്കേണ്ട ചുട്ടുപാടുകൾ വെറുക്കപ്പെട്ടതായി മാറുന്നു..
ReplyDelete