Saturday, May 7, 2011

ദൈവമുണ്ടോ? (Does God exist?)

ചിന്തിക്കാന്‍ തുടങ്ങിയ അന്നുമുതല്‍ മനുഷ്യന്‍ ദൈവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു എന്നുവേണം കരുതാൻ! ഈശ്വരനെ കുറിച്ചുള്ള അവന്റെ സംശയങ്ങളെ പ്രകോപിപ്പിച്ചത് അനന്തതയിൽ വിരാചിക്കുന്ന ഈ പ്രകൃതി തന്നെയാണ്. ആകാശഗോളങ്ങളും, പുഴയും, മരവും, മണ്ണും സകലചരാചരങ്ങളും അടങ്ങുന്ന ഈ മഹാപ്രപഞ്ചത്തിലെ വൈവിധ്യങ്ങൾ  ആത്മീയമായ ഒരസ്ഥിത്വത്തിന്റെ സാധ്യതയെ കുറിച്ചാലോചിക്കാൻ മനുഷ്യനെ ഇടയാക്കിയില്ലെങ്കിലേ അതിശയിക്കാനുള്ളൂ. പ്രകൃതി മനുഷ്യനെ ഈശ്വരനിലേക്ക് നയിക്കുന്ന മദ്ധ്യവർത്തിയാണെന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. എന്നാൽ ഇതിൽനിന്നെല്ലാം ഉപരിയായി, ഈശ്വരാന്വേഷണം എന്നത് മനുഷ്യ സ്വഭാവത്തിന്‍റെ ഭാഗമാണെന്നാണ് മിക്ക തത്വചിന്തന്മാരും അഭിപ്രായപ്പെടുന്നത്. ആത്യന്തിക സൌന്ദര്യത്തെ കണ്ടെത്താനുള്ള ത്വര, പൂർണ്ണതയോട് അടുത്തുനിൽക്കുന്ന എന്തിനെയും അഭിവാഞ്ജിക്കാനും പ്രാപിക്കുവാനുമുള്ള വ്യഗ്രത, അറിയുന്തോറും കൂടുതൽക്കൂടുതൽ അറിയമെന്നുള്ള ജിജ്ഞാസ... ഇവയെല്ലാം തന്നെ മനുഷ്യനിൽ അന്തർലീനമായി കിടക്കുന്ന ഈശ്വരാന്വേഷണ ഉന്മുഖതയുടെ വ്യത്യസ്ത ഭാവങ്ങളാണ്. ഈ അർത്ഥത്തിൽ, ഓരോ മനുഷ്യനും അവരുടേതായ രീതിയില്‍ പൂര്‍ണ്ണതയെ (ദൈവത്തെ) അന്വേഷിച്ചുകൊണ്ടിരിക്കുന്നു, നിരീശ്വരവാദികള്‍ അടക്കം. സാമൂഹിക ജീവിതത്തിലെ അനുദിന സംഭവങ്ങൾ ഈശ്വരാന്വേഷണവുമായി നേരിട്ട് ബന്ധമൊന്നുമില്ലെന്ന് തോന്നാമെങ്കിലും, ആത്യന്തികമായി ഇവയെല്ലാം പരോക്ഷമായ ഈശ്വരാന്വേഷണം തന്നെ. ഏതൊരന്വേഷണവും ഈശ്വരനിൽ ചെന്നവസാനിക്കുന്നു, കാരണം ഈശ്വരനാണ് എല്ലാറ്റിനെയും ഉറവിടം!

വിശ്വാസത്തെ ഒരുനിമിഷം മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍‍, മനുഷ്യന്‍റെ സാമാന്യബുദ്ധി ഉപയോഗിച്ച് ദൈവത്തിന്‍റെ അസ്ഥിത്വം തെളിയിക്കാനാവുമോ? മാനുഷികമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ, ഈ ചോദ്യത്തിന് ഉത്തരം കാണാന്‍ ശ്രമിക്കുക എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദേശം. രാത്രിയുടെ അന്ധകാരത്തില്‍ നിഗൂഢമായിക്കിടക്കുന്ന ഒരു വസ്തു പകല്‍ വെളിച്ചത്തില്‍ വെളിവാക്കപ്പെടുന്നതുപോലെ, ബൌദ്ധിക മാനദണ്ഡങ്ങളിലൂടെ പ്രപഞ്ചത്തില്‍ അന്തര്‍ലീനനായിരിക്കുന്ന ദൈവാസ്ഥിത്വത്തെ അനുമാനിക്കാൻ സാധിക്കുമോ? വിശ്വാസത്തിന്റെ പിൻബലം ഇല്ലാതെ, ബുദ്ധി കൊണ്ടുമാത്രം ഈശ്വരാസ്ഥിത്വം തെളിയിക്കാൻ കഴിയും എന്നുതന്നെയാണ് തത്വശാസ്ത്രം അഭിപ്രായപ്പെടുന്നത്. അങ്ങനെ, ചരിത്രത്തിന്റെ താളുകളിൽ ബുദ്ധിയിലൂടെ ഈശ്വരാസ്ഥിത്വം സമർദ്ധിക്കാൻ ശ്രമിച്ച തത്വശാസ്ത്രജ്ഞനും, ദൈവശാസ്ത്രജ്ഞനുമായ വിശുദ്ധ തോമസ് അക്വീനാ‍സിന്റെ ചിന്താധാരകളിലൂടെ നമുക്കൽ‌പ്പനേരം സഞ്ചരിക്കാം.

തോമസ് അക്വീനാസ് (1224-1274)

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡൊമനിക്കന്‍ വൈദീകനായിരുന്നു തോമസ് അക്വീനാസ്. ക്രിസ്ത്യന്‍ തത്വചിന്തകന്‍‌മാര്‍ക്കിടയില്‍ അഗ്രഗണ്യനായ തോമസ് അക്വീനാസ് വേദപാരംഗതനായും വിശുദ്ധനായും കത്തോലിക്കാസഭ ആദരിക്കുന്നു. ദൈവാസ്ഥിത്വം അടക്കുള്ള മത, ധാര്‍മ്മിക സത്യങ്ങളെ വെളിപാടിലൂടെയല്ലാതെ (Revelation) സാമാന്യ മനുഷ്യബുദ്ധി (Reason or Human rationality) ഉപയോഗിച്ചും വിശദീകരിക്കാമെന്ന് അദ്ദേഹം പഠിപ്പിച്ചു. ക്രിസ്ത്യന്‍ വിശ്വാസങ്ങളെ യുക്തിവല്‍ക്കരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍ ദൈവശാസ്ത്രത്തിലുണ്ടായ വന്‍‌കുതിച്ചു ചാട്ടം തന്നെയായിരുന്നു.


സുമ്മ തിയോളജിക്ക (Summa Theologiae) എന്ന അദ്ദേഹത്തിന്‍റെ ബൃഹത്ഗ്രന്ഥത്തിലാണ് ദൈവാസ്ഥിത്വത്തെ ബൌദ്ധികമായി അക്വീനാസ് തെളിയിച്ചിരിക്കുന്നത്. തോമസ് അക്വീനാസിന്‍റെ അഞ്ച് വഴികള്‍ (Five Ways of Thomas Aquinas) എന്നാണ് അവ അറിയപ്പെടുന്നതു തന്നെ. “വഴികൾ"  എന്നാല്‍ “തെളിവുകൾ" (Proofs) എന്നാണ് അര്‍ത്ഥം. ഗ്രീക്ക് തത്വചിന്തകന്‍മാരുടെ ദര്‍ശനങ്ങള്‍ അക്വീനാസിന്‍റെ പഠനങ്ങളെ ഏറെ സ്വാധീ‍നിച്ചിട്ടുള്ളതായി കാണാന്‍ കഴിയും. അരിസ്റ്റോട്ടിലിന്‍റെ മാറ്റത്തെ (Change) കുറിച്ചുള്ള പഠനങ്ങളില്‍ നിന്നാണ് അക്വീനാസിന്‍റെ സുപ്രധാന വാദങ്ങളെല്ലാം ആരംഭിക്കുന്നത് തന്നെ. ദൈവാസ്ഥിത്വത്തെ കുറിച്ചുള്ള അക്വിനാസിന്‍റെ അഞ്ച് വാദങ്ങളിലേയ്ക്ക്!

ആദ്യ വഴി: ചലനം (The way of MOTION)

“പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ചലിക്കുന്നുവെന്ന് ഇന്ദ്രിയങ്ങളിലൂടെ നമുക്ക് സ്പഷ്ടമാണ്”- എന്ന പ്രസ്താവനയോടെയാണ് അക്വീനാസ് തന്‍റെ വാദം ആരംഭിക്കുക. ഇവിടെ, “ചലനം” എന്നതുകൊണ്ട് അക്വീനാസ് വിവക്ഷിക്കുന്നത് അരിസ്റ്റോട്ടിലിന്‍റെ ചലന സിദ്ധാന്തത്തെയാണ്. സാധ്യതയില്‍ നിന്നും യാഥാര്‍ത്ഥസ്ഥിതിയിലേയ്ക്കുള്ള മാറ്റത്തെയാണ് ചലനം എന്നതുകൊണ്ട് അരിസ്റ്റോട്ടില്‍ അര്‍ത്ഥമാക്കിയത്. (Motion is nothing else than the reduction of something from potentiality to actuality.) ഉദാഹരണമായി; മുട്ടക്കുള്ളിലിരിക്കുന്ന ഭ്രൂണം ഒരു സാധ്യത (Potentiality) മാത്രമാണ്. അത് കോഴിക്കുഞ്ഞാവുമ്പോള്‍ സാധ്യത യാഥാര്‍ത്ഥ്യമായി (Actuality) എന്ന് പറയാം. അങ്ങനെ ഭ്രൂണം കോഴിക്കുഞ്ഞാവുന്നത് ചലനത്തിന് ഒരുദാഹരണമാണ്.

ചലനം എല്ലാ വസ്തുക്കള്‍ക്കും സംഭവിക്കുന്നു. ഭ്രൂണം കോഴിയാവുന്നു, പച്ച മാങ്ങ പഴുക്കുന്നു, ശരീരം ജീര്‍ണ്ണിക്കുന്നു. എന്നാല്‍ ഒരു വസ്തുവും സ്വയംഭൂവായി മാറ്റത്തിന് വിധേയമാവുന്നില്ല, വസ്തുക്കള്‍ ചലിക്കുന്നു എന്നതിനെക്കാള്‍ അവ “ചലിപ്പിക്കപ്പെടുന്നു” എന്ന് വേണം പറയാൻ. അതായത്, ഭ്രൂണം കോഴിക്കുഞ്ഞാവുന്നതിന് പിന്നില്‍ ഒരു ഘടകം പ്രവര്‍ത്തിക്കുന്നുണ്ട്. ആ ഘടകം പ്രവര്‍ത്തിക്കാതിരുന്നാല്‍ ഭ്രൂണത്തിന് കോഴിക്കുഞ്ഞാവാന്‍ പറ്റില്ല. അങ്ങനെയെങ്കിൽ, പ്രപഞ്ചത്തിലെ ചലിക്കുന്ന വസ്തുക്കളെല്ലാം തന്നെ മറ്റൊരു വസ്തുവിനാല്‍ ചലിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.

കുളത്തില്‍ ഒരാള്‍ ചൂണ്ടയിടുന്നതായി സങ്കല്‍പ്പിക്കുക! ചൂണ്ടയില്‍ കൊരുത്ത ഇര ചലിക്കുന്നു, ആ ഇരയെ ചലിപ്പിക്കുന്നത് ചൂണ്ടയാണ്. ചൂണ്ടയെ ചലിപ്പിക്കുന്നത് വടിയില്‍ കെട്ടിയ നാരാണ്. നാരിനെ ചലിപ്പിക്കുന്നത് വടിയാണ്, വടിയെ ചലിപ്പിക്കുന്നത് മീന്‍‌പിടുത്തക്കാരന്‍റെ കൈകളാണ്, കൈകളെ ചലിപ്പിക്കുന്നത് മീന്‍‌പിടുത്തക്കാരനാണ്, മീന്‍പിടുത്തക്കാരന്‍ ചലിക്കാന്‍ തുടങ്ങിയത് അയാളുടെ മാതാപിതാക്കളിലൂടെയാണ്, മാ‍താപിതാക്കള്‍ ചലിക്കാന്‍ തുടങ്ങിയത് അവരിടെ മാതാപിതാക്കളിലൂടെയാണ്… ഇങ്ങനെ കാലത്തിന്‍റെ അനാദിയിലേയ്ക്ക് നമ്മേ കൊണ്ടു പോകുന്നു ആ ശൃംഖല.

ഈ ശൃംഖല ഒടുവിൽ ഒരിക്കലും ചലിക്കാതിരിക്കുകയും മറ്റുള്ളവ ചലിപ്പിക്കുകയും ചെയ്യുന്ന “ഒന്നിൽ” അവസാനിക്കുന്നതായും, ആ ഒന്നിനെ (Unmoved mover) ദൈവം എന്ന് വിളിക്കാമെന്നും അക്വീനാസ് വാദിച്ചു. ആകാശഗോളങ്ങളുടെ ചലനം സംബന്ധിച്ചും അക്വീനാസ് ഈ വാദം തന്നെയാണ് നിരത്തുന്നത്. ഇനേര്‍ഷ്യയില്‍ (Inertia) ആയിരിക്കുന്ന ആകാശ ഗോളങ്ങളുടെയെല്ലാം ചലനകാരണം ഒരിക്കലും ചലിക്കാത്ത (മാറ്റത്തിന് വിധേയമാവാത്ത) ഒന്നാണ്. അക്വീനാസിന്‍റെ ഈ വാദത്തെ ചോദ്യം ചെയ്യുന്ന എതിര്‍വാദങ്ങള്‍ നിരവധിയാണ്. എങ്കിലും അക്വീനാസിന്‍റെ ഈ വാദത്തിന്‍റെ രത്നച്ചുരുക്കം നോക്കാം.

രത്നച്ചുരുക്കം;

1. Objects are in motion.
2. If something is in motion, then it must be caused to be in motion by something outside of itself.
3. There can be no infinite chain of movers/movees.
4. So there is a first, unmoved mover.
5. Therefore, God exists.

രണ്ടാം വഴി: കാരണഹേതു (The way of CAUSATION)

പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും ഓരോ കാരണഹേതുവുണ്ട് (Efficient causes). മാവില്‍ നിന്ന് മാങ്ങയുണ്ടായി, മാങ്ങയുടെ കാരണഹേതു മാവാണ്. കോഴിയില്‍ നിന്ന് മുട്ടയുണ്ടായി, മുട്ടയുടെ കാരണഹേതു കോഴിയുമാണ്. ഇനി, സ്വയംഭൂവായ ഒന്നും തന്നെ കാണപ്പെടുന്ന ഈ പ്രപഞ്ചത്തിലില്ല. എല്ലാ വസ്തുക്കളും മറ്റൊന്നില്‍ നിന്ന് ഉണ്ടായി എന്ന് തന്നെയാണ് ഇതിന്‍റെ അര്‍ത്ഥം.

ജോണിക്കുട്ടി ജോസഫേട്ടനില്‍ നിന്ന് പിറന്നു, ജോസഫേട്ടന്‍ അവറാച്ചനില്‍ നിന്ന് പിറന്നു, അവറാച്ചന്‍ പൌലോസില്‍ നിന്നും പൌലോസ് തോമാച്ചനില്‍ നിന്നും പിറന്നു… ഇങ്ങനെ അച്ഛനപ്പുപ്പന്‍മാരുടെ കാരണഹേതുക്കളെ തേടിപ്പോയാല്‍ ഏതെങ്കിലും ഒരു വ്യക്തിയില്‍ ചെന്ന് നില്‍ക്കുകയേ തരമുള്ളൂ. ആ വ്യക്തിയെ തല്‍ക്കാലം ആദം എന്ന് വിളിക്കാം. ആദം പിന്നെ എവിടെ നിന്നുണ്ടായി എന്ന ചോദ്യമാവും പിന്നെയുണ്ടാവുക! ഒന്നുകില്‍ ആദം സ്വയംഭൂവായി. ഒരു ഭൌതീക ജീവിക്ക് സ്വയംഭൂവായി ജന്‍‌മമെടുക്കാന്‍ കഴിയില്ല എന്നത് പ്രകൃതിനിയമമാണ്. അങ്ങനെയെങ്കില്‍ ആദം സ്വയംഭൂവായി എന്ന കാരണം ശരിയല്ല. ഇനി, ആദത്തെയും ആരെങ്കിലും സൃഷ്ടിച്ചതാവാം. പക്ഷേ, ആദത്തെ സൃഷ്ടിച്ചയാള്‍ എവിടെ നിന്നുണ്ടായി? ചോദ്യം വീണ്ടും നീളുന്നു. ആരില്‍ നിന്നും ഉടലെടുക്കാത്ത, കാരണഹേതുവില്ലാത്ത, സ്വയംഭൂവായ ദൈവത്തില്‍ നിന്ന് ആദം ഉണ്ടായി എന്ന് പറയുന്നതാണ് ന്യായമെന്ന് അക്വീനാസ് വാദിച്ചു. ദൈവത്തെ സര്‍വ്വവസ്തുക്കളുടെയും ആത്യന്തകാരണമായിട്ടാണ് (First cause of all things) അക്വീനാസ് വിവരിക്കുക.

ഇവിടെ ഒരു ആശയക്കുഴപ്പം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ദൈവം ആദത്തെ (ഒരു മുതുമുത്തശ്ചനെ) സൃഷ്ടിച്ചു എന്ന് പറഞ്ഞാല്‍, ദൈവം നേരിട്ട് കളിമണ്ണോ ചെളിയോ കൊണ്ട് ഉണ്ടാക്കി എന്നല്ല അര്‍ത്ഥം. ബൈബിളിലെ ഒന്നാം അദ്ധ്യായത്തില്‍ ദൈവം ആറ് ദിവസം കൊണ്ട് ലോകത്തെ സൃഷ്ടിക്കുന്ന ഒരു കഥയുണ്ട്. ആ കഥ പ്രതീകാത്മകമാണ്. പരിണാമത്തിന് തുടക്കം കുറിച്ചശേഷം സ്വയം വിടരുന്നതിനും പെരുകുന്നതിനും (Evolve and develope) ദൈവം ഈ പ്രപഞ്ചത്തെ അനുവദിച്ചതാവാം. ദൈവം തുടക്കം കുറിച്ച പരിണാമ പ്രക്രിയ ഇപ്പോഴും തുടരുന്നതാവാം. ഏതായാലും, ഡാർവിന്റെ പരിണാമസിദ്ധാന്തം പ്രപഞ്ചസൃഷ്ടിയിലെ ദൈവത്തിന്‍റെ നിര്‍ണ്ണായക പങ്ക് അംഗീകരിക്കുന്നുണ്ട്.

രത്നച്ചുരുക്കം;

1. There exists things that are caused or created by other things.
2. Nothing can be the cause of itself.
3. There can be no infinite cause/effect chains.
4. Therefore, ther must be an uncaused first cause called God.
5. Therefore God exists.

മൂന്നാം വഴി: യാദൃച്ഛീകം (The way of CONTINGENCY)

ആദ്യ രണ്ടു വഴികളും നിസാരമായി ഗ്രഹിക്കാനാവുമെങ്കിലും മൂന്നാമത്തെ വഴി അല്‍പ്പം ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം. ഈ പ്രപഞ്ചത്തില്‍ അനിവാര്യതയായി (Necessity) എന്തെങ്കിലും ഉണ്ടോ? ജോലി ചെയ്യുന്ന കമ്പനിയില്‍ നാം ഒരു അനിവാര്യതയാണോ? ആണെന്ന് തോന്നുമായിരിക്കാം, നാം വിരമിച്ചാല്‍ നമുക്ക് പകരം മറ്റൊരാള്‍ നമ്മുടെ കസേരയില്‍ ഇരിക്കുക തന്നെ ചെയ്യും. ആത്യന്തീകമായി, ഈ പ്രപഞ്ചത്തിലെ ഒന്നും അതില്‍ തന്നെ അനിവാര്യതകളേ അല്ല. ഇതിനെ കുറിച്ച് ഫെഡറിക് നീഷേ, ഴാങ് പോള്‍ സാര്‍ത്ത് തുടങ്ങിയ അസ്ഥിത്വവാദ തത്വചിന്തകന്‍‌മാര്‍ സവിസ്താരം വര്‍ണ്ണിക്കുന്നുണ്ട്.

വസ്തുക്കളെല്ലാം യാദൃച്ഛികങ്ങളാണ് (Contingent). എന്നാല്‍ പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പിന് അനിവാര്യമായ എന്തോ ഒന്നുണ്ട്. പ്രപഞ്ചത്തെ ഏകോപിപ്പിച്ച് നിര്‍ത്തുന്ന, അതിന്‍റെ ഓരോ സ്പന്ദനത്തെയും നിയന്ത്രിക്കുന്ന ആ നിയമം (Law of nature) ഇല്ലാതിരുന്നുവെങ്കില്‍ പ്രപഞ്ചം നിലനില്‍ക്കുമായിരുന്നില്ല. വൈദ്യുതിയുള്ളപ്പോള്‍ ബള്‍ബ് കത്തുന്നതുപോലെയും വൈദ്യുതി പോകുമ്പോള്‍ ബള്‍ബ് അണയുകയും ചെയ്യുന്നതുപോലെയാണത്. ഏതോ ഒന്നിന്‍റെ സാന്നിധ്യം തന്നെയാണ് പ്രപഞ്ചത്തിന്‍റെ അനിവാര്യത. അനിവാര്യമായ (Necessary) ആ ഒന്നിനെ അക്വീനാസ് ദൈവം എന്ന് വിളിച്ചു. ദൈവത്തെ “ഒരു വ്യക്തിയായി” ഒരിക്കലും സങ്കല്‍പ്പിക്കരുതേ എന്ന് ഇടയ്ക്കുകയറി പറഞ്ഞുകൊള്ളട്ടെ!

രത്നച്ചുരുക്കം;

1. Contingent beings are caused.
2. Not every being can be contingent.
3. There must exist a being which is necessary to cause contingent beings.
4. This necessary being is God.

നാലം വഴി: നന്‍‌മ (The way of GOODNESS)

വസ്തുക്കളുടെ ഗുണമേന്‍‌മയില്‍ ഏറ്റക്കുറച്ചിലുകള്‍ (gradation) കാണാറുണ്ടെല്ലോ. വസ്തുക്കളിലെ സൌന്ദര്യം (Beauty), നന്‍‌മ (Good), സത്യം (Truth) എന്നിവയുടെ അനുപാതത്തിലും ഏറ്റക്കുറച്ചില്‍ കാണാം. ഈ ഏറ്റക്കുറച്ചിലുകള്‍ അര്‍ത്ഥമാക്കുന്നത് ഒരു പൂര്‍ണ്ണതയെയാണ്. ഉദാരഹണമായി, വെള്ള നിറത്തിലുള്ള പത്ത് വസ്തുക്കളെ തമ്മില്‍ താരതമ്യം ചെയ്യുകയാണെന്ന് കരുതുക. പത്തെണ്ണത്തില്‍ ഏതാണ് തൂവെള്ള നിറമുള്ളത് എന്നതാണ് കണ്ടുപിടിക്കേണ്ടത്. അവസാനം ഒരു വസ്തുവിനെ തിരഞ്ഞെടുക്കുന്നു. അതിന്‍റെ അര്‍ത്ഥം അതിനെക്കാള്‍ തൂവെള്ളയായ വസ്തു ഇനി ഇല്ലെന്നാണോ? അല്ല. അതായത് അപൂര്‍ണ്ണതകളെയോ അര്‍ദ്ധ സുന്ദരികളെയോ കാണുമ്പോള്‍ തന്നെ പൂര്‍ണ്ണതയെ സങ്കല്‍പ്പിക്കാന്‍ നമുക്ക് കഴിയുന്നു. ചുരുക്കത്തില്‍, ദൈവത്തിന്‍റെ പൂര്‍ണ്ണത വസ്തുക്കളിലൂടെ പ്രതിഫലിക്കുന്നുവെന്നും, അപൂര്‍ണ്ണമായ വസ്തുക്കളിലൂടെ പൂ‍ര്‍ണ്ണനായ ദൈവത്തെ തിരിച്ചറിയാനാവുമെന്നും അക്വീനാസ് വാദിച്ചു.

രത്നച്ചുരുക്കം;

1. Objects have properties (Qualities) to greater or lesser extents.
2. If an object has a property to a lesser extent, then there exists some other object that has the property to the maximum possible degree.
3. So there is an entity that has all properties to the maximum possible degree.
4. Hence God exists.

അഞ്ചാം വഴി: രൂപകല്‍പ്പന (The way of DESIGN)

ഏതോ ഒരന്ത്യത്തിലേയ്ക്കെന്ന പോലെ ക്രമീകൃതമായിരിക്കുന്ന പ്രപഞ്ച വസ്തുക്കളുടെ രൂപകല്‍പ്പനയിലുടെ ദൈവത്തിന്‍റെ അസ്ഥിത്വം തിരിച്ചറിയാം എന്നാണ് അക്വീനാസ് പറയുന്നത്. മനോഹരമായ പ്രഭാതം കാണുമ്പോള്‍, മഴവില്ല് കാണുമ്പോള്‍, പൂക്കളെ കാണുമ്പോള്‍, നക്ഷത്രങ്ങളെയും ആകാശഗോളങ്ങളെയും കണ്ട് അന്തംവിട്ട് നില്‍ക്കുമ്പോള്‍… ഇവയുടെയെല്ലാം കാരണഭൂതനായ ഒരു ശക്തിയെക്കുറിച്ച് ചിന്തിച്ച് പോകാറില്ലേ! ഈ പ്രകൃതിയും പ്രപഞ്ചവും അതിലെ നിയമങ്ങളും യാദൃശ്ചികമായി പൊട്ടി മുളച്ചതാണെന്ന് ചിന്തിക്കുന്നതിനെക്കാള്‍ എളുപ്പം, ഒരു ശക്തിയുടെ കരവിരുതാണ് ഇതെന്ന് വിശ്വസിക്കുന്നതാണ്. ഒരു ബിഗ് ബാങ് സിദ്ധാന്തത്തിനും നിര്‍വചിക്കാനാകാത്ത പ്രകൃതിയുടെ സന്തുലിതാവസ്ഥയും (സൃഷ്ടിയും പ്രളയവും) സങ്കീര്‍ണ്ണതയും അപരിമേയ ശക്തിയുടെ ഇച്ഛാശക്തി മൂലമാണെന്ന് വാദമാണ് അക്വീനാസിനുള്ളത്.

രത്നച്ചുരുക്കം;

1. Among objects that act for an end, some have minds, whereas others do not.
2. An object that acts for an end, but does not itself have a mind, must have been created by a being that has a mind.
3. So there exists a being with a mind who designed all mindless objects that act for an end.
4. Hence, God exists.

*********************************************

ഇനി, ദൈവം ഉണ്ട് എന്ന് തന്നെ വയ്ക്കുക! എങ്കില്‍ ആ ദൈവത്തിന്‍റെ സ്വഭാവമെന്താണ്? അക്വീനാസിന്‍റെ വഴികളെ കുറിച്ച് പ്രതിപാദിച്ച നിലയ്ക്ക് അതുകൂടി ചുരുക്കിപ്പറയാം.

ദൈവത്തിന്‍റെ സ്വഭാവം (Nature of God)

1. ദൈവം ഒന്നാണ് (One), അതായത് ദൈവത്തിന്‍റെ സത്തയും (Essence), നിലനില്‍പ്പും (Existence) ഒന്നാണ്. ദൈവത്തിന്‍റെ “നിലനില്‍പ്പ്” തന്നെയാണ് “സത്ത”. 2. ദൈവം സരളമാണ് (Simple), അതായത് ദൈവത്തിന്‍റെ സത്തയില്‍ മിശ്രണങ്ങള്‍ ഇല്ല (without composition of parts such as body and soul) 3. ദൈവം പൂര്‍ണ്ണനാണ് (Perfect – complete actuality) 4. ദൈവം അപരിമേയനാണ് (Infinite, unlimited or perfect) 5. ദൈവം മാറ്റമില്ലാത്തവനാണ് (Immutable or changeless)

ഈശ്വരാനുഭവവും ധാര്‍മ്മീയതയും

അക്വീനാസിന്‍റെ അഞ്ച് വഴികള്‍ പോലെ തന്നെ അവഗണിക്കാനാവാത്ത മറ്റൊരു തെളിവാണ് “ഈശ്വരാനുഭവം”(Religious experience). ഏതെങ്കിലുമൊരു വ്യക്തിക്ക് വ്യക്തിപരമായി ഉണ്ടാവുന്ന ദൈവീക വെളിപാടുകളെയോ, അത്ഭുതങ്ങളെയോ, ദര്‍ശനങ്ങളെയോ, അതുമായി ബന്ധപ്പെട്ട അനുഭവങ്ങളെയോ റിലീജിയസ് എക്സ്പീരിയന്‍ എന്ന് വിളിക്കാം. ദൈവാനുഭത്തിന് നിതാന്തമായ നിരവധി ഉദാഹരണങ്ങള്‍ ബൈബിളില്‍ നിന്നും, ഖുറാനില്‍ നിന്നും, ഭഗവത്ഗീതയില്‍ നിന്നും നമുക്ക് ലഭ്യമാണ്. അനുദിന ജീവിതത്തില്‍ പോലും നാം ഇത്തരം കഥകള്‍ കേട്ടെന്നും വരാം. ദൈവസാന്നിധ്യം അനുഭവിക്കുക, അനര്‍വചനീയമായ ആനന്ദമോ ദര്‍ശനമോ ഉണ്ടാവുക, പ്രകൃതിനിയമങ്ങളെ ഭേദിക്കുന്ന അത്ഭുതങ്ങളോ അടയാളങ്ങളോ സംഭവിക്കുക, ദൈവവുമായി സംഭാഷണം നടത്തുക എന്നിങ്ങനെ നിരവധി രീതിയില്‍ ഈ അനുഭവം ഉണ്ടാവാം. മനുഷ്യശക്തിയ്ക്ക് അതീതമായതും പ്രകൃതിനിയമത്തിന് വിരുദ്ധമായതുമായ പ്രതിഭാസങ്ങളെയാണ് “അത്ഭുതങ്ങള്‍” എന്ന് ഇവിടെ ഉദ്ദേശിച്ചത്, കണ്‍കെട്ട് വിദ്യകളെ അല്ല.

വ്യക്തികള്‍ക്ക് ഉണ്ടാവുന്ന ഇത്തരം അനുഭവങ്ങളെ ദൈവാസ്ഥിത്വത്തിനുള്ള തെളിവായി ഉപയോഗിക്കാമെന്ന് ചിലര്‍ വാദിക്കുമെങ്കിലും, ഈ വാദത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരും ഉണ്ട്. അനുഭവങ്ങള്‍ വ്യക്തപരമാണെന്നതാണ് അതിനുള്ള പ്രധാന കാരണം. എന്നാല്‍, വിശ്വസനീയമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിച്ചാല്‍ ഇത്തരം അനുഭവങ്ങളില്‍ വാസ്തവമുണ്ടെന്ന് തോന്നാറുണ്ട്.

മനുഷ്യന്‍റെ ധാര്‍മ്മിയ സ്വഭാവം (Moral nature) തന്നെ ദൈവമുണ്ടെന്നതിനുള്ള തെളിവാണെന്ന മറ്റൊരു വാദവും നിലവിലുണ്ട്. ശരിയും തെറ്റും വിവേചിച്ച് ശരി മാത്രം ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന മനസാക്ഷി (Conscience) എന്നത്, പരമമായ നന്‍‌മയുടെ (highest good) പ്രതിഫലമാണെന്നാണ് ഇമ്മാനുവേല്‍ കാന്‍റ് (Immanuel Kant) വിശേഷിപ്പിച്ചിട്ടുള്ളത്. മനസാക്ഷിയുടെ ആഗോളസ്വഭാവവും (Universality) വാദത്തിന് ശക്തി പകരുന്നുണ്ട്. എങ്കിലും ഇതിനെ എതിര്‍ക്കുന്നവര്‍ വിരളമല്ല.

ഉപസംഹാരം

മുകളില്‍ പ്രസ്താവിച്ച ദര്‍ശനങ്ങള്‍ക്ക് സ്ഥായിയായ വിവരണം ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ! പരമാവധി ലളിതമാക്കാന്‍ ശ്രമിച്ചതുമൂലം ചിന്തകള്‍ വികൃതമായെങ്കില്‍ ക്ഷമിക്കുക. വിഷയം ദൈവമാണെന്നതിനാലും, ആശയപരമാണെന്നതിനാലും ലേഖനം ഇവിടെ അപൂര്‍ണ്ണമായി അവസാനിപ്പിക്കുകയേ തരമുള്ളൂ. കറകളഞ്ഞ സത്യാന്വേഷികൾക്ക് ഈ ലേഖനം ഒരു പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

(പ്രപഞ്ച സൃഷ്ടിയെയും ഈശ്വരാസ്ഥിത്വത്തെയും കുറിച്ച് താവോയിസം അനുശ്യാസിക്കുന്ന ചില ചിന്തകൾ ഏറെ ആകർഷണിയമാണെന്നും, ഈ ലേഖനത്തിലെ അവ്യക്തമായ ചില ഭാഗങ്ങളെയും സംശയങ്ങളെയും നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും എന്റെ എളിയ ബുദ്ധിയ്ക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെ, ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തത്തിന്റെ പ്രസക്തിയും ഈശ്വരനുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ എടുത്തുപറയേണ്ട ഒന്നാണ്. അവയെ കുറിച്ചെല്ലാം മറ്റൊരു അവസരത്തിൽ ചർച്ച ചെയ്യാൻ കഴിയുമെന്ന് കരുതാം.)

20 comments:

  1. ആദത്തിന് സ്വയംഭൂവാകാന്‍ കഴിയില്ല പക്ഷേ ദൈവത്തിനാകും.. ഇതില്‍ കൂടുതല്‍ അറിയണ്ടതില്ല എന്ന് പുരോഹിത വര്‍ഗ്ഗം പറയും.. എങ്കില്‍ ബിഗ്ബാങിന് മുന്‍പ് എന്ത്? അതറിയാന്‍ ബില്ല്യണുകള്‍ മുടക്കി പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയല്ലേ എന്ന് ശാസ്തജ്ഞരും... വിശ്വാസം അതല്ലേ എല്ലാം :)

    ReplyDelete
  2. ദൈവത്തിനു സ്വയം ഭൂ ആകാനും സ്വയം ചലിക്കാനും പറ്റും... നന്മയുടെ ഹയ്യെസ്റ്റ് ഡിഗ്രി ആണു ദൈവം.. തിന്മയുടെ ആരാണാവോ ? ചിലപ്പം ചെകുതാനാവും..

    ReplyDelete
  3. ദൈവം എന്ന വിഷയത്തെ കൈകാര്യം ചെയ്യുമ്പോൾ മനോജും, പാരസിറ്റാമോളും ഉന്നയിച്ച രസകരങ്ങളായ ചോദ്യങ്ങൾ ഉയർന്നുവരിക സ്വാഭാവികമാണ്. ദൈവം എന്ന യാഥാർത്ഥ്യത്തെ കുറിച്ച് വിശകലനം ചെയ്യുന്നതിന് മനുഷ്യബുദ്ധിയ്ക്ക് വിലങ്ങുതടിയായി നിൽക്കുന്ന രണ്ട് ആട്രിബൂട്ടുകളാണ് കാലവും സ്ഥലവും (Time and Space). ഇവ രണ്ടും ഭൗതീകതയുടെ ഘടകങ്ങളാണെന്നും, അഭൗതീകനായ ദൈവത്തെ ആരായുമ്പോൾ കാലത്തെയും സ്ഥലത്തെയും നാം അതിലംഘിക്കേണ്ടതുണ്ട്. അത് എല്ലാവർക്കും സാധിക്കുന്ന കാര്യവുമല്ല. അതാണ്, എല്ലാവർക്കും ഈശ്വരനെ മനസിലാക്കാൻ കഴിയാതെ പോകുന്നത്. കാലത്തിന്റേയും സ്ഥലത്തിന്റേയും പരിമിതികളെ മറികടന്ന യോഗികൾക്ക് ഈശ്വരൻ പ്രാപ്യനായിരിക്കുന്നതിലെ രഹസ്യവും ഇതുതന്നെ.

    ReplyDelete
  4. valare simple aayi ezhuthiyirikkunnu....
    valare nandhi

    ReplyDelete
  5. [ബൈജൂസ് said.]: ഏതായാലും, ഡാർവിന്റെ പരിണാമസിദ്ധാന്തം പ്രപഞ്ചസൃഷ്ടിയിലെ ദൈവത്തിന്‍റെ നിര്‍ണ്ണായക പങ്ക് അംഗീകരിക്കുന്നുണ്ട്.....

    ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തത്തിന്റെ പ്രസക്തിയും ഈശ്വരനുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ എടുത്തുപറയേണ്ട ഒന്നാണ്. .....

    ദൈവം എന്ന യാഥാർത്ഥ്യത്തെ കുറിച്ച് വിശകലനം ചെയ്യുന്നതിന് മനുഷ്യബുദ്ധിയ്ക്ക് വിലങ്ങുതടിയായി നിൽക്കുന്ന രണ്ട് ആട്രിബൂട്ടുകളാണ് കാലവും സ്ഥലവും (Time and Space). ഇവ രണ്ടും ഭൗതീകതയുടെ ഘടകങ്ങളാണെന്നും, അഭൗതീകനായ ദൈവത്തെ ആരായുമ്പോൾ കാലത്തെയും സ്ഥലത്തെയും നാം അതിലംഘിക്കേണ്ടതുണ്ട്. അത് എല്ലാവർക്കും സാധിക്കുന്ന കാര്യവുമല്ല. അതാണ്, എല്ലാവർക്കും ഈശ്വരനെ മനസിലാക്കാൻ കഴിയാതെ പോകുന്നത്. കാലത്തിന്റേയും സ്ഥലത്തിന്റേയും പരിമിതികളെ മറികടന്ന യോഗികൾക്ക് ഈശ്വരൻ പ്രാപ്യനായിരിക്കുന്നതിലെ രഹസ്യവും ഇതുതന്നെ.....


    മാഷെ,
    പരിണാമ സിദ്ധാന്തവും, Einstein's Special/General Relativity ഒന്നും ദൈവത്തിന്റെ പങ്കോ അവയുടെ philosophical implications ഇല്‍ ദൈവമോ വരുന്നില്ല. Darwin's dangerous idea ഇല്‍ Daniel Dennett ഈ വിഷയത്തെ പറ്റി എഴുതിയിട്ടുണ്ട്

    ആപേക്ഷിക സിദ്ധാന്തം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും നന്നായി മനസ്സിലാക്കിയിട്ടുള്ളതും cosmologists ആണ്. അവര്‍ എന്താണ് പറയുന്നത് നോക്കാം ?

    Why (Almost All) Cosmologists are Atheists

    Does the Universe Need God ?

    അക്വിനാസിന്റെ കാലത്തെ പ്രപഞ്ച സങ്കല്‍പ്പങ്ങളില്‍ നിന്നും ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയി. അതൊന്നും അംഗീകരിക്കാന്‍ പറ്റാത്ത തിയൊലോജിയന്‍സ് മാത്രമേ അവ ഇന്ന് എടുത്തു പയറ്റുന്നുള്ളൂ.

    ഉദാ: William Lane Craig vs. Victor Stenger. Is There a God ?

    ReplyDelete
  6. Hi Jack Rabbit,

    താങ്കളുടെ അഭിപ്രായങ്ങൾക്കും ലിങ്കുകൾക്കും നന്ദി.

    പരിണാമ സിദ്ധാന്തത്തിലും, ഐൻസ്റ്റീനിന്റെ ആപേക്ഷികാ സിദ്ധാന്തത്തിലും ദൈവത്തെ സംബന്ധിച്ച് പ്രത്യക്ഷമായ യാതൊരു വിധ വിവക്ഷകളും ഇല്ലെന്നുള്ളത് വാസ്തവം തന്നെ. എങ്കിലും, ഈശ്വരന്റെ അസ്ഥിത്വം, സ്വഭാവം എന്നിവയെ കുറിച്ചുള്ള ആഴമായ അർത്ഥാന്തരങ്ങൾ പരിണാമ സിദ്ധാന്തത്തിലും ആപേക്ഷികാ സിദ്ധാന്തത്തിലും ഒളിഞ്ഞുകിടപ്പുണ്ട് എന്നാണ് എന്റെ എളിയ പഠനങ്ങളിലൂടെ മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

    ഈശ്വരനെ ഒരു വ്യക്തി എന്നതിലുപരി, ഒരു ശക്തിയായും, കേവല സാധ്യതയായുമാണ് (pure potency) നാം മനസിലാക്കേണ്ടത്. "കേവല സാധ്യത" എന്ന് പറയുമ്പോൾ, ഏതൊരു വസ്തുവായും സ്വയം വിരാചിതമാകാൻ ഈശ്വരന് കഴിയുന്നു, അതുകൊണ്ടാണ് "സർവം ബ്രഹ്മം" എന്ന തത്വത്തിൽ ഭാരതീയ തത്വശാസ്ത്രം അടിയുറച്ച് വിശ്വസിക്കുന്നത്. സ്വയം പ്രപഞ്ചമായി വിരാചിതമാകുന്ന ഈശ്വരന്റെ ഈ മഹാരഹസ്യത്തെ (ലീലയെ) പ്രതിപാദിക്കാനുള്ള എളുപ്പവഴിയാണ് കേവല സാധ്യതയെയും ഐൻസ്റ്റീനിന്റെ ആപേക്ഷികാ സിദ്ധാന്തത്തെയും തമ്മിൽ താരതമ്യം ചെയ്യുക എന്നത്. (മറ്റൊരു അവസരത്തിൽ ഇതിനെ കുറിച്ചൊരു ലേഖനം എഴുതാൻ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്.)

    എന്റെ ആശയങ്ങൾ വ്യക്തമാണോ എന്ന് എനിക്കറിയില്ല. എങ്കിലും, ആപേക്ഷികാ സിദ്ധാന്തം, പരിണാമ സിദ്ധാന്തം, താവോയിസം, അദ്വൈതം എന്നീ നാല് വ്യത്യസ്ത ശാഖകളെ ഒരുമിച്ചുവച്ച് അപഗ്രഥിക്കുമ്പോൾ, അവ പരസ്പരം പൂരകങ്ങളാണെന്നും, ഒന്ന് മറ്റൊന്നിനെ പൂർത്തീകരിക്കുന്നതായും മനസിലാക്കാനാവും. അതായത്, ഇവ നാലും പരസ്പരം നിഷേധിക്കുന്നില്ല, വിശാലമായ അർത്ഥത്തിൽ! നേരിയ മൂടൽ മഞ്ഞിലെന്ന പോലെ മനുഷ്യദൃഷ്ടിയിൽ നിന്ന് മറയ്ക്കപ്പെട്ടിരിക്കുന്ന സത്യം പകൽ പോലെ വ്യക്തമാവുന്നത് ഈ സിദ്ധാന്തങ്ങളെ ആഴത്തിൽ ധ്യാനിക്കുമ്പോൾ കാണാനാവും.

    Why (Almost All) Cosmologists are Atheists എന്നതിനുള്ള ഉത്തരം ഇതാണ്. പ്രപഞ്ചസൃഷ്ടിക്കും അതിന്റെ നിലനിൽപ്പിനും ഈശ്വരന്റെ ആവശ്യമില്ലെന്നും, സ്വയംഭൂവായി ജന്മമെടുക്കാൻ പ്രപഞ്ചത്തിന് സാധിക്കുമെന്നുമുള്ള ആശയങ്ങളാണ് കോസ്മളോജിസ്റ്റുകളെ നിരീശ്വരവാദികൾ ആക്കുന്നത്. സത്യത്തിൽ, ഇതേ ആശയം തന്നെയാണ് മുകളിൽ പറഞ്ഞ നാല് ശാഖകളെ കുറിച്ചുള്ള താരതമ്യ പഠനത്തിലും വ്യക്തമാവുന്നത്. ബൈബിളിൽ പറയുന്നതുപോലെ, ഈശ്വരൻ ഏഴുനാളുകൾ കൊണ്ട് പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന് പക്വത പ്രാപിച്ച ഒരു ഈശ്വര വിശ്വാസിയും വിശ്വസിക്കില്ല. ഈ അർത്ഥത്തിൽ, ഞാനും ഒരു നിരീശ്വരവാദിയാണ്.

    അക്വിനാസിന്റെ കാലത്തെ പ്രപഞ്ച സങ്കല്‍പ്പങ്ങളില്‍ നിന്നും ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയി എന്നത് സത്യം തന്നെ. എങ്കിലും, മതവും ശാസ്ത്രവും അവയുടെ ആന്തരീക അർത്ഥത്തിൽ ഒരിക്കലും പരസ്പരം നിഷേധിക്കുന്നില്ല, മറിച്ച് പൂർത്തിയാക്കുകയാണ് ചെയ്യുന്നത്. മതതീവ്രവാദികൾ അപകടകാരികളാണെന്ന് പറയുന്നതുപോലെ തന്നെ, തീവ്രവാദികളായ ശാസ്ത്രജ്ഞന്മാരും സമൂഹത്തിന് ആപൽക്കരമാണ്. സത്യത്തിന്റെ സാധ്യതകളെ മനപ്പൂർവം വിസ്മരിച്ചുകൊണ്ടുള്ള ഏതൊരു ശാസ്ത്രീയ സമീപനവും ഗുണത്തെക്കാളെറെ ദോഷമാവും ഉണ്ടാക്കുക.

    ReplyDelete
  7. ബൈജൂസ്‌,
    താങ്കളുടെ നീണ്ട മറുപടിക്ക് നന്ദി

    പരിണാമ സിദ്ധാന്തത്തിലും, ഐൻസ്റ്റീനിന്റെ ആപേക്ഷികാ സിദ്ധാന്തത്തിലും ദൈവത്തെ സംബന്ധിച്ച് പ്രത്യക്ഷമായ യാതൊരു വിധ വിവക്ഷകളും ഇല്ലെന്നുള്ളത് വാസ്തവം തന്നെ. എങ്കിലും, ഈശ്വരന്റെ അസ്ഥിത്വം, സ്വഭാവം എന്നിവയെ കുറിച്ചുള്ള ആഴമായ അർത്ഥാന്തരങ്ങൾ പരിണാമ സിദ്ധാന്തത്തിലും ആപേക്ഷികാ സിദ്ധാന്തത്തിലും ഒളിഞ്ഞുകിടപ്പുണ്ട് എന്നാണ് എന്റെ എളിയ പഠനങ്ങളിലൂടെ മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

    എന്റെ പരിമിതമായ വായനയില്‍ അതെനിക്ക് ബോധ്യമായിട്ടില. താങ്കളുടെ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ കൂടുതല്‍ ഇത് സംബന്ധമായി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

    മതതീവ്രവാദികൾ അപകടകാരികളാണെന്ന് പറയുന്നതുപോലെ തന്നെ, തീവ്രവാദികളായ ശാസ്ത്രജ്ഞന്മാരും സമൂഹത്തിന് ആപൽക്കരമാണ്.

    വളരെ വോക്കല്‍ ആയിട്ടുള്ള Steven Weinberg, Richard Dawkins, Peter Atkins, Jerry Coyne, Francis Crick, Victor Stenger എന്നീ പ്രശസ്തര്‍ ഏതു രീതിയിലാണ് ആപൽക്കരമായിട്ടുള്ളത് ?

    ReplyDelete
  8. വ്യക്തികൾ വ്യത്യസ്തരാണെന്നും, നാം ആലോചിക്കുക പോലും ചെയ്യാത്ത ചില കാര്യങ്ങൾ മറ്റുള്ളവർ ചിന്തിക്കാനിടയുണ്ടെന്നും ഇപ്പോൾ മനസിലായില്ലേ? :)

    പിന്നെ, Steven Weinberg, Richard Dawkins, Peter Atkins, Jerry Coyne, Francis Crick, Victor Stenger എന്നിവർ അപകടകാരികളാണെന്ന് ഞാൻ അർത്ഥമാക്കിയിട്ടില്ല. എന്നാൽ മതം പോലുള്ള ഒരു യാഥാർതത്തിന്റെ സാധുതയെയോ മൂല്യത്തെയോ കണക്കിലെടുക്കാതെ, ഈശ്വരാസ്ഥിത്വത്തിന്റെ സാധ്യത പോലും കണക്കിലെടുക്കാതെ, ശാസ്ത്രീയ അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ അതിനെ ആര് തള്ളിപ്പറഞ്ഞാനും അത് തീവ്രവാദ സമമാണെന്നും, സമൂഹത്തിന് അത് ദോഷം ചെയ്യുമെന്നുമാണ് ഞാൻ പറഞ്ഞത്. കേരളത്തിലുള്ളവർ പെൻഗ്വിനെ കണ്ടിട്ടില്ലെന്ന് വച്ച് അങ്ങനെയൊരു ജീവി ഇല്ലെന്ന് വരില്ലല്ലോ! ശാസ്ത്രീയ ഉപാധികൾക്ക് പരിമിതികളുണ്ടെന്ന തിരിച്ചറിവ് എല്ലാം ഉൾക്കൊള്ളുന്ന ഒരു സഹിഷ്ണുതയിലേക്കാണ് ശാസ്ത്രജ്ഞരെ എത്തിക്കേണ്ടത്, അല്ലാതെ തനിക്ക് മനസിലാവാത്തവ ഇല്ലെന്നോ അവ ഉണ്ടെങ്കിൽ തന്നെ അർത്ഥശൂന്യമെന്നോ ഉള്ള ധിക്കാരത്തിലേക്കല്ല!

    ReplyDelete
  9. [Baiju]: മതതീവ്രവാദികൾ അപകടകാരികളാണെന്ന് പറയുന്നതുപോലെ തന്നെ, തീവ്രവാദികളായ ശാസ്ത്രജ്ഞന്മാരും സമൂഹത്തിന് ആപൽക്കരമാണ്.

    [JR]: വളരെ വോക്കല്‍ ആയിട്ടുള്ള Steven Weinberg, Richard Dawkins, Peter Atkins, Jerry Coyne, Francis Crick, Victor Stenger എന്നീ പ്രശസ്തര്‍ ഏതു രീതിയിലാണ് ആപൽക്കരമായിട്ടുള്ളത് ?

    [Baiju]:വ്യക്തികൾ വ്യത്യസ്തരാണെന്നും, നാം ആലോചിക്കുക പോലും ചെയ്യാത്ത ചില കാര്യങ്ങൾ മറ്റുള്ളവർ ചിന്തിക്കാനിടയുണ്ടെന്നും ഇപ്പോൾ മനസിലായില്ലേ? :)

    പിന്നെ, Steven Weinberg, Richard Dawkins, Peter Atkins, Jerry Coyne, Francis Crick, Victor Stenger എന്നിവർ അപകടകാരികളാണെന്ന് ഞാൻ അർത്ഥമാക്കിയിട്ടില്ല. എന്നാൽ മതം പോലുള്ള ഒരു യാഥാർതത്തിന്റെ സാധുതയെയോ മൂല്യത്തെയോ കണക്കിലെടുക്കാതെ, ശാസ്ത്രീയ നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ അതിനെ ആര് തള്ളിപ്പറഞ്ഞാനും അത് തീവ്രവാദ സമമാണെന്നും, സമൂഹത്തിന് അത് ദോഷം ചെയ്യുമെന്നുമാണ് ഞാൻ പറഞ്ഞത്.


    Baiju,
    ഇന്ന് ശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ എത്തിസത്തെ വളരെ സ്ട്രോങ്ങ്‌ ആയി സപ്പോര്‍ട്ട് ചെയുന്ന ചിലരുടെ പേരാണ് ഞാന്‍ നല്‍കിയത്. ആ പ്രവര്‍ത്തി വഴി അവര്‍ ആരെങ്കിലും ഏതു രീതിയിലാണ് സമൂഹത്തിനു ആപൽക്കരമായിട്ടുള്ളത് എന്നാണ് ഞാന്‍ ചോദിച്ചത്. ഇനി അവര്‍ ആരും താങ്കള്‍ ഉദ്ദേശിച്ച ആളുകളുടെ കൂട്ടത്തില്‍ ഇല്ലെങ്കില്‍ ആരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് പറയാമോ ? അതോ വളരെ vague and generalized ആയി പറഞ്ഞ statement മാത്രമായിരുന്നോ അത് ?

    ReplyDelete
  10. [ബൈജു]: കേരളത്തിലുള്ളവർ പെൻഗ്വിനെ കണ്ടിട്ടില്ലെന്ന് വച്ച് അങ്ങനെയൊരു ജീവി ഇല്ലെന്ന് വരില്ലല്ലോ! ശാസ്ത്രീയ ഉപാധികൾക്ക് പരിമിതികളുണ്ടെന്ന തിരിച്ചറിവ് എല്ലാം ഉൾക്കൊള്ളുന്ന ഒരു സഹിഷ്ണുതയിലേക്കാണ് ശാസ്ത്രജ്ഞരെ എത്തിക്കേണ്ടത്, അല്ലാതെ തനിക്ക് മനസിലാവാത്തവ ഇല്ലെന്നോ അവ ഉണ്ടെങ്കിൽ തന്നെ അർത്ഥശൂന്യമെന്നോ ഉള്ള ധിക്കാരത്തിലേക്കല്ല!

    ഇതിനെ പറ്റി Carl Sagan ന്റെ മനോഹരമായ ഒരു മറുപടി ഉണ്ട്

    ശാസ്ത്രത്തിനും യുക്തിക്കും കാലത്തിനും സ്ഥലത്തിനും അപ്പുറത്തും ചില കാര്യങ്ങള്‍ ഉണ്ടെന്നും, ഇതെല്ലാം ലംഘിച്ചാലെ ദൈവത്തെ അറിയാന്‍ പറ്റൂ എന്നും, എന്നാല്‍ ചിലര്‍ക്ക് ഇതെല്ലാം ഇടയ്ക്ക് ലംഘിക്കാന്‍ പറ്റുന്നുന്ടെന്നും അതല്ലെങ്കില്‍ ദൈവം സ്വയം ലംഘിച്ചു സ്വന്തം അസ്തിത്വം ബോധ്യപെടുത്തുന്നുന്ടെന്നും ഒക്കെ വാദിക്കാം. ഇത് യാതൊരു തരത്തിലും പരീക്ഷിച്ചോ നിരീക്ഷിച്ചോ തെളിയിക്കപെടാന്‍ പറ്റ്തതായത് കൊണ്ട് സ്വാമി കൂടോത്രാനന്ദ മുതല്‍ പോപ്പ് വരെയുള്ളവരുടെ claims ഇന് യാതൊരു വ്യത്യാസവും നല്‍കേണ്ടതില്ലല്ലോ ?

    ReplyDelete
  11. നിരീശ്വരവാദത്തെ സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് മാത്രം ആരെങ്കിലും അപകടകാരികളാവുന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. അപേക്ഷികമായ ചില ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനത്തിൽ നിരീശ്വരവാദത്തെ അടിച്ചേൽപ്പിക്കാനോ, ഈശ്വരാസ്ഥിത്വത്തെ തള്ളിപ്പറയാനോ പാടില്ല എന്നാണ് ഞാൻ അർത്ഥമാക്കിയത്. അങ്ങനെ ചെയ്യുന്നവരാണ് അപകടകാരികൾ. അത്തരക്കാർ ശാസ്ത്രജ്ഞർക്കിടയിലുണ്ടോ എന്ന് എനിക്കറിയില്ല, എന്നാൽ ശാസ്ത്ര വിഷയങ്ങളിൽ പ്രാഗത്ഭ്യം ഉണ്ടെന്നതിന്റെ പേരിൽ ഈശ്വരാസ്ഥിത്വത്തെ അന്ധമായി നിഷേധിക്കുന്ന ചില വ്യക്തികളെ എനിക്കറിയാം.

    ഈശ്വരാസ്ഥിത്വം "യാതൊരു തരത്തിലും പരീക്ഷിച്ചോ നിരീക്ഷിച്ചോ തെളിയിക്കാൻ പറ്റില്ലെന്ന" താങ്ങളുടെ അവസാന അഭിപ്രായം ശരിയല്ല. ഈശ്വരാസ്ഥിത്വത്തെ ബുദ്ധിയിലൂടെ തെളിയിക്കാൻ സാധിക്കുമെന്നാണ് ഞാൻ ഈ ലേഖനത്തിലൂടെ സമർദ്ദിക്കാൻ ശ്രമിച്ചത്. അതിനുള്ള തെളിവുകൾ തോമസ് അക്വീനാസിന്റെ പഠനങ്ങളിൽ നിന്ന് ഉദ്ധരിച്ചിട്ടുമുണ്ട്.

    ReplyDelete
  12. ചുമ്മാ!! Time and Space ഇല്ലാതെ നമുക്ക് സംസാരിക്കാൻ കഴിയുമോ??

    ReplyDelete
  13. നന്ദന,

    Time and space എന്നിവ കൂടാതെ ശരാശി മനുഷ്യന് ചിന്തിക്കാനോ സംസാരിക്കാനോ സാധ്യമല്ല. കാലത്തിന് (tense) അധിഷ്ഠിതമാണ് ഭാഷയൂം ചിന്തയും. എന്നാൽ ഇതിന്റെ അർത്ഥം കാലത്തിന്റെയും സമയത്തിന്റെയും അതിർവരമ്പുകളെ ഭേദിക്കാൻ കഴിയില്ല എന്നല്ല. പ്രകാശവേഗതയിൽ സഞ്ചരിക്കുമ്പോൾ, ഒരു വസ്തു കാല-സമയ ബന്ധനങ്ങളെ മറികടക്കുന്നതായി ശാസ്ത്രം തന്നെ സമ്മതിക്കുന്നു. അതുപോലെ തന്നെ, ധ്യാനത്തിന്റെ അമൂർത്തമായ നിമിഷങ്ങളിലും ഇത് സംഭവിക്കുന്നതായി ചില പണ്ഡിതന്മാരും സാക്ഷിക്കുന്നു. ഉദാഹരണമായി, രണ്ട് സ്ഥലങ്ങളിൽ ഒരേ സമയം പ്രത്യക്ഷപ്പെട്ട വിശുദ്ധന്മാരെയും ദൈവീക മനുഷ്യരെയും കൂറിച്ച് ഒരുപക്ഷേ കേട്ടിട്ടുണ്ടാവും. അവർ ഭൗതീക ബന്ധനങ്ങളെ മറികടന്നവരാണ്. അതിന്റെയൊക്കെ അർത്ഥം സ്ഥലത്തെയും കാലത്തെയും മറികടക്കാൻ കഴിയുമെന്നാണ്.

    ReplyDelete
  14. [Baiju to Nandana]: പ്രകാശവേഗതയിൽ സഞ്ചരിക്കുമ്പോൾ, ഒരു വസ്തു കാല-സമയ ബന്ധനങ്ങളെ മറികടക്കുന്നതായി ശാസ്ത്രം തന്നെ സമ്മതിക്കുന്നു. അതുപോലെ തന്നെ, ധ്യാനത്തിന്റെ അമൂർത്തമായ നിമിഷങ്ങളിലും ഇത് സംഭവിക്കുന്നതായി ചില പണ്ഡിതന്മാരും സാക്ഷിക്കുന്നു. ഉദാഹരണമായി, രണ്ട് സ്ഥലങ്ങളിൽ ഒരേ സമയം പ്രത്യക്ഷപ്പെട്ട വിശുദ്ധന്മാരെയും ദൈവീക മനുഷ്യരെയും കൂറിച്ച് ഒരുപക്ഷേ കേട്ടിട്ടുണ്ടാവും. അവർ ഭൗതീക ബന്ധനങ്ങളെ മറികടന്നവരാണ്. അതിന്റെയൊക്കെ അർത്ഥം സ്ഥലത്തെയും കാലത്തെയും മറികടക്കാൻ കഴിയുമെന്നാണ്.

    Non-zero rest mass ഉള്ള (അത് എത്രെ തന്നെ ചെറുതായാലും ഉദാ: electron) ഒരു പദാര്‍ത്ഥത്തിനും പ്രകാശവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ല. പ്രകാശ വേഗത്തിനടുത്തു സഞ്ചരിക്കുമ്പോള്‍ കാലത്തിന്റെയും സമയത്തിന്റെയും അളവുകള്‍ സഞ്ചരിക്കുന്ന വേഗത അനുസരിച്ച് പലരും പല രീതിയില്‍ അളന്നെടുക്കും. എന്നാല്‍ അവയ്കൊക്കെ ഒരേ space-time interval ആയിരിക്കും. അപ്പോള്‍ കാല-സമയ ബന്ധനങ്ങള്‍ മറികടക്കുകയല്ല മറിച്ചു കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുകയാണ് ചെയുന്നത്.

    ധ്യാനത്തില്‍ ഇതൊക്കെയാണ് നടക്കുന്നതെന്നു യാതൊരു തെളിവുമില്ല. മാത്രവുമല്ല temporal lobes ഇല്‍ ഉത്തേജനം കൊടുത്താല്‍ ഈ വിധത്തിലുള്ള religious experiences ചിലപ്പോള്‍ ഉണ്ടാകാം എന്ന ചില cognitive neuroscience studies ഉണ്ട്. കൂടാതെ temporal lobe epilepsy ബാധിച്ചവര്‍ക്ക് ഇത് കൂടുതലായി അനുഭവപെടുമെന്നും.

    മനുഷ്യന്‍റെ cognition and perception സിസ്റ്റം പെര്‍ഫെക്റ്റ്‌ അല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ വളരെ എളുപ്പത്തില്‍ പറ്റിക്കപെടാം. ഇത്തരം കഴിവുള്ള യോഗികള്‍ ആരും ഒരു കണ്ട്രോള്‍ട് പരീക്ഷണത്തിന്‌ തയാറാവില്ല. $1 million dollar വരെ ജെയിംസ്‌ റാണ്ടി ഓഫര്‍ ചെയ്തതാണ്.

    ReplyDelete
  15. Jack Rabbit,

    വസ്തുതകളോട് താങ്കൾ കാണിക്കുന്ന സൂഷ്മതയെ ഞാൻ അഭിനന്ദിക്കുന്നു.

    പ്രകാശവേഗതയിൽ സഞ്ചരിക്കുമ്പോൾ, ഒരു വസ്തു കാല-സമയ ബന്ധനങ്ങളെ മറികടക്കുമെന്നാണ് Stephen Hawking-ന്റെ ഡിസ്ക്കവറി ചാനലിൽ പരിപാടികളിലൂടെ ഞാൻ മനസിലാക്കി വച്ചിരുന്നത്. അതിന് വിരുദ്ധമായി, കാല-സമയ ബന്ധനങ്ങളെ മറികടക്കുന്നില്ലെന്നും, മറിച്ച് കൂടുതല്‍ അവയുമായി ബന്ധപ്പെടുന്നുവെന്നും താങ്കൾ പറയുന്നു. അതൊന്ന് നന്നായി വിശദീകരിച്ചിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു.

    കള്ള സ്വാമിമാരുടെ അതിപ്രസരം മൂലം ജനത്തിന് ധ്യാനത്തിലും മതത്തിലുമുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്നത് സത്യം തന്നെ. അതുപോലെ, താങ്കൾ പറഞ്ഞതുപോലെ, അപസ്മാരം, വൈദ്യുതാഘാതം, ശ്വാസംമുട്ടൽ എന്നിവ പോലുള്ള ജീവന്മരണ പോരാട്ടങ്ങൾക്കിടയിൽ religious experiences എന്ന് വിശേഷിപ്പിക്കാവുന്ന ചില അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ, എന്റെ അഭിപ്രായം ഇതാണ്: ധ്യാനത്തിന്റെ ആധികാരികത തെളിയിക്കാൻ കഴിഞ്ഞിട്ടിലെങ്കിലും, അത് അമ്പേ കാപട്യമാണെന്ന് തള്ളിക്കളയാൻ സാധിക്കില്ല. കാരണം, ധ്യാനത്തിലൂടെ ആത്മീയാനുഭവം സമ്പാദിച്ച സത്യാന്വേഷികൾ നമ്മുടെ സമൂഹത്തിൽ ജീവിച്ചിരുന്നിട്ടുണ്ട്, ജീവിക്കുന്നുമുണ്ട്! ചട്ടമ്പിസ്വാമികൾ, ശ്രീരാമകൃഷ്ണ പരമഹംസൻ, സ്വാമി വിവേകാനന്ദൻ, ഷിർദ്ദി സായി ബാബ തുടങ്ങിയവരുടെ ആത്മീയാനുഭവങ്ങളുടെ ആധികാരികതയെ കുറിച്ച് ആർക്കും തർക്കമില്ലെന്ന് കരുതുന്നു. അങ്ങനെയെങ്കിൽ, ആത്മീയാനുഭവം നാം കരുതുന്നതുപോലെ മിഥ്വയല്ലെന്നും, സ്ഥിരോത്സാഹിയായ ഏതൊരു സത്യാന്വേഷിക്കും അത് പ്രാപ്യവുമാണെന്നല്ലേ അർത്ഥം? ശ്രേഷ്ഠമായ ആത്മീയ പൈതൃകങ്ങളെ തുരങ്കം വയ്ക്കുന്ന കള്ള നാണയങ്ങൾ എന്നുമുണ്ടായിട്ടുണ്ട്. അവരെ കണ്ടുകൊണ്ട് മാത്രം, എല്ലാറ്റിനെയും നിഷേധിക്കുന്നത് ആരോഗ്യകരമല്ലെന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  16. [ബൈജൂസ്‌]: Special theory of relativity ഇല്‍ രണ്ടു invariants ആണ് ഉള്ളത്

    1) Speed of light

    2) Space-time interval

    These are same for all inertial observers regardless of the speed and direction they are traveling.

    താങ്കള്‍ പറഞ്ഞ ആ ഇന്റര്‍വ്യൂ ഞാന്‍ കണ്ടിട്ടില്ല. ഹോക്കിങ്ങിന്റെ ഒരു ലേഖനം ഇവിടെ കാണാം

    This meant that time and space, were inextricably bound up with each other.

    എല്ലാ യോഗികളും മനപൂര്‍വ്വം തട്ടിപ്പ് നടത്തുകയാണ് എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. Religious experience ഇന് ഒരു natural explanation ഉണ്ടാകാം. അതിനുള്ള സൂചനകളാണ് neuroscience, evolutionary anthropology യിലെ പഠനങ്ങള്‍ തരുന്നത്.

    ഉദാ: Brain imaging by Andrew Newberg

    ReplyDelete
  17. നിരീശ്വരവാദത്തെക്കാള്‍ എനിക്കിഷ്ടം യുക്തിവാദം ആണ്. യുക്തിയില്ലാത്ത നിരീശ്വരവാദം വെറും അന്ധവിശ്വാസം അല്ലെ?

    ReplyDelete
  18. ലേഖനം വളരെ നന്നായിട്ടുണ്ട്.
    പക്ഷെ അക്വീനാസ് പറഞ്ഞത് ശാസ്ത്രവും ദൈവവുമായിട്ടുള്ള തികച്ചും സരളമായ ഒരു വാദമായിട്ടേ തോന്നുന്നുള്ളൂ.ഇതു ഈശ്വര വിശ്വാസമുള്ളവര്‍ ക്ക് അതിനൊരു ശാസ്ത്രീയ അടിത്തറ നല്കുന്നതിനു മാത്രം ഉപകരിക്കുന്നുള്ളൂ.

    ReplyDelete