Monday, May 23, 2011

എന്റെ ബാല്യകാല സഖി

അദ്യാനുരാഗത്തെ കുറിച്ചുള്ള വ്യക്തമായ ഓർമ്മകൾ എനിക്കില്ല. എങ്കിലും, എന്റെ ഊഹം ശരിയാണെങ്കിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ എന്റെ ഹൃദയപൂങ്കാവനത്തിൽ ആദ്യമായി അനുരാഗം തളിരിട്ടത്‌. അവളുടെ പേര്‌ ദിവ്യ എന്നായിരുന്നു. നീണ്ട മൂക്കും, ചുവന്നുതുടുത്ത ചുണ്ടുകളും, സൂര്യകാന്തി പോലെ വിടർന്ന കണ്ണുകളുമുള്ള ഒരു നാടൻ പെൺകുട്ടി. മുട്ടോളം വരുന്ന പാവാടയും കയ്യിലൊരു സഞ്ചിയും നെറ്റിയിൽ വലിയ പൊട്ടുമായി ക്ലാസിൽ കയറിവരാറുള്ള അവൾ, പ്രൈമറി സ്കൂളിന്റെ പടിയിറങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ബാല്യകാല സ്മരണകളെ തട്ടിയുണർത്തി ഇടക്കിടെ എന്നെ തേടിയെത്താറുണ്ട്‌. ഇന്നും അതാണ്‌ സംഭവിച്ചത്‌!

രണ്ടാം ക്ലാസിൽ പുതുതായെത്തിയ കുട്ടിയായിരുന്നു അവൾ. അദ്ധ്യയന വർഷം ആരംഭിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞ ശേഷം പുതുതായി സ്കൂളിൽ ചേർന്ന ആ സുന്ദരി വളരെ പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. പേരും വീടും വിലാസവും ചോദിക്കുന്നതിന്റെ കൂട്ടത്തിൽ, നഷ്ടമായ പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കാമെന്ന ഉറപ്പുനൽകി അവളുടെ സൌഹൃദം സമ്പാദിക്കാൻ സഹപാഠികളായ ആണും പെണ്ണും മത്സരിച്ചു. ഇതിനൊന്നും വകുപ്പില്ലാതിരുന്ന അയൽ ക്ലാസിലെ വാനര സംഘങ്ങൾ മൂത്രമൊഴിക്കേണ്ട സമയത്തും ഭക്ഷണ സമയത്തും ക്ലാസുകളെ വേർതിരിക്കുന്ന തട്ടിയിൽ തുളയുണ്ടാക്കി ഒളിഞ്ഞുനോക്കുകയും, പന്തും ചോക്കും വടിയും എടുക്കാനെന്ന വ്യാജേന എന്റെ ക്ലാസിൽ നിരന്തരം കയറിയിറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ജന്മനാൽ കിട്ടിയ കുശുമ്പ്‌ കൊണ്ടാവണം, അനാവശ്യമായി അവൾക്ക് ലഭിച്ചുകൊണ്ടിരുന്ന ജനശ്രദ്ധ കാരണം ആദ്യനാളുകളിൽ ഞാനവളെ നോക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല.

ഇംഗ്ളീഷ്‌ പഠിപ്പിച്ചിരുന്ന ഭദ്ര ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ്‌ ടീച്ചർ. ഹാജർ എടുത്തുയുടൻ, കഴിഞ്ഞ ദിവസം എടുത്ത പാഠത്തിൽ നിന്ന്‌ കേട്ടെഴുത്ത്‌ നടത്തുക ടീച്ചറിന്റെ പതിവാണ്‌. ഏറ്റവും കുറച്ച്‌ മാർക്ക്‌ കിട്ടുന്ന കുട്ടികളെ ബഞ്ചിൽ കയറ്റി നിർത്തി തുടയിൽ നുള്ളുക അവരുടെ നിത്യവിനോദമായിരുന്നു. ആദ്യ രണ്ട്‌ മാസങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്ന ഞാൻ, ദിവ്യ എത്തിയതോടെ കേട്ടെഴുത്തിൽ രണ്ടാം സ്ഥാനത്തേക്ക്‌ നിഷ്കരുണം പിന്തള്ളപ്പെട്ടു. ഹോം വർക്ക്‌ ചെയ്യുന്നതിലും, കാണാപാഠം പഠിക്കുന്നതിലും അവൾ എന്നേക്കാൾ കേമിയായിരുന്നു. ക്ലാസിൽ പ്രധമസ്ഥാനം നഷ്ടപ്പെട്ടതിന്റെ അപമാനഭാരവും പകയും ദിവ്യയെ കൂടുതൽ വെറുക്കാൻ വഴിതെളിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! ചില നാളുകൾ അങ്ങനെ കടന്നുപോയി.

പത്ത്‌ ദിവസത്തെ ഓണാവധിക്കാലത്താണ്‌ കഥയിൽ സുപ്രധാന വഴിത്തിരിവ് ഉണ്ടാകുന്നത്. ഓണക്കാലമായിരുന്നതിനാൽ, സ്വന്തം വീട്ടിലെ അത്തപ്പൂക്കളം ഗംഭീരമാക്കാൻ അയലത്തെ പിള്ളേരുമായി പൊരിഞ്ഞ മത്സരം. സൂര്യനുദിക്കുന്നതിന്‌ മുമ്പേ ഉറക്കമുണർന്ന്‌, ചേച്ചിയേയും അനിയനെയും കൂട്ടി വീടുകളിൽ പൂ മോഷ്ടിക്കാൻ പോവുകയാണ്‌ ആദ്യ കലാപരിപാടി. നീണ്ട കമ്പിന്റെ അറ്റത്ത്‌ ബ്ലേഡ്‌ ഘടിപ്പിച്ച്‌, മതിലിലും മരക്കൊമ്പിലും കയറിയിരുന്നാണ്‌ പൂപറിക്കൽ. ഞെട്ടറ്റ്‌ വീഴുന്ന പൂക്കളെ ശബ്ദമുണ്ടാക്കാതെ ശേഖരിക്കുകയാണ്‌ അനിയന്റെയും ചേച്ചിയുടെയും ജോലി. പൂക്കളുടെ അവകാശം പറഞ്ഞ്‌ ഞാനും അയലത്തെ ചെക്കന്മാരും തമ്മിൽ പല തവണ സംഘർഷമുണ്ടായിട്ടുണ്ട്‌, ആ കൊച്ചുവെളുപ്പാംകാലങ്ങളിൽ. നാട്ടിലെ മുതിർന്ന ചേട്ടന്മാർ തിരുവോണത്തിന്‌ സംഘടിപ്പിക്കാറുള്ള അത്തപ്പൂക്കള മത്സരത്തോടെയാണ്‌ ഞങ്ങൾ കുട്ടികൾ തമ്മിലുടെ സംഘർഷം അതിന്റെ പൂർണ്ണതയിൽ എത്തിയിരുന്നത്‌. ആവശ്യത്തിലും അധികം പൂക്കൽ ശേഖരിക്കാൻ കഴിഞ്ഞാൽ മാത്രമേ അത്തപ്പൂക്കള മത്സരത്തിൽ ജയിക്കാനാവൂ. ഇതറിയാവുന്ന കുട്ടികൾ മത്സരത്തിന്റെ തലേന്ന്‌ തന്നെ പൂക്കൾ കുമിച്ചുകൂട്ടാൻ തുടങ്ങും. ഏതാനും ദിവസങ്ങളായി നടന്ന കനത്ത പൂഷ്പവേട്ട മൂലം ചുറ്റുവട്ടത്തെ ചെടികളിൽ മൊട്ടുകൾ പോലും അവശേഷിച്ചിട്ടുണ്ടാവില്ല. ആകെയുള്ള പോംവഴി മൈലുകൾ സഞ്ചരിച്ച് മറ്റ് ടെറിട്ടറികൾ ആക്രമിക്കുക എന്നതാണ്. അങ്ങനെ, പൂക്കൾ തേടിയുള്ള നീണ്ട നടപ്പിനിടയിലാണ് ഞാൻ ദിവ്യയുടെ വീട്ടുനടയിൽ എത്തിപ്പെടുന്നത്‌, തികച്ചും അപ്രതീക്ഷിതമായി. ചെളി പതച്ചുണ്ടാക്കിയ മതിലുകൾക്കുള്ളിൽ പുരാതനമായ ഒരു തറവാട്. അതായിരുന്നു ദിവ്യയുടെ വീട്.

കുണ്ടി കീറിയ നിക്കർ, കൈയ്യിൽ ബ്ലേഡ് തിരുകിയ വടി, തോളിൽ സഞ്ചി. ഇതാ‍യിരുന്നു എന്റെ വേഷം. ഒപ്പം അനിയനും ഉണ്ട്. സമയം വൈകിട്ട്‌ ഏഴ്‌ മണി ആയിട്ടുണ്ടാവും. വീടിന്‌ മുന്നിലെ തുളസിത്തറയിൽ എണ്ണവിളക്ക്‌ കത്തുന്നുണ്ട്‌. വീടിന്‌ ചുറ്റും നിറയെ വലിയ ഫലവൃക്ഷങ്ങൾ. തൃസന്ധ്യയിലെ അരണ്ട വെളിച്ചത്തിൽ ഏതോ വനാന്തരത്തിൽ എത്തിപ്പെട്ടതാണെന്നേ തോന്നൂ. തന്നെയുമല്ല, രക്തദാഹികളായ വടയക്ഷികൾക്ക്‌ കുപ്രസിദ്ധിയാർജ്ജിച്ച ഒരു കാവും തെങ്ങിൻ തോട്ടവും ആ പരിസരത്തുണ്ടായിരുന്നതിനാൽ അന്തരീക്ഷം കൂടുതൽ വന്യമായിരുന്നു. തറവാടിന്റെ മതിലിനോട്‌ ചേർന്നുള്ള കാലിത്തൊഴുത്തിനടുത്ത്‌ കനകാമ്പരവും ചെങ്കകവും ചെമ്പരത്തിയും റോസയും ജമന്തിയും പൂത്ത് നിൽക്കുന്നത്‌ പുറത്തുനിന്നുതന്നെ കാണാം. യക്ഷിസങ്കൽപ്പങ്ങളുടെ അതിപ്രസരം മൂലം നാട്ടിലെ മറ്റ് പൂമോഷ്ടാക്കളാരും ഇവിടെ കടക്കാൻ ധൈര്യം കാണിക്കാത്തതിൽ എനിക്ക്‌ ആഹ്ലാദം തോന്നി. ആവശ്യത്തിലധികം പൂക്കൾ ഒറ്റയടിക്ക്‌ കിട്ടുമല്ലോ എന്ന സന്തോഷത്തിലും, ഒപ്പം ഭയത്തിലും, സകല ദൈവങ്ങളെയും വിളിച്ച്‌ ഞാനും അനിയനും പമ്മിപ്പമ്മി തറവാട്ടിന്റെ ഗേറ്റിനോട്‌ ചേർന്ന്‌ ഒളിച്ചുനിന്നു. വൈദ്യുതിയെത്താത്ത പ്രദേശമായിരുന്നതിനാൽ ഒരു മണ്ണെണ്ണ വിളക്ക്‌ മാത്രമേ ഉമ്മുറത്ത്‌ ഉണ്ടായിരുന്നുള്ളൂ.

തൊഴുത്തിനടുത്തുള്ള പൂന്തോട്ടം വരെ ആരും കാണാതെ ഒറ്റയോട്ടത്തിൽ എത്താൻ കഴിയില്ലെന്ന് മനസിലാക്കിയ ഞാൻ തൊട്ടടുത്തുള്ള വൈക്കോൽ പന്തൽ താൽക്കാലിക ഒളിത്താവളമാക്കാൻ തീരുമാനിച്ചു. തോട്ടി അനിയനെ ഏൽപ്പിച്ച്‌, സഞ്ചിയുമായി ഞാൻ ഗേറ്റിനുള്ളിലേക്ക്‌ പ്രവേശിച്ചു, പിന്നെ ചെടികൾക്കിടയിലൂടെ മുട്ടുകുത്തി മുന്നോട്ട് നീങ്ങി. ദുരുദ്ദ്യേശത്തോടെ വളപ്പിൽ പ്രവേശിച്ച എന്നെ കാട്ടിക്കൊടുക്കാൻ തവളകളും ചീവീടുകളും ആവത് ശ്രമിച്ചുകൊണ്ടിരുന്നു. മുമ്പെപ്പൊഴോ പെയ്ത മഴയിൽ കുതിർന്ന മണ്ണിൽ നിന്ന്‌ ഉന്മാദ ഗന്ധം എന്റെ നാസാരന്ത്രങ്ങളെ ലഹരിപിടിപ്പിച്ചു. മണ്ണിലെ ജലാംശം ആസ്വദിച്ച്‌ വല്ല ഇഴജന്തുക്കളും മാർഗമധ്യേ കിടപ്പുണ്ടാവുമോ? വീട്ടിൽ പട്ടിയുണ്ടാവുമോ? ഭീതികൾ മനസിലെ അലട്ടി. ഏതായാലും, ഒരു വിധേന ഞാൻ വൈക്കോൽ പന്തലിന്റെ പിന്നിലെത്തി.

എന്താണ്‌ നടക്കുന്നതെന്നറിയാൽ അനിയൻ ഗേറ്റിന്റെ വിടവിലൂടെ നിരീക്ഷിക്കുന്നുണ്ട്‌. സ്വൽ‌പ്പനേരത്തെ ഇളവേളയ്ക്ക് ശേഷം വിടർന്ന് നിൽക്കുന്ന പൂക്കളെ ലക്ഷ്യമാക്കി ഞാൻ വീണ്ടും നീക്കമാരംഭിച്ചു. അപ്പോഴാണ്‌ ഉമ്മറത്ത് ആരോ വന്നതായി എനിക്ക് തോന്നിയത്. ചെടികൾക്കിടയിൽ പതുങ്ങി ഒളിഞ്ഞുനോക്കുമ്പോൾ, മണ്ണെണ്ണ വിളക്കിന്റെ കാന്തിയിൽ പ്രകാശിക്കുന്ന ഒരു പെണ്മുഖം. യാദൃശ്ചികമായി നേത്രപടലത്തിൽ വിരാചിതമായ ആ സൗന്ദര്യത്തെ കണ്ട്‌ ഞാൻ വാതുറന്നു. ഹൃദയമിടിപ്പിന്റെ താളം തെറ്റി. ഇലകൾക്കിടയിലൂടെ ചന്ദ്രനെ പോലെ പ്രകാശിക്കുന്ന ആ മുഖം ഞാൻ ശരിക്കും കണ്ടു..., ദിവ്യ! ശ്രീകോവിലിനുള്ളിൽ പ്രശോഭിക്കുന്ന കനകവിഗ്രഹം പോലെ, പൗർണ്ണമി നിലാവ് പോലെ! തിണ്ണയിൽ കത്തിയ വിളിക്കിന്റെ നാമ്പിൽ നിന്ന്‌ മറ്റൊരു വിളക്ക്‌ കത്തിച്ച് അവൾ അകത്തേയ്ക്ക്‌ പോയി.

ഓണക്കാലം കഴിഞ്ഞ്‌ സ്കൂളിലെത്തുമ്പോൾ ഹൃദയം മുഴുവൻ അവളായിരുന്നു. പതിവ്‌ പോലെ ഗൗരവം ഭാവിച്ച്‌ ഞാൻ ഇരിക്കാൻ ശ്രമിച്ചു. എങ്കിലും, അനുസരണയില്ലാത്ത കൃഷ്ണമണികൾ അവളുടെ നേരെ ഇടക്കിടെ പാഞ്ഞുകൊണ്ടേയിരുന്നു. അവളുടെ വെളുത്ത കാലുകളിലെ വെള്ളിപ്പാദസരങ്ങളും, കുപ്പിവളകളും, കമ്മലും എന്റെ ധ്യാനവിഷയമായി. കാതുകൂർപ്പിച്ചുള്ള അവളുടെ ഇരുപ്പും ഏകാഗ്രതയും, ഉത്തരം പറയാനുള്ള ചൊടിയും എനിക്ക് ചുറ്റും കാന്തവലയങ്ങൾ സൃഷ്ടിച്ചു. അവളുടെ ഇമ്പമാർന്ന പദ്യപാരായണത്തിൽ ഞാൻ മയങ്ങി. അവളുടെ വിജയങ്ങളിൽ എന്റെ ആത്മാവ്‌ കോരിത്തരിച്ചു, പരാജയങ്ങളിൽ അലമുറയിട്ടു. അവളും ഞാനും ഒഴികെ ഈ അന്തരീക്ഷത്തിലുള്ളതെല്ലാം ഔട്ട് ഓഫ് ഫോക്കസായതുപോലെ!

ഉച്ചഭക്ഷണം കഴിഞ്ഞ്‌ കുട്ടികൾ കളിക്കാൻ പോകുമ്പോൾ അവളുടെ പുസ്തകസഞ്ചി പരിശോധിക്കാൻ എന്റെ മനസ് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ജ്യോമട്രി ബോക്സിൽ അവൾ ഭദ്രമായി സൂക്ഷിച്ച സ്വകാര്യ വസ്തുക്കളെ തൊട്ടുനോക്കാൻ മനസ്‌ വെമ്പി. അവളുടെ സാന്നിധ്യത്തിൽ ഞാൻ ലജ്ജാവിവശനായി. സ്കൂളില്ലാത്ത ദിവസങ്ങളിൽ എന്റെ ശരീരം അവളുടെ വീടിനെ വളഞ്ഞു, രക്തദാഹികളായ വടയക്ഷികൾ മുത്തശ്ശിക്കഥകൾ മാത്രമായി. ഗൃഹപാഠങ്ങൾ മാറ്റിവച്ച് ഞാനെന്റെ സന്ധ്യായാത്രകൾ തുടർന്നുകൊണ്ടിരുന്നു, പല പല കാരണങ്ങൾ പറഞ്ഞ്!

വീട്ടുമുറ്റത്തെ അമ്മയുടെ അരുമ റോസാച്ചെടിയിൽ നിന്ന്‌ ഞാൻ പല തവണ പൂമൊട്ടുകൾ അടർത്തിയെടുത്തിട്ടുണ്ട്‌, ആരുമറിയാതെ അവളുടെ മുടിയിൽ ചൂടിക്കാൻ! മയിൽപ്പീലിയും, ഞവരപ്പച്ചിലയും, പെൻസിലും, നാരങ്ങാമിഠായിയും ഞാൻ കയ്യിലൊതുക്കിയിട്ടുണ്ട്, അവൾക്ക്‌ നൽകാൻ! എങ്കിലും, അവയെല്ലാം ഞാനെന്റെ ഹൃദയത്തിൽ മാത്രം സൂക്ഷിച്ചു. ഇന്നും സൂക്ഷിക്കുന്നു..., എന്നെങ്കിലും കണ്ടുമുട്ടുമ്പോൾ അവൾക്ക് സമ്മാനിക്കാൻ!

13 comments:

  1. ഓർമ്മകൾക്കെന്തു സുഗന്ധം!

    ReplyDelete
  2. തികച്ചും ഗൃഹാതുരത്വമുണര്‍ ത്തുന്ന കുറിപ്പുകള്‍..... 

    ReplyDelete
  3. അപൂര്‍ണ്ണം..................

    ഓര്‍മ്മകള്‍ എത്ര മധുരതരമാണു..

    ReplyDelete
  4. ഈശ്വരാ.രണ്ടാം ക്ലാസ്സില്‍ ഇത്ര കടുത്ത പ്രണയമോ.ആള് മോശമല്ലല്ലോ..നല്ല എഴുത്ത് കേട്ടോ.."അവളും ഞാനും ഒഴികെ ഈ അന്തരീക്ഷത്തിലുള്ളതെല്ലാം ഔട്ട് ഓഫ് ഫോക്കസായതുപോലെ!" :) .എന്നെങ്കിലും കണ്ടു മുട്ടിയാല്‍ പറയണം കേട്ടോ...

    ReplyDelete
  5. കൊള്ളാം നല്ല എഴുത്ത്

    ReplyDelete
  6. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം..എന്‍ ആത്മാവിന്‍ നഷ്ട്ടസുഗന്ധം...
    :)

    ReplyDelete
  7. അയ്യോ.... നിര്‍ത്തല്ലേ, എന്നിട്ടെന്തുണ്ടായി, രണ്ടാം ക്ലാസ്‌ കഴിയുമ്പോള്‍, കഴിഞ്ഞ് പിന്നീട്.... ബാക്കി കൂടി പറയൂ. രണ്ടാം ഭാഗം ഉടന്‍ ഉണ്ടാവുമോ?

    ReplyDelete
  8. സോണി, ഇതിന് രണ്ടാം ഭാഗം ഇല്ല. ശ്രീക്കുട്ടാ, ഈ പ്രണയം പോലെ അപൂർണ്ണം കഥയും.

    ReplyDelete
  9. മനോഹരമായി എഴുതിയിരിക്കുന്നു, പക്ഷേ ഒരു സംശയം ബൈജൂസ്....രണ്ടാം ക്ലാസ്സിലെ ഒരു കുട്ടിക്ക് ഇത്ര കടുത്ത പ്രണയമോ...?കഥയില്‍ ചോദ്യമില്ലല്ലോ ല്ലേ...?

    ReplyDelete
  10. കഥയിൽ ചോദ്യമില്ലെന്ന് പറയുന്നതുപോലെ തന്നെ പ്രണയത്തിന് പ്രായവുമില്ല.

    ReplyDelete
  11. എന്റെ മനസിലും ഇതു പോലെയൊരു പ്രണയം മൂടിപുതച്ചു കിടന്നുറങ്ങുന്നു

    ReplyDelete
  12. സുന്ദരമായ പ്രണയത്തിനൊപ്പം ഞങ്ങളേപ്പോലുള്ള പുതുതലമുറയ്‌ക്ക്‍ നഷ്‌ടമാവുന്ന ബാലൃകാല അനുഭവങ്ങളും നല്‍കിയതിന്‌ ഒരുപാട്‌ നന്ദി................

    ReplyDelete