Sunday, May 22, 2011

മലകള്‍ക്ക് ഉയരം പോരാ!


ഉയര്‍ന്ന മല
“എങ്കില്‍ ഇതുമതി!”
മനസിൽ ഉറപ്പിച്ചു.
പിന്നെ ആലോചിച്ചില്ല,
കിതപ്പുകളോടെ വലിഞ്ഞുകയറി.

പാറകൾ... വൻ വിടവുകൾ
ചരലുകൾ... വൻ താഴ്ചകൾ
ദാഹം... തലയ്ക്ക് മീതെ സൂര്യൻ
വിയർപ്പ്... കുത്തിനോവിക്കുന്ന
കുറ്റിച്ചെടികൾ...
എല്ലാം അവഗണിച്ച്
കയറ്റം തുടരുകയാണ്.

കല്ലുകള്‍ക്കൊട്ടും ഗ്രിപ്പില്ല
ഹവായ് ഇട്ടത് ഭാഗ്യം!
മനസിൽ കരുതി.
എങ്കിലും,
കാലുകൾ വിറച്ചു
ധമനികള്‍ വീർത്തു
കണ്ണുകൾ തൂങ്ങി
തല പമ്പരം ചുറ്റി
യാതനകളെല്ലാം സഹിച്ച്
കയറ്റം തുടരുകയാണ്.

എവിടെയെങ്കിലും
ഒന്നിരുന്നാലോ?
ശരീരം ചോദിച്ചു.
മുകളിൽ ചെന്നിട്ട് മതീന്ന്
മനസ്. കെഴങ്ങൻ!
ഇവനൊന്നുമറിയണ്ട!
ശരീരം പിറുപുറുത്തു.
അങ്ങനെ, സകലവും താങ്ങി
ഒരു വിധേന മുകളിലെത്തി.

മലയുടെ ഉന്നത ശിഖിരം
കാല് വഴുതിയാല്‍ തീര്‍ന്നു.
ഒരു നിമിഷം നിശബ്ദം,
ഉള്ളിലിരുന്ന് മനസ് ചോദിച്ചു
“ഹല്ലാ.. ഞാനെന്തിനീ മല കയറി?”

മരിക്കാന്‍!
ഓ! അക്കാര്യം ഞാന്‍ മറന്നു.

എല്ലാം മടുത്തു!
ദിവസമെല്ലാം ഒരു പോലെ,
ചെയ്തവ ചെയ്തും, കേട്ടവ കേട്ടും
ഒന്നിനും പുതുമകളില്ല!
എന്നും ഒരേ മുഖങ്ങള്‍
ഒരേ ഭാര്യ, ഒരേ സെക്സ്,
ഒരേ വീട്, ഒരേ ഓഫീസ്!
ഒന്നിനും “ഒരു ഇതില്ല”,
ഐ മീൻ ത്രില്ലില്ല.
തൊട്ടറിയാനിനി മരണം മാത്രം!
അതുകൂടി പരീക്ഷിച്ചു കളയാം

എങ്കിലുമൊരു ചെറുഭയം!
വീണുചിതറും, എല്ലുകള്‍ തകരും
പിടിവിട്ടാല്‍ വിട്ടതുതന്നെ.

“എങ്കിലുമിനി പുറകോട്ടില്ല“
ശ്വാസമടക്കി, കണ്ണുകളിറുക്കി…
ഛേയ്! മുന്നില്‍ ബ്ലൂ ഫിലിം റോളുകള്‍!
“കണ്ണടക്കാനും സമ്മതിക്കില്ല!”
അല്ലെങ്കില്‍ വേണ്ട, കണ്ണടക്കണ്ട,
എല്ലാം കണ്ടുതന്നെ മരിക്കാം.

ട്രയലുകൾ നോക്കാനാവില്ല
ആവുമായിരുന്നെങ്കിൽ
നാലഞ്ച് തവണ
ചാടിച്ചത്തുനോക്കാമായിരുന്നു.
ഇനി വേറെ വഴിയില്ല
ഈശ്വരനെ ധ്യാനിച്ച് ശക്തി കടം വാങ്ങി
അമ്മയോട് യാത്രാമൊഴി ചൊല്ലി
ഭാര്യയ്ക്ക് ഭാവുകങ്ങൾ നേർന്നു.
പിന്നെ ഒന്നും ആലോചിച്ചില്ല.
ശ്വാസമടക്കി വായുവില്‍ കുതിച്ചു,
കൊക്കയിലേക്ക് സ്വയം വലിച്ചെറിഞ്ഞു

ഭാരമില്ലാതെ പറക്കുന്നു,
ആഴങ്ങളിലേക്ക് ഗമിക്കുന്നു
പാറകള്‍ മുന്നില്‍ തെളിയുന്നു
ദൂരമിങ്ങനെ കുറയുന്നു
അങ്ങനെ, എന്നുടല്‍ ഛിന്നിച്ചിതറുന്നു!

ശൂന്യത,
നിശബ്ദത!
“ചത്തിട്ടില്ല”
ഉള്ളില്‍ ആരോ പറഞ്ഞു.
ശ്വാസമുണ്ട്, വേദനയുമില്ല.
അതെന്താ അങ്ങനെ?
മലയ്ക്ക് ഉയരം പോരായിരുന്നോ?
പുല്ലിന്‍ മീതെ വീണതാണോ?
ആരെങ്കിലും വല വച്ചതാണോ?
ഹേയ്!
എങ്കിലും സംശയം!
കണ്ണുകൾ പതിയെ തുറന്നു.

തലയ്ക്ക് മീതെ ഉഷാ ഫാന്‍!
ചുവരില്‍ ട്യൂബ് ലൈറ്റ്!
അരികില്‍ പല്ലി,
അതിന് താഴെ കട്ടില്‍!
കട്ടിലിന് താഴെ ഞാൻ!
തൊട്ടടുത്ത് രണ്ടുണ്ട കണ്ണുകള്‍
അവയിൽ ഭാര്യയുടെ പുശ്ചം!

9 comments:

  1. കഷ്ടാണേയ്, ഇത്ര സ്ട്രെയിന്‍ എടുത്തു മല കയറീട്ട് ഒന്ന് മരിക്കാന്‍ കൂടി ഈ സ്വപ്‌നങ്ങള്‍ സമ്മതിക്കില്യാന്ന്വച്ചാല്...
    എന്തായാലും സ്വപ്നത്തിന് എങ്കിലും ഒരു ദിവസത്തേയ്ക്ക് ഒരു ചേഞ്ച് ഉണ്ടായല്ലോ...

    ReplyDelete
  2. ഈ കരിമലകയറ്റം കഠിനം..
    ഇറക്കമാണ് എളുപ്പം (ഉറക്കവും)
    കവിത നന്നായി.

    ReplyDelete
  3. കവിത വളരെ നന്നായി

    ReplyDelete
  4. ഹ..ഹ..അടിപൊളി കവിത....ശരിക്കും ഇഷ്ടായി...ശരിക്കും..ആസ്വദിച്ച് വായിച്ചു..ഇന്യും എഴുതുക..

    ReplyDelete
  5. കവിത നന്നായി

    ReplyDelete
  6. കവിതയെഴുത്തില്‍ വേറിട്ടു നില്‍ക്കുന്ന ഘടനയും ശൈലിയും.എഴുത്ത് തുടരുക.

    ReplyDelete
  7. തൊട്ടടുത്ത് രണ്ടുണ്ട കണ്ണുകള്‍
    അവയിൽ ഭാര്യയുടെ പുശ്ചം!...

    മരണത്തിനു പോലും ഇതിയാനേ വേണ്ടല്ലോ എന്നായിരിക്കുമോ ആ പുച്ഛം..?:)
    കവിത നന്നായി..

    ReplyDelete
  8. പാവം ഭാര്യയുടെ കണ്ണില്‍ പുച്ഛം...കവിത നന്നായി.വേറിട്ട ചിന്തകള്‍

    ReplyDelete