Thursday, May 19, 2011

പട്ടണപ്രതിമകൾ കണ്ണുതുറന്നു

ഗാന്ധി എഴുന്നേറ്റു
ശവകുടീരത്തിൽ നിന്നെഴുന്നേറ്റു
വടിയെടുത്തു, മെതിയടിയെടുത്തു
വേഗം നടന്നു വീട്ടിലെത്താൻ!

പുലർന്നിട്ടില്ല, നേരമായിട്ടില്ല
ഏറെ നടക്കണം വീട്ടിലെത്താൻ
എത്തിയാൽ കാണാം ഏവരെയും
ചെറുമക്കളെ, അവരുടെ മക്കളെയും

നടന്നുനടന്നൊരു തെരുവിലെത്തി
ദാ നിൽക്കുന്നു ഗോഖലെ പ്രതിമയായി
"കൂടൊന്നു വാടോ വീട്ടിലേക്ക്‌"
ഗാന്ധി വിളിച്ചു മേലെ നോക്കി

എന്നാൽ വരാം ഞാൻ, ഒരു കാര്യം കൂടി
അങ്ങേ തെരുവിൽ നെഹ്രുവുണ്ട്‌
പുള്ളിയെ കൂടെ കൂട്ടിയേക്കാം
സ്വകാര്യം പറയാൻ ആളുമായി!

വിളിക്കേണ്ട താമസം നെഹ്രു ഒപ്പം കൂടി!
പോകും വഴി കിട്ടി മറ്റ്‌ നാല്‌ പേരെ,
വടിയൂന്നി ഗാന്ധി മുൻപേ നടന്നു
കുശലം പറഞ്ഞ്‌ ബാക്കിയുള്ളോർ

രാത്രി നടപ്പത്ര നല്ലതല്ല
നേരം വെളുത്തിട്ട്‌ പോയാൽ പോരേ?
അത്‌ മതിയെന്ന്‌ ഭൂരിപക്ഷം
എന്നാലതെന്ന്‌ ഗാന്ധിജിയും

ഈ രാത്രി ഇനി എവിടെ തങ്ങും?
ഗസ്റ്റ്‌ ഹൗസുണ്ടല്ലോ പട്ടണത്തിൽ
അന്നത്‌ പണിതത്‌ നല്ലതായി
ഇടക്കിടെ ഇറങ്ങുമ്പോൾ തങ്ങാമല്ലോ!

നേരം വെളുത്തു എത്തിയപ്പോൾ
വല്ലാത്ത തിരക്ക്‌ പട്ടണത്തിൽ
അതാ നിൽക്കുന്നു സരോജിനി
വല്ലാതെ കറുത്തല്ലോ വെയിലുകൊണ്ട്‌!

താഴെയിറങ്ങാൻ വയ്യെന്നായി
കയ്യൊന്നുതായോ ചേട്ടന്മാരെ!
കാലുമരവിച്ചു നിന്ന്‌ നിന്ന്‌
തൈലമിടാലോ ചെന്നുപെട്ടാൽ

ദില്ലിയിൽ ചൂടൽപ്പം ജാസ്തിയാണ്‌
മുഴുവൻ സഹിക്കണം ദിവസമെല്ലാം
നാറ്റം അതിലും കഷ്ടമാണ്‌
പട്ടണപ്രതിമകൾ പിറുപുറുത്തു

കാക്കകൾ, പറവകൾ പരിശകളെ
ചുട്ടുകരിക്കണം ഇപ്പോൾ തന്നെ
തലയിലും തോളിലും ഇച്ചിയിടാൻ
നാണമില്ലാത്ത തോന്ന്യാസികൾ

സംഘടന വേണം പ്രതിമകൾക്ക്‌!
അലവൻസും പേമന്റും കൂട്ടിടേണം
വാർദ്ധക്യ പെൻഷൻ ഒപ്പം വേണം
കൈയ്യടിച്ചെല്ലാരും പിന്തുണച്ചു

പോംവഴി ശീക്രം കണ്ടെത്തിടാം
ഗാന്ധിയവർക്ക്‌ ഉറപ്പുനൽകി
ടാഗോറിൻ തലയിലെ കാക്കക്കാഷ്ടം
തട്ടിക്കളഞ്ഞു സരോജിനിയും

സ്ഥലമെത്തിയല്ലോ കൂട്ടുകാരെ
തെല്ലൊരു വിശ്രമം ആവാമല്ലോ
"ആരുമില്ലേ ഈ കെട്ടിടത്തിൽ?"
വിളികേട്ട്‌ ആരോ ഇറങ്ങിവന്നു

ആൾക്കൂട്ടം കണ്ടയാൾ പകച്ചുപോയി
തല്ലിക്കൊല്ലല്ലേ സാറന്മാരേ
മുഖ്യനകത്തുണ്ട്‌ കയറിക്കോളൂ
ആവേണ്ടതെല്ലാം നേരെ ആയിക്കോളൂ!

ഞങ്ങൾ തല്ലാൻ വന്നതല്ല
ഗാന്ധി, നെഹ്രു കൂട്ടരാണേ!
ഭഗത്‌ സിങ്ങും ടാഗോറും സരോജിനിയും
എല്ലാരുമുണ്ട്‌ ഇക്കൂട്ടത്തിൽ

വന്നയാൾ വന്നപോൽ തിരിച്ചുപോയി
സ്വൽപ്പം കഴിഞ്ഞപ്പോൾ മന്ത്രിയെത്തി
നാലഞ്ച്‌ തടിയന്മാർ വടിയുമായി
മന്ത്രിക്ക്‌ പിറകിൽ ഒപ്പമുണ്ട്‌

അൽപ്പം കഴിഞ്ഞപ്പോൾ പോലീസുമെത്തി
പ്രതിമകളെല്ലാം വിരണ്ടുപോയി
എല്ലാവരെയും തൂക്കി ജീപ്പിലിട്ട്‌
പോലീസ്‌ പോയി തുറങ്കിലാക്കാൻ

പത്രങ്ങളെഴുതി ആദ്യപേജിൽ
"മന്ത്രിയെ കൊല്ലാൻ ആളുവന്നു,
നേതാവിൻ പേർ ഗാന്ധിയെന്ന്‌
പോലീസവരെ അറസ്റ്റ്‌ ചെയ്തു."

വാർത്തകൾ നീണ്ടു രണ്ടാഴ്ചക്കാലം
'ഭീകരസംഘം വലയിലെന്ന്‌'
കാർബോംബും കൈബോംബും കലാപങ്ങളും
ഉണ്ടാക്കിയതെല്ലാം ഇക്കൂട്ടർ തന്നെ.

കേസുതെളിഞ്ഞതിൽ അഭിനന്ദനം
പോലീസുകാരന്‌ അവാർഡ്‌ കിട്ടി
പ്രശ്നക്കാരെല്ലാം അകത്തുമായി
പ്രശ്നങ്ങൾക്കെല്ലാം അറുതിയായി.

2 comments:

  1. നര്‍മ്മ കവിതയാണ് അല്ലേ ? കൊള്ളാം. കുറേ അക്ഷര പിശക് കണ്ടു ട്ടോ. തിരുത്തുമല്ലോ?
    ആശംസകള്‍ .

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്... ഗാന്ധി ജീവനോടെ ഇറങ്ങി വന്നാലും "ഈ മൊട്ടത്തലയന്‍ അത്ര ശരിയല്ല" എന്ന് പറഞ്ഞു അകത്തിടുന്ന കാലമല്ലേ...
    എഴുത്ത് വളരെ ഇഷ്ട്ടമായി.. ആശംസകള്‍!

    ReplyDelete