Tuesday, May 17, 2011

കുന്നുകൂടിയ ഹാജർ ബുക്കുകൾ

ഗുരുത്വാകർഷണ ബലത്തെ കുറിച്ചായിരുന്നു അന്നത്തെ ക്ളാസ്‌. കുന്നുമ്പുഴ സർക്കാർ പ്രൈമറി സ്കൂളിൽ പുതുതായി ചാർജെടുത്ത സഞ്ചയൻ മാഷ്‌ സവിസ്തരം പാഠമെടുക്കുകയാണ്‌. മുള കൊണ്ടുണ്ടാക്കിയ വലിയ തട്ടികൾ വച്ചുമറച്ച മൂന്നാം ക്ളാസിൽ മുപ്പതോളം കുട്ടികൾ ഉണ്ട്. ഗുരുത്വാകർഷണം പോയിട്ട്‌ ആകർഷണം എന്തെന്ന്‌ പോലും മനസിലാക്കാൻ പരുവമാവാത്ത കുട്ടികളെല്ലാവരും ന്യൂട്ടന്റെ തലയിൽ വീണ ആപ്പിളിനെ കുറിച്ചോർത്ത്‌ വെള്ളമിറക്കി. ഒരിക്കലും കണ്ടിട്ടില്ലില്ലാത്ത ആപ്പിൾത്തോട്ടത്തെ സ്വപ്നം കണ്ട്‌ ചിലർ വാപൊളിച്ചിരുന്നു. ജോലിയിൽ നിന്ന്‌ പെൻഷൻ വാങ്ങിപ്പോയ സയൻസ്‌ ടീച്ചർ `മുഖംമിനുക്കി` അന്നാമ്മയിൽ നിന്ന്‌ പരിപൂർണ്ണ സ്വാതന്ത്ര്യം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ്‌ ക്ളാസിലെ സ്ഥിരം നോട്ടപ്പുള്ളികളായ ചില വിരുതന്മാർ. കിട്ടിയ അവസരം പാഴാക്കാതെ അവർ പരസ്പരം പിച്ചുകയും തോണ്ടുകയും ചെയ്തുകൊണ്ടിരുന്നു. ക്ളാസിനോട്‌ ചേർന്ന വരാന്തയിൽ തൂക്കിയ ബല്ലടിക്കാൻ എത്തുന്ന പ്യൂണിനെയും കാത്ത്‌ ചില പെൺകുട്ടികൾ ചോറ്റുപാത്രവും വെള്ളവും മടിയിൽ ഒളിപ്പിച്ചു. ഇതൊന്നും കാര്യമായെടുക്കാതെ സഞ്ചയൻ മാഷ്‌ ക്ളാസ്‌ തുടർന്നു, കന്നി ദിനത്തിൽ തന്നെ കുട്ടികളോട്‌ മല്ലിടാൻ നിൽക്കാതെ!

“മാഷേ, പറക്കണ പക്ഷികൾ ഗുരുത്വാകർഷണം മൂലം താഴേ വീഴാത്തതെന്താ?” ബല്ലടിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ, സാമാന്യം ഉച്ചത്തിൽ ക്ളാസിൻ നിന്നുയർന്ന ചോദ്യത്തിൽ ഒരു നിമിഷം ക്ളാസ്‌ മുഴുവൻ നിശബ്ദമായി. എങ്കിലും, തട്ടികൾക്ക്‌ ഇരുവശത്തുമുള്ള ക്ളാസുകളിൽ നിന്നും കുട്ടികളുടെ കലപില ശബ്ദം ഇരമ്പിക്കൊണ്ടേയിരുന്നു. മൂന്നാമത്തെ ബഞ്ചിൽ കുട്ടിയുടുപ്പും നിക്കറുമിട്ട്‌ എഴുന്നേറ്റ്‌ നിൽക്കുന്ന ചോദ്യകർത്താവിന്റെ ഇളംമുഖത്തിലേക്ക്‌ മാഷ്‌ സൂക്ഷിച്ച്‌ നോക്കി. സയൻസ്‌ പുസ്തകം മടക്കി മേശയിൽ വച്ച്‌ സഞ്ചയൻ മാഷ്‌ കുട്ടിയെ സമീപിച്ചു. “എന്താ കുട്ടിയുടെ പേര്‌?” “വീട്ടിൽ ഉണ്ണീന്ന്‌ വിളിക്കും. സ്കൂളിൽ ഉണ്ണിക്കുട്ടൻ” ഒറ്റ ശ്വാസത്തിൽ കുട്ടി പ്രതിവചിച്ചു. “മിടുക്കൻ!” ഉണ്ണിക്കുട്ടന്റെ തോളിൽ തട്ടി അഭിനന്ദിച്ച ശേഷം സഞ്ചയൻ മാഷ്‌ അവന്റെ മുഖത്തോട്‌ മുഖമടുപ്പിക്കാൻ കുനിഞ്ഞു. സംശയത്തിന്റെ പരിഭവത്തിലാണെങ്കിലും അവന്റെ മിഴികളിൽ നിറഞ്ഞുനിന്ന നിഷ്ക്കളങ്കതയുടെ മഹത്വം കണ്ട്‌ അയാൾ മെല്ലെ പുഞ്ചിരിച്ചു. “നാളെ ക്ളാസിൽ വരുമ്പോൾ ഉണ്ണിക്കുട്ടൻ ഈ ചോദ്യത്തിന്റെ ഉത്തരവും കണ്ടുപിടിച്ചു വരണം. പിന്നെ മറ്റുള്ള കുട്ടികൾക്ക്‌ മുന്നിൽ അവതരിപ്പിക്കുകയും വേണം, എന്താ?” നീണ്ട സ്കൂൾ ബല്ലിന്റെ പശ്ചാത്തലത്തിൽ മാഷിൽ നിന്നുണ്ടായ നിർദ്ദേശം കേട്ട്‌ ഉണ്ണിക്കുട്ടന്റെ മുഖം ആശ്ചര്യഭരിതമായി. മാഷിന്റെ സാന്നിധ്യം പോലും തൃണവൽഗണിച്ച്‌ ഉച്ചഭക്ഷണത്തിനായി നാലുപാടും ചിതറിയോടുന്ന കുട്ടികൾക്കും, തന്റെ പ്രതികരണമെന്തെന്നറിയാൻ കാതോർത്തുനിൽക്കുന്ന മാഷിന്റെയും മുന്നിൽ അവൻ ഇതികർത്തവ്യാമൂഢനായി നിന്നു.

“പറക്കണ പക്ഷികൾ ഗുരുത്വാകർഷണം മൂലം താഴെ വീഴാത്തതെന്താ അമ്മേ?” വീട്ടിൽ പറന്നെത്തിയ ഉണ്ണിക്കുട്ടൻ ചോദിച്ചു. “മിണ്ടാതിരിന്ന്‌ കഞ്ഞി കുടിച്ചേച്ച്‌ സ്കൂളിൽ പോകാൻ നോക്കെടാ ചെക്കാ! മനുഷ്യനിവിടെ നാല്‌ കാശുണ്ടാക്കാൻ പെടാപ്പാട്‌ പെടുമ്പോഴാ അവന്റെയൊരു...!” അമ്മ ശകാരിച്ചു. പിന്നെ അവൻ സംസാരിച്ചില്ല. എങ്കിലും, മാഷിന്റെ ചോദ്യം അവൻ പലതവണ മനസിൽ ആവർത്തിക്കുന്നുണ്ടായിരുന്നു. ഉച്ചതിരിഞ്ഞുള്ള കണക്ക്‌ ക്ളാസിനുള്ള നോട്ടുബുക്കും, അതുകഴിഞ്ഞുള്ള പീറ്റിയിൽ കളിക്കാനുള്ള ഓലപ്പന്തും പോക്കറ്റിൽ തിരുകി ഉണ്ണിക്കൂട്ടൻ അടയ്ക്കാത്തോട്ടത്തിലൂടെ സ്കൂളിലേക്ക്‌ തിരിച്ചോടി. അപ്പോഴും അവന്റെ മനസിൽ ആകാശത്ത്‌ പറക്കുന്ന പക്ഷികളായിരുന്നു. അടയ്ക്കാത്തോട്ടത്തിന്റെ ഒത്ത നടുക്കുള്ള മാടത്തിനടുത്തെത്തിയപ്പോൾ അവൻ സഡൻ ബ്രേക്കിട്ട്‌ വണ്ടി നിർത്തി. പിന്നെ, തലയ്ക്ക്‌ മുകളിൽ കത്തിജ്വലിക്കുന്ന സൂര്യപ്രകാശത്തെ ചെറുത്തുനിർത്താൻ കൈപ്പത്തി കണ്ണിന്‌ നേരേ പിടിച്ച്‌ മുകളിലേക്ക്‌ നോക്കി. അനക്കമൊന്നും കേൾക്കാനില്ലെന്ന്‌ തോന്നിയതിനാൽ അടുത്ത്‌ കിടന്ന കളിമൺകട്ട മുകളിലേക്ക്‌ വലിച്ചെറിഞ്ഞു. മണ്ടപോയ ഒരു അടയ്ക്കാമരത്തിൽ നിന്ന്‌ നിലവിളിയോടെ ഒരു തത്തമ്മ പറന്നുപോയി. “അപ്പോ, എങ്ങും പോയിട്ടില്ല”. ഉണ്ണിക്കുട്ടൻ നീണ്ട ഹോണും പാസാക്കി സ്കൂളിലേക്ക്‌ വീണ്ടും കുതിച്ചു.

ക്ളാസിലെത്തുമ്പോൾ രമയും രാധയും കിങ്ങിണിയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. താനൊരിക്കലും ചിന്തിക്കുക കൂടി ചെയ്യാത്ത ചോദ്യം ചോദിച്ച ഉണ്ണിക്കുട്ടന്‌ നായകോചിതമായ വരവേല്പ്പ്‌ നൽകി രമയുടെ കണ്ണുകൾ അവനെ പിന്തുടരുന്നുണ്ടായിരുന്നു. സ്വസ്ഥാനത്ത്‌ ബുക്ക് വച്ച്‌ അവൻ സഹപാഠികളിലേക്ക്‌ തിരിഞ്ഞു, ഏതോ ആപൽക്കരമായ കർത്തവ്യം ചെയ്തുതീർക്കാനുണ്ടെന്ന പോലെ! “നമുക്ക്‌ പച്ചിപിടുത്തക്കാരൻ കോരനെ പോയി കണ്ടാലോ?” ഉണ്ണിക്കുട്ടന്റെ മുഖത്തെ ഗൗരവം മനസിലാക്കിയ രാധ ചോദിച്ചു. “ഷാപ്പിൽ പോയാൽ കോരനെ കാണാം!” കിങ്ങിണി അഭിപ്രായപ്പെട്ടു. “ഷാപ്പിലാണെങ്കിൽ ഞാനില്ല, അച്ഛൻ കണ്ടാൽ തല്ലും.” രമ ബോധിപ്പിച്ചു. “കോരൻ വേണ്ട, അടയ്ക്കാത്തോട്ടത്തിൽ നിന്ന്‌ തത്തമ്മയെ പിടിച്ചുതരാമെന്ന്‌ പറഞ്ഞ്‌ ഒളിച്ചുനടക്കുകയാ... കള്ളൻ. എന്റെ കയ്യീന്ന് അഞ്ച് രൂപയും വാങ്ങി.“ ഉണ്ണിക്കുട്ടൻ പരിഭവം പറഞ്ഞു. ”ഇനിയിപ്പോ ആരെയോ കാണുക? നമുക്ക്‌ ഭദ്ര ടീച്ചറിനോട്‌ ചോദിച്ചാലോ?“ കിങ്ങിണിയുടെ അഭിപ്രായം അതായിരുന്നു. ”ശരിയാ! ടീച്ചറിനെ എനിക്ക്‌ വല്യ ഇഷ്ടമാ...“ രമ കുണുങ്ങി. സമയം കളയാതെ നാലംഗ സംഘം സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു.

സ്റ്റാഫ്‌ റൂമിലെ സ്ഥിതിവിശേഷം മനസിലാക്കാൻ വാതിൽക്കൽ ഒളിച്ചുനിന്ന്‌ ഒളിഞ്ഞുനോക്കിയത്‌ കിങ്ങിണിയായിരുന്നു. ഭദ്ര ടീച്ചർ അവിടെ ഇല്ലെന്ന്‌ കണ്ടപ്പോൾ അവൾ തല വലിച്ചു. ”എന്താ പിള്ളേരെ ഇവിടെ?“ ചെറിയൊരു ഉച്ചമയക്കത്തിന്‌ ശേഷം മുഖം കഴുകി തൂവാലയുമായി പിന്നിൽ നിൽക്കുന്ന അശോകൻ മാഷിനെയും, തൊട്ടുപിന്നിൽ സഞ്ചയൻ മാഷിനെയും കണ്ട്‌ സംഘം പരുങ്ങി. ”ഞങ്ങള്‌ ഭഭ്ര ടീച്ചറിനെ കാണാൻ വന്നതാ.“ ”ടീച്ചറ്‌ പുറത്തെവിടെയോ പോയിരിക്കുകയാണെല്ലോ! എന്താ കാര്യം.?“ അശോകൻ മാഷ്‌ തിരക്കി. ”ഉണ്ണിക്കുട്ടന്‌ ഒരു സംശയമുണ്ടായിരുന്നു, അത്‌ ചോദിക്കാൻ വേണ്ടി വന്നതാ!“ ഉണ്ണിക്കുട്ടനെ ഇരയാക്കി രക്ഷപ്പെടാമെന്ന്‌ കരുതി കിങ്ങിണി തട്ടിവിട്ടു. ”നീയാ സൗദാമിനിയുടെ മോനല്ലേ?“ ഉണ്ണിക്കുട്ടന്റെ മുഖത്തേയ്ക്ക്‌ അൽപ്പനേരം സൂക്ഷിച്ച്‌ നോക്കി അശോകൻ മാഷ്‌ ആരാഞ്ഞു. ”പോ, പോ.... ക്ളാസിൽ പോയിരിക്ക്‌. സംശയമെല്ലാം ക്ളാസിൽ വരുന്ന സാറിനോട്‌ ചോദിച്ചാൽ മതി.“ കുട്ടികളെ ക്ളാസിലേക്ക്‌ തുരത്തിയോടിച്ച്‌ മാഷന്മാർ സ്റ്റാഫ്‌ റൂമിലേക്ക്‌ കയറി.

“ഹോ... എന്തൊരു ചൂടാ അല്ലേ മാഷേ?” അൽപ്പനേരത്തിന്‌ ശേഷം റൂമിലേക്ക്‌ കയറി വന്ന ഭദ്ര ടീച്ചർ കുട മടക്കിവച്ച്‌ പറഞ്ഞു. “അതെയതെ... എന്തൊരു ചൂടാ.” അശോകൻ മാഷ്‌ പിറുപിറുത്തു. “ടീച്ചറിനെ തേടി മൂന്ന്‌ നാല്‌ കുട്ടികൾ വന്നിരുന്നു, കാണാൻ!” ഓർമ്മിപ്പിച്ചത്‌ സഞ്ചയൻ മാഷായിരുന്നു. “ഏത്‌ ക്ളാസിലെയാ?” “മൂന്നാം ക്ളാസിലെ ഉണ്ണിക്കുട്ടനും പിന്നെ...” “ആ സൗദാമിനിയുടെ മകൻ ഉണ്ണിക്കുട്ടനോ?” “അതെ” അശോകൻ മാഷ്‌ സ്ഥിരീകരിച്ചു. “ഛേയ്‌... വൃത്തികെട്ട ജന്മം.” സൗദാമിനി ടീച്ചറുടെ പെട്ടെന്നുള്ള വികാരവിക്ഷോപണം കണ്ട്‌ സഞ്ചയൻ മാഷ്‌ അമ്പരന്നു. “എന്താ ടീച്ചറെ കാര്യം?” “എന്റെ മാഷേ... മാഷിന്‌ എന്തറിയാം! ഇത്തരം ജാതികളെ സ്കൂളിൽ കയറ്റാനേ പാടില്ല, സ്കൂളിന്റെ മാനംകെടുത്താൻ!” ഒന്നും മനസിലാകാതെ സഞ്ചയൻ മിഴിച്ചിരുന്നു. “ആ ചെക്കൻ ഉണ്ണിയുണ്ടെല്ലോ, അത്‌ സൗദാമിനിയുടെ മകനാ...” “ഏത്‌ സൗദാമിനി?” “ഹോ... ഇത്ര വൃത്തികെട്ടൊരു കാര്യം ഞാൻ എങ്ങനെ പറയും? മാഷ്‌ അശോകൻ മാഷിനോട്‌ ചോദിച്ചാൽ എല്ലാം കൃത്യമായി അറിയാം” ഭദ്ര ടീച്ചർ ഒഴിഞ്ഞുമാറുമ്പോഴേക്കും പീരീഡ്‌ ആരംഭിക്കാനുള്ള ബല്ലടിച്ച്‌ കഴിഞ്ഞിരുന്നു.

“മാഷേ...” ഉച്ചതിരിഞ്ഞുള്ള ആദ്യ പിരീഡ്‌ കഴിഞ്ഞ്‌ സ്റ്റാഫ്‌ റൂമിലേക്കുള്ള വരാന്തയിലൂടെ നടക്കുമ്പോൾ പിന്നിൽ നിന്ന്‌ കേട്ട മധുരമായ ശബ്ദം കേട്ട്‌ സഞ്ചയൻ മാഷ്‌ തിരിഞ്ഞു. “എന്താ ഉണ്ണിക്കുട്ടാ?” “പറക്കണ പക്ഷി താഴെ വീഴാത്തതെന്താണെന്ന്‌ എത്ര ആലോചിച്ചിട്ടും പടികിട്ടിണില്ല, മാഷേ!” “സാരമില്ല. ഞാൻ പറഞ്ഞുതരാം.” ഉണ്ണിക്കുട്ടന്റെ കുഞ്ഞുതോളിൽ കൈയ്യിട്ട്‌ സഞ്ചയൻ മാഷ്‌ അവനോടൊപ്പം സ്വൽപ്പദൂരം മുന്നോട്ട്‌ നടന്നു. “ഉണ്ണിക്കുട്ടന്‌ ഇപ്പോൾ ക്ളാസില്ലേ?” “ഇല്ല മാഷേ! പീറ്റിയാ.” “എന്നാൽ പോയി കളിച്ചോളൂ. ഉത്തരം ഞാൻ നാളെ ക്ളാസിൽ പറയാം.” ഉണ്ണിക്കുട്ടൻ സന്തോഷത്തോടെ മൈതാനത്തേക്കോടി.

“എന്താ മാഷേ! കുട്ടികളോടൊരു ലോഹ്യം.” സ്റ്റാഫ്‌ റൂമിൽ നിന്ന്‌ പുറത്തേയ്ക്ക്‌ ഇറങ്ങിവന്ന പ്യൂൺ സദാശിവൻ ചോദിച്ചു. “ഉണ്ണിക്കുട്ടൻ എന്റെ ക്ളാസിലെ കുട്ടിയാ. അവന്‌ ചില സംശയങ്ങൾ!” “ങും... സൗദാമിനിയുടെ മോനല്ലേ അവൻ! സംശയം കാണാതിരിക്കില്ല....” സദാശിവന്റെ അർത്ഥം വച്ചുള്ള സംസാരത്തിൽ അരിശം വന്നെങ്കിലും ഒന്നും മിണ്ടാതെ സഞ്ചയൻ മാഷ്‌ സ്റ്റാറ്റ്‌ റൂമിലേക്ക്‌ കയറി.

സ്കൂളിൽ ചാർജെടുത്ത ദിവസം തന്നെ സൗദാമിനിയുടെ മകനുമായി സഞ്ചയൻ മാഷ്‌ ബന്ധം സ്ഥാപിച്ച വിവരം പ്യൂണിൽ നിന്ന്‌ കുശിനിക്കാരി വഴി അടുത്തുള്ള പലചരക്ക്‌ കടയിലേക്കും, അവിടെ നിന്ന്‌ ഹെഡ്മാസ്റ്ററിലേക്കും അതിവേഗം പ്രചരിച്ചു. പുതുതായെത്തുന്ന മാഷന്മാരെ കുറിച്ച്‌ അപവാദം പരത്താനും അത്‌ കേട്ടുരസിക്കാനും ഒരു പ്രത്യേക സുഖമാണെല്ലോ! കാര്യഗ്രാഹ്യമില്ലാത്ത സ്കൂൾ കുട്ടികൾ മാത്രം ഒന്നും കേട്ടില്ല, അറിഞ്ഞുമില്ല. സ്കൂളിനെയും നാട്ടുകാരെയും കുറിച്ച്‌ നന്നായി മനസിലാക്കുന്നതുവരെ ആരുമായും അടുത്ത ബന്ധം സ്ഥാപിക്കേണ്ടതില്ലെന്ന ഉപദേശം സഞ്ചയൻ മാഷിന്‌ നൽകാൻ ഹെഡ്മാസ്റ്റർ സദാശിവനെ ഭരമേൽപ്പിച്ചു. സ്കൂൾ വിട്ട്‌ അടുത്തുതന്നെയുള്ള വാടക വീട്ടിലേക്ക്‌ നടക്കുമ്പോൾ വഴിയരികിലെ ചായക്കടയിൽ കൂടിയിരുന്ന ഒരുകൂട്ടം നാട്ടുകാർ മാഷിനെ നോക്കി കുശുകുശുത്തു. അതൊന്നും ഗൌനിക്കാൽ നിൽക്കാതെ സഞ്ചയൻ മാഷ് വേഗം നടന്നു. അപ്പോൾ പിന്നിൽ നിന്ന് ഒരു വിളി. “മാഷേ, തെക്കേപ്പാടത്തുകൂടിയാണെങ്കിൽ ഞാനുമുണ്ട്‌.“ പ്യൂൺ സദാശിവനായിരുന്നു.

“മാഷിന്‌ സ്കൂളൊക്കെ ഇഷ്ടപ്പെട്ടോ?” “ങും, ഇഷ്ടപ്പെട്ട്‌ വരുന്നു.” “പിന്നെ, നമ്മുടെ ഹെഡ്‌മാഷ്‌ മാഷിനോട്‌ ഒരു പ്രത്യേക കാര്യം പറയാൻ പറഞ്ഞു. വിരോധമില്ലെങ്കിൽ...“ ”എന്താ കാര്യം?“ ”മാഷേ, ആ സൗദാമിനിയുടെ മകൻ ഉണ്ണിക്കുട്ടനുമായുള്ള ലോഹ്യം അത്‌ നല്ലതല്ല കേട്ടോ! ആൾക്കാർ ഇപ്പഴേ ഏതാണ്ടൊക്കെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്‌.“ ”എന്താ പ്രശ്നം?“ ”ഹല്ല... മാഷിനോടിതെങ്ങനെയാ പറയ്യ. സൗദാമിനി എന്ന്‌ പറഞ്ഞാൽ ഇന്നാട്ടിലെ ചെറുപ്പക്കാരുടെ ഇടയിലുള്ള അർത്ഥം വേറെയാ.“ സഞ്ചയൻ സദാശിവന്റെ മുഖത്തേക്ക്‌ ഉറ്റുനോക്കി. ”ഉണ്ണിക്കുട്ടൻ മിടുക്കനാ, മിടുമിടുക്കൻ. നല്ല ബുദ്ധിയും പക്വതയുമുള്ള കുട്ടി!“ മാഷ്‌ പറഞ്ഞു. ”അതൊക്കെ ശരിയായിരിക്കാം, ഈ നാട്ടുകാരുടെ സ്വഭാവം അറിയാവുന്നതുകൊണ്ട്‌ പറയുകയാ... അത്‌ ശരിയാവില്ല മാഷേ... എന്നാ ശരി മാഷേ! ഞാൻ ഈ വഴിയാ. നാളെ കാണാം.“ യാത്ര പറഞ്ഞ്‌ സദാശിവൻ മറ്റൊരു വഴിയേ നടന്നകന്നു.

അഞ്ച്‌ വർഷത്തെ അധ്യാപന ജീവിതത്തിനിടയിൽ ഒരിക്കലും അഭിമുഖീകരിക്കേണ്ടിവരാത്ത ധാർമ്മിക പ്രതിസന്ധി! പക്വത പ്രാപിച്ചിട്ടില്ലാത്ത സാമൂഹിക മനസാക്ഷിയുടെ ദംഷ്ട്രകൾക്ക് മുന്നിൽ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ സഞ്ചയൻ കുഴഞ്ഞു. സഞ്ചയനുള്ളിലെ വ്യക്തിയും അധ്യാപകനും തമ്മിലുള്ള ദ്വന്തയുദ്ധം ആരംഭിച്ചുകഴിഞ്ഞിരുന്നു. ആ കോലാഹലങ്ങൾക്കിടയിലും അയാളുടെ കാലുകൾ മുന്നോട്ട് ചലിച്ചുകൊണ്ടിരുന്നു.

സമൂഹം സൃഷ്ടിച്ച ഉച്ചനീചത്വങ്ങൾക്കിടയിൽ അധ്യാപനം നിഷ്ക്രിയമാവുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അറിവിന്റെ മാനദണ്ഡങ്ങളെ കുറിച്ചുള്ള സംഘട്ടനങ്ങൾ ആരംഭിച്ചത് മഹാഭാരത കാലഘട്ടത്തായിരിക്കണം. ശക്തിയിലും ആൾബലത്തിനും മഹാപ്രതാപികളായ കൌരവന്മാരെ ആയുധവിദ്യ അഭ്യസിപ്പിച്ച ദ്രോണാചാര്യരുടെയും, നീചകുല ജാതനെന്ന് സമൂഹം മുദ്രയടിച്ച ഏകലവ്യൻ എന്ന ബാലന്റെയും ആ കാലഘട്ടത്ത് നിന്നാവണം. മുഖവും ഗോത്രവും നോക്കാതെ കുട്ടികൾക്ക് മുന്നിൽ അധ്യാപനം നടത്താനാവാത്ത സന്ദർഭങ്ങളിൽ, അനേകം ദ്രോണാചാര്യന്മാരും ഏകലവ്യന്മാരും പുനർജനിക്കുന്നുണ്ടാവും. ക്ലാസ് മുറികൾ വിരലുകൾ മുറിച്ചെടുക്കപ്പെടുന്ന അറവുശാലയായി മാറുന്നുണ്ടാവും. അത്തരമൊരു സന്ദർഭത്തെ കുറിച്ചാലോചിക്കാൻ സഞ്ചയന് കഴിയുമായിരുന്നില്ല. എങ്കിലും അയാളുടെ ചിന്തകൾ ലക്കും ലഗാനവുമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു.

എല്ലാ അധ്യാപകന്മാരുടെ ദ്രോണാചാര്യന്മാർ ആവണമെന്നില്ല. മാതാപിതാക്കളുടെ ജാതി, മതം, അന്തസ്സ്, ധനം എന്നിവ ഒന്നും നോക്കാത്തവർ. എങ്കിലും, സങ്കുചിതമായ സാമൂഹിക ചുറ്റുപാടുകളുടെ സമ്മർദ്ദങ്ങൾ എല്ലാ അധ്യാപകരെയും ഒരു പോലെ വേട്ടയാടാറുണ്ട്, പല രീതികളിൽ, പല തരത്തിൽ! പാഠപുസ്തകത്തിലെ അക്ഷരക്കൂട്ടങ്ങളെ പല തുണ്ടുകളായി വെട്ടിനുറുക്കി കുട്ടികൾക്ക്‌ വിളമ്പുകയോ വിളമ്പാതിരിക്കുകയോ ചെയ്തശേഷം “അങ്ങനെ ഒരു ദിവസം കൂടി കഴിഞ്ഞു” എന്ന കൃതാർത്ഥതയോടെ സ്കൂളിന്റെ പടിയിറങ്ങിപ്പോവുന്ന അധ്യാപകന്മാർക്ക്‌ ഒരുപക്ഷേ ഇത്തരം സമ്മർദ്ദങ്ങൾ പുത്തരിയല്ലാതിരിക്കാം. എന്നാൽ, ദിവസവും ഗൃഹപാഠം ചെയ്യാതെ, പരീക്ഷകളിൽ ശരാശരി മാർക്ക്‌ പോലും വാങ്ങാൻ തൃണിയില്ലാതെ, ക്ളാസുമുറികളിൽ അന്യവൽക്കരിക്കപ്പെട്ടുപോകുന്ന കുരുന്നുകളോടുള്ള സഹാനുഭൂതി ഹൃദയമുള്ള ഏതൊരധ്യാപകനെയും അവരുടെ ചുറ്റുപാടുകളെ കുറിച്ചൊരു അന്വേഷണം നടത്താനും, അവ എങ്ങനെ കുട്ടികളെ ബാധിക്കുന്നുവെന്ന് മനസിലാക്കാനും നിബന്ധിതനാക്കും. അത്തരം അന്വേഷണങ്ങൾക്കിടയിൽ തച്ചുടയ്ക്കപ്പെട്ട ബാല്യമുഖങ്ങളെ കണ്ടുമുണ്ടേണ്ടിവരുമ്പോൾ ഭൂരിപക്ഷം പേരും പ്രതികരിക്കാൻ തയാറാവുന്നു, തുടക്കത്തിലെങ്കിലും! എന്നാൽ പ്രതിബന്ധമായി അപ്പോൾ നിൽക്കുക സമൂഹവും, അതിന്റെ അലിഖിത നിയമങ്ങളുമായിരിക്കും. അധ്യാപകൻ വിപ്ലവകാരിയല്ല. അതുകൊണ്ടുതന്നെ, സ്വന്തം പരിമിതികളെ മനസിലാക്കി അയാൾ സ്വയം പിൻ‌മാറുന്നു, ഇവയെല്ലാം കാലഘട്ടത്തിന്റെ പ്രത്യേകതയാണെന്ന് സ്വയം തെറ്റിദ്ധരിപ്പിച്ച്, അല്ലെങ്കിൽ സ്വന്തം പ്രാരാബ്ദങ്ങളെ മാത്രം മസ്തിഷ്ക്കത്തിൽ കുത്തിനിറച്ച്! സ്വതന്ത്ര ചിന്തകളുടെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഭയം അയാളെ ഭീരുവാക്കുന്നു. സത്യത്തിൽ ഇതൊരു പരീക്ഷണമാണ്. അധ്യാപനം എന്ന ദൈവനിയോഗത്തിലേയ്ക്ക് കടക്കും മുമ്പ് ഈശ്വരേച്ഛയെന്ന പോലെ ഓരോ അധ്യാപകനും നേരിടേണ്ടിവരുന്ന വെല്ലുവിളികൾ. അതിനെ അതിജീവിക്കാൻ കഴിയാത്തവർക്ക് പ്രതിഫലമായി കരുതിയിട്ടുള്ള അമരത്വം സ്വന്തമാക്കാനാവില്ല, അധ്യാപനത്തിന്റെ ശ്രേഷ്ഠത സ്വന്തമാക്കാനാവില്ല. വെല്ലുവിളികളെ ഭയക്കുന്നവരും, മടി കാട്ടുന്നവരും, സ്വയം ന്യായീകരണങ്ങൾ സൃഷ്ടിച്ച് ഒളിച്ചോടാൻ ശ്രമിക്കുന്നവരും ദുഷിച്ച സാമൂഹിക നീതിയുടെ വക്താക്കളാവുന്നു. സമൂഹം അടിച്ചേൽ‌പ്പിക്കുന്ന സമ്മർദ്ദങ്ങളിൽ വശംവദനായി തനിക്കും ഒരു ശരാശരി അധ്യാപകനാകേണ്ടി വരുമോ? സഞ്ചയൻ ഭയന്നു, അപ്പോഴും ഉണ്ണിക്കുട്ടന്റെ നിഷ്ക്കളങ്ക നയനങ്ങൾ അയാളുടെ കണ്മുമ്പിൽ തെളിയുന്നുണ്ടായിരുന്നു.

“മാഷിന്റെ വീട്‌ ഇവിടെയടുത്താണോ?” സാമാന്യം വലിപ്പമുള്ള തോടിന്‌ കുറുകേ കെട്ടിയ തെങ്ങിന്തടിപ്പാലത്തിലൂടെ നടക്കുമ്പോൾ പിന്നിൽ നിന്നായിരുന്നു ആ ചോദ്യം. സഞ്ചയൻ തിരിഞ്ഞുനോക്കുമ്പോൾ ഉണ്ണിക്കുട്ടൻ! ഒരു കൈയ്യിൽ ടയറും വടിയും, മറ്റേ കയ്യിൽ എണ്ണക്കുപ്പി. “ഉണ്ണിക്കുട്ടാ! ഞാൻ നിന്നെ ഇപ്പൊ ഓർത്തതേയുള്ളൂ! എങ്ങോട്ടാ?” “എണ്ണ വാങ്ങാൻ പോയതാ. അതാണ്‌ എന്റെ വീട്‌.” തോടിന്റെ മറുകരയിലെ പുഞ്ചപ്പാടത്തിന്റെ അർത്തിയിൽ തിങ്ങിനിൽക്കുന്ന അടയ്ക്കാമരങ്ങൾക്കിടയിൽ കാണുന്ന ഓടിട്ട വീടിലേക്ക് ഉണ്ണിക്കുട്ടന്റെ വിരലുകൾ നീണ്ടു. മാഷിന്റെ കണ്ണുകൾ കുഞ്ഞുവിരലുകളെ അനുഗമിച്ചു. “എന്നാ ഞാൻ പോട്ടേ, അമ്മ കാത്തിരിക്കും.” മാഷിന്റെ സമ്മതത്തിന്‌ കാത്തുനിൽക്കാതെ അവൻ ശരവേഗത്തിൽ വീട്ടിലേക്ക്‌ കുതിച്ചു.

തടിപ്പാലത്തിൽ നിന്ന്‌ വലത്തോട്ട്‌ തിരിഞ്ഞാൽ കാണുന്ന ചായപ്പീടികയുടെ തൊട്ടടുത്തുള്ള വാടക വീട്ടിലേക്ക് നടക്കുമ്പോൾ സഞ്ചയന്റെ ചിന്ത മുഴുവൻ ഉണ്ണിക്കുട്ടനെ കുറിച്ചായിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കും അവയ്ക്ക്‌ താൽക്കാലികമായി താൻ കണ്ടെത്തിയ ഉത്തരങ്ങൾക്കും അവയുടെ വിശദീകരണങ്ങൾക്കും നടുവിൽ അയാൾ ശ്വാസംമുട്ടി. “മാഷ്‌ ചായ കുടിക്കുന്നോ?” ഒന്നുരണ്ട്‌ കുലകൾ തൂക്കിയ, ഓലമേഞ്ഞ, ചായക്കടയിൽ നിന്ന്‌ വിശ്വംഭരൻ ചോദിച്ചു. “ആവാം.” ചായക്കടയ്ക്കുള്ളിലെ തടി ബഞ്ചിൽ ആരും ഉണ്ടായിരുന്നില്ല. “മാഷിന്റെ വീട്ടിൽ ആരൊക്കെയുണ്ട്‌?” ചായ മേശപ്പുറത്ത്‌ വച്ച്‌ വിശ്വംഭരൻ ചോദിച്ചു. “എല്ലാരുമുണ്ട്‌.” “കല്യാണം കഴിഞ്ഞതാണോ?” “ഇല്ല.” “കല്യാണം കഴിച്ചിരുന്നെങ്കിൽ ഭക്ഷണത്തിനും മറ്റുമൊക്കെ എത്ര കഷ്ടപ്പെടേണ്ടി വരുമായിരുന്നില്ല അല്ലേ?“ സഞ്ചയൻ വെറുതേ ചിരിച്ചു. കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ ചായ എളുപ്പം ആറ്റിക്കുടിച്ച്‌ സഞ്ചയൻ കാശ്‌ കൊടുത്ത്‌ നടന്നു!

കുളി കഴിഞ്ഞ്‌ സഞ്ചയൻ പൂമുഖപ്പടിയിൽ ഇരുന്നു. അവിടെയിരുന്നാൽ ഉണ്ണിയുടെ വീട്‌ അടയ്ക്കാമരങ്ങൾക്കിടയിലൂടെ അവ്യക്തമായിട്ടെങ്കിലും കാണാം. റാന്തൽ വിളക്കിന്റെ ശോഭയിൽ വരാന്ത പ്രകാശപൂരിതമായിരുന്നു. ആ വെളിച്ചത്തിൽ ഉമ്മറത്തെ കൈവരിയിൽ ഉണ്ണിക്കുട്ടൻ പഠിക്കുന്നതും കാണാം, പിന്നെ ഇടക്കിടെ ആരൊക്കെയോ വന്നുപോകുന്നതും. അന്ന് സഞ്ചയൻ ഉറങ്ങാൻ പോകുമ്പോൾ ഏറെ വൈകിയിരുന്നു.

“ങും... എന്താ വൈകിയത്‌?” മാഷിന്റെ സ്വരത്തിലെ പതിവില്ലാത്ത ഗൗരവം കേട്ട്‌ വിയർത്ത്‌ കുളിച്ച്‌ ക്ളാസിലോടിക്കയറിയ ഉണ്ണിക്കുട്ടൻ ചെറുതായൊന്ന്‌ അറച്ചു. അവൻ ഒന്നും മിണ്ടിയില്ല. “ചോദിച്ചത്‌ കേട്ടില്ലേ?” ഉണ്ണിക്കുട്ടൻ ചൊടിച്ചു. വൈകിയെത്തിയ കുട്ടിയെ മാതൃകാപരമായി ശിക്ഷിച്ച്‌ സഞ്ചയൻ പാഠം തുടർന്നു. ആകാശത്തെ പറവകൾ താഴെ പതിക്കാത്തതിന്‌ പിന്നിലെ നിഗൂഢതകൾ അറിയാനുള്ള ആവേശത്തിൽ ഉണ്ണിക്കുട്ടന്റെ കണ്ണുകൾ സഞ്ചയൻ മാഷിന്റെ ഭാവങ്ങളെ അനുഗമിച്ചുകൊണ്ടേയിരുന്നു, എങ്കിൽ അയാൾ അവനെ ഗൗനിച്ചില്ല, ഒരിക്കൽ പോലും! ദിവസങ്ങൾ അങ്ങനെ ഓരോന്നായി കടന്നുപോയി.

സഞ്ചയൻ മാഷ്‌ ദിവസവും ക്ളാസിൽ വരും, പാഠങ്ങൾ നടത്തും. കുട്ടികൾ അതെല്ലാം കാണാതെ പഠിച്ചു, അവസരോചിതമായി അവർ മാഷിന്റെ കൈകളിൽ തന്നെ ഛർദ്ദിച്ചുവച്ചു. ഓരോ ദിവസവും ബെല്ലടിക്കുമ്പോൾ കുട്ടികൾ സ്കൂളിനെ മറന്ന്‌ വീട്ടിലേക്കോടി, ഒപ്പം സഞ്ചയൻ മാഷും. ഉണ്ണിക്കുട്ടൻ ഹാജർ ബുക്കിലെ അന്തേവാസി മാത്രമായി ഒതുങ്ങി, പിന്നെ ആ ഹാജർ ബുക്കും പൊടിപിടിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ വലിച്ചെറിയപ്പെട്ടു. അതിന്‌ മുകളിൽ പിന്നെയും പിന്നെയും ഹാജർ ബുക്കുകൾ കുന്നുകൂടി, പക്ഷേ അവയിലൊന്നും ഉണ്ണിക്കുട്ടന്റെ പേര്‌ ഉണ്ടായിരുന്നില്ല.

4 comments:

  1. അഞ്ച്‌ വർഷത്തെ അധ്യാപന ജീവിതത്തിനിടയിൽ ഒരിക്കലും അഭിമുഖീകരിക്കേണ്ടിവരാത്ത ധാർമ്മിക പ്രതിസന്ധി! പക്വത പ്രാപിച്ചിട്ടില്ലാത്ത സാമൂഹിക മനസാക്ഷിയുടെ ദംഷ്ട്രകൾക്ക് മുന്നിൽ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ സഞ്ചയൻ കുഴഞ്ഞു. സഞ്ചയനുള്ളിലെ വ്യക്തിയും അധ്യാപകനും തമ്മിലുള്ള ദ്വന്തയുദ്ധം ആരംഭിച്ചുകഴിഞ്ഞിരുന്നു. ആ കോലാഹലങ്ങൾക്കിടയിലും അയാളുടെ കാലുകൾ മുന്നോട്ട് ചലിച്ചുകൊണ്ടിരുന്നു.

    സമൂഹം സൃഷ്ടിച്ച ഉച്ചനീചത്വങ്ങൾക്കിടയിൽ അധ്യാപനം നിഷ്ക്രിയമാവുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അറിവിന്റെ മാനദണ്ഡങ്ങളെ കുറിച്ചുള്ള സംഘട്ടനങ്ങൾ ആരംഭിച്ചത് മഹാഭാരത കാലഘട്ടത്തായിരിക്കണം. ശക്തിയിലും ആൾബലത്തിനും മഹാപ്രതാപികളായ കൌരവന്മാരെ ആയുധവിദ്യ അഭ്യസിപ്പിച്ച ദ്രോണാചാര്യരുടെയും, നീചകുല ജാതനെന്ന് സമൂഹം മുദ്രയടിച്ച ഏകലവ്യൻ എന്ന ബാലന്റെയും ആ കാലഘട്ടത്ത് നിന്നാവണം. മുഖവും ഗോത്രവും നോക്കാതെ കുട്ടികൾക്ക് മുന്നിൽ അധ്യാപനം നടത്താനാവാത്ത സന്ദർഭങ്ങളിൽ, അനേകം ദ്രോണാചാര്യന്മാരും ഏകലവ്യന്മാരും പുനർജനിക്കുന്നുണ്ടാവും. ക്ലാസ് മുറികൾ വിരലുകൾ മുറിച്ചെടുക്കപ്പെടുന്ന അറവുശാലയായി മാറുന്നുണ്ടാവും. അത്തരമൊരു സന്ദർഭത്തെ കുറിച്ചാലോചിക്കാൻ സഞ്ചയന് കഴിയുമായിരുന്നില്ല. എങ്കിലും അയാളുടെ ചിന്തകൾ ലക്കും ലഗാനവുമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു.

    എല്ലാ അധ്യാപകന്മാരുടെ ദ്രോണാചാര്യന്മാർ ആവണമെന്നില്ല. മാതാപിതാക്കളുടെ ജാതി, മതം, അന്തസ്സ്, ധനം എന്നിവ ഒന്നും നോക്കാത്തവർ. എങ്കിലും, സങ്കുചിതമായ സാമൂഹിക ചുറ്റുപാടുകളുടെ സമ്മർദ്ദങ്ങൾ എല്ലാ അധ്യാപകരെയും ഒരു പോലെ വേട്ടയാടാറുണ്ട്, പല രീതികളിൽ, പല തരത്തിൽ! പാഠപുസ്തകത്തിലെ അക്ഷരക്കൂട്ടങ്ങളെ പല തുണ്ടുകളായി വെട്ടിനുറുക്കി കുട്ടികൾക്ക്‌ വിളമ്പുകയോ വിളമ്പാതിരിക്കുകയോ ചെയ്തശേഷം “അങ്ങനെ ഒരു ദിവസം കൂടി കഴിഞ്ഞു” എന്ന കൃതാർത്ഥതയോടെ സ്കൂളിന്റെ പടിയിറങ്ങിപ്പോവുന്ന അധ്യാപകന്മാർക്ക്‌ ഒരുപക്ഷേ ഇത്തരം സമ്മർദ്ദങ്ങൾ പുത്തരിയല്ലാതിരിക്കാം. എന്നാൽ, ദിവസവും ഗൃഹപാഠം ചെയ്യാതെ, പരീക്ഷകളിൽ ശരാശരി മാർക്ക്‌ പോലും വാങ്ങാൻ തൃണിയില്ലാതെ, ക്ളാസുമുറികളിൽ അന്യവൽക്കരിക്കപ്പെട്ടുപോകുന്ന കുരുന്നുകളോടുള്ള സഹാനുഭൂതി ഹൃദയമുള്ള ഏതൊരധ്യാപകനെയും അവരുടെ ചുറ്റുപാടുകളെ കുറിച്ചൊരു അന്വേഷണം നടത്താനും, അവ എങ്ങനെ കുട്ടികളെ ബാധിക്കുന്നുവെന്ന് മനസിലാക്കാനും നിബന്ധിതനാക്കും. അത്തരം അന്വേഷണങ്ങൾക്കിടയിൽ തച്ചുടയ്ക്കപ്പെട്ട ബാല്യമുഖങ്ങളെ കണ്ടുമുണ്ടേണ്ടിവരുമ്പോൾ ഭൂരിപക്ഷം പേരും പ്രതികരിക്കാൻ തയാറാവുന്നു, തുടക്കത്തിലെങ്കിലും! എന്നാൽ പ്രതിബന്ധമായി അപ്പോൾ നിൽക്കുക സമൂഹവും, അതിന്റെ അലിഖിത നിയമങ്ങളുമായിരിക്കും. അധ്യാപകൻ വിപ്ലവകാരിയല്ല. അതുകൊണ്ടുതന്നെ, സ്വന്തം പരിമിതികളെ മനസിലാക്കി അയാൾ സ്വയം പിൻ‌മാറുന്നു, ഇവയെല്ലാം കാലഘട്ടത്തിന്റെ പ്രത്യേകതയാണെന്ന് സ്വയം തെറ്റിദ്ധരിപ്പിച്ച്, അല്ലെങ്കിൽ സ്വന്തം പ്രാരാബ്ദങ്ങളെ മാത്രം മസ്തിഷ്ക്കത്തിൽ കുത്തിനിറച്ച്! സ്വതന്ത്ര ചിന്തകളുടെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഭയം അയാളെ ഭീരുവാക്കുന്നു. സത്യത്തിൽ ഇതൊരു പരീക്ഷണമാണ്. അധ്യാപനം എന്ന ദൈവനിയോഗത്തിലേയ്ക്ക് കടക്കും മുമ്പ് ഈശ്വരേച്ഛയെന്ന പോലെ ഓരോ അധ്യാപകനും നേരിടേണ്ടിവരുന്ന വെല്ലുവിളികൾ. അതിനെ അതിജീവിക്കാൻ കഴിയാത്തവർക്ക് പ്രതിഫലമായി കരുതിയിട്ടുള്ള അമരത്വം സ്വന്തമാക്കാനാവില്ല, അധ്യാപനത്തിന്റെ ശ്രേഷ്ഠത സ്വന്തമാക്കാനാവില്ല. വെല്ലുവിളികളെ ഭയക്കുന്നവരും, മടി കാട്ടുന്നവരും, സ്വയം ന്യായീകരണങ്ങൾ സൃഷ്ടിച്ച് ഒളിച്ചോടാൻ ശ്രമിക്കുന്നവരും ദുഷിച്ച സാമൂഹിക നീതിയുടെ വക്താക്കളാവുന്നു. സമൂഹം അടിച്ചേൽ‌പ്പിക്കുന്ന സമ്മർദ്ദങ്ങളിൽ വശംവദനായി തനിക്കും ഒരു ശരാശരി അധ്യാപകനാകേണ്ടി വരുമോ? സഞ്ചയൻ ഭയന്നു, അപ്പോഴും ഉണ്ണിക്കുട്ടന്റെ നിഷ്ക്കളങ്ക നയനങ്ങൾ അയാളുടെ കണ്മുമ്പിൽ തെളിയുന്നുണ്ടായിരുന്നു.

    ഈ മൂന്നു ഖണ്ഡികകൾ ഇടയിൽ കല്ലുകടിക്കുന്നുണ്ടോ എന്നൊരു സംശയം ..

    ഒരുനല്ല കയറിന്റെ നടുവിൽ വെറുതെ ഒരു കെട്ടിട്ട പോലെ മുഴച്ചു നിൽക്കുന്നു.

    ഇതൊഴിവാക്കിയാൽ ഒരു നല്ല കഥ.

    ഈ വിവരദോഷിയുടെ അഭിനന്ദനങ്ങൾ.

    ReplyDelete
  2. @പൊന്മളക്കാരൻ: ആ കല്ലുകൾ മനപ്പൂർവം ചേർത്തതാണ്, സഞ്ചയന്റെ ജൻപ്പനമായി. ;)

    ReplyDelete
  3. Congratzzz Baijuchetta....

    വാക്കുകള്‍ പോര ....
    എത്ര മനോഹരമാണിതെന്നു പറയുവാന്‍ !
    ഇനിയും എഴുതുക...!

    ReplyDelete
  4. കഥ വളരെ മനോഹരമായി... പിന്നെ ഒരു സത്യം പറയാമല്ലോ പൊന്മളക്കാരന്‍ സൂചിപ്പിച്ച ആ മൂന്നു പാരഗ്രാഫുകള്‍ ഞാന്‍ വായിച്ചു കൂടിയില്ല. അത് സഞ്ചയന്റെ ജല്പനമാനെന്നു താങ്കള്‍ പറഞ്ഞല്ലോ. അത് എഴുതുക എന്നത്, എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കളുടെ അവകാശം. വായിക്കാതിരിക്കുക എന്നത്, എന്റെയും. അല്ലെങ്കിലും വായനക്കാരനായി എഴുതി വിളമ്പേണ്ടവനാണ് എഴുത്തുകാരന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. :)
    വളരെ പ്രതിഭയുള്ള ഒരാളാണെന്ന് തോന്നിയത് കൊണ്ട് പറഞ്ഞെന്നു മാത്രം..മുഷിച്ചില്‍ തോന്നരുതേ... ആശംസകള്‍... തുടര്‍ന്നും ഒരുപാടു എഴുതുക.

    ReplyDelete