Sunday, July 10, 2011

എനിക്ക് നൽകൂ ആയിരം ജന്മങ്ങൾ!


ഞാനൊരു സ്വപ്നം കണ്ടു,
ഉച്ച സമയത്തെ
പാതി മയക്കത്തിൽ!
സ്വപ്നം ആരംഭിച്ചത്
എങ്ങനെയെന്നറിയില്ല.
എങ്കിലും, പാതിയിൽ എപ്പഴോ
വെള്ളത്താടിയും,
കിരീടവും ചെങ്കോലും
മാലാഖ വൃന്ദങ്ങളുമായ്
ദൈവം പ്രത്യക്ഷപ്പെട്ടു!

ഞാൻ മിഴിച്ചുനിന്നു!
ഞാൻ മരിച്ചുപോയെന്നും,
ജീവിതത്തിൽ ചെയ്ത
ചില നന്മകൾ പരിഗണിച്ച്
സ്വർഗത്തിലേക്ക് എനിക്ക്
പ്രവേശനം ലഭിച്ചെന്നും,
ക്ഷണിക്കാനാണ് തങ്ങൾ
വന്നതെന്നും ദൈവം!

ഞാൻ ചുറ്റും നോക്കി.
തോജോന്മുഖനായി ദൈവം മുന്നിൽ.
പത്തടി പൊക്കവും
മസിലുകളും, ചിറകുകളുമായി
പത്തോളം മാലാഖമാർ പിന്നിൽ.
അവർക്കും പിന്നിൽ
വെള്ളക്കുതിരകളിൽ കെട്ടിയ
സ്വർണ്ണ തേര്.
എല്ലാവരും എനിക്കായി
കാത്ത് നിൽക്കുകയാണ്!
ഞാൻ എല്ലാവരെയും
മാറി മാറി നോക്കി?
അവരുടെ പുഞ്ചിരികളിൽ
സ്വാഗതത്തിന്റെ സ്വർഗീയത.

ഞാൻ വരാം! പക്ഷേ!
സ്വർഗത്തിൽ കപ്പേം കള്ളും കിട്ടുമോ?
പിന്നെ,
പൊറോട്ടയും ബീഫും?
ഒണക്ക മീനും പഴങ്കഞ്ഞിയും?
അപ്പവും ചിക്കൻ കറിയും?
പിന്നെ, ഐപി‌എൽ?
ഫേയ്സ്‌ബുക്കും, നൈറ്റ് ക്ലബും?
ഫാഷൻ ഷോയും, തീം പാർക്കും?
ചീട്ടുകളിയും, വാറ്റുചാരായവും?
കാ‍ജാ ബീഡിയും, നാടൻ തല്ലും?

ദൈവവും കൂട്ടരും
പരസ്പരം നോക്കുന്നു.
ഇതൊന്നും അവിടെ കിട്ടില്ലെന്ന്
ദൈവം!
പിന്നെ എന്നതാ ഒള്ളത്?

“നിരന്തര ഈശ്വര സാന്നിധ്യം.
ആ സാന്നിധ്യത്തിലെ അനന്തമായ
നിർവൃതി, നിത്യാനന്തം,
സമാധാനം, നിത്യ വസന്തം!”

കോപ്പ്!
ഈ സമാധാനവും നിത്യ വസന്തവും
ആർക്ക് വേണം!
വല്ല സാമിമാർക്കും കൊള്ളാം.
എന്നെപ്പോലുള്ള
സാധാരണക്കാരന് ഇതൊക്കെ
പരമ ബോറായിരിക്കും!
ഇതിലും ഭേദം നരകം!
പോയേ.... പോയേ....
ഞാനെങ്ങും വരുന്നില്ല.
എന്ന് ഞാൻ.

അത് പറ്റില്ലെന്ന് ദൈവം.
മരിച്ചാൽ ഒന്നുകിൽ സ്വർഗം
അല്ലെങ്കിൽ നരകം.
ഇതിനിടയിൽ ഒരു സ്ഥലമില്ല.

ഇത് എന്നാ ഏർപ്പാടാണ്?
എനിക്ക് രണ്ടിടത്തും പോകണ്ടന്ന്
പറഞ്ഞില്ലേ....!
രണ്ടും രണ്ട് എക്സ്ട്രീമുകൾ അല്ലേ?
ഒന്ന് നന്മയുടെ,
മറ്റൊന്ന് തിന്മയുടെ!
അതുകൊണ്ട് തൽക്കാലം
എനിക്ക് രണ്ടും വേണ്ട.

അത്രയ്ക്ക് നിർബന്ധമെങ്കിൽ
എനിക്കൊരു വരം താ....
ആയിരം ജന്മങ്ങൾ
ഈ ഭൂമിയിൽ
ജനിച്ച് മരിക്കാനുള്ള വരം!
അതു മതി.
എത്രയും നേരത്തെ
സാക്ഷാത്ക്കാരം നേടിയിട്ട്
എന്നാ എടുക്കാനാ...?
അല്ലേ?
ജീവിതം എത്ര സുന്ദരം!
ഞാൻ കേട്ടു.

ഞാൻ കണ്ണുതുറന്നു.
മുന്നിൽ ദൈവമില്ല, മാലാഖമാരും!
എങ്കിലും എനിക്ക് കേൾക്കാം
നാനാ ദിക്കിൽ നിന്നുള്ള
പ്രകൃതിയുടെ കരഘോഷം!

4 comments:

  1. പെട്ടുപോയവനെ ചുറ്റിക്കുന്ന പലതും കാണും.....
    അതില്‍ കൂടുതലും തോന്നലുകലാണ്

    അതുകൊണ്ടല്ലേ ജീവിതം മായയാണെന്നു പറയാറുള്ളത്....
    ഏതു മായ എന്ന് ചിലര്‍,ചിലര്‍ ഡയറിയും ഫോണ്‍ ഇന്ടെക്സും എടുത്തു നോക്കും ചിലര്‍ തിരക്കി ഇറങ്ങും....

    മായയാണെന്ന് സമ്മതിച്ചാലും ഇല്ലെങ്കിലും പ്രശ്നമാണ്
    ഏറ്റവും നല്ലത് വരുന്നത് പോലെ വരട്ടെ എന്നുള്ളതല്ലേ?

    ReplyDelete
  2. ജീവിതം എത്ര സുന്ദരം!
    ബുദ്ധിയുള്ള കവിത :)
    അല്ലേലും ഈ ദൈവം ഒക്കെ വെറും പഴഞ്ചനാ..

    ReplyDelete
  3. nalla kavitha. ithiri vellam kudichu. ennalum ishtaayi:)

    ReplyDelete
  4. കവിതയുടെ രൂപം ഇല്ല, സ്വഭാവം ഉണ്ട്. ആശയവും അവതരണവും ഇഷ്ടമായി.

    ReplyDelete