Tuesday, July 19, 2011

പാദസരങ്ങള്‍ പറഞ്ഞ യാത്രാമൊഴി


ചാണകം മെഴുകിയ തറയില്‍ പായ വിരിച്ച് മലര്‍ന്ന് കിടക്കുകയാണ് അയാൾ. ഓല മേഞ്ഞ ആ ചെറിയ വീട്ടിൽ വേറെ ആരുമില്ല. പാടത്തെ പണിയും കുളിയും പിന്നെ അത്താഴവും കഴിഞ്ഞാൽ കൂർക്കം വലിച്ചുറങ്ങാറുള്ള ആളാണ് ഈ കിടക്കുന്നത്. നേരം ഇത്രയായിട്ടും അയാൾക്ക് ഇന്ന് മാത്രം ഉറക്കം വന്നിട്ടില്ല, വിളക്കും അണച്ചിട്ടില്ല. ആ മണ്ണെണ്ണ വിളക്ക്  തലയിണയ്ക്ക് അരികിലിരുന്ന് ആളിക്കത്തുന്നു. അതിനടുത്തായി മംഗളം വീക്കിലി. അതിലെ മുഖചിത്രത്തിൽ അച്ചടിച്ച് വന്ന പെൺകുട്ടിയുടെ പുഞ്ചിരിയെ നിഷ്പ്രഭമാക്കുന്ന പുഞ്ചിരി അയാളുടെ ചുണ്ടുകളിൽ വിടർന്ന് നിൽക്കുന്നത് വിളക്കിന്റെ വെട്ടത്തിൽ നന്നായി കാണാം. ഇമവെട്ടാതെ അയാൾ മുകളിലേക്ക് നോക്കിക്കിടന്നു, അയാളുടെ മനസുനിറയെ അവളുടെ മുഖമായിരുന്നു! തൊട്ടടുത്തുള്ള ചാണകക്കുഴിയിൽ നിന്നുള്ള ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഇടകലർന്ന ഗന്ധവും, പടച്ചട്ടയിട്ട പെൺകൊതുകുകളും അയാളുടെ മൂക്കിനെയും ശരീരത്തെയും നിരന്തരം ആക്രമിക്കുന്ന കാര്യം അയാൾ അറിയുന്നില്ല. കഴുകിക്കമിഴ്ത്തിയ മണ്‍കലങ്ങള്‍ക്കരികില്‍ പുകയുന്ന അടുപ്പിലെ ആറാത്ത കനല്‍ക്കട്ടകളില്‍ നിന്നുയരുന്ന ഉഷ്ണക്കാറ്റില്‍ അയാളുടെ നെറ്റിത്തടം വിയര്‍ത്തൊഴുകിയിട്ടും അയാള്‍ മുഖം തുടയ്ക്കുകയോ, അടുപ്പിൽ വെള്ളമൊഴിച്ച് തീ കെടുത്തുകയോ ചെയ്യുന്നില്ല. പ്രണയം തലയ്ക്ക് പിടിച്ചാൽ മസ്തിഷ്ക്കം കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. കരിന്തിരി എരിഞ്ഞുതുടങ്ങിയ മണ്ണെണ്ണ വിളക്കിന്‍റെ മങ്ങുന്ന വെട്ടത്തില്‍ അയാള്‍ അവളെയും ധ്യാനിച്ച് കിടപ്പാണ്. പഴകി ദ്രവിച്ച കൂരയിലൂടെ അരിച്ചിറങ്ങുന്ന ചന്ദ്രകിരണങ്ങള്‍... പർണ്ണശാല പോലെ പരിശുദ്ധമായ തന്റെ കിടപ്പാടം.... എങ്ങും ഒരു മണിയറയുടെ പ്രതീതി. തനിക്കൊപ്പം ഇപ്പോൾ അവളും ഉണ്ടായിരുന്നെങ്കിൽ... അയാൾ ആശിച്ചുപോയി. അവളുടെ അസാന്നിധ്യം പോലും അയാൾ അതിയായി ആസ്വദിച്ചു.

ചെമ്മണ്ണിന്‍റെ നിറവും, ചെന്താമര പോലെ വിടര്‍ന്ന കണ്ണുകളും, ചെമ്പരത്തി പൂവുപോലെ ചുവന്ന ചുണ്ടുകളും, അതിൽ പാല്‍പ്പുഞ്ചിരിയും, മെടഞ്ഞ് മടക്കിയ മുടിയിൽ തുളസിക്കതിരും, നെറ്റിയില്‍ ചന്ദനവും, പച്ച മണ്ണിന്‍റെ വശ്യമായ മണവും, പാവാടയ്ക്കിണങ്ങുന്ന ബ്ലൌസും, പിന്നെ കുലുങ്ങിച്ചിരിക്കുന്ന കരിവളകളും….! ആ ഗ്രാമത്തിന്‍റെ മുഴുവന്‍ സൌന്ദര്യവും അവള്‍ക്കുണ്ടായിരുന്നു. ചാറ്റൽമഴ കഴിഞ്ഞ് ചക്രവാളത്തിൽ പ്രത്യക്ഷപ്പെടുന്ന മഴവില്ല് പോലെ ഒരു പെൺകുട്ടി....

അടുപ്പിന്റെ മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന വിറകിനിടയിൽ കിരുകിരാ ശബ്ദമുണ്ടാക്കി പതിയിരിക്കുന്ന ചുണ്ടനെലികളും, മാറാല നിറഞ്ഞ മേല്‍ക്കുരയിലെ പല്ലികളും, കൂര്‍ക്കവലിക്കുന്ന ചക്കിപ്പൂച്ചയും, ചാമ്പല്‍ക്കൂനയില്‍ ഇരിപ്പിടമുണ്ടാക്കി അടയിരിക്കുന്ന പിടക്കോഴിയും, ഒരായിരം ചോനാനുറുമ്പുകളും ഇടക്കിടെ അയാളെ ശ്രദ്ധിക്കുന്നുണ്ട്. രാത്രിയായാൽ എല്ലാ ജീവികൾക്കും പ്രകാശം ഒരു ശല്യം തന്നെ. സ്വപ്നം കാണാൻ എന്തിനാ വിളക്ക്? അയാൾക്കത് അണച്ചൂടെ? അവ പിറുപുറുത്തു. ഇതൊന്നുമറിയാതെ അയാൾ സ്വപ്നലോകത്ത് ഏറെ നേരം അലഞ്ഞ് തിരിഞ്ഞ് നടന്നു. ഒടുവിൽ, അയാൾ പോലുമറിയാതെ നിദ്രയിലേക്ക് വഴുതി. അപ്പോഴേക്കും ആ മണ്ണെണ്ണ വിളക്ക് താനെ അണഞ്ഞ് കഴിഞ്ഞിരുന്നു.

ഇന്നെങ്കിലും ആ പ്രണയ ലേഖനം അവൾക്ക് നൽകണം.... ഉറക്കമുണരുമ്പോൾ അയാളുടെ ആദ്യ ചിന്ത അതായിരുന്നു. പിന്നെ, ദ്രവിച്ചുതുടങ്ങിയ പനമ്പായില്‍ ചമ്രം പിണഞ്ഞിരുന്ന് കഴിഞ്ഞ രാത്രിയിൽ നടന്ന ആദ്യരാത്രിയുടെ ദൃശ്യങ്ങൾ അയാൾ വെറുതേ ഒന്ന് ഓടിച്ചുനോക്കി. അവിടെയും ഇവിടെയും ചില പാകപ്പിഴകൾ... സാരമില്ല. ഇന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവയെയും ഒഴിവാക്കാൻ ശ്രമിക്കണം. പായിൽ നിന്ന് എഴുന്നേറ്റ് പല്ലും മുഖവും കഴുകി പാടത്തേക്ക് തിരിച്ചു. പോകുംവഴി പുട്ടും കടലയും കഴിച്ചു, ഒരു കെട്ട് ബീഡി വാങ്ങി. പാടത്തെത്തുമ്പോൾ പണിക്കാരെല്ലാം പണി തുടങ്ങിയിരുന്നു.

മണി പത്ത് ആയിക്കാണും. പാടത്തെ പശിമയാര്‍ന്ന മണ്ണില്‍ മണ്‍വെട്ടി ആഴ്ത്തി വെട്ടിയപ്പോള്‍ മുഖത്ത് തെറിച്ച ചേറും വെള്ളവും തലയിൽ കെട്ടിയ തോര്‍ത്തഴിച്ച് തുടക്കുമ്പോള്‍, അങ്ങേ ദൂരെ നിന്ന് ആരോ നടന്നുവരുന്നു. അവൾ തന്നെ! പച്ചപ്പാവാടയും ചുവന്ന ബ്ലൌസും കൈയ്യിൽ കുറേ പുസ്തകങ്ങളുമായി അരിക് വെട്ടി കനം കുറഞ്ഞ വരമ്പിലൂടെ സശ്രദ്ധം നടന്നുവരുന്ന അവളെ കണ്ടപ്പോൾ അയാളുടെ മുഖം നിറഞ്ഞു. മൈലാഞ്ചിയും വെള്ളിക്കൊലുസുമിട്ട് മനോഹരമാക്കിയ അവളുടെ പാദങ്ങളുടെ താളാത്മക ചുവടുവയ്പ്പിലും, വരമ്പിൽ നിന്ന് വരമ്പിലേക്കുള്ള കുതിച്ചുചാട്ടങ്ങളിലും അയാൾ മെയ്മറന്നു. അവൾ അടുക്കുന്തോറും അയാളുടെ നെഞ്ചിടിപ്പിന് വേഗത കൂടി. ജോലി ചെയ്യുകയാണെന്ന് വരുത്തി, അയാൾ അവളെ തന്നെ ശ്രദ്ധിച്ചു. പതിവ് പോലെ അവളുടെ പാദസരങ്ങൾ അയാളെ നോക്കി ചിരിച്ചു. മുട്ടോളമുള്ള ചെളിവെള്ളത്തില്‍ മണ്‍‌വെട്ടിയും ഓങ്ങി നില്‍ക്കുന്ന അയാളെ ഒന്ന് വെറുതേ പോലും നോക്കാതെ അവള്‍ കടന്നുപോയപ്പോള്‍ പ്രകമ്പനം കൊണ്ട വായുവില്‍ കാച്ചിയ വെളിച്ചെണ്ണയുടെ മണമുണ്ടായിരുന്നു. അതിന്‍റെ ഉന്മാദ ലഹരിയിൽ അയാൾ അന്നത്തെ പണികളും വേഗം തീര്‍ന്നു.

അവളെ കുറിച്ച് അയാൾ ആരോടും അന്വേഷിച്ചില്ല. അക്കരെയുള്ള കൃഷ്ണൻ നായരുടെ മകളാണെന്ന് മാത്രം അറിയാം. ടൂട്ടോറിയൽ കോളേജിലോ മറ്റോ പഠിക്കുകയാവും. ഒരു ദിവസം സംസാരിക്കണമെന്ന് പലപ്പോഴും കരുതും. പക്ഷേ, അവളെ കാണുമ്പോൾ വേണ്ടെന്ന് വയ്ക്കും. എന്ത് സംസാരിക്കും? എന്തിനെ പറ്റി സംസാരിക്കും? മഴയത്തും വെള്ളപ്പൊക്കത്തിലും മുഖഛായ മാറുന്ന പാടത്തെ അതിരുകള്‍ പഴയതുപോളെ തിരിച്ച് വരമ്പുകൾ തീർക്കുന്ന തന്നെ പോലെ ഒരാൾ അതിര് കടക്കരുതെന്ന ചിന്ത... പിന്നെ നിറം, ജാതി, ജോലി... ഇവയെല്ലാം അയാളെ പിന്നിലേക്ക് വലിച്ചു. അല്ലെങ്കിലും, ആറ്റുനോറ്റുവളർത്തുന്ന നെല്‍മണികളെ പോലും കുറവന്‍‌മാര്‍ മോഹിക്കാന്‍ പാടില്ല, അത് തമ്പ്രാക്കന്മാർക്കുള്ളതാണ്! നെൽമണികളെ കണ്ണിലെ കൃഷ്ണമണി പോലെ കരുതാം, സ്വന്തമെന്ന പോലെ കണ്ടുനില്‍ക്കാം, പക്ഷേ മോഹിക്കാൻ പാടില്ല. അതാണ് പ്രകൃതി നിയമം. എങ്കിലും, അയാൾ അവളുടെ പാദസരങ്ങളുമായി കിന്നരിക്കുമായിരുന്നു, ചുട്ടുപൊള്ളുന്ന വെയിലില്‍ ഒരു തണൽ മരം പോലെ ദിവസവും അവള്‍ ആ വരമ്പിലൂടെ കടന്നുപോകുമ്പോള്‍! ഇന്ന് എന്താ കഴിച്ചതെന്നും, കൂട്ടാൻ എന്തായിരുന്നു എന്നുമൊക്കെ ആ പാദസരം അയാളോട് ചോദിക്കും. അതിനൊക്കെ അയാൾ മനസിൽ ഉത്തരം പറയും. പിന്നെ, സുന്ദരമായ അവളുടെ പാദത്തിൽ കിടന്ന് തന്നെ നോക്കി ചിരിക്കുന്ന പാദസരങ്ങളെ മറയുവോളം നോക്കി നിൽക്കും. ആ പാദസരങ്ങളെ അയാൾ ഇഷ്ടപ്പെട്ടു, അവളെ പോലെ! അതുകൊണ്ടുതന്നെ, അതിന്റെ താളവും ശബ്ദവും അയാൾക്ക് ഹൃദ്യമായിരുന്നു. അവയുടെ വ്യതിയാനങ്ങളിൽ നിന്ന് അവളുടെ ഹൃദയമിടിപ്പിന്റെ വേഗതയും ഞരമ്പിലെ രക്തസമ്മർദ്ദവും അയാൾ ഊഹിച്ചെടുത്തു. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ വേഗത അയാൾക്ക് മനപ്പാഠമായിരുന്നു. എങ്കിലും, അയാള്‍ എല്ലാം മറച്ചുവച്ചു.

അവസാനമായി അവളെ കാണുന്ന ദിവസം അവൾ കസവ് സാരി ഉടുത്തിരുന്നു. തല നിറയെ മുല്ലപ്പൂവും, കഴുത്ത് നിറയെ സ്വര്‍ണ്ണാഭരണങ്ങളും, നെറ്റിയില്‍ സിന്ദൂരവും, മുഖത്ത് മന്ദഹാസവുമായി അവൾ ആ വരമ്പിലൂടെ കടന്നുപോയി. പക്കമേളക്കാരുടെ താളത്തിനൊത്ത് ചലിച്ച അവളുടെ കാലുകളും കണ്ണുകളും അന്നും അയാളെ ശ്രദ്ധിച്ചില്ല. എങ്കിലും, പാദസരങ്ങള്‍ അയാളെ നോക്കി. എങ്കിലും പുഞ്ചിരിക്കുകയോ വിശേഷമാരായുകയോ ചെയ്തില്ല. “എന്തിനാണീ ഗൌരവം?“ കണ്മുനകളിൽ കണ്ണീർ പൊടിഞ്ഞിട്ടും അയാൾ ചോദിച്ചു. അയാളുടെ കണ്ണുകളിലേക്ക് സസൂഷ്മം നോക്കിയ ശേഷം പാദസരങ്ങൾ തലകുനിച്ചു, അതിന്റെ സ്വരത്തിൽ പ്രണയഭംഗത്തിന്റെ മാറ്റൊലിയുണ്ടായിരുന്നു.

ചക്രവാളം വരെ നീണ്ടുകിടക്കുന്ന വയൽ വരമ്പിലൂടെ അവള്‍ നടന്നകലുന്നത് അയാള്‍ നിർന്നിമേഷനായി നോക്കി നിന്നു. എന്നിട്ടും അവള്‍ തിരിഞ്ഞ് നോക്കിയില്ല. ഒരു യാത്രാമൊഴി പോലും ചൊല്ലാതെ, ഒന്ന് മന്ദഹസിക്കുക കൂടി ചെയ്യാതെ അവള്‍ പോയി. അന്നയാൾ ഉറങ്ങാൻ കിടന്നു, എങ്കിലും ഉറക്കം വന്നില്ല. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും അസഹനീയമായി നാറ്റം… അടുപ്പിൽ നിന്നുള്ള ഉഷ്ണം… കിരുകിരാ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്തുന്ന ചുണ്ടെലികള്‍… ചിലക്കുന്ന പല്ലി… കൂര്‍ക്കം വലിക്കുന്ന പരട്ട പൂച്ച… കാലിലും കൈയ്യിലും കയറി ശുണ്ഠി പിടിപ്പിക്കുന്ന ചോനാനുറുമ്പുകള്‍… ദുഃസ്വപ്നങ്ങള്‍… അയാൾ മൂടിപ്പുതച്ച് കിടന്നു, അങ്ങനെയെങ്കിലും എല്ലാം മറന്ന് ഒന്നുറങ്ങുവാൻ!

5 comments:

 1. കൊള്ളാം
  ഇതിലൊരു കഥയുണ്ട്

  ReplyDelete
 2. ചിലത് ചില സമയത്ത് അറിയാത്തതാണ് ഇല്ലാത്തതല്ല...............
  നല്ലെഴുത്ത്.......
  ഭാവത്തിന്‍ പരകോടിയില്‍ .........എന്നല്ലേ ?

  ReplyDelete
 3. നല്ല കഥ..യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്,നോവുകളില്‍ നിന്നൊക്കെ നമ്മളെ മറ്റൊരു ലോകത്തെത്തിക്കുന്നു പ്രണയം.

  ReplyDelete
 4. പ്രണയം- പറഞ്ഞതും പറയാത്തതും, ചിലത് പറയാന്‍ പറ്റാതെ പോകുന്നതും. അയാള്‍ക്ക്‌ പ്രണയിക്കാന്‍ മാത്രമാണ് കഴിയുക, ഒരിക്കലും പറയാനാവാതെ. വിധികള്‍...

  ReplyDelete