Wednesday, July 27, 2011

ഗൾഫുകാരൻ ശങ്കരൻ കുട്ടി

വല്യ വൃത്തിക്കാരനാണ് ശങ്കരൻ കുട്ടി. കാലത്തും വൈകിട്ടും പിന്നെ കിടക്കുന്നതിന് മുമ്പും കുളിക്കുക, മൂന്ന് നേരം പല്ല് തേയ്ക്കുക, ദവസോം ഷേവ് ചെയ്യുക, സോപ്പും തോർത്ത് പോലൊരു കർച്ചീഫും കൂടെ കൊണ്ട് നടക്കുക, എവിടെ വെള്ളം കണ്ടാലും കാലും മുഖവും കഴുകുക തുടങ്ങിയ ദുശീലങ്ങളാണ് കക്ഷിയുടെ പ്രധാന സ്വഭാവ സവിശേഷതകൾ. അതുകൊണ്ടുതന്നെ, ശങ്കരൻ കുട്ടിയെ നാട്ടുകാർ "വൃത്തി" എന്ന് വിളിച്ചു. തെങ്ങ് കേറ്റക്കാരൻ ശങ്കരന് ഇത്രയും വൃത്തിയുടെ ആവശ്യമുണ്ടോ എന്നാണ് നാട്ടുകാരുടെ ചോദ്യം. നാട്ടുകാർ എന്തെങ്കിലും പറയട്ടെ! ശങ്കരൻ കുട്ടി അതൊന്നും ശ്രദ്ധിക്കാനേ പോയില്ല.

സോപ്പും സൗന്ദര്യ ലേപനങ്ങളും വാങ്ങിക്കൂട്ടിയാലും, ശങ്കരൻ കുട്ടിയുടെ കൈയ്യിൽ എപ്പോഴും നല്ല കാശാണ്. തെങ്ങ് കേറ്റക്കാർക്ക് നാട്ടിലുള്ള മുടിഞ്ഞ ഡിമാന്റ് കാരണം ശങ്കരൻ കുട്ടിക്ക് ജോലിക്ക് യാതൊരു കുറവുമില്ല. ദിനവും പത്തമ്പത് തെങ്ങുകൾ കയറുന്നതുകൊണ്ടാവണം വല്യ പുരോഗമനവാദി കൂടിയാണ് ശങ്കരൻ കുട്ടി. പത്ത് വരെ പഠിച്ച ടിയാന് എങ്ങനെയെങ്കിലും ഒരു സർക്കാർ ജോലി സംഘടിപ്പിക്കണം. പിന്നെ, അപ്പനപ്പുപ്പന്മാർ ചെയ്ത തെങ്ങുകയറ്റം ഉപേക്ഷിക്കണം. നല്ല സ്ത്രീധനവും വാങ്ങി, സുന്ദരിയായ ഒരു പെണ്ണിനെയും കെട്ടി സുഖമായി ജീവിക്കണം. ഇതൊക്കെയാണ് ശങ്കരൻ കുട്ടിയുടെ ജീവിതാഭിലാഷങ്ങൾ.

ശനിയാഴ്ച. ശങ്കരൻ കുട്ടി ആകെ വ്യപ്രാളത്തിലാണ്. 11 മണിക്ക് ഒരു പെണ്ണിനെ കാണാൻ പോണം, അൽപ്പം ദൂരെ! വൈകിട്ടേ തിരികെയെത്തു. അതിനാൽ, 10 മണിക്ക് മുമ്പ് തന്നെ ഒരു സർക്കാർ ജോലിക്കുള്ള ആപ്ലിക്കേഷൻ ഫോം പോസ്റ്റ് ചെയ്യണം. അതിനും മുമ്പ് ഒന്ന് ഷേവ് ചെയ്യണം, പിന്നെ കുളിക്കണം. ശങ്കരൻ കുട്ടിയുടെ കുളിയെന്ന് പറഞ്ഞാൽ അറിയാമല്ലോ... മുല്ലപ്പെരിയാറിലെ വെള്ളം തീരുന്നതുവരെ പുള്ളി കുളിക്കും. ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തും എന്ന ചിന്തയാണ് ശങ്കരൻ കുട്ടിയുടെ വ്യപ്രാളാത്തിന്റെ പ്രധാന കാരണം. എണ്ണ, സോപ്പ്, ചീപ്പ്, കണ്ണാടി, തോർത്ത്, ചന്ദനം, മഞ്ഞൾ, ഷാമ്പൂ, ഈഞ്ച തുടങ്ങിയ കുളിക്കാനുള്ള സാമഗ്രികളും, മാറിയുടുക്കാനുള്ള തുണിയും എല്ലാം കൃത്യമായി മേശപ്പുറത്ത് എടുത്തുവച്ച ശേഷം ശങ്കരൻ കുട്ടി താടി വടിക്കാന്‍ ബാര്‍ബര്‍ ഷോപ്പില്‍ നടന്നു.

"എങ്ങോട്ടാ ശങ്കരാ രാവിലെ തന്നെ?" വഴിയിൽ വച്ച് കുര്യാക്കോസ് തിരക്കി. "കണ്ണന്റെ ബാർബർ ഷോപ്പ് വരെ പോവുവാ, താടി വടിക്കണം!" "അതിന് താടിയെവിടെ ശങ്കരാ...?" കുര്യാക്കോസിന്റെ ചിരിയും ചോദ്യം കേട്ട് ശങ്കരൻ കുട്ടിക്ക് അരിശം വന്നു. എങ്കിലും ഒന്നും പറയാൻ പോയില്ല, നല്ലോരു ദിവസമായിട്ട് എന്തിനാ!!!! ശങ്കരൻ കുട്ടി കുര്യാക്കോസിനെ മനപൂർവം അവഗണിച്ച് മുന്നോട്ട് നടന്നു. കുറേ നേരം ശങ്കരൻ കുട്ടിയെ നോക്കിച്ചിരിച്ച ശേഷം കുര്യാക്കോസും അയാളുടെ പാട്ടിന് പോയി. അടുത്ത് ദേ വരുന്നു പാൽക്കാരൻ പരമു. "എങ്ങോട്ടാ ശങ്കരാ? രാവിലെ തന്നെ തെങ്ങ് കയറാനുണ്ടാവും, ല്ലേ?" "ഉണ്ടെടാ നായിന്റെ മോനേ... നിന്റെ അമ്മേടെ നാലഞ്ച് തെങ്ങിൽ കയറാനുണ്ട്"  --- എന്ന് ശങ്കരൻ കുട്ടിക്ക് പറയണമെന്ന് തോന്നി... ഈ നാട്ടുകാർക്കെല്ലാം എന്നെക്കാണുമ്പോൾ എന്താ ഇത്ര കൃമികടി? പരമുവിനോട് കമാ എന്നൊരക്ഷരം പറയാതെ ശങ്കരൻ കുട്ടി പിന്നെയും നടന്നു.

കണ്ണന്റെ ബാർബർ ഷോപ്പിൽ എത്തിയപ്പോൾ അവിടെ ഭയങ്കര തിരക്ക്. "അകത്തേക്ക് കേറുന്നില്ലേ, ശങ്കരാ?" ബാർബർ ഷോപ്പിൽ കയറാതെ വെളിയിൽ നിന്ന് ഉള്ളിലേക്ക് തലയിട്ട് ആളുകളുടെ എണ്ണമെടുക്കുന്ന ശങ്കരൻ കുട്ടിയെ കണ്ട് കണ്ണൻ ചോദിച്ചു. "ഇതെപ്പോ കഴിയും?" "സമയമെടുക്കും, എന്താ എവിടെയെങ്കിലും പോകുന്നുണ്ടോ?" "ഉവ്വ... ഇ... ഇല്ല. വെറുതേ ഷേവ് ചെയ്യാമെന്ന് വച്ച് ഇറങ്ങിയതാ..." "ആരെങ്കിലും വെറുതേ ഷേവ് ചെയ്യുമോ, ശങ്കരാ. അതിനൊക്കെ കാശ് കൊടുക്കണ്ടേ?" കണ്ണൻ കത്തിമാറ്റിയപ്പോൾ ഷേവ് ചെയ്യുകയായിരുന്ന മണിയൻ മുഖം തിരിച്ച് ചോദിച്ചു. ബാർബർ ഷോപ്പിൽ കൂട്ടച്ചിരി. ശങ്കരൻ കുട്ടി പിന്നെ അവിടെ നിന്നില്ല. "ഹല്ല, ശങ്കരൻ കുട്ടി പോവുവാണോ? ഒന്ന് 'വൃത്തി'യായി ഷേവ് ചെയ്തിട്ട് പോ...." പിന്നെയും കൂട്ടച്ചിരി. ശങ്കരന്‍ കുട്ടി വീട്ടിലേയ്ക്ക് നടന്നു. വഴിയില്‍ വച്ച് ഒരു ബ്ലേഡും ഷേവിംഗ് സെറ്റും വാങ്ങിച്ചു. താടി വടിക്കാന്‍ ഇനി ഒരു പട്ടികളെയും താങ്ങണ്ടല്ലോ!

വീട്ടിലെത്തിയ ശങ്കരന്‍ കുട്ടി സമയം ഒട്ടും പാഴാക്കാതെ വസ്ത്രം മാറ്റി, ഒരു തോര്‍ത്ത് മുണ്ട് ചുറ്റി, കണ്ണാടിയും സോപ്പും ആണിയും ഒരു കൊട്ടുവടിയുമെടുത്ത് മുറ്റത്തേയ്ക്കിറങ്ങി. ആണി മുറ്റത്തെ വരിക്ക പ്ലാവില്‍ തറച്ച് കണ്ണാടി അതില്‍ തൂക്കി. സോപ്പ് നന്നായി പതച്ച് മുഖത്ത് പുരട്ടി. ബ്ലേഡ് സെറ്റിലിട്ട് ഷേവ് ചെയ്യാന്‍ സെറ്റ് മുഖത്തേയ്ക്ക് അടുപ്പിച്ചപ്പോഴാണ് ഒരു കാര്യം ശങ്കരന്‍ കുട്ടി ഓര്‍ത്തത്. ഷേവ് ചെയ്യാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയ കൂട്ടത്തില്‍ പോസ്റ്റ് ചെയ്യാനിരുന്ന കത്തിന്‍റെ കാര്യം മറന്നു! കുളിയെല്ലാം കഴിഞ്ഞ് വരുമ്പോൾ എങ്ങനെയായാലും താമസിക്കും. പിന്നെ പെണ്ണുകാണാനുള്ള യാത്രയുടെ തിടുക്കത്തിനിടയിൽ കത്ത് പോസ്റ്റുചെയ്യുക എന്നത് നടക്കുന്ന കാര്യമല്ല. ശങ്കരൻ കുട്ടി ഉമ്മറത്ത് തൂങ്ങന്ന ക്ലോക്കിലേക്ക് നോക്കി. മണി എട്ട്. ഈശ്വരാ.... എല്ലാ പ്ലാനിംഗും പാളിയത് തന്നെ. കിട്ടിയ തുണിയെടുത്തിട്ട് ശങ്കരന്‍ കുട്ടി പാഞ്ഞു.

തിടുക്കത്തിൽ നടക്കുന്ന തന്നെ കണ്ട് നാട്ടുകാർ ചിരിക്കുന്നു...! ഇവർക്ക് ഇത് എന്തുപറ്റി? കാലത്ത് മുതൽ തുടങ്ങിയതാണെല്ലോ! എങ്ങനെയെങ്കിലും ഒരു ജോലി തരപ്പെടുത്താന്‍ പെടാപാട് പെടുമ്പോഴാ ഇവന്മാരുടെ ഒരു ചിരി. ശങ്കരന്‍ കുട്ടി നാട്ടുകാരെ ശ്രദ്ധിക്കാതെ നടപ്പിന്റെ വേഗത കൂട്ടി. പോസ്റ്റാഫീസിലെത്തിയപ്പോള്‍ കത്തെടുക്കാന്‍ ശങ്കരന്‍ കുട്ടി പോക്കറ്റില്‍ കൈയ്യിട്ടു. കത്തെവിടെ? ശങ്കരന്‍ കുട്ടിയുടെ നെഞ്ചൊന്ന് പിടഞ്ഞു. വെപ്രാളത്തിനിടയില്‍ ഷര്‍ട്ട് മാറിപ്പോയി. ഇനിയിപ്പോ എന്ത് ചെയ്യും? ശങ്കരന്‍ കുട്ടി താടി ചൊറിഞ്ഞു. ങേ! ഇതെന്താ? ശങ്കരന്‍ കുട്ടിയുടെ കൈയില്‍ മുഴുവന്‍ ഏതാണ്ടൊരു വെള്ള സാധനം. ഛേ, സോപ്പ്! അപ്പോഴാണ് താൻ ഷേവ് ചെയ്യുകയായിരുന്നുവെന്ന കാര്യം ശങ്കരൻ കുട്ടി ഓർക്കുന്നത്. ആരും കാണാതെ ഉടുമുണ്ട് കൊണ്ട് മുഖം തുടയ്ക്കാന്‍ ശങ്കരന്‍ കുട്ടി കുനിഞ്ഞു. മുണ്ടെവിടെ? ശങ്കരന്‍ കുട്ടിയ്ക്ക് കണ്ണ് കാണാതായി. അകവും പുറവും നന്നായി കാണാവുന്ന തോർത്ത് മുണ്ടിന് മുന്നിൽ കൈകൾ വച്ച് ശങ്കരൻ കുട്ടി ചൂളി. കത്ത് പോസ്റ്റ് ചെയ്യാനെത്തിയ സ്കൂളിൽ പഠിക്കുന്ന നാലഞ്ച് പെൺകുട്ടികൾ ശങ്കരൻ കുട്ടിയുടെ നിൽപ്പ് കണ്ട് അന്തിച്ച് പരസ്പരം കുശുകുശുത്തു. ഈശ്വരാ.... ഇതെന്ത് പരീക്ഷണം.... നാണക്കേട് സഹിക്കുന്നതിനൊക്കെ ഒരു പരുധിയില്ലേ? ശങ്കരന്‍ കുട്ടി വീട്ടിലേക്ക് ഒരൊറ്റ ഓട്ടം വച്ചുകൊടുത്തു. അതിന് ശേഷം ശങ്കരൻ കുട്ടിയെ നാട്ടുകാർ കണ്ടിട്ടേയില്ല. നാണക്കേട് സഹിക്കാനാവാതെ കക്ഷി ബോംബയിലേക്ക് നാടുവിട്ടെന്നും പിന്നെ അവിടെ നിന്ന് ഗൾഫിലേക്കും വിമാനം കയറിയെന്നുമാണ് ജന സംസാരം. "ഇങ്ങനെ ഓരോരുത്തന്മാർ ഗൾഫിലേക്ക് വിമാനം കയറിയാൽ ഈ അറബികൾ എന്ത് ചെയ്യും?" -- ഇതായിരുന്നത്രേ കണ്ണന്റെ ബാർബർ ഷോപ്പിൽ പിന്നെ നടന്ന ചർച്ചകളുടെ ചൂടുള്ള ചർച്ചാവിഷയം! ഏതായാലും, ഗൽഫിൽ ചെന്നാലെങ്കിലും ശങ്കരൻ കുട്ടിയുടെ പ്രശ്നങ്ങൾ തീർന്നാൽ മതിയായിരുന്നു!

2 comments:

 1. പാവം ശങ്കരന്‍കുട്ടി.
  അന്തംവിട്ടാല്‍ പ്രതി എന്തും ചെയ്യും എന്ന് കേട്ടിട്ടുണ്ട്.
  ഇതിപ്പോ, ഒന്നിന് പിന്നാലെ ഒന്നായി....
  കഷ്ടകാലം വരുമ്പോള്‍ കൂട്ടത്തോടെ!!

  ശങ്കരന്‍ കുട്ടിയുടെ ആകുലതകള്‍... നന്നായി എഴുതിയിട്ടുണ്ട്.

  ReplyDelete
 2. പാവം ശങ്കരന്‍ കുട്ടി ..വൃത്തി വരുത്തിയ വിനയെ..

  ReplyDelete