Sunday, July 24, 2011

സമാനമായ തടവറകള്‍

ഒറ്റ രാത്രി കൊണ്ട് തന്നെ ആ കടലോര ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറിയിരുന്നു... കത്തിയമർന്ന കുടിലുകൾ, തകർക്കപ്പെട്ട ബോട്ടുകൾ, കടലിൽ ഒഴുകിനടക്കുന്ന ചെറുവള്ളകൾ, എങ്ങും കൂട്ട നിലവിളികൾ... രക്തക്കറ പുരണ്ട പൂഴി വാരി മാറത്തടിച്ച് അലമുറയിടുന്ന അമ്മമാർ, അവർക്കരിൽ ഒന്നുമറിയാതെ നിൽക്കുന്ന കുട്ടികൾ... ചോരക്കറ പുറണ്ട വാളും കത്തികളും അണഞ്ഞ പന്തങ്ങളും അവിടവിടെ ചിതറിക്കിടക്കുന്നു. മലച്ചുകിടക്കുന്ന മൃതശരീരങ്ങളെയും അവയുടെ അറ്റുപോയ ശരീര ഭാഗങ്ങളും ആളുകൾ പലയിടങ്ങളിലായി കണ്ടെടുക്കുന്നു... അവയെല്ലാം അവർ റോഡിനരികിലിട്ട് ചാക്കിട്ട് മൂടുന്നു... റൊന്ത് ചുറ്റുന്ന പൊലീസ് വാഹനങ്ങളിൽ നിന്ന് അക്രമകാരികൾക്കെതിരായ താക്കീത് അന്തരീക്ഷത്തിലേക്ക് നിരന്തരം പ്രസരിക്കുന്നു.... പൊലീസ് വാഹനം കണ്ട് ഓടാൻ ശ്രമിച്ചവരെ പൊലീസും നാട്ടുകാരും ഓടിച്ചിട്ട് പിടിച്ച് വണ്ടിയിൽ കയറ്റുന്നു.... അങ്ങനെയാണ് അയാളും അറസ്റ്റിലായത്!

ഇരുളടഞ്ഞ ആ സെല്ലിന്റെ മൂലയിൽ അയാൾ ഭയന്നുവിറച്ചിരുന്നു. ഒപ്പം ഇരുപതോളം കലാപകാരികൾ. ഭൂരിപക്ഷവും ചെറുപ്പക്കാർ. ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർ. പൂർണ്ണ നഗ്നരായി എല്ലാവരും കുത്തിയിരുപ്പാണ്, പഞ്ചപാവങ്ങളെ പോലെ. അവരിൽ ചിലർ അങ്ങോട്ടുമിങ്ങോട്ടും കണ്ണുകാണിക്കുന്നു, ഇടക്കിടെ മൂലയിലിരുന്ന് വിറയ്ക്കുന്ന അയാളെ നോക്കുന്നു. കത്തിപിടിക്കാൻ ആരോഗ്യമില്ലാത്ത ഈ കെഴവനെങ്ങനെ ഈ സെല്ലിൽ വന്നുവെന്ന് അവർ സംശയിച്ചിരിക്കാം. പൊലീസിന് അതൊന്നും നോക്കേണ്ട ആവശ്യമില്ലല്ലോ! അവർക്ക് പ്രതികളെ കിട്ടണം. പൊലീസുകാർ ഇടക്കിടെ സെല്ലിൽ വന്ന് നോക്കും. പിന്നെ ഓരോരുത്തരെയായി വിളിച്ചോണ്ട് പോകും, അടുത്ത സെല്ലിലേക്ക്. അവിടെ അവർ പ്രതികളെ ചോദ്യം ചെയ്തു. മാംസത്തിൽ പതിക്കുന്ന ബെൽറ്റിന്റെയും ലാത്തിയുടെയും ശബ്ദം നിലവിളികളുടെ പശ്ചാത്തലത്തിൽ നിരന്തരം കേട്ടുകൊണ്ടിരുന്നു. ചോദ്യം ചെയ്യാൻ കൊണ്ടുപോയവരാരും പിന്നെ ആ സെല്ലിൽ തിരികെ വന്നില്ല. ഒരുപക്ഷേ, മറ്റേതെങ്കിലും സെല്ലിലേക്ക് അവരെ മാറ്റിയിട്ടുണ്ടാവും. അല്ലെങ്കിൽ, കുറ്റം സമ്മതിച്ചതിനാൽ കോടതിയിലേക്ക് കൊണ്ട് പോയിട്ടുണ്ടാവും. അങ്ങനെ, അവിടെ അയാൾ മാത്രമായി.

കുറേ കഴിഞ്ഞപ്പോൾ അയാളുടെ ഊഴവും എത്തി. ഒരു പൊലീസുകാരൻ സെല്ല് തുറന്ന് അയാളെ അടുത്തുള്ള സെല്ലിലേക്ക് തള്ളിക്കൊണ്ട് പോയി. താൻ നിരപരാധിയാണെന്ന് അയാൾ ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്നു, എങ്കിലും ശബ്ദം പുറത്ത് വന്നില്ല. കണ്മുന്നിൽ ആളുകൾ കാശാപ്പ് ചെയ്യപ്പെടുന്നത് കണ്ടതിന്റെ ആഘാതത്തിൽ തന്നെ അയാളുടെ സമനില തെറ്റിയിരുന്നു. കടത്തിണ്ണയിലെ പാതിമയക്കത്തിനിടയിൽ കണ്ണിൽ പതിഞ്ഞ ഭയാനക ചിത്രങ്ങൾ അയാളുടെ കണ്ണുകളിലൂടെ അപ്പോഴും മിന്നിമറഞ്ഞുകൊണ്ടിരുന്നു.

സെല്ലിലേക്ക് അയാളെ തല്ലിയിട്ട് പൊലീസുകാരൻ സെല്ല് പൂട്ടി, നിനക്കുള്ളത് താമസിയാതെ കിട്ടും എന്ന പുശ്ചഭാവത്തിൽ! ആ സെല്ലിന്റെ ചുവരുകളിൽ രക്തം കൊണ്ട് ചുവർചിത്രങ്ങൾ വരച്ചിരുന്നു. തറയിലെ ചോരക്കറ അയാളുടെ പാദങ്ങളിൽ ഒട്ടിപ്പിടിച്ചു. മൂത്രത്തിന്റേയും ദുര്‍മേദസ് കലര്‍ന്ന വിയര്‍പ്പിന്റേയും രൂക്ഷഗന്ധം... മലം വടിച്ചെടുത്ത പാടുകള്‍... രക്തരക്ഷസുകളുടെ കയ്യിലകപ്പെട്ട നിര്‍ദോഷികലുടെ അപശബ്ദങ്ങള്‍ ആ സെല്ലിന്റെ ചുവരുകളിൽ നിന്ന് പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. പുകക്കറ കൊണ്ട് നിറം മങ്ങിയ സീലിംഗിൽ ചാഞ്ചാടുന്ന ചിലന്തിവലകള്‍ പ്രതീകാത്മകമായ മരണക്കെണി പോലെ തൂങ്ങിക്കിടക്കുന്നു. കൊതുകുകളുടെ ആതിഥേയത്വം സ്വീകരിച്ച് അയാൾ കുറേ നേരം അവിടെയിരുന്നു. പുറത്തെ മുറിയിൽ നിന്ന് ഫോൺ ബെൽ നിരന്തരം ചിലച്ചുകൊണ്ടിരുന്നു. പൊലീസുകാരുടെ ബൂട്ടിന്റെ ശബ്ദം അങ്ങോട്ടുമുങ്ങോട്ടും നടക്കുന്നുണ്ടെങ്കിൽ ആരും ആ ഫോൺ എടുത്തില്ല. കുറേ കഴിഞ്ഞപ്പോൾ ആരോ ഫോൺ എടുത്തു. പിന്നെ അത് ചിലച്ചില്ല.

പുറത്ത് ആരൊക്കെയോ സംസാരിക്കുന്നുണ്ട്. തന്നെക്കുറിച്ചായിരിക്കും... അയാൾക്ക് തോന്നി. ചിന്തകൾ അവസാനിക്കുംമുമ്പേ വെറിപ്പൂണ്ട മൂന്ന് പൊലീസുകാർ സെല്ലിലേക്ക് തള്ളിക്കയറി. അവർ അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. വാർദ്ധക്യം ബാധിച്ച അയാളുടെ മുഖം കണ്ട് മുതിർന്ന ഉദ്യോഗസ്ഥനെന്ന് തോന്നിക്കുന്ന ഒരാൾ മറ്റ് രണ്ട് പേരുടെയും മുഖത്ത് നോക്കി, പിന്നെ കൈമലർത്തി. "അത് സാർ, പൊലീസ് വാൻ കണ്ട ഓടുന്നത് കണ്ടാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്." ഒരാൾ ബോധിപ്പിച്ചു. മുന്നിൽ നിന്ന് വിറക്കുന്ന വയോവൃദ്ധനെ അയാൾ അടിമുടി നോക്കി. "എന്തിനാ പൊലീസിനെ കണ്ടപ്പോൾ ഓടിയത്?" അയാൾ സൗമ്യമായ ഗൗരവത്തോടെ ചോദിച്ചു. അയാൾ ഉത്തരം പറഞ്ഞില്ല. മുതിർന്ന ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നവരെ അർത്ഥം വച്ച് നോക്കിയ ശേഷം സെല്ലിൽ നിന്ന് വെളിയിലേക്ക് പോയി. "ചോദ്യം ചോദിച്ചാൽ നീ ഉത്തരം പറയില്ല, അല്ലേടാ കെഴവാ...." ചെകിട്ടത്തേറ്റ അടിയേറ്റ് അയാൾ കറങ്ങിയടിച്ച് നിലത്ത് വീണു. വായിൽ നിന്ന് തെറിച്ച ചോര ചുവർചിത്രം മനോഹരമാക്കി. നിലത്ത് കിടന്ന് അയാൾ പിടഞ്ഞു. ഒപ്പം, രോമാവൃതമായ ശോഷിച്ച ലിംഗത്തിൽ നിന്ന് മൂത്രം മഞ്ഞയായി പുറത്തേയ്ക്കൊഴുകി. അത് അയാളുടെ ശരീരത്തിന് ചുറ്റും വ്യാപിച്ചു, പിന്നെ ആ ശരീരം അതിൽ പൊന്തിക്കിടന്നു, യാതൊരു അനക്കവുമില്ലാതെ!

അങ്ങനെ, കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഒരാൾ കൂടി ചേർക്കപ്പെട്ടു. അയാളുടെ ശരീരം അവർ മോർച്ചറിയിലേക്ക് രഹസ്യമായി മാറ്റി. അവിടെ ഡോക്ടർമാർ അയാളെ പോസ്റ്റുമോർട്ടം ചെയ്തു. മർദ്ദനം മൂലമുള്ള മരണമെന്ന് വിധിയെഴുതി. പേരോ മേൽവിലാസമോ ഇല്ലാത്ത ശരീരം ഏറ്റുവാങ്ങാൻ ആളില്ലാതെ ആഴ്ചകളോളം മോർച്ചറിയിലിരുന്ന് തണുത്ത് മരവിച്ചു. ശവങ്ങളുടെ ആധിക്യം ഏറിയപ്പോൾ അവർ അതിനെ എവിടെയോ കൊണ്ടുപോയി കുഴിച്ചുമൂടി. പിന്നെ, എല്ലാവരും അയാളെ മറന്നു! എങ്കിലും, തുടർന്നും അയാളുടെ അക്കൗണ്ടിൽ പണം എത്തിക്കൊണ്ടിരുന്നു, അനർഘമായ സ്നേഹത്തിന്റെ അവാച്യമായ പ്രകാശനമായി! അനർത്ഥമായ തിരച്ചിലിന്റെ പേരിൽ ആ വൃദ്ധസദനത്തിലെ ഉദ്യോഗസ്ഥർ ആ പണം നിർബാധം ചിലവഴിച്ചു.

6 comments:

 1. കഥ ഉള്ളിലൊരു കള്ളിമുള്ളായിഉടക്കിവലിക്കുന്നു.....കഥാകാരനുനന്ദി....

  ReplyDelete
 2. ശരിക്കും മനസ്സിനെ കൊളുത്തിവലിക്കുന്ന കഥ..വളരെ മനോഹരമായിരിക്കുന്നു.
  അഭിനന്ദനങ്ങള്‍

  ReplyDelete
 3. "പിന്നെ, എല്ലാവരും അയാളെ മറന്നു!"
  ആരാണ് അയാളെ എന്നെങ്കിലും ഓര്‍ത്തത് ?
  ആശയം നല്ലത് നന്നായി എഴുതി......

  ReplyDelete
 4. Beautiful writing.
  I like it more than your other works.

  ReplyDelete
 5. നന്നായിപ്പറഞ്ഞു, ആശയവും അസ്സല്‍!

  ReplyDelete