Monday, July 25, 2011

ഈ നാട് നന്നാവില്ല!

മണി 10
മണി 11
മണി 12
മണി 1...
എന്നിട്ടും അവൾ വന്നില്ല.
കാത്തിരുന്ന് മടുത്ത്
പോകാനൊരുങ്ങിയപ്പോൾ
അവളെത്തി.
അപ്പോൾ മണി 2.
നീയെന്തേ ഫോൺ ചെയ്തില്ല,
നീയെന്തേ SMS അയച്ചില്ല
എന്നൊന്നും ചോദിച്ചില്ല.
വന്നപാടെ കഴുത്തിന് പിടിച്ച്
ഒരു തള്ള്!
ദേ കിടക്കുന്നു ഓടയിൽ!

പിന്നെ, അമാന്തിച്ചില്ല.
കിട്ടിയ ബസിൽ ചാടിക്കയറി.
അവൾ ചാവട്ടെ, നാശം!
മനസിൽ അമർഷം,
പക, വെറുപ്പ്!
മുന്നിൽ സീറ്റ് കാലി.
അതിൽ ചെന്നിരുന്നു.
എന്നിട്ടും ശരീരം
തണുക്കുന്നില്ല.
പറഞ്ഞിട്ട് കാര്യമില്ല.
ടിക്കറ്റെടുക്കാൻ
കീശ തപ്പി
കാശെടുത്തു.
പിന്നെ, മണിയനെ
കാത്തിരിപ്പായി.

മൂന്ന് സ്റ്റോപ്പ് കഴിഞ്ഞ്
ചെക്കർമാർ കയറുന്നു.
ടിക്കറ്റ് ചോദിക്കുന്നു.
എന്നെ പൊക്കുന്നു.
വണ്ടിയിൽ നിന്നിറക്കുന്നു.
250 രൂപ ഫൈനടിക്കുന്നു.
"കണ്ടക്ടർ വന്നില്ല."
ന്യായം ഏൽക്കുന്നില്ല.
കൈയ്യിൽ കാശില്ല.
എത്ര പറഞ്ഞിട്ടും
ഇവർ വിടുന്നുമില്ല.
കോടതി, കേസ്, പിഴ...
എന്നൊക്കെ ഭീഷണി!
വേറെ രക്ഷയില്ല,
രണ്ടിനെയും ഉരുട്ടി താഴെയിട്ട്
ഒറ്റ ഓട്ടം!
കിട്ടിയ ബസിൽ
പിന്നേം ചാടിക്കയറി.
റോഡിൽ ബസില്ലെങ്കിൽ
തെണ്ടിയത് തന്നെ!
കെഎസ്ആർടിസി
എന്റെ കാവൽ ദൈവം!
സ്വയം സമാധാനിച്ചു.

കോളേജിലെത്തുമ്പോൾ
മണി 3.
പരീക്ഷാഫീസടക്കേണ്ട
അവസാന തീയതിയെന്ന്
കൂട്ടുകാരി!
കർത്താവേ കുഴഞ്ഞോ?
കണ്ടവരോടെല്ലാം കടം വാങ്ങി.
ചില തെണ്ടികൾ ഒഴിഞ്ഞുമാറി.
ഒടുവിൽ കാശൊപ്പിച്ചു.
ഫോം പൂരിപ്പിച്ച്
ഓഫീസിലേക്കോടി.

മണി 3.30
ഓഫീസിൽ വല്യ ക്യൂ.
അപേക്ഷാ ഫാം ചുരുട്ടി
തൂണിലും, ചുവരിലും ചാരി
നിന്നു ഏറെ നേരം.
മണി 4.00
ഒടുക്കം എന്റെ ഊഴം.
അഴിയിലൂടെ കാശും
ഫോമും നീട്ടി.
അത് വാങ്ങാതെ
അയാൾ എണീറ്റു.
അയാൾക്ക് പെടുക്കണം,
ചായ കുടിക്കണം,
പുകയ്ക്കണം...
ഇതുകൂടി ചെയ്തിട്ട് പോ അണ്ണാ...!
ഞാൻ കെഞ്ചി!
അതയാൾ ശ്രദ്ധിക്കുന്നില്ല.
ആവർത്തിച്ചിട്ടും
പ്രതികരിക്കുന്നില്ല.
പകരം,
അപ്പുറത്തെ ചേച്ചിയോട്
സല്ലാപം, ശൃംഗാരം...
എനിക്ക് സഹിക്കുന്നില്ല.
"ടാ പട്ടി കഴുവേറിവേറീടെ മോനേ!!!!"
ഒറ്റ പൊട്ടൽ.
ഓഫീസ് സ്തബ്ധം!
എല്ലാരും പരസ്പരം നോക്കുന്നു,
ഞാനും ചുറ്റും നോക്കുന്നു...
പ്രിൻസി വന്നെത്തി നോക്കുന്നു,
കൂട്ടത്തെ മുഴുവൻ തുരത്തുന്നു,
പ്രിൻസി തൻ കാലുകൾ
ഞാൻ പിടിക്കുന്നു.
"അവസാന തീയതിയണ്ണാ
കൈവിടരുത്."
ഒടുക്കം എനിക്ക് മാത്രം
പെർമിഷൻ!

ഇനിയെന്തേലും കഴിക്കണം!
രാവിലെ തൊട്ട് ജലപാനമില്ല.
'ഹോട്ടൽ ഉഷപൂജ'യിലേക്ക്!
മട്ടൻ ബിരിയാണിക്ക് ഓഡർ.
നിമിഷനേരം കൊണ്ട്
ബിരിയാണി മേശയിൽ.
കൈ തിരുമി
ഒരു പിടി വാരി
വായിൽ തള്ളി.
ഇത് എന്തര്?
ബിരിയാണിയോ അതോ
അവന്റെ അമ്മേടെ....?
സപ്ലയർ പയ്യൻ വന്നു.
എടുത്തോട് പോകാൻ പറഞ്ഞു
പിന്നെ വേറെ കൊണ്ടുവരാനും.
വേറെ ഇല്ലെന്നും
അവസാന പ്ലേറ്റെന്നും അവൻ!
"അവസാനം വടിച്ചെടുത്ത
എച്ചില് തിന്നാൻ
ഞാനെന്താ പട്ടിയാണോ?"
ചോദ്യം കേട്ട് പയ്യൻ മിഴിച്ചു,‌
കാഷിയറിലിരുന്ന ഓണറും!
"വേറെ എന്തെങ്കിലും?"
ഓണർ ചോദിച്ചു.
"ആനപ്പിണ്ടം കിട്ടുമോ?"
"എങ്കിൽ ഒരു പ്ലേറ്റ്!"
വാഷ് ബേസ്‌നിൽ
കാർക്കിച്ച് തുപ്പി
കൈ കഴുകി
ഞാനിറങ്ങിപ്പോയി.

വീട്ടിലെത്തുമ്പോൾ
മണി 6.
വയറ് വിശന്ന് കത്തുന്നു.
അമ്മയെ വിളിച്ചു.
മറുപടിയില്ല.
കതകും തുറക്കുന്നില്ല.
ക്ലാമ്പിൽ തൂങ്ങിയ
പൂച്ചെട്ടി തപ്പി.
കയ്യിൽ താക്കോൽ തടഞ്ഞു.
വീട് തുറന്നു, അടുക്കളയിൽ ചെന്നു.
"ഒന്നും ഉണ്ടാക്കിയില്ലേ?"
അടുത്തൊരു കല്യാണമുണ്ടെന്നും
അവിടെപ്പോയി കഴിക്കാൻ
അമ്മ നിർദ്ദേശിച്ചെന്നും
അയൽപക്കത്തെ കിഴവി.
അന്നാണ് ടിവിയും
ബാത്ത്റൂം കതകും
തരിപ്പണമായത്.
അങ്ങനെ ഞാനും പുറത്ത്!

പിന്നെ ഹോസ്റ്റലിൽ.
അവിടം ശരിയാകാതായപ്പോ
വാടക റൂമിൽ.
പിന്നെ, സുഹൃത്തിന്റെ റൂമിൽ.
അതുകഴിഞ്ഞ്,
സുഹൃത്തിന്റെ വീട്ടിൽ.
എവിടെപ്പോയാലും
സംഗതി മോശം.
ഈ നാട് നന്നാവില്ല!

10 comments:

 1. സ്വന്തം കഥയാ ?
  ഇങ്ങനെയൊക്കെ ചെയ്യണമെന്നു തോന്നിയിട്ടുണ്ട്
  ചെയ്തിട്ടില്ല.

  ReplyDelete
 2. ഇതെന്റെ കഥയല്ലെങ്കിലും, ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ മനസിൽ പല തവണ ചെയ്തിട്ടുണ്ട്. അതല്ലേ ഞമ്മളെ കൊണ്ട് പറ്റൂ... ;)

  ReplyDelete
 3. നമ്മുക്ക് ഇങ്ങനെ ഒക്കെ മുന്നോട്ട് പോകാം...
  ഈ നാട് നന്നായില്ലെങ്കിലും വേണ്ടില്ല..

  ReplyDelete
 4. പ്രതിപക്ഷ ബഹുമാനത്തോടെയും ചിന്തിക്കാവുന്നതെ ഉള്ളൂ.
  ചിലര്‍ എന്തിനും ഏതിനും ന്യായം കണ്ടെത്തും.

  ഇവിടെ അവള്‍ വരാന്‍ വൈകിയതുകൊണ്ടാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടായത്. അതുകൊണ്ടാണ് ആ ബസ്സില്‍ തന്നെ കയറേണ്ടിവന്നതും, അതില്‍ കണ്ടക്ടര്‍ വരാതിരുന്നതും, അതില്‍ തന്നെ ചെക്കര്‍ കയറിയതും, കോളേജില്‍ ലേറ്റ് ആയതും, ഫീസടയ്ക്കാന്‍ വൈകിയതും, പിന്നെ നടന്ന എല്ലാ പ്രശ്നങ്ങളും ഉണ്ടായതും. അവളെ ഓടയില്‍ തള്ളിയിട്ടതിന്റെ പുണ്യംകൊണ്ടാണ് അവസാന നിമിഷമെങ്കിലും ഫീസടയ്ക്കാനായതും, കല്യാണസദ്യ എങ്കിലും ബാക്കി ആയതും. എല്ലാ പ്രശ്നങ്ങള്‍ക്കും അവളാണ് കാരണം, അവള്‍ മാത്രം. എല്ലായിടവും ഇതുപോലുള്ള അവളുമാരുണ്ടാവും. വേറെ ആരെങ്കിലും നാലുമണിക്കൂര്‍ കാത്തുനില്‍ക്കുമോ? പിന്നെങ്ങനെ നാട് നന്നാവാന്‍?

  ReplyDelete
 5. പണ്ടാരം, ന്നെ മുഴോനും വായിപ്പിച്ച്!!

  ReplyDelete
 6. ഈ നാട് നന്നാക്കുന്നതിനു മുന്‍പ് നമുക്കൊന്ന് നന്നാവാം .അപ്പോള്‍ എല്ലാം നന്നാകും .

  ReplyDelete
 7. ഒരിടത്തും മടുപ്പിച്ചില്ല ..
  ഒരുപാട് ഇഷ്ടായി ..

  ReplyDelete