Friday, July 22, 2011

വിരാചിതമാവുന്ന പ്രകൃതി സത്യങ്ങൾ!


മനുഷ്യബുദ്ധിക്കും സങ്കല്‍പ്പങ്ങള്‍ക്കും അതീതമായി വ്യാപിച്ചുകിടക്കുന്ന മഹാ പ്രപഞ്ചം! അതിന്റെ സങ്കീർണ്ണതകളിലും മനോഹാരിതയിലും വശംവദരാകാത്ത, പ്രണയബദ്ധരാവാത്ത ഒറ്റ മനുഷ്യക്കുഞ്ഞെങ്കിലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. മനസും കാഴ്ചയും തുറക്കുന്തോറും വിസ്മയങ്ങളിൽ നിന്ന് വിസ്മയങ്ങളിലേക്കും, നിഗൂഢതകളിൽ നിന്ന് നിഗൂഢതകളിലേക്കും നമ്മേ നയിക്കുന്ന ഈ പ്രപഞ്ചം നമുക്ക് ചുറ്റും ഇല്ലായിരുന്നെങ്കിൽ...? ഹോ...! അത്തരമൊരു അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല! ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം: വ്യാപകമായ അർത്ഥത്തിൽ, പ്രപഞ്ചം എന്ന് പറയുമ്പോൾ അതിൽ മനുഷ്യനും ഉൾപ്പെടുമെങ്കിലും, മനുഷ്യനെയും പ്രകൃതിയെയും രണ്ട് വ്യത്യസ്ത അസ്ഥിത്വങ്ങളായി (entity) എടുക്കുമ്പോൾ പ്രകൃതി മനുഷ്യന്റെ ആശ്രയിക്കുന്നതിനെക്കാൾ ഏറെ മനുഷ്യൻ പ്രകൃതിയെ ആശ്രയിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനുഷ്യൻ ഇല്ലെങ്കിലും പ്രകൃതി നിലനിൽക്കും. എന്നാൽ, പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല.

ദൗർഭാഗ്യകരമെന്ന് പറയട്ടെ, പേഗൻ ചിന്തകൾക്കും ഹിന്ദുമതം പോലുള്ള പൗരസ്ത്യ സംസ്കൃതികൾക്കും പുറത്ത് നിൽക്കുന്ന പാശ്ചാത്യ തത്വചിന്തകളിലെല്ലാം മനുഷ്യനെ പ്രകൃതിയെക്കാൾ ശ്രേഷ്ഠനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അതായത്, മനുഷ്യ-പ്രകൃതി ബന്ധത്തിൽ മനുഷ്യൻ പ്രഥമൻ (primary), പ്രകൃതി രണ്ടാമൻ (secondary). ഇതിൽ എത്രമാത്രം വാസ്തവം ഉണ്ടെന്ന് പോലും ചിന്തിക്കാതെ, ചില വ്യവസ്ഥാപിത-മതപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ക്രിസ്തുമതവും ഇസ്ലാമുമൊക്കെ അറിഞ്ഞോ അറിയാതെയോ ഒരു മനുഷ്യ-കേന്ദ്രീകൃത (man centric) തത്വശാസ്ത്രത്തിന്റെ വക്താക്കളായിരിക്കുകയാണ്. അത് തെറ്റാണോ ശരിയാണോ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. എന്നാൽ, ഭൂമി സൂര്യനെയല്ല, മറിച്ച് സൂര്യനാണ് ഭൂമിയെ ചുറ്റുന്നതെന്ന് വിശ്വസിച്ച കാലഘട്ടത്തെ മനുഷ്യൻ ശാസ്ത്രത്തോടും മാനവികതയോടും കാട്ടിയ അക്രമം പോലെ, ഇന്ന് കാണുന്ന സകല പ്രകൃതിവിരുദ്ധ ജീവിത ശൈലികളുടെയും പ്രയോജനാചാരവാദ (utilitarianism) ചിന്താഗതികളുടെയും മൂലകാരണം ഈ മനുഷ്യ-കേന്ദ്രീകൃത നിലപാടല്ലേ എന്ന ചോദ്യം മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്...! പ്രകൃതിയുടെ ഭാഗമെന്ന നിലയിൽ പ്രകൃതിയുമായി മനുഷ്യന് അനുരൂപനാവാൻ സാധിക്കാതെ പോകുന്നതും, പ്രകൃതിവിഭവങ്ങളെ സ്വന്തം ജന്മാവകാശം പോലെ ദുരുപയോഗിക്കാൻ അവൻ പ്രേരിതനാവുന്നതും മനുഷ്യ-കേന്ദ്രീകൃത തത്വചിന്തകൾ നമ്മുടെയൊക്കെ മനസുകളിൽ ഉറച്ചുപോയതുകൊണ്ടല്ലേ?

"മനുഷ്യന്‍ സൃഷ്ടിയുടെ കിരീടമാണെന്ന" (man is the crown of the creation) ആശയത്തോട് എനിക്ക് വിയോജിപ്പില്ല. കാരണം, ഭൗതീകതയിൽ (materiality) നിന്ന് ജീവനിലേക്കും (life) --- മറ്റൊരു വിധത്തിൽ പറഞ്ഞാൽ അചേതനയിൽ നിന്ന് സചേതനയിലേക്കും --- ജീവനിൽ നിന്ന് ആത്മബോധത്തിലേക്കും (consciousness) പ്രകൃതി സ്വയം പരിണാമം പ്രാപിച്ചിരിക്കുന്നത് മനുഷ്യനിലൂടെയാണ്. പ്രപഞ്ച ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളിൽ സംഭവിച്ച സത്താപരമായ ഈ “കുതിച്ചുചാട്ടത്തിലൂടെ” (Leap), ഭൗതീകത (gross matter), ജീവൻ (life), ബോധം (consciousness or divinity) എന്നീ യാഥാർത്ഥ്യത്തിന്റെ മൂന്ന് അവസ്ഥകൾ മനുഷ്യനിൽ സമഞ്ജസം സംഗമിച്ചു. യാഥാർത്ഥ്യത്തിന്റെ രണ്ട് ധ്രുവങ്ങളെ (materiality and divinity) കോർത്തിണക്കുന്ന ഒരു കണ്ണിയെന്ന നിലയിൽ, മനുഷ്യൻ പ്രകൃതിയുടെ മകുടമാണെന്ന് പറയുന്നതിൽ തെറ്റില്ല. അത്തരത്തിൽ ചിന്തിക്കുമ്പോൾ, ഈ മഹാ പ്രപഞ്ചത്തില്‍ ഇത്തിരിയോളം വരുന്ന മനുഷ്യനായി ജനിക്കാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. യുഗാന്തരങ്ങള്‍ നീണ്ടുനിന്ന പരിണാമ പ്രക്രിയയിലൂടെയുള്ള പ്രകൃതിയുടെ ആത്മാവിഷ്ക്കാരമാണ് മനുഷ്യന്‍. മനുഷ്യന്റെ ജന്മത്തോടെ, ഭൗതീക അടിമത്തത്തില്‍ നിന്ന് വസ്തുക്കളെല്ലാം ആത്മീയമായ ശ്രേണിയിലേക്ക് ഉയർത്തപ്പെടുന്നു. സ്വന്തം ഭൗതീകതയിൽ (ശരീരത്തിൽ) കുടികൊള്ളുന്ന ബോധത്തിലൂടെ (ആത്മാവിലൂടെ) പ്രകൃതിയെയും, താൻ പ്രതിനിധാനം ചെയ്യുന്ന ചാരചരങ്ങളെയും മനുഷ്യൻ മഹത്വവല്‍ക്കരിക്കുന്നു, ഭൗതീക അടിമത്തത്തില്‍ നിന്ന് സ്വതന്ത്രമാക്കുന്നു, ഭൗതീകതയെ (matter) ആത്മീയമാക്കുന്നു (spiritual).

ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു കാര്യം നാം കൃത്യമായി മനസിലാക്കണം. മനുഷ്യൻ പ്രപഞ്ചത്തിന്റെ മകുടമായി മാറിയത് അവന്റെ സ്വന്തം മിടുക്ക് കൊണ്ട് അല്ല. കല്ലായും മണ്ണായും മരമായും മൃഗമായും, പിന്നെ ബോധമുള്ള മനുഷ്യനായും പരിണാമമടയുന്നത് പ്രകൃതി തന്നെയാണെന്നും, പ്രപഞ്ചത്തിന്റെ വൈചിത്ര്യങ്ങളെല്ലാം പ്രകൃതിയുടെ തന്നെ ആവിഷ്ക്കാരങ്ങളാണെന്നും (manifestation) നാം വിസ്മരിക്കാൻ പാടില്ല. (ഇവിടെ പ്രകൃതി എന്ന് ഉദ്ദേശിച്ചിരിക്കുന്നത് ബ്രഹ്മൻ എന്ന സൂഷ്മമായ അർത്ഥത്തിലാണ്. അതിനാൽ, ആശയക്കുഴപ്പം ഉണ്ടാവാൻ ഇടയുണ്ട്.) പറഞ്ഞുവന്നത് ഇതാണ്: ആത്യന്തീകമായി പ്രകൃതി തന്നെ താരം, മനുഷ്യൻ ഒരു നിമിത്തം മാത്രം!

പരിണാമങ്ങളിലൂടെ പ്രകൃതി ഈ പ്രപഞ്ചമായി വിരാചിതമായി നിൽക്കുവെന്ന വസ്തുത വിസ്മരിച്ചതാണ് പാശ്ചാത്യ ചിന്തകളിലെ ഏറ്റവും വലിയ പാരാധീനത. തന്മൂലം, മനുഷ്യന് അനാവശ്യ പ്രാധാന്യം കൈവരികയും, പ്രകൃതി രണ്ടാം തരമായി പിന്തള്ളപ്പെടുകയും ചെയ്തു. അതിന്റെ പരിണിതഫലം എന്താണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും. മനുഷ്യൻ പ്രകൃതിയിൽ നിന്ന് വളരെ ദൂരം അകന്നു, പ്രകൃതിയെ ചൂഷണം ചെയ്തും ലാഭം നേടുകയെന്ന വ്യാവസായവൽക്കരണം ശക്തിപ്രാപിച്ചു, ലാഭക്കൊതി യുദ്ധങ്ങളിലും സാമൂഹിക ഉച്ചനീചത്വങ്ങളും കൊണ്ടെത്തിച്ചു, മനുഷ്യന് മനുഷ്യനെ തന്നെ വിലയില്ലാതായി... മനുഷ്യ-കേന്ദ്രീകൃത ചിന്തകളുടെ വിളനിലമായിരുന്ന യൂറോപ്പിനെ അപേക്ഷിച്ച്, പ്രകൃതി-കേന്ദ്രീകൃത (nature centric) സംസ്ക്കാരം അനുവർത്തിച്ചിരുന്ന ഭാരതം പോലുള്ള പൗരസ്ത നാടുകൾ ആത്മീയ അഭിവൃദ്ധിയുടെ വിളനിലമായിത്തീർന്നു. ഇവിടെ ബുദ്ധമതം ജനിച്ചു, അദ്വൈതം ജനിച്ചു. പ്രകൃതിയുമായി അനുരൂപരായ മഹാരഥന്മാരിൽ നിന്ന് ഉടലെടുത്ത  ഭാരതത്തിന്റെ സാസ്ക്കാരിക പൈതൃകം അതിന്റെ തനതായ സ്വഭാവം കൈവെടിഞ്ഞ് വൈരുദ്ധ്യ ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയതിനുള്ള പ്രധാന കാരണം പാശ്ചാത്യവൽക്കരണവും, പാശ്ചാത്യശക്തികളുടെ അധിനിവേശവുമാണെന്ന് പറയാതിരിക്കാൻ വയ്യ.

അങ്ങനെ പാശ്ചാത്യരെ പൂർണ്ണമായി എഴുതിത്തള്ളാൻ വരട്ടെ! മനുഷ്യനിൽ നിന്ന് പ്രകൃതിയിലേക്ക് തിരിഞ്ഞ് പ്രകൃതിയുമായി അനുരൂപനാവാൻ ശ്രമിച്ച് നിരവധി നവോദ്ധാന നായകന്മാർ പാശ്ചാത്യ ലോകത്തും ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയനായ  ഒരു വ്യക്തിയാണ് രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസി. ഭാരതത്തിന്റെ ആത്മീയ പൈതൃകം വിസ്മരിച്ച് പാശ്ചാത്യവൽക്കരണത്തിന്റെ പിന്നാലെ പോകുന്ന യുവതലമുറ അവശ്യം വായിച്ചിരിക്കേണ്ട ബൈബിളാണ് ഫ്രാൻസിസിന്റെ ജീവചരിത്രം. പ്രകൃതിയുമായി അനുരൂപനായി സകല സരാചരങ്ങളെയും ‘സഹോദരി’ എന്ന് അഭിസംബോധന ചെയ്ത ആ വിശുദ്ധന്റെ ജീവിതത്തിന്റെ സംഭവങ്ങൾ ഏതൊരാളെയും പിടിച്ചുലയ്ക്കുന്നതാണ്. പക്ഷികളോടും മൃഗങ്ങളോടും സംസാരിക്കുക മാത്രമല്ല, അവയോട് ദൈവവചനം പ്രസംഗിക്കുക പോലും ചെയ്തു വിശുദ്ധ ഫ്രാൻസിസ്. സമൂഹത്തിലെ പ്രകൃതിവിരുദ്ധ പ്രവണതകളിൽ നിന്ന് രക്ഷ നേടാന്‍ അദ്ദേഹം വനാന്തരങ്ങളിലേയ്ക്ക് ഉള്‍വലിഞ്ഞു. പാമ്പും പഴുതാരയും, ആനയും കാട്ടുചെന്നായയും നിർഭരം വിരാചിക്കുന്ന ആ കാട്ടിൽ കിന്നരം മീട്ടിയും, പ്രകൃതിയോട് സംസാരിച്ചും ആ വിശുദ്ധൻ ധ്യാനനിരതനായി. താനും പ്രകൃതിയിലെ ഒരു കണ്ണിയാണെന്ന ബോധത്തിലുപരി, താനും പ്രകൃതിയും ഒന്നാണെന്ന അദ്വൈത ചിന്തകൾ അദ്ദേഹത്തെ ആത്മീയതയുടെ ഉച്ചസ്ഥായിലെത്തിച്ചു. ആത്മബോധത്തിന്റെ ഉന്നതമായ ആ നിലയിൽ, വന്യമൃഗങ്ങള്‍ അദ്ദേഹത്തിന് കാവല്‍ കിടന്നു. ഞാനെന്ന ഭാവത്തെ താലോലിക്കാൻ തുന്നിയ വസ്ത്രങ്ങളെല്ലാം വലിച്ചെറിഞ്ഞ് ഒരു ദിഗംബരനെ പോലെ ചുറ്റിനടന്നു. വിശ്വാസം കൊണ്ട് ഫ്രാന്‍സിസ് അസീസി ഒരു ക്രിസ്ത്യാനിയായിരുന്നെങ്കിലും, ജീവിതം കൊണ്ട് അദ്ദേഹം തികഞ്ഞ ഭാരതീയനായിരുന്നുവെന്ന് എന്റെ മതം. പ്രകൃതിയ്ക്ക് അതീ‍തമായി ഒരു ആദ്ധ്യാത്മീയതയില്ല... ഒരു കുട്ടിയുടെ മനോഭാവത്തോടെ മരത്തോടും പക്ഷികളോടും കിന്നാരം പറയാനുള്ള ലാളിത്യം തന്നെയാണ് ആദ്ധ്യാത്മീയതയുടെ ഏറ്റവും വലിയ തെളിവ്, പത്മാസനത്തിലിരുന്നതുകൊണ്ടോ കാവിധരിച്ചതുകൊണ്ടോ ആരും ആത്മീയനാവുന്നില്ല, ഒരിക്കലും!

3 comments:

 1. 'Brother Sun Sister Moon' ഫ്രാന്‍സിസിനെ പറ്റിയുള്ള ഒരു സിനിമയാണ്. അല്പം പഴയതാണ് 1972. Francesco Zeffirelli സംവിധാനം ചെയ്തത്. കണ്ണുനനയിക്കും . .http://stagevu.com/video/smscpiufdmdg

  ReplyDelete
 2. മനുഷ്യന്‍ മനുഷ്യന്റെ സ്ഥാനത്ത് നിന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നത് പോലെ പ്രകൃതിയിലെ ഓരോ ചരാചരവും പ്രകൃതിയെ ചൂഷണം ചെയ്യുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ഓരോന്നിന്റെയും ബുദ്ധിപരമായും സാഹചര്യങ്ങല്‍ക്കനുസരിച്ചും അതില്‍ ഏറ്റക്കുറച്ചിലുകലുണ്ടാകുന്നു.എന്ന് മാത്രമാണ് ഞാന്‍ കരുതുന്നത്.പ്രകൃതി ചൂഷണത്തിന്റെ വിപത്ത് ഉള്‍ക്കൊള്ളുന്നവര്‍ അതനുസരിച്ച് ജീവിക്കുന്നു മറ്റുള്ളവരെ ബോധവല്‍ക്കരിക്കുന്നു.

  ഒരു ചോദ്യം ഒരു മൃഗത്തിനു ഭക്ഷിക്കാന്‍ ഇഷ്ടമുള്ള ഒരു ജീവിയുടെ വംശനാശം കാടിന്റെ വ്യവസ്ഥിതിക്ക് ദോഷമാണെന്കില്‍ അതിനെ ഭക്ഷിക്കാതെ അല്പം കൂടി ടേസ്റ്റ് കുറഞ്ഞ മാംസമുള്ള ഒന്നിനെ ഇനി മുതല്‍ ഭക്ഷിച്ചു കളയാമെന്നു ഏതെന്കിലും മൃഗം തീരുമാനിക്കുമോ?

  ReplyDelete
 3. ശെരിയാണ്
  മനുഷ്യന്‍ അവന്‍ എല്ലാത്തിനും മേലില്‍ ആതിപനായി വാഴുന്നു, പക്ഷെ ഒന്ന് മനസ്സിലാക്കണം
  ഈ പ്രബഞ്ചം മനുഷ്യന്‍ മാത്രം കനിഞ്ഞേകിയതല്ലാ ഈ കാണുന്ന കോടി ജീവ കണിക്കകളുടേയും അത്താണിയായ ഈ മാഹാ സിംഹാസത്തില്‍ ഒരുക്കലും കൈയ്യടകാന്‍ പാടില്ലാ
  ഇതിനോടെല്ലാ നാം ഉണങ്ങി ജീവിക്കുക
  ഇത് ദൈവം നല്‍കിയ ഒരു അനുഗ്രഹുകൂടിയാണ്

  എഴുത് കൊള്ളാം പക്ഷെ വിശ്വാസം അതാണ് എല്ലാം

  ReplyDelete