Monday, April 2, 2012

എന്റെ അദ്വൈതാനുഭവങ്ങൾ (An Experience of Divine Oneness)

കുറിപ്പ്: നമുക്കുണ്ടാവുന്ന അനുഭവങ്ങൾ എല്ലാം പുറത്ത് പറയരുതെന്നും, സ്വകാര്യ ജീവിതത്തിലെ വിവരങ്ങൾ/രഹസ്യങ്ങൾ പുറത്ത് പറയുമ്പോൾ മിതത്വം/വിവേകം പാലിക്കണമെന്നും എന്റെ പല സുഹൃത്തുക്കളും ഉപദേശിച്ചിട്ടുണ്ട്. സ്നേഹമുള്ളതുകൊണ്ടാണ് അവരങ്ങനെ ചെയ്തത്. കാരണം, കേൾക്കുന്നവർ നമ്മേ ശരിയായി മനസിലാക്കണമെന്നില്ല, അംഗീകരിക്കണമെന്നില്ല. നല്ലതെന്ന് നാം കരുതുന്നവ ചിലപ്പോൾ ദോഷകരമായി ഭവിക്കാം, നാം പരിഹാസ്യരായി തീർന്നേക്കാം! ഏതായാലും, ആ ഭയം എനിക്കില്ല. കാരണം, എനിക്കുണ്ടായ ഒരനുഭവത്തെ ഡോക്യുമെന്റ് ചെയ്യുക എന്നത് മാത്രമാണ് ഈ പോസ്റ്റിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. അതിനെ വായനക്കാർ സ്വീകരിക്കുമോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം; അല്ലാത്തവർക്ക് തള്ളിക്കളയാം, നിർബാധം!

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അദ്വൈത ചിന്തകൾക്ക്, വേദ കാലഘട്ടത്തോളം! വേദങ്ങളിൽ അന്തർലീനമായി കിടക്കുന്ന അദ്വൈത സത്യങ്ങളെ ക്രോഡീകരിച്ചതും, ചിട്ടയാർന്ന സംവിധാനമാക്കിയതും, അതിന്റെ ആദ്യ ബഹുജന പ്രചാരകനായതും ആദിശങ്കരനാണെന്നതിൽ സംശയമില്ല. അഹം ബ്രഹ്മാസ്മി (I am Brahman), തത്വമസി (That thou art), അയമാത്മ ബ്രഹ്മ (This Atman is Brahman) തുടങ്ങിയ അദ്വൈത ശ്ലോകങ്ങളുടെ പൊരുളും പെരുമയും ആദിശങ്കരന്റെ ജനനം കൊണ്ട് ധന്യമായ ഈ കേരളത്തിലെ ഓരോ മലയാളിക്കും സുപരിചിതമായതുകൊണ്ട് അദ്വൈത ചിന്തകളിലേക്ക് ഞാൻ കടക്കുന്നില്ല, ബോധപൂർവം! എങ്കിലും, അതിനെകുറിച്ചുള്ള എന്റെ ഒരേയൊരു വിലയിരുത്തൽ ഞാൻ പറയുകയാണ്. 2001-ൽ ആരംഭിച്ച എന്റെ തത്വശാസ്ത്ര പഠനത്തിനിടയിൽ ഒരിക്കൽ പോലും അദ്വൈത സിദ്ധാന്തത്തിലെ ഏതെങ്കിലുമൊരു കാര്യം സ്വന്തം ജീവിതത്തിൽ നേരിട്ട് അനുഭവിച്ചതായി പറഞ്ഞ ഒരാളെ കുറിച്ചും ഞാൻ കേട്ടിട്ടില്ല, അനന്തം സ്വാമിമാരുടെ അദ്വൈത ചിന്തകൾ കേട്ട് മടുത്തിട്ടുണ്ടെങ്കിലും! അദ്വൈതത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വിടവായി ഞാൻ കാണുന്നു, ഈ അനുഭവങ്ങളുടെ അഭാവം! മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജനങ്ങളുടെ ഇടയിൽ തീർത്തും ബൗദ്ധിക/ആശയ തലത്തിൽ നിൽക്കുന്ന ഒന്നാണ് അദ്വൈത സിദ്ധാന്തം. അനുഭവത്തിന്റെ വെളിച്ചം അദ്വൈതചിന്തകളെ വിപ്ലവാത്മകമാക്കിയിട്ടില്ല എന്നതാണ് സത്യം! ഈ പശ്ചാത്തലത്തിലാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് ഞാൻ കണ്ട ഒരു സ്വപ്നം പ്രാധാന്യമർഹിക്കുന്നത്, ഒന്നുമില്ലേലും വ്യക്തിപരമായ വീക്ഷണക്കോണിലൂടെ ചിന്തിക്കുമ്പോൾ...! അദ്വൈതം എന്താണെന്നും, "സർവ്വം ഒന്നാണ്" എന്ന് പറയുന്നതിന്റെ അനുഭവതലം എന്താണെന്നും വെളിപ്പെടുത്തുന്നതായിരുന്നു ആ സ്വപ്നം! വിസ്മയിപ്പിക്കുന്ന വെളിപാടായിരുന്നു അത്....! ഭാവിയിൽ വെറുതേയെങ്കിലും മറിച്ചുനോക്കാൻ ഞാനാ സ്വപ്നം ഇവിടെ അതേപടി പകർത്തുകയാണ്.

എന്റെ ഗുരുവും സുഹൃത്തുമായ ശ്രീ. കൃഷ്ണൻ കർത്തയുടെ പുളിയളക്കോണത്തുള്ള (തിരുവനന്തപുരം) സത്യസായി ആശ്രമം. ഇന്ന് കാണുന്ന ആശ്രമമല്ല സ്വപ്നത്തിലുള്ളത്. കുറച്ച് പഴക്കമുണ്ട്! ഓല മേഞ്ഞ്, വടക്ക് അഭിമുഖമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ചെറിയ ഭജനഹാൾ. ഞാൻ ഭജനഹാളിൽ ഒറ്റയ്ക്ക്! അവിടെങ്ങും ആരുമില്ല. സായംസന്ധ്യ... എങ്കിലും എങ്ങും പ്രകാശം നിറഞ്ഞുനിൽക്കുന്നു. പെട്ടെന്ന് ആരുടെയോ അദൃശ്യമായ സാന്നിധ്യം ഭജനഹാളിൽ നിറയുന്നു..., അതിന്റെ ആധിക്യത്തിൽ എന്നിൽ ഭയം ജനിക്കുന്നു. ഭയം മൂലം ഞാൻ പെട്ടെന്ന് ഭജനഹാളിൽ നിന്ന് പുറത്തിറങ്ങുന്നു, പിന്നെ രക്ഷപ്പെടാൻ ശ്രമിക്കുന്നു. അപ്പോഴാണ് ഹാളിനുള്ളിൽ എന്റെ ബാഗ് വച്ച് മറന്ന കാര്യം ഞാൻ ഓർമ്മിക്കുന്നത്. ഞാൻ നിൽക്കുന്നു. തിരിഞ്ഞ് നോക്കുമ്പോൾ ഹാളിനകത്തിരിക്കുന്ന ബാഗിനെ അഴികൾക്കുള്ളിലൂടെ എനിക്ക് കാണാം. ഇനി എന്താ ചെയ്ക? ഭയം മൂലം അകത്ത് കേറാനും മടി. ഞാൻ ആലോചിക്കുന്നു... "ആ ബാഗ് എന്റെ കൈകളിലേക്ക് പറന്നുവന്നിരുന്നെങ്കിൽ?" മനസ് കൊണ്ട് ആശിച്ച് ഞാൻ വെറുതേ വലത് കൈ നീട്ടുന്നു. എന്നെ ഞെട്ടിപ്പിച്ചുകൊണ്ട്, ഹാളിന് വെളിയിൽ നിൽക്കുന്ന എന്റെ കൈകളിലേക്ക് ബാഗ് പറന്നെത്തുന്നു. ഞാൻ സംഭ്രമിക്കുന്നു, സ്തംഭിച്ചുപോകുന്നു. ഇതെന്ത് മറിമായം? ഞാനെന്റെ കൈയെ തിരിച്ചും മറിച്ചും നോക്കുന്നു. ഇത് സ്വപ്നമല്ല. എനിക്കേതോ അത്ഭുതശക്തി കൈവന്നിരിക്കുന്നു. എന്നിൽ ആവേശം അലതല്ലുന്നു. സന്തോഷം കൊണ്ട് ഞാൻ നട്ടം കറങ്ങുന്നു. ഇത് ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ എന്റെ തല ഇപ്പൊ വെടിക്കും! ആദ്യം കൃഷ്ണേട്ടനോട് തന്നെ പറയാം. "കൃഷ്ണേട്ടാ..." ഉറക്കെ വിളിച്ച് ഞാനാ ആശ്രമത്തിലെങ്ങും ഓടി നടക്കുന്നു.

ഭജനഹാളിനടുത്തുള്ള റോഡിലൂടെ താഴേക്ക് ഇറങ്ങിവരികയാണ് കൃഷ്ണേട്ടൻ. കൂടെ ആരൊക്കെയോ ഉണ്ട്. "അതേ... ഇവിടെയൊരു അത്ഭുതം നടന്നു..." ഞാൻ ദൂരെ നിന്നേ വിളിച്ചുപറയുന്നു. അദ്ദേഹത്തിന്റെ അടുക്കൽ ഓടിയെത്തിയ ഞാൻ അത്ഭുതസിദ്ധിയെ കുറിച്ച് പറയാൻ ഞാൻ നാവെടുക്കുന്നു. പക്ഷേ, കൂടെ ഉള്ള ആളുകളുമായി സംസാരിക്കുന്ന തിരിക്കിലാണ് അദ്ദേഹം. അതിൽ ഒരാൾ പൊലീസുകാരനാണെന്ന് അയാളുടെ സംസാരത്തിൽ നിന്ന് മനസിലാവുന്നു. ഞാൻ അക്ഷമനായി കാത്തുനിൽക്കുന്നു. ഒടുവിൽ, തിരക്കൊഴിയുമ്പോൾ "എന്തത്ഭുതമാ നടന്നേ" എന്ന് അദ്ദേഹം ചോദിക്കുന്നു. ഞാനും കൃഷ്ണേട്ടനും ആശ്രമത്തിന് താഴേക്കുള്ള റോഡിലൂടെ നടക്കുമ്പോൾ, സ്വൽപ്പം മുമ്പ് ഭജനഹാളിൽ നടന്ന സംഭവം ഞാൻ വിവരിക്കുന്നു. വിവരിച്ച് വിവരിച്ച് മെയ്‌മറന്ന് ഞാൻ നടക്കുകയാണ്. ഞാൻ കൃഷ്ണേട്ടനെ ശ്രദ്ധിക്കുന്നില്ല. കുറേ ദൂരം ചെന്ന് കഴിയുമ്പോൾ ഞാൻ തിരിഞ്ഞുനോക്കുന്നു. കൃഷ്ണേട്ടനെ കാണാനില്ല. ഞാൻ ചുറ്റും നോക്കുന്നു. അപ്പോൾ ഞാൻ കാണുന്നു, ധൂളി പോലെ സ്വയം വായുവിൽ അലിഞ്ഞില്ലാതായ അദ്ദേഹത്തിന്റെ ശരീരത്തെ! "കൃഷ്ണേട്ടാ..." ഞാൻ ഉറക്കെ വിളിക്കുന്നു. അപ്പോൾ ഒരു അശരീരി. "കൃഷ്ണൻ എന്നൊരാൾ നിലനിൽക്കുന്നില്ല." "ഞാനിത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത് കൃഷ്ണേട്ടനോടാണല്ലോ," എന്ന് ഞാൻ. "നീ ഇത്രയും നേരം, ഇക്കാലമത്രയും സംസാരിച്ചുകൊണ്ടിരുന്നത് നിന്നോട് തന്നെയായിരുന്നു" - എന്ന് അശരീരി. "എന്നോട് തന്നെയോ?" ഞാൻ സ്വയം ചോദിക്കുന്നു. ആ ചിന്തകൾക്കിടയിൽ, എന്റെ ചുറ്റുമുള്ള ലോകത്തിന് സാവധാനം പരിണാമം സംഭവിക്കുന്നു, വസ്തുക്കളെല്ലാം കാഴ്ചയിൽ ജല്ലിയായി (jelly) രൂപാന്തരം പ്രാപിക്കുന്നു, എന്റെ ശരീരം ഉൾപ്പെടെ!

എവിടെ നോക്കിയാലും ജല്ലിയായി, തിളങ്ങുന്ന ഒരു വസ്തു മാത്രം! കെട്ടിടങ്ങളുടെയും സാധനങ്ങളുടെയും ആകൃതിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അവ ഉണ്ടാക്കപ്പെട്ടിരുന്ന വസ്തുവിനാണ് മാറ്റം. സർവ്വം ജല്ലി മയം! ഞാൻ എന്നിലേക്ക് തന്നെ നോക്കുന്നു. അതും ജല്ലി തന്നെ. ഞാൻ താഴേക്ക് നോക്കുന്നു. ജല്ലിയായി മാറിയ എന്റെ പാദങ്ങൾ. അവ ഭൂമിയിലേക്ക് (ജല്ലിയിലേക്ക്) മുട്ടോളം ഇറങ്ങി നിൽക്കുന്നു, ചെളിയിൽ പുതഞ്ഞ പോലെ! ഞാൻ നടക്കാൻ ശ്രമിക്കുന്നു, വേച്ച് വേച്ച്! ഭൂമിയും ശരീരവും ഒന്നായി മാറിയതിനാൽ എനിക്ക് നടക്കാൻ കഴിയുന്നില്ല. സംഭ്രമത്തോടെ ഞാൻ ചുറ്റും നോക്കുന്നു. ഞാനല്ലാതെ മറ്റാരും തന്നെയില്ല. ഈ മഹാപ്രപഞ്ചത്തിൽ ഞാനല്ലാതെ മറ്റാരും നിലനിൽക്കാത്തതുപോലെ! എല്ലായിടത്തും ഞാൻ! എന്റെ പ്രതിബിംബം! ഞാനെന്ന ബോധം! ഞാൻ എന്നിലേക്ക് തന്നെ നോക്കുന്നു... എന്റെ കാലുകളിലൂടെ, എന്റെ തന്നെ ഭാഗമായി (extension) വിരാചിതമായി നിൽക്കുന്ന ഒരു ജല്ലി ഉലകം. എന്റെ കാലുകളെ feel ചെയ്യാവുന്നതുപോലെ ഈ പ്രപഞ്ചത്തെയും എനിക്ക് feel ചെയ്യാൻ കഴിയുന്നു..., എന്റെ തന്നെ ശ്വാസാച്ഛാസം പോലെ! എന്റെ ബോധം (consciousness) ഈ പ്രപഞ്ചവസ്തുക്കളിലൂടെ അനന്തതയിലേക്ക് നീണ്ടുകിടക്കുന്നതുപോലെ! എന്റെ ചുറ്റുമുള്ള വസ്തുക്കളെ ഞാൻ നോക്കുമ്പോൾ എനിക്ക് എന്നെ തന്നെ feel ചെയ്യാൻ കഴിയുന്നു, എന്റെ കൈകളിലേക്ക് നോക്കുമ്പോൾ ആ കൈകളെ എനിക്ക് feel ചെയ്യാനാവുന്നതുപോലെ! ഈ അനന്തതയുടെ അനന്തസാധ്യതയിൽ എന്റെയുള്ളിൽ എവിടെനിന്നോ ആനന്ദം വന്ന് നിറയുന്നു. ഞാനെന്ന ബോധം എന്നെ നിർവൃതിയിൽ ലയിപ്പിക്കുന്നു. എങ്കിലും, പെട്ടെന്ന് ഞാൻ നിരാശനാവുന്നു. എല്ലാമുണ്ടായിട്ടും ഈ ലോകത്തിൻ ഞാൻ ഏകനാണെന്ന തോന്നൽ. കുശലം പറയാനോ, തമാശ പറയാനോ ആരുമില്ലെന്ന ദുഃഖം. പെട്ടെന്ന് ഞാനാ ദുഃഖത്തിൽ നിന്ന് കരകയറുന്നു; ഇനിയെന്ത് ചെയ്യാനാവുമെന്ന് ചിന്തിക്കുന്നു. എനിക്ക് വേണ്ടി ഒരു ലോകം സൃഷ്ടിച്ചാലോ? അവിടത്തെ ലീലകളിൽ ആനന്ദനിർവൃതിയടഞ്ഞാലോ? പെട്ടെന്ന് എന്റെ ചുറ്റുമുള്ള ജല്ലി ഉലകത്തിന് പരിണാമം സംഭവിക്കുന്നു. പുതിയൊരു ലോകത്തിലേക്ക് (as we see it now) ഞാൻ പ്രവേശിക്കുന്നു... ചെടികളും മരങ്ങളും ആകാശവും പറവകളുമെല്ലാം നാം കാണുന്നപോലെതന്നെ നിലനിൽക്കുന്ന ഒരു ലോകം. അവിടെ ഞാൻ യഥേഷ്ടം പറന്നുനടക്കുന്നു. ഞാനും ആ വസ്തുകളും രണ്ടാണെന്ന വ്യാജ പ്രതീതി ഞാൻ സ്വയം ജനിപ്പിക്കുന്നു. അതിലൂടെ ലഭിക്കുന്ന സ്വകാര്യതയിൽ ആനന്ദം കൊള്ളുന്നു. എനിക്കെന്ത് വേണമെങ്കിലും ഇപ്പോൾ കാട്ടിക്കൂട്ടാം! ഏത് കുസൃതിയാണ് ചെയ്യുക? ലാവണ്യയുടെ* വീട്ടിലേക്ക് പോയാലോ? അവളിപ്പോൾ എന്ത് ചെയ്യുന്നുവെന്ന് നോക്കിയാലോ? എന്നാപ്പിന്നെ പോയ്ക്കളയാം. രണ്ടാലോചന ഇല്ല. ഞാൻ പറക്കുന്നു. നിനച്ച് തീരും മുമ്പ് അവളുടെ വീട്ടിലെത്തിക്കഴിഞ്ഞു. ഞാനകത്തേക്ക് ഒളിഞ്ഞ് നോക്കുന്നു. ഇത് ഞാനുദ്ദേശിച്ച ലാവണ്യയല്ല. വേറെയേതോ ലാവണ്യയാ...! ഇനി, പേരും അഡ്രസും കൃത്യമായി പറഞ്ഞാലേ കൊണ്ടാക്കൂ എന്നുണ്ടോ? സംശയം! അങ്ങനെയാണെങ്കീ അങ്ങനെ തന്നെ!!! (ഈ ഘട്ടത്തിൽ ഞാൻ ഉണരുകയാണ്.)

ഉണർന്നപ്പോൾ ഞാൻ തീർത്തും excited ആയിരുന്നു. ഉള്ളിൽ ആവേശം തിരതല്ലുന്നുണ്ടായിരുന്നു. പിന്നെയെനിക്ക് ഉറക്കം വന്നില്ല. സ്വപ്നത്തെ കുറിച്ച് കൃഷ്ണേട്ടനോട് പറഞ്ഞേ തീരൂ. സ്വപ്നം മറന്നുപോകാതിരിക്കാൻ ഞാൻ പേപ്പറിൽ എഴുതിവച്ചു. വൈകിട്ട് ഫോൺ ചെയ്തപ്പോൾ സ്വപ്നം വിവരിച്ചു. അദ്ദേഹം ഒരു വാക്കുപോലും പറയാതെ സശ്രദ്ധം കേട്ടു. ഇത്തരം experiences of divine oneness സ്വാഭാവികമാണെന്നും, ഒരു മുന്നാസ്വാദനമെന്ന/തുടക്കമെന്ന നിലയിൽ ഇത്തരം അനുഭവങ്ങൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. A point of no return എന്നൊരു അവസ്ഥ ഇത്തരം അനുഭവത്തിന്റെ പരമകോടിയിൽ ഉണ്ടെന്നും, അവിടെയെത്തിക്കഴിഞ്ഞാൽ ശിഷ്ടകാലമത്രയും ഈ ഏകത്വ അനുഭവത്തിൽ നിരന്തരം ജീവിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രപഞ്ചത്തിൽ ഞാനല്ലാതെ മറ്റാരുമില്ല എന്ന തോന്നൽ ഉണ്ടായപ്പോൾ എനിക്ക് ദുഃഖം അനുഭവപ്പെട്ടത് അപക്വതയുടെ ലക്ഷണമാണെന്നും, അതിൽ വ്യസനിക്കേണ്ടതില്ലന്നും, ഇതെല്ലാം വളർച്ചയുടെ ലക്ഷണമാണെന്നും അദ്ദേഹം. സ്വപ്നത്തിന്റെ ഉള്ളടക്കവും കൃഷ്ണേട്ടന്റെ വ്യാഖ്യാനവും ഒരുപക്ഷേ പലർക്കും ഭ്രാന്തമായി തോന്നാം... ഈ ആധുനിക ലോകത്തിൽ ഇതെല്ലാം ആര് വിശ്വസിക്കാൻ, ല്ലേ? ഡിഗ്രികളും ഡോക്ടറേറ്റുകളും പോക്കറ്റിൽ വച്ച് നടക്കുന്ന പണ്ഡിതന്മാരും ബുദ്ധിജീവികളും എല്ലാം തികഞ്ഞ ശാസ്ത്രജ്ഞന്മാരുമാണെല്ലോ നാമെല്ലാം....! നമുക്കൊന്നും ഇത്തരം ഭ്രാന്തൻ അനുഭവങ്ങൾ ദഹിക്കില്ല. എന്നാലും ഒരു കാര്യം മാത്രം പകൽ പോലെ സത്യം! ഞാനൊരു സ്വപ്നം കണ്ടു, അതിൽ ഞാൻ പുസ്തകങ്ങളിൽ മാത്രം വായിച്ചിട്ടുള്ള അദ്വൈതം എന്തെന്ന് അനുഭവിച്ചു! വർണ്ണപ്രകാശത്തിൽ തിളങ്ങുന്ന ജല്ലി  പോലെ മനോഹരമായിരുന്നു അത്, ആ അനുഭവം!

* ലാവണ്യയുടെ - എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടി. ;)

6 comments:

 1. സ്വപ്നങ്ങളൊക്കെയും സത്യമാവട്ടെ,ആശംസകൾ...

  ReplyDelete
 2. കൊള്ളാം......

  ReplyDelete
 3. ഉണർന്നിരുന്ന് ചിന്തിക്കുമ്പോൾ ഇതുപോലുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ജെല്ലി പോലെയല്ല സാന്ദ്രതയേറിയ വായു പോലെയാണ്‌ അനുഭവപ്പെട്ടത്. എല്ലാം ഒന്നായി തോന്നിയെങ്കിലും ഒറ്റപ്പെടൽ എന്നൊരുവിചാരമേ തീർത്തും ഉണ്ടായിരുന്നില്ല. നമുക്ക് നമ്മോടുതന്നെ സംവദിക്കാൻ യാതൊരു തടസ്സവുമില്ലല്ലോ. നമുക്ക് നാം അന്യമല്ലല്ലോ. സാധാരണ ജീവിതത്തിൽ കടന്നുവന്നേക്കാവുന്ന തീവ്രമായ ഏകാന്തതയെയും അതിജീവിക്കാൻ കഴിയുന്നവിധമുള്ള ഒരുമ. അന്തമായ നിശ്ചലത എന്നുപറയുന്നതുപോലെ.

  ReplyDelete
 4. ഇതൊരു സ്വപ്നം തന്നെയോ?
  ഉയര്‍ന്ന ചിന്താഗതിയില്‍ ഉള്ള ഒരു സ്വപ്നം എന്ന് പറയാമല്ലേ?

  ReplyDelete
 5. മനസ്സിനെ സ്വതന്ത്രമാക്കി, കടന്നുവരുന്ന ചിന്തകളെ അരിച്ചു വേർതിരിക്കുവാൻ സാമാന്യബുദ്ധിയെ അനുവദിക്കാതിരുന്നാൽ അനുഭവവേദ്യമാകുന്ന ചിന്തകൾ ഏതാണ്ടിതുപോലെയാണ്. നമ്മൾ മറ്റെന്തൊക്കെയോ ആയിമാറുന്നതായി തോന്നും. Harinath പറഞ്ഞത് അതിനുസമാനമായ ഒരനുഭവമാണ്. ചിലപ്പോൾ അത്യാനന്ദകരമായ എന്തിലെങ്കിലും പെട്ടതായി തോന്നാം. അല്ലെങ്കിൽ കനത്ത ഇരുളിനു നടുവിൽ ഒറ്റയ്ക്കായെന്നു തോന്നാം. സ്വപ്നങ്ങളിൽ തെളിയുന്നത് നമ്മൾ ഉൾപ്പെട്ട (അല്ലെങ്കിൽ മനസ് മറന്നുപോയതായ) ഒരു ഭൂതകാലനിമിഷത്തിന്റെ ആഴത്തിലുള്ള പുനർവായനയാകാം. ക്രമരഹിതമായ അത്തരം ചിന്തകൾ ചേർത്തുവായിക്കുവാൻ ചിലർക്ക് അസാമാന്യ പാടവമുണ്ടായിരിക്കും. അങ്ങനെയുള്ളവരിൽ ചിലർക്ക് അവ ക്രിയാത്മകതയുടേതായ (Creativity) ബഹിർഗമനത്തിനും കാരണമാകാം. Mary Shelley, 'Frankenstein' എന്ന നോവലിന്റെ Storyline തയ്യാറാക്കിയത് തന്റെ ഒരു സ്വപ്നത്തിൽ നിന്നായിരുന്നല്ലോ.
  മനുഷ്യമനസ് സങ്കീർണമാണ്. അതിലെ ചിന്തകൾ വിശകലനം ചെയ്യുക പ്രയാസകരവും. സ്വപ്നത്തെ ആവിഷ്കരിച്ചത് നന്നായിട്ടുണ്ട്.

  ReplyDelete
  Replies
  1. ഇത് ഏതൊരു ശരാശരിമനുഷ്യനും സാധിക്കുന്നതും ഇതിലൂടെ കടന്നുപോകേണ്ടതുമാണ്‌. നിരവധി ആളുകൾക്ക് ഈ അനുഭവം സ്വാഭാവികമായിത്തന്നെ ഉണ്ടാകാറുണ്ട്. selfishness, fear, ego, racism ഇവയൊക്കെമാറി belonging ആകാൻ ഈ അവസ്ഥയെ പുരാതനമനശാസ്ത്രത്തിൽ പ്രയോജനപ്പെടുത്തുന്നു.

   Delete