Sunday, April 15, 2012

ഒരു മാടപ്രാവിന്റെ രക്തം!


കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ, ചിലപ്പോൾ അപ്രസക്തമെന്നും മറ്റ് ചിലപ്പോൾ അർത്ഥവത്തെന്നും തോന്നാറുള്ള ഒരു സംഭവമാണ് ഈ പോസ്റ്റിനാധാരം! ഞാനപ്പോൾ ഹൈസ്കൂളിൽ പഠിക്കുകയാണ്..., എട്ടിലോ ഒൻപതിലോ! അധികം ആരുമായും സംസാരിക്കാത്ത, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി തലയിടാതെ, വഴക്കിനോ വക്കാണത്തിനോ പോകാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന, പെൺകുട്ടികളുടെ മുഖത്ത് നോക്കാൻ പോലും ഭയപ്പെടുന്ന, നാണംകുണുങ്ങിയും, ശാന്തനും, അന്തർമുഖനുമായ ഒരു നാടൻ പയ്യനായിരുന്നു ഞാൻ!

എന്റെ ഗ്രാമത്തിൽ അക്കാലത്തുണ്ടായിരുന്ന മിക്കവാറും എല്ലാ കുട്ടികളും, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവർ, ഏതാണ്ടിതേ സ്വഭാവക്കാർ തന്നെ, കാലത്തിന്റെ കുത്തൊഴുക്കിൽ പലരും പിന്നീട് മാറിയെങ്കിലും! തെക്കൻ കേരളത്തിൽ 80-കളിലും 90-ന്റെ ആദ്യപകുതിയിലും നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളാണ് അതിനുള്ള പ്രധാന കാരണമെന്ന് ഞാൻ കരുതുന്നു. ഇടത്തരം കുടുംബങ്ങളാണ് ഭൂരിപക്ഷവും. അവിടെയുള്ള കുട്ടികളെല്ലാം മാതാപിതാക്കൾക്കും മുതിർന്നവർക്കും പൂർണ്ണമായും വിധേയരായിരിക്കും. തെറ്റ് ചെയ്താൽ തല്ല് ഉറപ്പാണ്. തല്ല് എന്ന് പറഞ്ഞാൽ പല തരം തല്ലാണ്. പേരക്കമ്പി, പുളിയങ്കമ്പ്, ചൂല്, മടൽ, തുടുപ്പ്, കയറ് എന്നിങ്ങനെ പോകുന്ന വിവിധ ഗുണമേന്മയിലുള്ള തല്ലുകൾക്ക് പുറമേ തല്ലുകളുടെ പശ്ചാത്തലവും മാറാം. തെറ്റിന്റെ കാഠിന്യമനുസരിച്ചാണ് ഇത്. മാവിലോ പ്ലാവിലോ കെട്ടിയിട്ട് തല്ലുക, ദേഹത്ത് മീറിൻ കൂട് പൊട്ടിച്ചിടുക, വിരളമായ ഘട്ടങ്ങളിൽ ചട്ടുകം പഴുപ്പിച്ച് ചന്തിയിൽ വയ്ക്കുക... ഒരാൾ ചെയ്യുന്ന തെറ്റിന് എല്ലാവർക്കും തല്ല് കിട്ടുക എന്നൊരു ഐറ്റവും അന്നുണ്ടായിരുന്നു. (എന്റെ വീട്ടിൽ, തെറ്റ് ചെയ്തത് അനിയാണെങ്കിലും അടി കോമൺ ആണ്. ഏതെങ്കിലുമൊരു കുട്ടിയോട് പക്ഷപാതം കാട്ടിയെന്ന ചിന്ത വരാതിരിക്കാനാണ് അത്തരമൊരു നടപടിയെന്ന് അമ്മ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. ഇതൊക്കെ ആലോചിക്കുമ്പോൾ ഇന്നത്തെ കുട്ടികൾ മഹാഭാഗ്യവാന്മാരാണ്. ഞങ്ങൾ വാങ്ങിയ തല്ലിന്റെ പകുതിയെങ്കിലും നിങ്ങക്ക് കിട്ടിയിരുന്നെങ്കിൽ നീയൊക്കെ പണ്ടേ നന്നായിപ്പോയേനേ!) ഞാനെന്റെ ജീവിതത്തിൽ വാങ്ങിക്കൂട്ടിയ അടിയുടെ മുക്കാൽ ശതമാനവും വാങ്ങിക്കൂട്ടിയത് സ്കൂളിൽ നിന്നായിരുന്നു. ഇന്നത്തെ കുട്ടികൾ ഓഫീസിൽ പോകുന്നത് പോലെയാണ് സ്കൂളിൽ പോകുന്നത്. പണ്ട് അങ്ങനെയല്ല. സാറന്മാർ ക്ലാസിൽ വരുന്നത് തന്നെ തല്ലാനാണ്; കൈയ്യിൽ പുസ്തകം ഇല്ലെങ്കിലും ഒരു ചൂരൽ നിശ്ചയമായും കാണും. സാറ് എന്നെ അടിച്ചുവെന്ന് വീട്ടിൽ പരാതി പറഞ്ഞാൽ ക്ലാസിൽ ചെയ്ത തെറ്റിന് വീട്ടിൽ നിന്നും കിട്ടും അടി.

അതുപോലെ, ഇന്നത്തെപോലെ കുട്ടികൾക്ക് അന്ന് സമൂഹത്തിൽ (വീട്ടിനുള്ളിലെ കാര്യമല്ല) മുന്തിയ പരിഗണനയോ, അനാവശ്യ ശ്രദ്ധയോ, പരിലാളനയോ കിട്ടിയിരുന്നില്ല എന്ന് ഞാൻ മനസിലാക്കുന്നു. കല്യാണ വീടുകൾ, വാഹനങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കുട്ടികൾക്ക് സിറ്റ് ലഭിക്കാറില്ല. ലഭിച്ചാൽ തന്നെ, മുതിർന്നവർ ചോദിച്ചാൽ അപ്പോ എഴുന്നേറ്റ് കൊടുത്തേക്കണം! അപരിചിതരായ മുതിർന്നവർക്ക് പോലും കുട്ടികളെ ശാസിക്കാൻ അധികാരമുണ്ടായിരുന്നു. എന്നെ പോലുള്ള ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കൂടിപ്പോയാൽ മൂന്നോ, നാലോ ജോഡി. അതിലപ്പുറം തുണി ഉണ്ടാവാറില്ല. അതുപോലെ തന്നെ സുപ്രധാനമായ ഒന്നാണ് ഇലട്രോണിക്സ് വിപ്ലവത്തിന്റെ അഭാവം! ഇന്നത്തെ പോലെ എല്ലാ വീടുകളിലും അന്ന് ടിവി ഇല്ല. കേബിൾ ടിവി ഇല്ല. മൊബൈൽ ഫോണില്ല... ഇതൊന്നും ഇല്ലാത്ത ആ കാലഘട്ടത്തെ കുറിച്ച് ഇന്നാലോചിക്കുമ്പോൾ ഞാന്റെ കുട്ടിക്കാലം കഴിച്ചുകൂട്ടിയത് ശിലായുഗത്തിലായിരുന്നോ എന്ന് സംശയിച്ച് പോവാറുണ്ട്. ഏതായാലും, ഇന്നത്തെ കുട്ടികളെ അപേക്ഷിച്ച് അന്നത്തെ കുട്ടികൾ താരതമ്യേന മിത-ഉൽസുകരോ, മന്ദരോ ആയിരുന്നു. നിയന്ത്രണങ്ങളില്ലാത്ത വിധം ഉല്ലസിക്കാനോ, overexcited ആവാനോ ഉള്ള ഉപാധികൾ ഇല്ലാതിരുന്നതുകൊണ്ടാവാം ഞാനടക്കമുള്ള കുട്ടികൾ, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, അച്ചടക്കമുള്ളവരും ദൈവഭയമുള്ളവരും, മൂല്യബോധമുള്ളവരോ ഒക്കെയായി മാറിയത്.

ഇത്രയും വായിച്ച് കഴിഞ്ഞിട്ട്, "പട്ടച്ചാരായം കുടിക്കും പോലെ" ഡ്രൈ ആയിരുന്നു എന്റെ കുട്ടിക്കാലമെന്ന് ആരും തെറ്റിദ്ധരിക്കരുതേ! കറണ്ടടിച്ച കുട്ടിക്കാലം എന്ന പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ചൂടുള്ള പല അനുഭവങ്ങളെയും കൊണ്ട് സമ്പന്നവുമായിരുന്നു അത്, ഒരുപക്ഷേ ഇന്നത്തെ കുട്ടികൾക്ക് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്തവ, ഞങ്ങൾക്ക് മാത്രം ലഭിച്ച സൗഭാഗ്യം എന്ന് കരുതാവുന്നവ....!

കുണ്ടി കീറിയ നിക്കറുമിട്ട്, കൈയ്യിലൊരു വണ്ടിയും ഒട്ടിയ വയറുമായി കൂട്ടുകാരുമൊത്ത് കാവുകളിലും, മാമ്പഴക്കാടുകളിലും ചുറ്റിനടക്കുക, അവിടെയെല്ലാം നിർലോഭം കായ്ചുകിടക്കുന്ന വിവിധയിനം മാമ്പഴങ്ങളും, പേരയ്ക്കയും, കശുമാങ്ങയും, ഞാറയും, അയനിച്ചക്കയും പേരറിയാത്ത കാട്ടുകനികളും പറിച്ച് പോക്കറ്റിൽ ശേഖരിക്കുകയോ, മരത്തിലിരുന്ന് കഴിക്കുകയോ ചെയ്യുക, വയറുനിറഞ്ഞ് കഴിഞ്ഞാൽ പിന്നെ നാടൻ കളികൾ... കാൽപ്പന്ത്, ഗോലികളി, സെവന്റീസ്, കുട്ടിയും കോലും... പെൺകുട്ടികൾ കൂടെയുണ്ടെങ്കിൽ വട്ടുകളി, തൊട്ടുകളി, ഒളിച്ചുകളി...! ഉച്ചതിരിഞ്ഞ് താമരക്കുളത്തിലേക്ക്... പോകുംവഴി വാഴത്തോപ്പിൽ കയറി കൂമ്പിൽ വിരിഞ്ഞ പോളയടർത്തി തേൻ കുടിക്കുക... പിന്നെ, കൂമ്പിടിച്ച് അകത്തിരിക്കുന്ന മൃദുവായ ഭാഗം തിന്നുക. വയലുകളിലും തോടുകളിലും മൂഞ്ചൂട്ട കൊണ്ട് ഞണ്ട് പിടിക്കുക... തെങ്ങിൻ ചോട്ടിൽ വീണുകിടക്കുന്ന വലിയ വെള്ളയ്ക്കകളിൽ തുളയിട്ട് പുളിച്ചുതുടങ്ങിയ ഇളനീർ കുടിക്കുക... പിന്നെ, ദേഹത്തിലൊട്ടിയ സകലമാന ചേറോടും കൂടി കുളത്തിലേക്ക് കുതിക്കുക... വെള്ളത്തിലെ കളികൾ വേറെ! തൊട്ടുകളി, മുങ്ങാങ്കുഴിയിടൽ, താമരപറിക്കൽ, കരണംമറിയൽ, ചങ്ങാടം തുഴയൽ.... കുളിയും കളിയും ഒരു പരുവമായി ദേഹം ചൊറിഞ്ഞ് തുടങ്ങുമ്പോൾ, കരയിൽ ഉപേക്ഷിച്ച ചകിരിയിൽ അവശേഷിച്ച സോപ്പുകൊണ്ട് ദേഹം പതയ്ക്കുക. പിന്നേം വെള്ളത്തിലേക്ക് കരണം മറിയുക. ഒടുവിൽ, നീന്താൻ ഒരിറ്റ് ജീവൻ ബാക്കിയില്ലെന്ന് വരുമ്പോൾ, നല്ല വെള്ളത്തിൽ കുളിച്ചുകയറാനെന്നും പറഞ്ഞ് കുളത്തിന് നടുവിലോ ഏതെങ്കിലും മൂലയിലോ പോയി കലങ്ങാത്ത വെള്ളത്തിൽ ഔദ്യോഗിക സ്നാനം നടത്തുക. പിന്നെ തല തുവർത്തി വീട്ടിലേക്ക്... ഇനി ഈ വാനരപ്പട കണ്ടുമുട്ടുന്നത് അടുത്തുള്ള കൃഷ്ണക്ഷേത്രത്തിലെ ഭജനയ്ക്കാണ്. ഭക്തി മൂത്തിട്ടൊന്നുമല്ല; ഭജന കഴിഞ്ഞിട്ട് ക്ഷേത്രത്തിൽ എന്നും "പ്രസാദം" (അരി പായസം) വിളമ്പും. അതിനാണെങ്കിൽ ഒടുക്കലത്തെ മധുരവും. ക്ഷേത്രക്കുളത്തിലെ താമരയിലയിൽ വിളമ്പിയ പായസം നഖം ഇലയിൽ തൊടാതെ (നഖം താമരയിലയിൽ കൊണ്ടാൽ പായസം കയ്ക്കും) വളരെ ശ്രദ്ധിച്ച് ചൂടോടെ കഴിക്കുക. പിന്നെ, കൂടെ കിട്ടാറുള്ള പൊരിയും പഴവും വഴി നീളെ തിന്ന് വീട്ടിലേക്ക് മടങ്ങുക. അപ്പോഴേക്കും രാത്രിയായിട്ടുണ്ടാവും... സ്പെഷ്യൽ ട്യൂഷനുകളില്ല, സീരിയൽ ഭ്രമമോ ടെലിവിഷൻ കമ്പമോ ഇല്ല. അതുകൊണ്ടുതന്നെ, അക്കാലത്ത് കുട്ടികൾക്ക് ഇഷ്ടം പോലെ സമയമുണ്ടായിരുന്നു, പ്രകൃതിയെയും അതിന്റെ വരദാനമായ ജീവിതത്തെയും ശരിക്കാസ്വദിക്കാൻ!

പുട്ടിന് തേങ്ങായിടുന്നത് പോലെ അൽപ്പനേരം എന്റെ ബാല്യകാലചരിതം പറഞ്ഞെന്നേയുള്ളൂ... കുട്ടിക്കാലത്ത് എന്തൊക്കെ കളികൾ കളിച്ചുവെന്ന് പറഞ്ഞാലും, എന്തുമാത്രം കുസൃതികൾ കാണിച്ചുവെന്ന് പറഞ്ഞാലും, അടിസ്ഥാനപരമായി ഞാനൊരു അന്തർമുഖനായിരുന്നു. എല്ലാം കഴിഞ്ഞാൽ ഒന്നുമറിയാത്ത കുട്ടീടെ ഭാവം! ഈ അന്തർമുഖതയിൽ നിന്ന് പുറത്തുവരുന്നത് കൂട്ടുകാരെ കാണുമ്പോഴായിരുന്നു... അപ്പോഴൊക്കെ എന്തെങ്കിലും ഒരബദ്ധം ഞാൻ കാണിക്കാറുണ്ട്.

പള്ളിപ്പെരുന്നാൾ അടുത്ത് വന്ന സമയമായിരുന്നു അത്. ഞാനന്ന് അൾത്താര ശുശ്രൂഷകൻ, നീണ്ട് മെലിഞ്ഞ ഒരു പയൽ! കുർബാനയ്ക്ക് ശേഷം ഞാനടക്കമുള്ള അൾത്താര ബാലന്മാരെ അച്ചനും യുവജനങ്ങളും പള്ളിയിൽ തന്നെ പിടിച്ച് നിർത്തി. പെരുന്നാൾ വരുന്നതിനാൽ, പള്ളിയുടെ കൂരയിലും ഉത്തരത്തിലും മറ്റുമിരിക്കുന്ന മാറാലകളും പ്രാവിൻ കൂടുകളുമെല്ലാം വൃത്തിയാക്കണം. കാലപ്പഴക്കം മൂലം ബലക്ഷയം ബാധിച്ച് തുടങ്ങിയിരുന്ന ഉത്തരത്തിൽ മുതിർന്ന ആളുകൾക്ക് കയറാൻ ഒരു മടി. തന്നെയുമല്ല, ഇത്തരം ജോലികൾ ചെയ്യാൻ മരംകേറികളായ ഞങ്ങൾ കുട്ടികൾക്ക് വലിയ ഉൽസാഹവുമായിരുന്നു. തന്നെയുമല്ല, പള്ളിക്ക് വേണ്ടി ഇത്തരം കടുപ്പമുള്ള ജോലികൾ ചെയ്താൽ അച്ചൻ ഞങ്ങളെ പള്ളിമേടയിൽ കൊണ്ട് പോയി വേണ്ട വിധം സൽക്കരിക്കുമെന്ന് ഞങ്ങൾക്കറിയാം. (അക്കാലത്ത്, പള്ളിമേടയിൽ പെട്ടെന്നൊന്നും ആർക്കും പ്രവേശനം ലഭിച്ചിരുന്നില്ല. കൂടിപ്പോയാൽ സ്വീകരണമുറി വരെ. അച്ചൻ ഉപയോഗിക്കുന്ന കിടപ്പുമുറി, ഡൈനിംഗ് ഹാൾ, അടുക്കള, സ്റ്റോർ റൂം എന്നിവിടങ്ങളിൽ അച്ചനുമായി അടുത്ത ബന്ധമുള്ളവർക്ക് മാത്രമേ പ്രവേശനം ലഭിച്ചിരുന്നുള്ളൂ, അതും അത്യാവശ്യമെങ്കിൽ മാത്രം. പള്ളിമേടയിലെ അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ എപ്പോഴും ഉണ്ടാവും. പള്ളിയോട് ചേർന്നുള്ള വാഴത്തോട്ടത്തിൽ നിന്നുള്ള, പഴുക്കാൻ വച്ചിരിക്കുന്ന കുലകളോ, മാമ്പഴങ്ങളോ അങ്ങനെ പലതും... അതിൽ നിന്ന് ഒരു പഴമോ മാമ്പഴമോ കിട്ടുക എന്നുപറഞ്ഞാൽ വലിയ കാര്യമായിരുന്നു, അന്നൊക്കെ.)

ചേട്ടന്മാരെല്ലാം ചേർന്ന് നടുവ് വളഞ്ഞ ഒരു ഏണി എവിടെനിന്നോ കൊണ്ടുവന്നു. എല്ലാരും കൂടി അതിനെ ചുവരിൽ ചാരി, ഓരോരുത്തരെയായി മുകളിലേക്ക് കയറ്റി. കുറച്ചുപേർ കഴിഞ്ഞ പെരുന്നാളിന് കെട്ടിയ തോരണങ്ങൾ നീക്കുന്നു, മറ്റുചിലർ മാറാലകൾ അടിക്കുന്നു, പിന്നെ ഒരു ത്രില്ലിന്റെ പേരിൽ അനാവശ്യമായി മുകളിൽ കയറിയ ചില ആശാന്മാർ ഉന്നതത്തിൽ നിന്നുള്ള അൾത്താരയുടെ വ്യൂ ആസ്വദിക്കുന്നു... ഇടക്കിടെ, ജോലി ചെയ്യുന്നവർക്ക് നിർദ്ദേശങ്ങൾ നൽകുന്നു. മാറാലകൾ അടിക്കുന്ന കൂട്ടത്തിൽ, ഞങ്ങൾ ആൾപാർപ്പില്ലാത്ത ഏതാനും പ്രാവിൻ കൂടുകളും, അണ്ണാറക്കണ്ണന്റെ ചകിരിക്കൂടും വാരി താഴെയിട്ടു. ഒരുവശത്ത് കൂടി കയറി, ജോലിയെല്ലാം പൂർത്തിയാക്കി, മറ്റൊരു വശത്തുകൂടി താഴെ ഇറങ്ങുകയാണ് സാധാരണ പതിവ്. അങ്ങനെ, ജോലിയെല്ലാം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങുമ്പോഴാണ് ഒരു പ്രാവിൻ കൂട് ശ്രദ്ധയിൽ പെടുന്നത്. മേൽക്കൂരയിൽ കുറുകെ വച്ചിട്ടുള്ള തടിയിൽ ഞാന്ന് കിടന്ന് ഞാൻ പ്രാവിൻ കൂട്ടിലേക്ക് തലനീട്ടി. നോക്കുമ്പോൾ, പൂട കിളിർക്കാത്ത രണ്ട് പ്രാവിൻ കുഞ്ഞുങ്ങൾ! "അണ്ണാ.... രണ്ട് പ്രാവണ്ണാ!!!" ഞാൻ വിളിച്ചുപറഞ്ഞു. "എടുക്കട്ടാ?" പിന്നെ ചോദിച്ചു. "ഓ... നീ എട്," ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ഒരു ചേട്ടൻ പറഞ്ഞു. ഞങ്ങളുടെ ഗ്രൂപ്പിൽ പ്രാവുകളെ വളർത്തുന്ന കുട്ടികൾ ഉണ്ടായിരുന്നു, കുഞ്ഞുങ്ങളെ എടുത്ത് അവർക്ക് കൊടുക്കാം എന്നായിരുന്നു ആദ്യത്തെ പ്ലാൻ. അപ്പോഴാണ് ആരോ പറഞ്ഞത് മാടപ്രാവുകളെ വീട്ടിൽ വളർത്താൻ പാടില്ലത്രേ! അവറ്റകൾ കുറുകിയാൽ വീടിന് ദോഷം വരും! അപ്പോ, ഇനിയെന്ത് ചെയ്യും? വളർത്താനാണെങ്കിൽ മാത്രം കുഞ്ഞുങ്ങൾ സൂക്ഷിച്ച് ഇറക്കിയാൽ മതി. കൊല്ലാനാണെങ്കിൽ അതിന്റെ ആവശ്യമില്ല, ജോലിഭാരവും കുറയും! ഒടുവിൽ, പ്രാവിൻ കുഞ്ഞുങ്ങളെ ആർക്കും വേണ്ടന്ന സ്ഥിതിയായപ്പോൾ ഒരു കുഞ്ഞിനെ ഞാൻ കൈകളിൽ എടുത്തു. നല്ല ഭാരം...! (പ്രായപൂർത്തിയായ പ്രാവുകളെക്കാൾ, പ്രാവിൻ കുഞ്ഞുങ്ങൾക്ക് ഭാരവും വലിപ്പവും ഉണ്ടായിരിക്കും.) രണ്ടും കൽപ്പിച്ച്, മനസില്ലാമനസോടെ ആ കുഞ്ഞിനെ ഞാൻ താഴേക്കിട്ടു, ഏതാണ്ട് പത്ത്-പതിനഞ്ചടി മുകളിൽ നിന്ന്! പൊത്തോന്നൊരൊറ്റ വീഴ്ച! വീഴ്ചയുടെ ആഘാതത്തിൽ അത് കാഷ്ടിച്ചു, വയറിളകിയ പോലെ! "ചത്താടേയ്?" മുകളിലിരുന്ന് ഞാൻ കേട്ടു. "ഇല്ല!" ഹോ, ആശ്വാസം! അടുത്തതിനെയും അതുപോലെ താഴേക്കിട്ടു. പക്ഷേ, ആ വീഴ്ചയിൽ ആ പ്രാവിൽ നിന്ന് തെറിച്ചത് ചോരയായിരുന്നു. ഒന്ന് അനങ്ങുക പോലും ചെയ്യാതെ, വീണയുടനെ അത് ചത്തു. ഞാൻ താഴെയിറങ്ങി.

വൃത്തിയാക്കൽ കഴിഞ്ഞതിനാൽ ചേട്ടന്മാരെല്ലാം ഏണിയുമായി പോയി. പള്ളിയുടെ വാതിലുകളെല്ലാം പൂട്ടി, താക്കോൽ മേടയിൽ വച്ചിട്ട് വീട്ടിലേക്ക് പോവുക എന്ന ജോലി മാത്രമേയുള്ളൂ ഇനി ഞങ്ങൾക്ക്. വീട്ടിൽ ചെന്നയുടൻ കളിക്കാൻ പോകേണ്ടുന്നതിനാൽ, ഞങ്ങൾ ചിലർ അതിവേഗം വാതിലുകളെല്ലാം പൂട്ടി. പക്ഷേ, താഴെ കിടക്കുന്ന പ്രാവുകളുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ലല്ലോ! "ഇതിനെ എന്തര് ചെയ്യോടേയ്?" "തൂക്കി വെളിയിലെറിയടേയ്!" കൂട്ടുകാർ നിർദ്ദേശിച്ചു. ചത്ത പ്രാവിനെ തൂക്കി വെളിയിൽ കൊണ്ട് പോയി അടുത്തുള്ള പറമ്പിലേക്ക് ഒറ്റയേറ്റ്! പുളിമരത്തിന്റെ മുകളിൽ കൂടി അത് എങ്ങോട്ടോ പോയി. പിന്നെ, പള്ളിയിലേക്ക് തിരിച്ചുകയറി അടുത്ത പ്രാവിനെ എടുത്തു. അതിന് ജീവനുണ്ട്. ഏതായാലും നുമ്മ ഇതിനെ കൊല്ലാൻ പോവുകയാണ്! അതിന് മുമ്പ്, ഇത് കൊണ്ടെന്തെങ്കിലും പരീക്ഷണം കാണിച്ചാലോ? ഞാൻ മുമ്പ് പറഞ്ഞതുപോലെ, കൂട്ടുകൂടിയാൽ ഏത് അന്തർമുഖനും കുരുത്തം കെട്ടവനാവും. കൂട്ടുകാർ കൂടെയുള്ള ധൈര്യത്തിൽ, പ്രാവിനെ കൈകളിലെടുത്ത് ഞാൻ ചുറ്റും നോക്കി! അപ്പോഴാണ് മുകളിൽ ചുറ്റുന്ന ഫാനിനെ ഞാൻ കാണുന്നത്. അത് നല്ല ഐഡിയാ....! ചുറ്റുന്ന ഫാനിലേക്ക് ഇതിനെ എറിഞ്ഞുനോക്കിയാലോ? നല്ല രസമായിരിക്കും! ഫാനിന്റെ താഴെ പോയി നിന്ന്, റെഡി വൺ ടു ത്രീ പറഞ്ഞ് പ്രാവിനെ മുകളിലേക്ക് എറിഞ്ഞു. അത്ഭുതകരമെന്ന് പറയട്ടെ, മുകളിലേക്കുള്ള പോക്കിലും താഴേക്കുള്ള വരവിലും ഫാനിന്റെ പങ്കകളെ ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ, ഒരു പോറൽ പോലും ഏൽക്കാതെ, പ്രാവ് എന്റെ കൈകളിലേക്ക് തന്നെ വന്നുവീണു. അങ്ങനെ വിട്ടാ പറ്റില്ലല്ലോ! ഒന്നിൽ പിഴച്ചാൽ മൂന്നിൽ - എന്നാണല്ലോ പ്രമാണം! ഞാൻ പ്രാവിനെ വീണ്ടും മുകളിലേക്ക് എറിഞ്ഞു. ഇത്തവണ ലക്ഷ്യം തെറ്റിയില്ല. അതിവേഗം ചുറ്റുന്ന പങ്കകളിൽ തട്ടി ഛിന്നഭിന്നമായ പ്രാവിന്റെ ശരീരവും രക്തവും നാലുപാടും തെറിച്ചു. എന്റെ മുഖത്തും ഉടുപ്പിലുമെല്ലാം ചോര! കളറിൽ മുക്കിയ ബ്രഷ് ക്യാൻവാസിൽ കുടഞ്ഞതുപോലെ! അത്തരമൊരു നീണ്ട വർണ്ണചിത്രം പള്ളിയുടെ ചുവരിലും പ്രത്യക്ഷപ്പെട്ടു! കുടലും തലയും വേർപെട്ട് അവിടമാകെ ചിതറിക്കിടക്കുന്നു. ഒരു നിമിഷം ഞാൻ സ്തബ്ദനായി നിന്നുപോയി! ഇതാണോ ഞാൻ ചെയ്യാൻ ഉദ്ദേശിച്ചത്? തികഞ്ഞ കുറ്റബോധത്തോടെ ഞാൻ വീട്ടിലേക്ക് പോയി.

കേവലം വെറുമൊരു പ്രാവിൻ കുഞ്ഞ്...! ആ ജീവിയോട് കാണിച്ച ക്രൂരത എന്നെ വേട്ടയാടാൻ തുടങ്ങി! ഭക്ഷണം കഴിക്കാനാവാതായി! എന്തെങ്കിലും വായിൽ വയ്ക്കുമ്പോൾ ഉടൻ ഓക്കാനം വരിക.... പ്രാവിൻ രക്തത്തിൽ രൂപം കൊണ്ട ചുവർചിത്രത്തിന്റെ ഓർമ്മകൾ എന്നെ ഭയപ്പെടുത്തി.... ഇതുപോലൊരു അന്ത്യം എനിക്കുണ്ടായാൽ...? രണ്ട് മൂന്ന് നാളത്തെ മാനസിക വൃഥയ്ക്കൊടുവിൽ എല്ലാം സാധാരണ ഗതിയിലായി. എങ്കിലും, ആ സംഭവത്തെ കുറിച്ചോർത്ത് ഞാനിന്നും പരിതപിക്കുന്നു. നിഷ്ക്കളങ്കയായ ഒരു പ്രാവിൻ കുഞ്ഞിന് ജീവൻ നിഷേധിച്ചതുകൊണ്ടല്ല; അതിലുപരി, എനിക്കെന്തോ വിവരിക്കാൻ കഴിയാത്ത മറ്റൊന്തോ കാരണങ്ങൾ മൂലം...!

5 comments:

 1. സധാരണ കുടുംബത്തില്‍ ജനിച്ച കുട്ടിയുടെ ബാല്യം അങ്ങനെ തന്നെ മുന്നില്‍ എത്തിച്ചു. പ്രാവിനോട് കാണിച്ച ക്രൂരതയില്‍ ദേഷ്യവും പശ്ചാതപത്തില്‍ സഹതാപവും തോന്നി.
  എഴുത്ത് ഇഷ്ടായി.

  ReplyDelete
 2. ഒരു നല്ല ഗ്രാമീണതയുടെ പശ്ചതലത്തിൽ തന്നെ ആദ്യം വരികൾ കുട്ടികാലത്തെ ഉണർത്തി...
  പിന്നെ ചെറുമനസിന്റെ നന്മ.... കുട്ടികളിൽ ഇന്നും അത് ഉണ്ട് പക്ഷെ ഇന്ന് അവർ മൊബൈലുമ് , വീഡിയൊ ഗൈമുകളും കളിച്ച് അവർ മാനസികമായി കാലം മാറ്റിയെടുക്കുകയണ്....
  നന്നായി എഴുതി
  ആശംസകൾ

  ReplyDelete
 3. ഇത്തരം ഒരനുഭവം കുട്ടിക്കാലത്ത് എനിക്കുമുണ്ടായിട്ടുണ്ട്, അന്ന് കുറെ ദിവസങ്ങള്‍ അതെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു... ഓര്‍മ്മിക്കുമ്പോള്‍ ഇപ്പോഴും... എഴുതാന്‍ വയ്യാ...

  ReplyDelete
 4. സ്വന്തം ഗ്രാമത്തില്‍ വീണ്ടും എത്തിയതുപോലെ. നന്മകള്‍ ചോര്‍ന്നുപോകാത്ത മനസ്സ്‌ , അതുള്ളവര്കെ ഇത്തരം കഥകള്‍ എഴുതാനാവൂ. ആശംസകള്‍

  ReplyDelete
 5. കുണ്ടി കീറിയ നിക്കറുമിട്ട്, കൈയ്യിലൊരു വണ്ടിയും ഒട്ടിയ വയറുമായി കൂട്ടുകാരുമൊത്ത് കാവുകളിലും, മാമ്പഴക്കാടുകളിലും ചുറ്റിനടക്കുക, അവിടെയെല്ലാം നിർലോഭം കായ്ചുകിടക്കുന്ന വിവിധയിനം മാമ്പഴങ്ങളും, പേരയ്ക്കയും, കശുമാങ്ങയും, ഞാറയും, അയനിച്ചക്കയും പേരറിയാത്ത കാട്ടുകനികളും പറിച്ച് പോക്കറ്റിൽ ശേഖരിക്കുകയോ, മരത്തിലിരുന്ന് കഴിക്കുകയോ ചെയ്യുക, വയറുനിറഞ്ഞ് കഴിഞ്ഞാൽ പിന്നെ നാടൻ കളികൾ... കാൽപ്പന്ത്, ഗോലികളി, സെവന്റീസ്, കുട്ടിയും കോലും... പെൺകുട്ടികൾ കൂടെയുണ്ടെങ്കിൽ വട്ടുകളി, തൊട്ടുകളി, ഒളിച്ചുകളി...! ഉച്ചതിരിഞ്ഞ് താമരക്കുളത്തിലേക്ക്....


  you took me back to 30 years buddy.. excellent post.

  cheers
  mukkuvan

  ReplyDelete