Sunday, April 29, 2012

ഒരു സത്യാന്വേഷിയുടെ ആത്മഗതം!

ജീവിതത്തിൽ അത്യന്തം അഭിലഷണീയമായി ഒരേയൊരു കാര്യമേയുള്ളൂ..., സത്യം (Truth)! സത്യത്തിന് 'ധാർമ്മിക മാനദണ്ഡം' (moral standard) എന്നൊരു അർത്ഥം മാത്രമല്ല ഉള്ളത്. ആ അർത്ഥവുമല്ല ഞാനിവിടെ ഉദ്ദേശിക്കുക. സത്യമെന്നാൽ, അപരിമേയമായ ഒരു അവസ്ഥയാണത്, അനന്യമായ അനുഭവമാണത്, ദീപ്തമായ അറിവാണത്; ഒറ്റ വാക്കിൽ പറയാനാവാത്ത, ഭാവനയ്ക്കും ചിന്തയ്ക്കും അതീതമായ, യാഥാർത്ഥ്യത്തിന്റെ ഉള്ളറകളിൽ അന്തർലീനമായി കിടക്കുന്ന എന്തോ ഒന്ന്! അതിനെ 'ഈശ്വരൻ' എന്ന് വിളിച്ച്, ചരിത്രത്തിൽ സംഭവിച്ച ഏറ്റവും വലിയ 'പ്രായോഗിക അബദ്ധത്തെ' (practical blunder) ഞാൻ പിന്നെയും ന്യായീകരിക്കുന്നില്ല. സത്യത്തെ ഈശ്വരനായി സങ്കൽപ്പിക്കുന്നതിൽ പ്രായോഗിക ലാഭം അനവധി ഉണ്ടായിരിക്കാം.... എന്നാൽ, സത്യത്തെ ഈശ്വരൻ എന്ന് വിളിക്കാതിരിക്കാനാണ് എനിക്കിഷ്ടം! കാരണം, സത്യത്തിന് 'ഈശ്വരൻ' എന്നൊരു 'മൂർത്തീഭാവം' നൽകി പരിമിതപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. സത്യം അതിനും അതീതമാണ്; വേണമെങ്കിൽ, പുലബന്ധം പോലുമില്ലെന്ന് പറയാം. ഈ അർത്ഥത്തിൽ ഞാനൊരു നിരീശ്വരവാദി തന്നെ..., ഉന്മയുടെ മൂലകാരണം ശൂന്യതയാണെന്നും, പ്രപഞ്ചം സ്വയംഭൂവാണെന്നും, അതിന് വിരാചിതമാവാൻ ഈശ്വരന്റെ ആവശ്യമില്ലെന്നുമൊക്കെ വിശ്വസിക്കുന്ന ഒരു പാവം ചിന്തകൻ!

ജീവിതത്തിന്റെ അർത്ഥം മുഴുവൻ തിരിച്ചറിവുകളിലാണ് അടങ്ങിയിരിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്, സത്യത്തെ കുറിച്ചുള്ള തിരിച്ചറിവുകളിൽ...! നാം ജനിക്കുന്നു... ഒരു പുരുഷായുസ്സ് മുഴുവൻ ജീവിക്കുന്നു.... എന്തിന് വേണ്ടി? തിരിച്ചറിവുകൾക്ക് വേണ്ടി...! ആ അറിവുകൾ മാത്രമാണ് സ്ഥായിയായത്, നിരന്തരമായത്, വിമോചനകരമായത്... മറ്റെല്ലാം അപ്രസക്തമാണെന്നോ, അനാവശ്യമാണെന്നോ ഇതിനർത്ഥമില്ല. സത്യത്തിന് പുറത്ത് ഒന്നുമില്ലാത്തതുകൊണ്ട്, ആവശ്യ-അനാവശ്യങ്ങളെ / പ്രസക്ത-അപ്രസക്തങ്ങളെ നിർണ്ണയിക്കുന്നത് ഒരു അസംബന്ധമാണെന്ന് ഞാൻ മനസിലാക്കുന്നു. കാരണം, സത്യത്തിൽ നിന്നുള്ളതെല്ലാം സത്യമാണ്, പ്രസക്തവുമാണ്. അതിനാൽ, ഒന്നിനെയും നിഷേധിക്കാത്ത, ഒന്നിനോടും പുറംതിരിഞ്ഞ് നിൽക്കാത്ത, സ്വാഭാവികതകളെ ഇഷ്ടപ്പെടുന്ന തുറന്ന മനസാണ്, സ്വീകാര്യതയാണ് (receptivity) സത്യാന്വേഷണത്തിലെ ആദ്യ പടി എന്ന് ഞാൻ വിശ്വസിക്കുന്നു. അത് അത്ര എളുപ്പമല്ല! കാരണം, ജനിക്കുമ്പോൾ തന്നെ ഓരോ മനുഷ്യനും അവന്റെ ചുറ്റുപാടുകൾക്ക് വിധേയനാവുന്നു; conditioned ആവുന്നു. മതം, സംസ്ക്കാരം, വിദ്യാഭ്യാസം എന്നിങ്ങനെ സമൂഹത്തിലെ എല്ലാ ഘടകങ്ങളും അവനെ സ്വാധീനിക്കുന്നു. സാവധാനം ഇത്തരം conditions അവന്റെ ചുറ്റും ഒരു പുറന്തോട് സൃഷ്ടിക്കുകയും, സത്യാന്വേഷണം അമ്പേ അസാധ്യമാക്കുകയും ചെയ്യുന്നു. ഈ പുറന്തോടിനെ പൊട്ടിച്ചെറിഞ്ഞ് സ്വയം സ്വതന്ത്രനാവുക എന്നത് നിസാര കാര്യമല്ല. ചെറിയ കാര്യങ്ങൾ വലിയ കാര്യങ്ങൾക്കായി ത്യജിക്കപ്പെടേണ്ടിയിരിക്കുന്നു; കൂർത്ത് മൂർത്ത കല്ലുകൾ മിനുസമുള്ളതാവേണ്ടിയിരിക്കുന്നു. പ്രസവവേദന പോലെ തീഷ്ണമായ ഈ പ്രക്രിയ കാലക്രമേണ ഒരാളെ സ്വയം-പരിത്യാഗത്തിന് (self-surrender) സജ്ജനാക്കുമ്പോൾ സത്യത്തിലേക്കുള്ള വാതിൽ താനേ തുറക്കുന്നു. എത്ര മനോഹരമായ കാഴ്ചയാണത്, ഇവയെല്ലാം ഭാവനയിൽ കാണുക എന്നത്!

മുമ്പ് സൂചിപ്പിച്ചത് പോലെ, സത്യത്തിലേക്കുള്ള യാത്ര സാഹസികവും ദുസഹവുമാണെങ്കിലും, ഒരു ഘട്ടം കഴിയുമ്പോൾ അതെത്ര ആനന്ദകരമാണെന്നും, അതിലെ ഓരോ വഴിത്തിരിവും എത്ര നിർവൃതിദായകമാണെന്നും ഒരു സത്യാന്വേഷിക്ക് മാത്രമേ മനസിലാവൂ...! സത്യത്തിലേക്കുള്ള ദൂരം കുറയുന്തോറും, ഓരോ കാൽവയ്പ്പും പിന്നെ ആവേശഭരിതമാവുന്നു, പ്രചോദനകരമാവുന്നു, താനുടൻ കണ്ടുമുട്ടാനിരിക്കുന്ന സത്യത്തിന്റെ സുഗന്ധം വായുവിൽ തങ്ങിനിൽക്കുന്നത് അനുഭവിക്കാൻ കഴിയുക... അതിന്റെ സാന്നിധ്യം അടുത്തെവിടെയോ ഉണ്ടെന്ന് ഗ്രഹിക്കാൻ കഴിയുക... സത്യത്തെ കുറിച്ചുള്ള പ്രതീക്ഷകൾക്കോ ഊഹാപോഹങ്ങൾക്കോ ഇടം നൽകാതെ (conditioned ആവാതെ) അനങ്ങാതെ അങ്ങനേ നിൽക്കുക... ചക്രവാളത്തിൽ നിന്നെത്തുന്ന ശബ്ദതരംഗങ്ങളിൽ സത്യത്തിന്റെ അംശമുണ്ടോ എന്ന് ചികഞ്ഞുനോക്കുക... പിന്നെ, ആ ദിശയിലേക്ക് മുന്നോട്ട് നീങ്ങുക. നീർത്തടാകത്തിലെ മരച്ചുവട്ടിൽ രാത്രി മുഴുവൻ കാത്തിരിക്കുന്ന കാമിനിയുടെ അടുത്തേക്കുള്ള യാത്ര പോലെ പ്രണയാതുരമാണ് ഇത്. പ്രണയിനിയുടെ ലഹരിപിടിപ്പിക്കുന്ന സൗന്ദര്യത്തെ കുറിച്ചുള്ള, പ്രകോപനകരമായ ആ സാമീപ്യത്തെ കുറിച്ചുള്ള ചിന്തകളുടെ ഉന്മാദതയിൽ വഴിയോരക്കാഴ്ചകൾ ഒന്നും അയാൾ ഗൗനിക്കുന്നതേയില്ല. ഗൗനിച്ചാൽ തന്നെ അതയാളെ സ്പർശിക്കുന്നില്ല. അയാളുടെ മനസ് മുഴുവൻ കാമിനി മാത്രമാണ്. അവളോടുള്ള പ്രേമ പാരമ്യതയിൽ അയാൾ നിരന്തരം തപസ്സിരിക്കുന്നു... നീർച്ചാലുകൾ തേടുന്ന മാൻ‌പേട പോലെ ആവലോടെ അയാൾ മുന്നോട്ട് നീങ്ങുന്നു. മരുപ്പച്ച തേടിയുള്ള ദാഹാർദ്രനായ പഥിതന്റെ തീഷ്ണതയോടെ... എങ്കിലും അയാൾ ഓടുന്നില്ല. നടക്കുന്നു, വളരെ സാവധാനം...! കാരണം, അവളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞെന്ന് അയാൾ കരുതുന്നില്ല; കടമ്പകൾ ഇനിയും ഉണ്ടായേക്കാം... പൂട്ടുകൾ പലതും ഇനിയും തുറക്കേണ്ടതുണ്ടാവാം... അതിനാൽ അയാൾ സ്വയം ശാന്തനാക്കുന്നു; ഗുരുവിന്റെ ഉൾവിളികൾ ശ്രദ്ധിക്കുന്നു.... അതനുസരിച്ച് അയാൾ നടക്കുന്നു, തയാറെടുക്കുന്നു, മണിയറയിലേക്ക് പ്രവേശിക്കാനിരിക്കുന്ന നവവധു അമ്മയുടെ മൗനം ശ്രവിക്കും പോലെ!!!! ഇന്നല്ലെങ്കിൽ നാളെ ഞാൻ നിന്നെ കണ്ടെത്തും. ചുംബനങ്ങൾ നൽകും, നിന്റെ മടിയിൽ തലവച്ചുറങ്ങും, നിന്നോടൊപ്പം യുഗാന്ത്യം വരെ ശയിക്കും. ആ പ്രാപഞ്ചിക മുഹൂർത്തത്തിലൂടെ ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം നിന്നിൽ നിപതിക്കും മുമ്പ് നീയറിയുക... സത്യമേ, ഞാൻ നിന്നെ പ്രണയിക്കുന്നു, കാമിക്കുന്നു... നിൻ തിരുദർശനത്തിനായ് ഈ തിരുനടയിൽ കാത്തിരിക്കുന്നു, ഒരു പൂങ്കുലയുമായ്!

3 comments:

 1. ഒരു ഫേസ്‌ബുക്ക് സ്റ്റാറ്റസ് ആണ് ഇങ്ങനെയൊരു പോസ്റ്റായി രൂപാന്തരം പ്രാപിച്ചത്. ഇതിലൂടെ വായനക്കാർ എന്തെങ്കിലും മനസിലാക്കണം എന്നൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട്, വായിച്ചിട്ട് ഒന്നും മനസിലായില്ലെങ്കിൽ ഒരു ലോഡ് പുശ്ചം വാരി വിതറിട്ട് അടുത്ത ബ്ലോഗിലേക്ക് പോകാവുന്നതാണ്. ;)

  ReplyDelete
 2. "എന്നാൽ, സത്യത്തെ ഈശ്വരൻ എന്ന് വിളിക്കാതിരിക്കാനാണ് എനിക്കിഷ്ടം! കാരണം, സത്യത്തിന് 'ഈശ്വരൻ' എന്നൊരു 'മൂർത്തീഭാവം' നൽകി പരിമിതപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. സത്യം അതിനും അതീതമാണ്; "

  അംഗീകരിക്കുന്നു.

  ReplyDelete
 3. സാഹചര്യങ്ങള്‍ ഒരു പുറന്തോട് സൃഷ്ടിക്കുന്നു ,എന്നാല്‍ ഈ ബന്ധനത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുകയോ ലഖൂകരിക്കുകയോ ചെയ്യുന്നത് അവന്‍റെ ബുദ്ധിയും ചിന്താശേഷിയും തന്നെയാണ് .ഒരിക്കല്‍ ഈ പുറന്തോട് തകര്‍ത്തു പാറി നടക്കുവാന്‍ അവനെ പ്രാപ്തനാക്കുന്നതും ഇതേ കഴിവുകളാണ് .ജീവിതാനുഭവങ്ങളാണ് പലപ്പോഴും ഇത്തരം ചിന്തകളിലേക്ക് അവനെ നയിക്കുന്നത് അനുഭവങ്ങളെ കടഞ്ഞാല്‍ ചിലപ്പോള്‍ കുറച്ചുകൂടി ഉയരത്തിലേക്കു നീങ്ങാനുള്ള ഒരു platform ലഭിച്ചേക്കും.സത്യത്തിലേക്കുള്ള വഴിത്തിരിവുകളില്‍ അനുഭവപ്പെടുന്ന ആനന്ദത്തെക്കാളേറെ, താനിതുവരെ സഞ്ചരിച്ചിരുന്നത് ഒരു maze നുള്ളില്‍ ആയിരുന്നു എന്ന തിരിച്ചറിവ് അവന്‍റെ ബുദ്ധിയെ കൊഞ്ഞനം കുത്താന്‍ തുടങ്ങും .കല്‍ വിഗ്രഹങ്ങളില്‍ ദൈവമില്ല എന്നറിയുമ്പോള്‍ ,അതിനു മുമ്പില്‍ അര്‍പിച്ച പൂക്കളെയോര്‍ത്തു അവന്‍ വിലപിക്കും .മതങ്ങളുടെ കളിപ്പാവകള്‍ മാത്രമാണ് ദൈവങ്ങള്‍ എന്ന് മനസിലാക്കുമ്പോള്‍ ,തന്നെ ബന്ധിച്ചിരുന്ന വിലങ്ങുകളെല്ലാം സ്വയം തകര്തെരിഞ്ഞതായി അവന്‍ അഹങ്കരിക്കും പ്രകൃതിയാണോ സത്യം ? ആകാശ ഗോളങ്ങള്‍ തിരിയുന്നത് സാധൂകരിക്കാന്‍ പ്രപന്ജമാണ് സത്യമെന്ന് അംഗീകരിക്കാന്‍ അവന്‍ നിര്‍ബന്ധിതനായെക്കും .തന്നില്‍ത്തന്നെ വിശ്വാസമില്ലാതെ ,താനിപ്പോഴും വിശ്വസിക്കുന്നത് മിഥ്യയാണെന്ന ചിന്ത, സത്യത്തിന്‍റെ പുതിയ അര്‍ഥങ്ങള്‍ തേടാന്‍ അവനെ പ്രേരിപ്പിക്കും .ലക്‌ഷ്യം ശ്യൂന്യമാനെന്നു മനസിലാക്കാതെ പ്രണയിനിയെ തേടി അവന്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും ......
  ഒരു facebook ലിങ്കാണ് ഈ post വായിക്കാന്‍ ഇടയാക്കിയത്,കമന്റു വായിച്ചിട്ട് ഒന്നും മനസിലായില്ലെങ്കില്‍ ചുമ്മാ അടുത്ത കമന്റിലേക്ക് പൊക്കോ .....

  ReplyDelete