Thursday, July 19, 2012

ഉണ്ണിക്കഥ: യോഗിണി

ഒരിടത്തൊരിടത്തൊരിടത്ത്, ഒരു യോഗിണി ഉണ്ടായിരുന്നു. സദാസമയവും ധ്യാനവും പ്രാർത്ഥനയുമാണ് അവരുടെ ജോലി. കാണാൻ അധികം പ്രായമൊന്നും ആയിട്ടില്ല. അവരെ കാണാൻ പകലന്തിയോളം വൻതിരക്കാണ്. യോഗിണിയുടെ പോപ്പുലാരിറ്റി കണ്ട് അസൂയ മൂത്ത ചില കക്ഷികൾ അവർക്കിട്ടൊരു പണി കൊടുക്കാൻ തക്കം പാർത്തിരിക്കുന്ന സമയം. അങ്ങനെയിരിക്കെ ഒരു ദിവസം, വഴിയിൽ കഞ്ചാവടിച്ചോണ്ടിരുന്ന ഒരു നിരീശ്വരവാദി അക്കനൊരു പണി കൊടുക്കാന്നും പറഞ്ഞ് മുണ്ടും മടക്കിക്കുത്തി അവരെ കാണാൻ ചെന്നു. അത്ര പെട്ടെന്നൊന്നും അക്കനെ കാണാൻ പറ്റൂല്ല. ന്നാലും, ഭാഗ്യവശാലോ, നിർഭാഗ്യവശാലോ യോഗിണിയെ കാണാൻ അയാൾക്ക് കുറി കിട്ടുന്നു. ചുറ്റുപാടും ഭക്തജനങ്ങൾ! എല്ലാവരും യോഗിണിയുടെ കൃപാകടാക്ഷങ്ങൾക്കായി ഉറ്റിനോക്കിക്കൊണ്ടിരിക്കുകയാണ്. തന്റെ ഊഴമെത്തിയപ്പോൾ മ്മ്ടെ കഥാനായകൻ യോഗിണിയുടെ മുന്നിൽ മുട്ടുകുത്തി തൊഴുതു, നെഞ്ചിനിട്ട് പൊട്ടിക്കും മുമ്പ് ഗാന്ധിജിയുടെ കാലിൽ വീണ ഗോഡ്സെയെ പോലെ! യോഗിണി കരുണാപൂർവം അയാളെ സ്പർശിച്ചു. കിട്ടിയ ഗ്യാപ്പിൽ നിരീശ്വരവാദി വന്ന കാര്യം അറിയിച്ചു. "മാതാശ്രീ, ഇന്ന് രാത്രി എനിക്ക് അവിടത്തോടൊപ്പം അന്തിയുറങ്ങണമെന്നുണ്ട്." ചുറ്റും നിന്നവർ ഇത് കേട്ട് ഞെട്ടി! നിരീശ്വരവാദിയുടെ അഗ്രചർമ്മം ഛേദിച്ച് അതിനെ ചൂണ്ടയിൽ കോർക്കാനുള്ള ദേഷ്യം വന്നിട്ടും അവർ പ്രതികരിച്ചില്ല. കാരണം, മുന്നിലിരിക്കുന്നത് ജഗതാംബയാണ്. "അത്രേയുള്ളോ? എന്നാ അങ്ങനെയാവട്ടേ"ന്ന് യോഗിണിയും! കലിപ്പ്... പയങ്കര കലിപ്പ്. ദൃക്സാക്ഷികൾക്ക് സഹിക്കാനാവുന്നില്ല. "യോഗിണിമാരെപ്പോലും വെറുതേ വിടില്ല." അവന്റെ കാര്യം പോട്ടേന്ന് വയ്ക്കാം.... ഈ യോഗിണിയ്ക്ക് എന്നാ പറ്റി? ആളുകൾ പുലമ്പുന്നു, ചിലർ പുലഭ്യം പറയുന്നു. ലോട്ടറിയടിച്ച സന്തോഷത്തിൽ മ്മ്ടെ നിരീശ്വരവാദി കൊറച്ച് നേരം ഒരു മൂലയിൽ കറങ്ങിക്കറങ്ങി നിന്നു, ഭക്തജനങ്ങളുടെ അസൂയാവഹമായ നോട്ടങ്ങളെ അവഗണിച്ച്! ഒടുക്കം, ദർശനമെല്ലാം കഴിഞ്ഞ് യോഗിണി അകത്തേയ്ക്ക് പോയപ്പോ കക്ഷിയും അവരുടെ സാരിത്തുമ്പും പിടിച്ച് കൂടെ കയറിപ്പോയി. അമ്മേടെ കൂടെ നിന്നില്ലെങ്കിൽ ഭക്തന്മാർ കൈകാര്യം ചെയ്യുമെന്ന് അയാൾക്ക് നന്നായി അറിയാം. അങ്ങനെ സമയം രാത്രിയായി. ഭക്തന്മാർക്കാർക്കും ഉറക്കമില്ല. എങ്ങനെ ഒറങ്ങും? ചത്താപ്പോലും ഉറക്കം വരാത്ത രാത്രിയല്ലേ ഇത്! ഒരു ഭക്തൻ രാത്രി 12 മണിക്ക് അടുത്ത് ഉറങ്ങിക്കെടന്നിരുന്ന ഭാര്യയെ വിളിച്ച് ചോദിച്ചത്രേ: "ഇപ്പോ യോഗിണിയുടെ അവസ്ഥ എന്തരായിരിക്കുമോ എന്തോ?" "എന്റെ അവസ്ഥ അന്വേഷിക്കാൻ നിങ്ങൾക്ക് നേരമില്ല, അപ്പഴാണ് അവൾടെ അമ്മേടെ ഒരു അവസ്ഥ" ന്നും പറഞ്ഞ് ഭാര്യ മുട്ടൻ തെളിവിളിച്ചത്രേ! തിരിഞ്ഞും മറിഞ്ഞും കെടെന്നിട്ട് ഒറക്കം വരാതെ അയാൾ എങ്ങനെയോ നേരം വെളുപ്പിച്ചു. പരപരാന്ന് സൂര്യൻ ഉദിച്ചപ്പോ അയാൾ നേരേ ആശ്രമത്തിൽ ഓടിക്കിതച്ചെത്തി. ഫേസ്‌ബുക്കിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെക്ക്‌ചെയ്യാൻ ഓഫീസിൽ ഓടിക്കിതച്ചെത്തുന്നവരെ പോലെ! ആശ്രമം പതിവ് പോലെ ശാന്തമാണ്. യോഗിണി പതിവ് പോലെ അതിരാവിലെ എഴുന്നേറ്റ് പൂജാകർമ്മങ്ങൾ ചെയ്യുകയാണ്. "ഒന്നും നടന്നില്ലേ?" - അയാൾ സ്വയം ചോദിച്ചു. "ഈശ്വരാ.... ഈ ഐഡിയ എനിക്ക് തോന്നിയില്ലല്ലോ!" - അയാൾ പിറുപിറുക്കുന്നു. അതിനിടയിൽ അയാൾ മറ്റവനെ തിരയുന്നു, നിരീശ്വരവാദിയെ! "ശ്ശ്..ശ്ശ്.... ലവൻ എവിടെ?" അടുത്ത് നിന്ന മറ്റൊരു ഭക്തനോട് ഈ ഭക്തൻ ചോദിച്ചു. മറ്റേ ഭക്തൻ ഈ ഭക്തനെ പരുഷമായി നോക്കി, "നിനക്ക് കണ്ണ് കണ്ടൂട്രാ" ന്ന ഭാവത്തിൽ! നോക്കുമ്പോ, നിരീശ്വരവാദി കാവിയുടുത്ത്, കുറി തൊട്ട് ഒരു മൂലയിൽ കണ്ണുമടച്ച് ധ്യാനനിമഗ്നനായിരിക്കുന്നു. "എന്റെ പള്ളീ... ഇത് എന്തര്?" ഏതായാലും, കഴിഞ്ഞ രാത്രി സംഭവിച്ചതെന്താണെന്ന് ആർക്കും ഒരു പിടിയും ഇല്ലെങ്കിലും, യോഗിണിയ്ക്ക് പണി കൊടുക്കാൻ വന്നവന് ഒരു എട്ടിന്റെ പണി കിട്ടിയെന്ന് മാത്രം എല്ലാവർക്കും മനസിലായി. തരത്തിലുള്ളവരോട് കളിച്ചാൽ കളി തുടരാം; ഇല്ലെങ്കിൽ കളി പഠിക്കും.



3 comments:

  1. വല്ലാത്ത പണിയായിപ്പോയി കേട്ടൊ

    ReplyDelete
  2. മുല്ലപ്പൂമ്പോടി ഏറ്റു കിടക്കും ...........ആ അതങ്ങനെയാ

    ReplyDelete
  3. ഈ ആശ്രമം കൊള്ളാമല്ല്....

    ReplyDelete