Thursday, July 19, 2012

ഉണ്ണിക്കഥ: വഴിതെറ്റി

പണ്ട്, വളരെ പണ്ട്, സത്യാന്വേഷണ ത്വരയുമായി ഒരു യുവാവ് ഒരു ഗുരുവിനെ പോയി കണ്ടത്രേ! ഗുരു അയാളെ അടിമുടി നോക്കിയിട്ട് ചോദിച്ചു: "എന്താ വന്നത്?" അയാൾ പറഞ്ഞു: "ഗുരു എനിക്ക് സത്യത്തെ അറിയണം." ഗുരു പിന്നേം അയാളെ അടിമുടി നോക്കി. (ഗുരുക്കന്മാർ അല്ലേലും അങ്ങനാ.... ആവശ്യത്തിനും അനാവശ്യത്തിനും അടിമുടി നോക്കും.) അൽപ്പനേരത്തെ മൗനത്തിന് ശേഷം, ഗുരു പറഞ്ഞു: "നീ കുറച്ച് നാൾ ആശ്രമത്തിൽ തങ്ങണം, ബാക്കിയുള്ളത് പിന്നെ ആലോചിക്കാം." അന്നുമുതൽ അയാൾ ആ ആശ്രമവാസിയായി. ആശ്രമമെന്ന് പറഞ്ഞാ നിങ്ങളുദ്ദേശിക്കുന്ന നാല് കഴുക്കോല് വച്ച് കെട്ടിയ ചെറ്റക്കുടിലൊന്നുമല്ല. 350 അന്തേവാസികൾ, അവരെ സേവിക്കാൻ 150 വാല്യക്കാർ, 250 പശുക്കൾ, 50 എരുമകൾ, 80 ആട്, 600 കോഴി, 300 താറാവ്... അങ്ങനെ പോവുന്ന ഒരു വലിയ സെറ്റപ്പായിരുന്നു ആ ആശ്രമം. അന്തേവാസികളെല്ലാം രാവിലെ 4 മണിക്ക് എഴുന്നേക്കണം. എഴുന്നേറ്റയുടൻ പശൂനെ കറക്കണം, തൊഴുത്ത് വൃത്തിയാക്കണം, കറന്ന പാൽ സൊസൈറ്റിയിൽ കൊണ്ട് കൊടുക്കണം, കോഴീനെ തീറ്റിക്കണം, അപ്പിയിടിയിപ്പിക്കണം.... അങ്ങനെ പിടിപ്പത് പണിയാണ്. ജോലി ചെയ്ത് ചെയ്ത് നമ്മുടെ കഥാനായകൻ തളർന്നു. ഗുരുവാണെങ്കിൽ സത്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നുമില്ല. സഹികെടുമ്പോൾ അയാൾ മനസിൽ ഗുരുവിനിട്ട് നാല് തെറിവിളിച്ചു. "ഈ മൈ*ന്റെ അടുത്താണല്ലോ സത്യാന്വേഷണമെന്ന് പറഞ്ഞ് ഞാൻ വന്ന് പെട്ടതെന്റെ ഗിവറുഗീസ് പുണ്യാളാ"ന്ന്. വർഷം പലത് കഴിഞ്ഞു. സത്യാന്വേഷണമെന്ന് പറഞ്ഞ് ആശ്രമത്തിൽ വന്ന കഥാനായകൻ താനെന്തിനാണ് അവിടെ വന്നതെന്നുപോലും മറന്നു. കുശിനിയിലെ പെണ്ണുങ്ങളുടെ ചന്തിക്കിട്ടടിച്ചും, സൊറ പറഞ്ഞും, സൊസൈറ്റിയിൽ കൊടുക്കേണ്ട പാലിൽ വെള്ളം ചേർത്ത് കിട്ടുന്ന കാശ് പോക്കറ്റിലാക്കിയും, പിന്നെ നാക്ക് ചൊറിയുമ്പോൾ നല്ലൊരു പൂവൻകോഴിയെ തല്ലിക്കൊന്ന് ചിക്കൻ 65 ആക്കിയും അയാൾ കാലം തള്ളിനീക്കി. അങ്ങനെ, പിന്നേം വർഷങ്ങൾ ശ്ശടേന്നും പറഞ്ഞൊരു പോക്ക്. ഒരു ദിവസം രാവിലെ ഗുരു അയാളെ വിളിപ്പിച്ചു. "ആശ്രമ ജീവിതം എങ്ങനെയുണ്ട്?" "അങ്ങനെ പോവുന്നു ഗുരൂ...!" "ഇരിക്ക്!" അയാൾ ഗുരുവിന്റെ മുന്നിൽ ഇരുന്നു. "സത്യത്തെ കുറിച്ച് നിനക്ക് എന്താ അറിയേണ്ടത്?" ഗുരു ചോദിച്ചു. ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ട് അയാൾ ആദ്യം ഞെട്ടി. പിന്നെ ഇങ്ങനെ പറഞ്ഞു: "സത്യനെ കുറിച്ച് പ്രത്യേകിച്ചൊന്നും അറിയാനില്ല ഗുരു. ആശ്രമത്തിലേക്ക് 450 തെങ്ങിൻ തൈയ്യും 35 കറവപ്പശുക്കളെയും വാങ്ങി തരാമെന്ന് പറഞ്ഞ് കാശും വാങ്ങിപ്പോയവനാ... അവന്റെ അഡ്രസ് പോലും ഇപ്പോ കിട്ടാനില്ല." ഉത്തരം കേട്ട് ഗുരുവിന്റെ കണ്ണുകൾ വിടർന്നും അടിമുടി നോക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് അയാളോട് പൊയ്ക്കോളാൻ പറഞ്ഞു. പുറത്ത് വന്ന അയാൾ തല ചൊറിഞ്ഞു. "അയ്യോ! രാസവളം വാങ്ങാനുള്ള കാശും സത്യൻ വാങ്ങിക്കൊണ്ട് പോയ കാര്യം പറയാൻ മറന്നു. ങാ... പോട്ടെ! അടുത്ത തവണ പറയാം." അധികം വൈകാതെ ഗുരു സമാധിയായി, അയാൾ ആ ആശ്രമത്തിലെ ഗുരുവുമായി.7 comments:

 1. പറ്റിയ ഗുരു

  ReplyDelete
 2. "ഈ മൈ*ന്റെ അടുത്താണല്ലോ സത്യാന്വേഷണമെന്ന് പറഞ്ഞ് ഞാൻ വന്ന് പെട്ടതെന്റെ ഗിവറുഗീസ് പുണ്യാളാ"ന്ന്.


  പഞ്ച്ഡയലോഗ് തന്നെ :)

  ReplyDelete
 3. ഇങ്ങനെ വേണം ശിഷ്യന്‍

  ReplyDelete
 4. സന്തോഷം കൊണ്ടാണോ ഗുരു സമാധിയായത് ?? ഇഷ്ടപ്പെട്ട്

  ReplyDelete
 5. അടിപൊളി ഇത്തരം കഥകളിൽ ആശയമുണ്ട് ,തമാശയുമുണ്ട്

  ReplyDelete
 6. കഥ ഇഷ്ട്ടായി മാഷേ.
  ചില നവീന സത്യാന്വേഷികളുടെ അന്വേഷണം സരസമായി അവതരിപ്പിച്ചു.
  ആശംസകള്‍ നേരുന്നു.. പുലരി

  ReplyDelete