Monday, January 2, 2012

പനിച്ച് വിറച്ചിരിക്കുമ്പോൾ!

എട്ട് ദിവസമായി തുടരുന്ന പനിയുടെ ജൈത്രയാത്രയ്ക്ക് അഭിവാദ്യങ്ങൾ... ക്രിസ്തുമസിന് നാട്ടിൽ പോയപ്പോൾ തുടങ്ങിയതാണ് ഈ കാച്ചൽ. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പനി പോയി. പക്ഷേ, ചെന്നൈയിൽ തിരിച്ചെത്തിയപ്പോൾ പിന്നെയും വന്നു. അതുകൊണ്ടുതന്നെ, ഇത്തവണത്തെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ പനിക്കിടയിലെ തുമ്മലും ചീറ്റലുമായി മാത്രം കടന്നുപോവുകയായിരുന്നു. ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല, ഫേസ്‌ബുക്കിൽ ഒരു സ്റ്റാറ്റസ് മെസേജിടാൻ പോലും മൂഡില്ലായിരുന്നു. ഏതായാലും, ഇത്തവണ ക്രിസ്തുമസും പുതുവത്സരവും തകർത്ത് ആഘോഷിച്ചവർക്ക് എന്റെ അഭിനന്ദനങ്ങൾ....!

ചെന്നൈയിൽ കുറേ നാളുകളായി പെയ്യുന്ന കനത്ത മഴ എല്ലാ വിധത്തിലും പ്രതിയോഗിയായി നിൽക്കുകയാണ്. എന്തരായിരുന്നു അതിന്റെ പേര്? "താനെ..." ഹോ, എന്തൊക്കെ പേരുകൾ...!!! സാധാരണ തമിഴ്നാട്ടിൽ താനെ ഒന്നും സംഭവിക്കാറില്ല, ഒന്നുകിൽ അമ്മ ജയലളിത നിനൈക്കണം, അല്ലെങ്കിൽ കരുണാനിധി! "താനെ" എന്ന പേര് കേട്ടപ്പോൾ ആദ്യം അത്ഭുതം തോന്നി.

പറഞ്ഞുവന്നത് പനിയെ കുറിച്ചാണ്. ഉള്ളിലെ മ്ലാനത പുറംലോകത്ത് പ്രതിഫലിക്കുന്നതാണോ എന്നറിയില്ല; എവിടെയും മ്ലാനത. ആർക്കും ഒരു ഉന്മേഷവുമില്ല. ഇനി ഞാനൊരു മ്ലാങ്ങനായതുകൊണ്ട് തോന്നുന്നതാണോ എന്നും അറിയില്ല. എന്തരായാലും, ഇവിടത്തെ ബിരിയാണി കടകളിൽ മാത്രം ഒരു മ്ലാനതയുമില്ല. (നല്ലൊരു പറ്റം ചെന്നൈ നിവാസികൾക്കും ബിരിയാണിയെന്നാൽ ഭ്രാന്താണ്. പൊറോട്ടയും ചിക്കനും കേരളീയരുടെ ദേശീയ ഭക്ഷണമെന്ന് പറയുന്നതുപോലെയാണ് ഇവിടെ ബിരിയാണി.) ഇന്നലെ ഡോക്ടറിനെ പിന്നെയും പോയി കണ്ടു. അദ്ദേഹം നാഡിയും ഹൃദയമിടിപ്പും പരിശോധിച്ച് കുറച്ച് ഗുളികകൾക്ക് എഴുതിത്തന്നു. "രക്തം പരിശോധിക്കണോ ഡോക്ടർ?" "രണ്ട് ദിവസം കഴിഞ്ഞ് പാർക്കലാം! ചളി കുറഞ്ഞാൽ കാച്ചൽ പോവും!" "കുത്തിവയ്ക്കുന്നില്ലേ ഡോക്ടർ?" ഇഞ്ചക്ഷന് അഡീഷണൽ ചാർജ് ലഭിക്കുമല്ലോ എന്ന സന്തോഷത്തിൽ ഡോക്ടർ താമസംവിനാ ചന്തിക്ക് കുത്തി. പണ്ട് ആശുപത്രികളിൽ ഉപയോഗിച്ചിരുന്ന കുന്തം പോലുള്ള സിറിഞ്ച് അല്ലാതിരുന്നതിനാൽ ഒട്ടും വേദനിച്ചില്ല. "നണ്ട്രി ഡോക്ടർ." ക്ലിനിക്കിൽ നിന്ന് വെളിയിറങ്ങിയപ്പോൾ ചന്തിയുടെ പ്രാന്തപ്രദേശങ്ങളിൽ പെട്ടെന്നൊരു വേദന. 'എലിവിഷം കഴിച്ച എലികൾ വീട്ടിന്റെ വെളിയിൽ പോയി ചത്തോളും' എന്ന് പറയുന്ന പരസ്യങ്ങളെ പോലെയാണ് ഇന്നത്തെ കുത്തിവയ്പ്പുകൾ!!!! കുത്തിവച്ചിട്ടും പനി കുറഞ്ഞില്ല. ഇന്നോ നാളയോ പോയി രക്തം പരിശോധിക്കണം.

അതിനിനി, രക്തം എന്നൊരു സംഭവം എന്റെ ഞരമ്പുകളിൽ ഉണ്ടോ എന്തോ? ഒരു ബീഭൽസ സത്വം പോലെ, ആര് കണ്ടാലും ഒന്ന് ഞെട്ടുമാറ് ഒണങ്ങി എല്ലും തോലുമായിരിക്കുന്ന എന്നിലെ അവശേഷിച്ച ആവിയും നീരും പനി കൊണ്ടുപോയിട്ട് കാലം കൊറേ ആയല്ലോ! പനിയെ ഞാൻ കുറ്റം പറയുന്നില്ല, അല്ലേലും പനി എന്ത് പിഴച്ചു? നമ്മ പണ്ടേ ഇങ്ങനാ... എത്ര തിന്നാലും തടി വയ്ക്കില്ല, വിശപ്പിനാണെങ്കീ യാതൊരു കുറവുമില്ല. ഹോ!

ഇത്തവണ നാട്ടിൽ പോയപ്പോഴും തടിയുടെ പേരും പറഞ്ഞ് ചില തൈ കെളവിമാർ ആക്രമിക്കാൻ വന്നിരുന്നു. "നീയാകെ ക്ഷീണിച്ചുപോയല്ലോ" എന്ന സാംസ്ക്കാരിക മര്യാദ ജ്വലിക്കുന്ന കുശലാന്വേഷണത്തിന് പകരം, "നീ ഒണങ്ങി കോലം കെട്ടുപോയല്ലാടേയ്!", "നിനക്കൊന്നും തിന്നാൻ ഇല്ലേടേയ്?", "ഹാ, ഇതാര് ബൈജുവാ..." എന്ന് തുടങ്ങുന്ന പൈശാചികവും മൃഗീയവുമായ കമന്റുകൾ കൊണ്ട് അവറ്റകൾ എന്നെ പഴയ പോലെ തേജോവധം ചെയ്തു. ക്രിസ്തുമസിന്റെ പിറ്റേന്ന് എന്റെ കസിൻ സിസ്റ്ററിന്റെ കല്യാണമായിരുന്നതിനാൽ, കെളവിമാർക്കുണ്ടോ പഞ്ഞം? പക്ഷേ കേളൻ കുലുങ്ങുമോ?

പിന്നെ, ഞാൻ നേരത്തെ പറഞ്ഞ ബീഭൽസത മൂലം, പല വേണ്ടപ്പെട്ട ആളുകൾക്കും എന്നെ കല്യാണപന്തലിൽ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല എന്നതാണ് ഇതിലെ രസകരമായ ഒരു സംഗതി. അങ്ങനെ കുറേ നേരം രക്ഷപ്പെട്ട് നിന്നെങ്കിലും, സംഗതി വൈകാതെ പാളി. മൂന്നും നാലും മക്കളെയും പെറ്റ്, കണ്ടാൽ ഒരു പ്രസ്ഥാനമായി വികസിച്ച് നിന്ന ചില സഹപാഠി പെൺകുട്ടികൾ എന്നെ തൊണ്ടി സഹിതം പിടികൂടി. "ഹല്ല, ഇതാര്? ബൈജുവാ...?" എന്നും പറഞ്ഞ് അടുത്തുകൂടിയ അവർ അധികം വൈകാതെ വിശ്വരൂപം പുറത്തെടുത്തു. ഗ്രാമത്തെ പെണ്ണുങ്ങളായതിനാൽ കിട്ടിയ വെട്ടൊന്നും പാഴായില്ല. എന്നെ കുറച്ചുനാൾ ഉണക്കാനിട്ടിരുന്നെന്നും, നാല് മാസം എനിക്ക് ഭയങ്കര വയറ്റളക്കമായിരുന്നെന്നുമുള്ള ഗോമഡികൾ കാണിച്ച് എന്റെ നേർക്ക് വന്ന സലക മാരകായുധങ്ങളെയും ഞാൻ തടുക്കാൻ ശ്രമിച്ചു. പക്ഷേ, സകല കൂതറ കോമഡി സിഡികളും, സ്റ്റേജ്/റിയാലിറ്റി ഷോകൾ കണ്ട് കോമഡി-സെൻസ് വർദ്ധിച്ച ലവളുമാർ ചിരിച്ചില്ലെന്ന് മാത്രമല്ല, "എന്തരെടാ നീയീ പൊലമ്പണത്?" എന്ന ഭാവേന പരുഷമായി നോക്കുകയും ചെയ്തു. വല്ലച്ചാതി അവിടെ നിന്ന് രക്ഷപ്പെട്ട് ഭക്ഷണഹാളിൽ വന്നപ്പോൾ സദ്യയ്ക്ക് ക്യൂ നിന്ന മറ്റൊരു കൂട്ടം എന്നെ വലയിട്ട് പിടിച്ചു. നാട്ടിലെ പെണ്ണുങ്ങൾക്കും പയലുകൾക്കും എന്നെ കണികാണാൻ കിട്ടുന്നത് ക്രിസ്തുമസ്, ഓണം പോലുള്ള വണ്ടിതടയൽ സീസണിൽ മാത്രമായതിനാൽ, ഗ്രാമത്തിന്റെ എല്ലാവിധ അസാംസ്ക്കാരികതയോടും കൂടി കിട്ടിയ അവസരം അവർ നന്നായി ദുർവിനിയോഗിച്ചു.

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം. കാരണം, എന്റെ നാട്ടിലെ 20 വയസ് കഴിഞ്ഞ എല്ലാ പയ്യന്മാർക്കും മുടിഞ്ഞ തടിയാണ്. അഥവാ തടി വയ്ക്കുന്നില്ലെങ്കിൽ, പരുത്തിക്കുരുവും പുളിയങ്കുരുവും കൊടുത്ത് തടി വപ്പിച്ചെടുക്കും, അതാണ് അവിടത്തെ രീതി. അത്യാവശ്യം ചെറിയൊരു കുടവണ്ടിയെങ്കിലും ഇല്ലെങ്കിൽ മഹാനാണക്കേടാണെന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും, സ്ത്രീകൾ പ്രത്യേകിച്ച്.... എത്രവേണമെങ്കിലും തടിക്കാം, എന്നാൽ ലേശം പോലും മെലിയാൻ പാടില്ല. ഇതാണ് ഇവിടത്തെ പോളിസി. എന്നെക്കാളും 10 വയസിന് ഇളയ ഒരു ഇരട്ട സഹോദരന്മാർ എന്റെ നാട്ടിൽ ഉണ്ട്. ഇത്തവണ അവരെയും ഞാൻ കണ്ടു. കണ്ടു എന്ന് പറഞ്ഞാൽ അത് ഒട്ടും ശരിയാവില്ല, "കണ്ടുനിന്നു" എന്ന് വേണം പറയാൻ. രണ്ടുപേരും വിത്തുകാളകളെ പോലെ വളർന്നുനിൽക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് എനിക്ക് മനസിലാവുന്നില്ല. നാട്ടിലെ ഭക്ഷണത്തിന്റെ പ്രത്യേകതയാണോ എന്തോ? ആയിരിക്കും! കൊറേക്കാലം ചെന്നൈയിൽ ജോലി ചെയ്ത് നാട്ടിൽ മടങ്ങിപ്പോയ ഒരു മെലിഞ്ഞ ചെക്കനെ അടുത്തിടെ കണ്ടപ്പോൾ അവനും മുടിഞ്ഞ തടി. ഇതെന്ത് മറിമായം? ഏതായാലും, ചാവുന്നതിന് മുമ്പ് കുറച്ച് നാൾ നാട്ടിൽ പോയി നിന്ന് ഈ തടിയൊന്ന് ശരിയാക്കണം...

ഗുളിക കഴിഞ്ഞാനുള്ള സമയം ആയിവരുന്നു. എന്തേലും കഴിച്ചിട്ട് വേണം ഗുളിക തിന്നാൻ. എത്രതന്നെ പനിയെന്ന് പറഞ്ഞാലും, വിശപ്പിന് മാത്രം യാതൊരു കുറവുമില്ല. അതെങ്കിലും ഉള്ളത് എന്റെ ഭാഗ്യം. കാണാം...!

5 comments:

 1. നമ്മുടെ ചുറ്റുമുള്ളവരുടെ ഒരു ബലഹീനതയാണു ഇത്തരത്തിലുള്ള ക്ഷേമാന്വേഷണം. ഇവിടെ ഒരു വിധം ഭക്ഷണ നിയന്ത്രണമൊക്കെ നടത്തി നാട്ടില്‍ ചെല്ലുമ്പോള്‍ എല്ലാവരും ചോദിക്കും "തടി കുറച്ച് കൂടി ല്ലേ!" കൊല്ലാനുള്ള ദേഷ്യം തോന്നും. 5 കിലോ കുറച്ചിട്ടാണ്‌ നമ്മള്‍ വന്നിരിക്കുന്നത് എന്ന് ഇവര്‍ അറിയുന്നില്ല. അവിടെ വീട്ടുകാരുടെ സ്നേഹ പരിലാളന ഭക്ഷണത്തിന്റെ രൂപത്തില്‍ കിട്ടുമ്പോള്‍ നമുക്ക് അരുതെന്ന് പറയുവാന്‍ പരിധികള്‍ ഉണ്ട്. തിരിച്ച് ഗള്‍ഫിലെത്തിയാല്‍ "ടേയ് തടി ഒത്തിരി കൂടി കേട്ടോ"! ഒരു എ.കെ. 47 കിട്ടിയിരുന്നെങ്കില്‍ വെടിവെച്ച് കൊല്ലാന്‍ തോന്നും ഇവറ്റകളെ. എന്നും ഒട്ടിയുണങ്ങിയിരുന്നാല്‍ ഇവന്മാര്‍ക്കൊന്നും യാതൊരു പ്രശ്നവും ഉണ്ടാവില്ല. (എന്നാലും ചോദിക്കും "അയ്യോ..വല്ലാതങ്ങ് ക്ഷീണിച്ചു കേട്ടോ"..)

  ReplyDelete
 2. നല്ല വായനാനുഭവം നൽകുന്ന പോസ്റ്റ്. ഏച്ചുകെട്ടലുകളില്ലാതെ തികച്ചും സ്വാഭാവികമായി പറഞ്ഞുപോകുന്ന രീതി വായനയ്ക്ക് ഹൃദ്യത നൽകുന്നു.
  പുതുവത്സരാശംസകൾ...
  (അല്പം താമസിച്ചു പോയെങ്കിൽ ക്ഷമിക്കുക)

  ReplyDelete
 3. വായിച്ചിരിക്കാന്‍ നല്ല രസം തോന്നി. നര്‍മം കലര്‍ത്തി പറഞ്ഞത് രസകരമായി. അല്ലെങ്കിലും നാട്ടില്‍ ചെന്നാല്‍ തടി തന്നെയാണല്ലോ വില്ലന്‍. തടിയില്ലെങ്കില്‍ പിന്നെ ഒരു വിലയും ഇല്ല. ആ.. മനസ്സിലായിക്കൊള്ളും ഈ കോലന്മാരുടെ വില.

  ReplyDelete
 4. നട്ടിൽ വന്ന് തടിക്കണമെന്നു തോന്നുന്നുണ്ടോ?...
  രസകരം.

  ReplyDelete
 5. തടി കൂടിയാലും കുറഞ്ഞാലും എല്ലാം വീട്ടുകാരേക്കാളും വിഷമം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ആയിരിക്കും.നന്നായിട്ടുണ്ട്.രസകരമായ വായനാസുഖം നല്‍കി.ഒന്ന് ചോദിച്ചോട്ടെ? എന്നിട്ടിപ്പോള്‍ പനി കുറഞ്ഞോ?:-) പുതുവത്സരാശംസകള്‍ കൂടി നേരുന്നു.

  ReplyDelete