Monday, June 20, 2011

ഞാനിനി ഇതു വഴിയില്ല

വാൾമുനയിൽ
ഊറി നില്‍ക്കും
രക്തത്തുള്ളി പോലെൻ
കണ്ണീര്‍ കണങ്ങള്‍!
കണ്മുനയിൽ
ഊറി നിന്നെൻ
കാഴ്ച മറയ്ക്കുന്നു
അശ്രുകണങ്ങള്‍!

ഇന്നലെ കഴിഞ്ഞ
ദുരന്ത നാടകം
മായാതെ നില്‍പ്പൂ
കണ്ണുകൾക്കുള്ളിൽ!
പിറകോട്ട് ചെന്നവ
തിരുത്തിക്കുറിക്കാൻ
ആവുമോ? ഇനി ഞാൻ
ഇനി ഇതു വഴിയില്ല!

ജനനം മുതൽ
ഈ നിമിഷം വരെ
അശ്രുകണങ്ങള്‍
എന്റെ തോഴന്‍!
എന്നെ ഓര്‍ത്ത്
എന്നും കരയുവാന്‍
എന്‍ കണ്ണുകളെങ്കിലും
ഉണ്ടായല്ലോ!

പണിതീരും മുമ്പേ
ഒലിച്ചുപോയെന്‍
മണിഗോപുരങ്ങള്‍!
കെട്ടിയുയർത്താൻ
ആവില്ല അവയിനി,
കാലങ്ങളായി നിനച്ചതെല്ലാം.

പോകുന്നു ഞാനെൻ
ഗേഹം തേടി.
പോകുന്നു ഞാനെൻ
സത്യം തേടി.
തിരികെ വിളിക്കരുത്,
എന്നെ ആരും!
തിരിഞ്ഞുനിൽക്കാൻ
ശേഷിയുമില്ല!
എന്നെ മറന്നേക്കൂ...
ഞാൻ പോകട്ടെ!

നടപ്പിന്റെ വേഗം
ഇനിയും കൂട്ടണം
ലോകാതിർത്തി വന്നാലും
പിന്നെയും നടക്കണം!
അങ്ങനെയെങ്കിലും
എൻ ഭൂതകാലത്തിൽ
നിന്നെനിക്ക്
ഓടിയകലണം,
വിദൂരത്തിലെത്തണം.

ഇനിയൊരു വരവില്ലെന്ന്
കാണുമ്പോൾ
കണ്ണുകൾ ആവേശം കാട്ടുന്നു,
പലതും,
അവസാനമായിട്ട്
കണ്ടു തീർക്കാൻ!
എങ്കിലും, ഞാനിനി
തിരിഞ്ഞുനോക്കില്ല!
എനിക്കാവില്ല, പിന്നെയും
ദുരന്ത സ്മരണകളെ
തട്ടിയുണർത്താൻ!

തമ്മില്‍ കാണാനിടയില്ല തീരമേ,
തിരികെയെത്താനിടയില്ല ഓളമേ,
ഇനിയെന്നെ കാണാന്‍
കൊതിക്കുന്ന നേരം
രാത്രി ആകാശസീമയിൽ
പരതി നോക്കാം!

10 comments:

 1. പണിതീരും മുമ്പേ
  ഒലിച്ചുപോയെന്‍
  മണിഗോപുരങ്ങള്‍ !
  ...വരികള്‍ മനോഹരം

  ReplyDelete
 2. ബൈജൂ, പണ്ട് പറഞ്ഞത് വീണ്ടും പറയുന്നു.. ബൈജൂന്റെ കവിതകള്‍ ആണ് എനിക്കേറെയിഷ്ടം.. :)
  മനോഹരമായ വരികള്‍... പലപ്പോഴും ഭൂതകാലത്തില്‍ നിന്നും ഒളിച്ചോടി യാതൊരു ബാധ്യതകളും ഇല്ലാതെ ജീവിക്കാന്‍ തോന്നാറുണ്ട്... നടക്കില്ലല്ലോ..

  "ഇന്നലെ കഴിഞ്ഞ്
  ദുരന്ത നാടകം
  മായാതെ നില്‍പ്പൂ
  കണ്ണുകൾക്കുള്ളിൽ!" ഇന്നലെ കഴിഞ്ഞ എന്നാണോ ഉദ്ദേശിച്ചത്? അതോ ഞാന്‍ മനസ്സിലാക്കിയത്‌ തെറ്റിപ്പോയതാണോ?

  ReplyDelete
 3. സോണി, നന്ദി. :)

  തെറ്റ് തിരുത്തി.

  ReplyDelete
 4. അയ്യോ, ഞാനല്ല ബൈജൂ, അത് പറഞ്ഞത് ശാലിനിയാ.

  ഇനി ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട,
  "വാല്‍മുനയിൽ
  ഊറി നില്‍ക്കും"

  വാല്‍മുനയോ, അതോ വാള്‍മുനയോ?

  ReplyDelete
 5. ഹ ഹ ഹ... സോണിയും ശാലിനിയും മാത്രമാണ് ഈ ബ്ലോഗ് വായിച്ച് സ്ഥിരം കമന്റാറുള്ളത്. അതാ തെറ്റിയത്....! :)

  ReplyDelete
 6. ബൈജൂ ... വരികള്‍ നന്നായിട്ടുണ്ട് ട്ടോ///
  ഈ തലക്കെട്ട്‌ കണ്ടു പേടിച്ചാ ഞാനീ വഴി വന്നത്

  ReplyDelete
 7. നിരാശ, ആത്മഹത്യ, വേട്ടയാടുന്ന ഭൂതകാലം... അയ്യയ്യോ... എനിക്ക് ഇനിയും ഈ വഴി വരേണ്ടതാ.

  (നേരത്തെ വന്നത് കുറ്റം പറയാനായിരുന്നു.)

  ReplyDelete
 8. പിന്നേം വരും അതാ മനുഷ്യ സ്വഭാവം ..........
  മനുഷ്യര്‍ ശരികളെക്കാള്‍ തെറ്റുകള്‍ ആണ് ആവര്‍ത്തിക്കുന്നത്
  ഇഷ്ടമില്ലാത്തതാണ് കൂടുതലും ആവര്‍ത്തിക്കുന്നത് ..............

  ReplyDelete
 9. വന്നവരും പോയവരും വീണ്ടും വരുന്നവരും ഒക്കെ കുറെ ഉണ്ടല്ലോ ബൈജൂസെ..?ഞാന്‍ പുതിയ ആളാ..വെറുതെ ഇതിലെ പോയപ്പോള്‍ ഒന്ന് എത്തിനോക്കിയതാ....അത് എന്റെ ഒരു സ്തിരം പരിപാടിയാ...മലയാളത്തില്‍ പറഞ്ഞാല്‍ good..very good..

  ReplyDelete
 10. തമ്മില്‍ കാണാനിടയില്ല തീരമേ,
  തിരികെയെത്താനിടയില്ല ഓളമേ,
  ഇനിയെന്നെ കാണാന്‍
  കൊതിക്കുന്ന നേരം
  രാത്രി ആകാശസീമയിൽ
  പരതി നോക്കാം!

  ഉം.അത് കൊള്ളാം

  ReplyDelete