Sunday, June 5, 2011

ഒരു സാഹസികന്റെ പാതിരാത്രി!

അരവിന്ദന്റെ സുഹൃത്തുക്കളിൽ ആദ്യമായി ഒളിച്ചോട്ടം നടത്തി ചരിത്രം കുറിച്ചത് കൃഷ്ണനുണ്ണി ആയിരുന്നു! പത്താം ക്ലാസ് ഫലപ്രഖ്യാപനത്തിന്‌ തലേനാളായിരുന്നു ആ സാഹസം. കൃഷ്ണനുണ്ണി ഭയന്നതുപോലെ, അക്കൊല്ലവും അവൻ പത്താം ക്ലാസിൽ തോറ്റു. അച്ഛൻ അടിച്ചിറക്കുന്നതിന്‌ മുമ്പേ വീട്ടിൽ നിന്ന് സ്വയം ഇറങ്ങിക്കൊടുക്കുക എന്ന ‘മാന്യത‘. സുദീർഘമായ യാത്രകൾക്കൊടുവിൽ കൃഷ്ണനുണ്ണി എത്തിപ്പെട്ടത് ബാംഗ്ലൂരിലായിരുന്നു. ഏതാണ്ട്‌ ഒരു വർഷത്തോളം ആർക്കും പിടികൊടുക്കാതെ കക്ഷി പല ജോലികൾ ചെയ്ത്‌ അവിടെ ചുറ്റിത്തിരിഞ്ഞു. അക്കാലമത്രയും കൃഷ്ണനുണ്ണിയായിരുന്നു അരവിന്ദന്റെ ഗ്രാമത്തിലെ ചൂടുള്ള ചർച്ചാവിഷയം!

“കൃഷ്ണനുണ്ണിയുടെ വിവരം വല്ലതുമുണ്ടോ?, അവനിപ്പോൾ എവിടെയാണ്‌?, പൊലീസ്‌ അന്വേഷിക്കുന്നുണ്ടോ?, പത്രത്തിൽ പരസ്യം ചെയ്തിട്ട്‌ പ്രതികരണം വല്ലതുമുണ്ടോ?, ആൾ വടിയായിട്ടുണ്ടാവുമോ?” എന്നു തുടങ്ങുന്ന നാട്ടുകാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ദുർഗതി അരവിന്ദനായിരുന്നു. കൃഷ്ണനുണ്ണി അരവിന്ദന്റെ ഉറ്റസുഹൃത്തായിരുന്നല്ലോ! തന്നെയുമല്ല, അന്നാട്ടിൽ അറിയപ്പെടുന്ന പ്രമാണി വത്സലന്റെ മകൻ കൂടിയാണ്‌ കൃഷ്ണനുണ്ണി. വത്സലൻ മുതലാളിയുടെ വീട്ടിൽ അത്ര പെട്ടെന്നൊന്നും കയറിച്ചെല്ലാൻ കഴിയാത്ത നാട്ടുകാർക്ക്‌ ആ വീട്ടിലെ അടുക്കള രഹസ്യങ്ങൾ അറിയാൻ അരവിന്ദൻ തന്നെ തുണയ്ക്കണം. അച്ഛന്റെ പീഡനം സഹിക്കവയ്യാതെ കൃഷ്ണനുണ്ണി നാടുവിട്ടുവെന്നാണ്‌ പൊതുസംസാരം. സത്യാവസ്ഥ അറിയാമായിരുന്ന അരവിന്ദൻ ആ ധാരണ തിരുത്താനും പോയില്ല.

വീട്ടിൽ നിന്ന്‌ സ്വയം ഇറങ്ങിപ്പോയ കോടീശ്വരപുത്രൻ കൃഷ്ണനുണ്ണിയുടെ ചങ്കുറപ്പിനോട്‌ നാട്ടിലെ പലർക്കും, പ്രത്യേകിച്ച്‌ പെൺകൊടികൾക്ക്‌, ഒരു അനുഭാവവും ആരാധനയും ഉണ്ടായിരുന്നതായി അരവിന്ദൻ മനസിലാക്കിയത്‌ അൽപ്പം വൈകിയാണ്‌. ഇട്ടുമൂടാൻ പണമുണ്ടായിരുന്നിട്ടും, അതൊന്നും വകവയ്ക്കാതെ സ്വന്തം കൂട്‌ തേടിപ്പോയ കൃഷ്ണനുണ്ണി! കൃഷ്ണനുണ്ണിയെ കുറിച്ച് പറയുമ്പോൾ ചില പെണ്ണുങ്ങൾക്ക് ആയിരം നാവാണ്. ഏതായാലും, കൃഷ്ണനുണ്ണിയുടെ സാഹസം മൂലം പ്രയോജനമുണ്ടായത്‌ അരവിന്ദനാണ്‌. കൃഷ്ണനുണ്ണി പേര് പോലും പറയാൻ കൂട്ടാക്കാത്ത അവന്റെ നാലഞ്ച്‌ കാമുകിമാർ കക്ഷിയുടെ ഒളിച്ചോട്ടത്തോടെ അരവിന്ദനെ തേടിയെത്തി. പിന്നെ, കൃഷ്ണനുണ്ണിയുടെ പുതിയ വിവരങ്ങൾ കിട്ടിയെന്നും പറഞ്ഞ് അരവിന്ദൻ അങ്ങോട്ട് ചെല്ലാൻ തുടങ്ങി, നാഴികയിൽ നാൽ‌പ്പത് തവണ! സ്കൂളിലെ കാണാൻ കൊള്ളാവുന്ന പെൺകുട്ടികളുമായുള്ള സഹവാസം അരവിന്ദനെ ക്ഷണനേരം കൊണ്ട് പ്രസിദ്ധനാക്കി. ഒൻപതാം ക്ളാസിലെ അരവിന്ദൻ എന്ന്‌ പറഞ്ഞാൽ സ്കൂൾ മുഴുവൻ അറിയും. “ഇവനാര്‌ മന്മദനോ?” എന്ന വിധേനയുള്ള സഹപാഠികളുടെ അസൂയാവഹമായ നോട്ടം. ഇവയെല്ലാം അരവിന്ദൻ നന്നായി ആസ്വദിച്ചു. ഇതിൽപ്പരം എന്തുവേണം? ഏതായാലും, ഒളിച്ചോടാൻ കൃഷ്ണനുണ്ണിയുടെ കാണിച്ച ചങ്കുറപ്പും ധീരതയും അരവിന്ദനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. അങ്ങനെയാണ് തനിക്കും ഒരു നാൾ ഒളിച്ചോടണമെന്ന് അരവിന്ദൻ തീരുമാനിക്കുന്നത്.

തക്കതായ കാരണം കൂടാതെ ഒളിച്ചോട്ടത്തിന്‌ മുതിർന്നാൽ ഗുണത്തിന്‌ പകരം ദോഷമാവും ഭവിക്കുക! ഇതറിയാമായിരുന്ന അരവിന്ദൻ പല രാത്രികളിലും തന്റെ ഉദ്യമം താൽക്കാലികമായി മാറ്റിവച്ചു. മതിയായ കാരണങ്ങൾ മെനയാൻ തലപുകഞ്ഞ്‌ ആലോചന നടത്തി. നിസാര കാര്യങ്ങൾക്ക്‌ പോലും വീട്ടിൽ വഴക്കുണ്ടാക്കി, ചേച്ചിയുമായി ഗുസ്തി നടത്തി. എത്ര ചൊറിഞ്ഞിട്ടും കാരണങ്ങൾ വലുതാകുന്നില്ലെന്ന്‌ കണ്ടപ്പോൾ നിരാശയായിരുന്നു ഫലം. അങ്ങനെ, പുതിയ പുതിയ വഴികൾ ആലോചിച്ച്‌ തല പുണ്ണാക്കുന്ന നാളുകളിലാണ്‌ യാദൃശ്ചികമായി ഒരു കച്ചിത്തുരുമ്പ്‌ വീണുകിട്ടുന്നത്‌.

ഓണപ്പരീക്ഷയെത്താൻ നാളുകൾ മാത്രം ബാക്കി. അങ്ങനെയിരിക്കെയാണ്‌ സ്വത്ത്‌ ഭാഗം വയ്ക്കാനുള്ള ആലോചന വീട്ടിൽ ഉണ്ടായത്‌. മുത്തശ്ചന്റെ നാല്‌ ആണ്മക്കളും ചൂടുപിടിച്ച ചർച്ചകളിൽ വ്യാപൃതരായിരിക്കുമ്പോൾ, അച്ഛനും ഇളയച്ചനും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കത്തിനുള്ള കാരണം വ്യക്തമായില്ലെങ്കിലും, അരവിന്ദന്റെ അച്ഛനും അയൽവാസിയായ ഇളയച്ചനും തമ്മിൽ എവിടെവച്ച്‌ കണ്ടാലും പൊരിഞ്ഞ വഴക്കാണ്‌. ഭർത്താക്കന്മാരുടെ തർക്കം ഭാര്യമാർ ഏറ്റുപിടിച്ചതോടെ പ്രശ്നം ഗുരുതരമായി. കേൾവിക്കാരന്റെ ചെവിക്കല്ല്‌ തകർക്കുന്ന മുട്ടൻ തെറികൾ മതിലുകൾ കടന്ന്‌ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. ഒരു കൂസലും കൂടാതെ “പച്ചമലയാളത്തിൽ“ വാചകക്കസർത്ത്‌ കാണിക്കുന്ന പെണ്ണുങ്ങളെ കണ്ട്‌ അരവിന്ദനും സമീപവാസികളും അന്തംവിട്ടു. താരതമ്യം ചെയ്താൽ, ഈ അച്ഛന്മാർ എത്രയോ പാവം! വഴക്കും വക്കാണവും ഒത്തുതീർപ്പാക്കാൻ പലരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രശ്നത്തിൽ ഇടപെടാനുള്ള പ്രായവും പക്വതയും ഇല്ലാത്തതിനാൽ അരവിന്ദൻ എല്ലാറ്റിൽ നിന്നും ഒഴിഞ്ഞുനിന്നു. ഒടുവിൽ, പ്രശ്നം ഒത്തുതീർപ്പാക്കാൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രംഗപ്രവേശനം ചെയ്തു.

ഒരു ദിവസം വൈകിട്ട് കുടുംബാംഗങ്ങളെയെല്ലാം വിളിച്ചുവരുത്തി പ്രസിഡന്റ്‌ ചർച്ച ആരംഭിച്ചു. പ്രശ്നം ഇത്ര രൂക്ഷമായ നിലയ്ക്ക്‌, വസ്തു ഭാഗംവയ്ക്കൽ താൽക്കാലികമായി മാറ്റി വയ്ക്കാനാണ്‌ പ്രസിദ്ധന്റിന്റെ നിർദ്ദേശം. അച്ഛനും ഇളയച്ചനും മനസില്ലാമനസോടെ അതിനോട് യോജിച്ചുനിൽക്കുമ്പോഴാണ്‌ അമ്മ ഇടപെടുന്നതും, ചർച്ച കൈയ്യാങ്കളിയിൽ കലാശിച്ചതും! പെണ്ണുങ്ങൾ പൊതുവേദിയിൽ സംസാരിക്കരുതെന്ന ഇളയച്ചന്റെ പ്രസ്താവനയാണ് അച്ഛനെ ചൊടുപ്പിച്ചത്. അവൾ സംസാരിച്ചില്ലെങ്കിൽ പിന്നെ നിന്റെ അച്ചിവീട്ടുകാർ വരുമോടാ എന്ന് അച്ഛൻ! അതോടെ ഇളയച്ഛന്റെ ഭാര്യയും ഇടഞ്ഞു. സംഭവ വികാസങ്ങൾ ഒരു കോണിൽ നിന്ന്‌ വീക്ഷിക്കുകയായിരുന്ന അരവിന്ദൻ സ്ത്രീജനങ്ങളുടെ പ്രകടനം കണ്ട്‌ ഉരുകിയില്ലാതായി. പാവം അച്ഛൻ! ഭാവിയിൽ തനിക്കും ഈ ദുർഗതിയുണ്ടാവുമോ? പരിസര ബോധം വീണുകിട്ടിയപ്പോൾ, രംഗം ശാന്തമാക്കാൻ അമ്മയുടെ കാലുപിടിക്കുന്ന പഞ്ചായത്ത്‌ പ്രസിഡന്റിനെയാണ് അരവിന്ദൻ കാണുന്നത്‌. ദിവസങ്ങളായി നടക്കുന്ന മുടിഞ്ഞ വഴക്ക്‌ മൂലം അയലത്തെ കുട്ടികൾക്ക്‌ പഠിക്കാൻ കഴിയുന്നില്ലെന്ന്‌ നാട്ടുകാരിലൊരുവൻ ബഹളത്തിനിടെ ആക്രോശിച്ചു. അതോടെയാണ്‌ അരവിന്ദന്റെ ഒളിച്ചോട്ട ചിന്തകൾ പുനർജനിക്കുന്നത്‌. ഇതാണ്‌ തക്ക സമയം! പരീക്ഷ തുടങ്ങാൻ രണ്ട്‌ ദിവസം കൂടേയുള്ളൂ. രണ്ടും കൽപ്പിച്ച്‌ അവൻ മുറിയിലേക്കോടി.

വാതിലും ജനാലകളും ഭദ്രമായി അടച്ച്‌, കണ്ണാടി മുന്നിലൂടെ അരവിന്ദൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിന്‌ അതിന്റേതായ ടെൻഷൻ ഉണ്ടല്ലോ! കത്ത്‌ എഴുതി വച്ച്‌ നാടുവിടുന്നതാണ്‌ പരമ്പരാഗതമായ കീഴ്‌വഴക്കം. അതേതായാലും തെറ്റിക്കണ്ട. എങ്ങോട്ട്‌ പോകണം, എന്തൊക്കെ കൊണ്ടുപോകണം തുടങ്ങിയ കാര്യങ്ങൾ എത്രയും പെട്ടെന്ന്‌ തീരുമാനിച്ചുറപ്പിക്കണം. വണ്ടിക്കൂലിക്കുള്ള വക കണ്ടെത്തണം. അങ്ങനെ, നൂറുകൂട്ടം കാര്യങ്ങൾ! അരവിന്ദൻ സജീവനായി. നോട്ടുബുക്കിൽ നിന്ന്‌ രണ്ട്‌ താളുകൾ കീറിയെടുത്ത്‌ അവൻ ‘ഒളിച്ചോട്ടക്കുറിപ്പ്‌‘ എഴുതാൻ തുടങ്ങി.

പ്രിയപ്പെട്ട അച്ഛൻ അറിയുന്നതിന്‌,

ഞാൻ പോവുകയാണ്‌, മനസമാധാനം കിട്ടുന്ന ഏതെങ്കിലുമൊരു ലോകത്തേക്ക്‌! വഴക്കും വക്കാണവും പതിവായ ഈ വീട്ടിൽ അപഹാസ്യനായി കഴിയുന്നതിൽ എന്തുകാര്യം? എന്നെ അന്വേഷിക്കരുത്‌.

എന്ന്‌ അച്ഛന്റെ മകൻ,
അരവിന്ദൻ

കത്ത്‌ മടക്കി മേശപ്പുറത്ത്‌ വച്ചശേഷം, അരവിന്ദൻ കുളിക്കാനോടി. ഏഴ്‌ മണിക്ക്‌ തന്നെ അത്താഴം കഴിച്ച്‌ നേരത്തേ കിടന്നതായി ഭാവിച്ചു. വല്ലാത്ത പിരിമുറുക്കം. മുൻപരിചയം ഇല്ലാത്തതുകൊണ്ടാണ്‌. ഒളിച്ചോട്ടം നാളത്തേക്ക്‌ മാറ്റിയാലോ? വേണ്ട, കഷ്ടകാലത്തിന്‌ അച്ഛനും ഇളയച്ചനും അതിനിടയിൽ രമ്യതയിലായാൽ എല്ലാം കഴിഞ്ഞു. പന്ത്രണ്ട്‌ മണിക്ക്‌ ഇറങ്ങിയാൽ ആരും കാണാതെ രക്ഷപ്പെടാം, പക്ഷേ ഏറെ നടക്കേണ്ടി വരും. ആ നേരം ബസില്ലല്ലോ! പിന്നെ രാവിലെ നാല്‌ മണിക്കാണ്‌ ആദ്യ ബസ്‌. നാല്‌ മണിക്കുള്ള ബസ്‌ യാത്ര സുരക്ഷിതമല്ല. അതിരാവിലെ ജോലിക്ക്‌ പോവുന്ന അച്ഛന്റെ പരിചയക്കാരായ പണിക്കാർ തിരിച്ചറിഞ്ഞാൽ എല്ലാം കുഴയും. അതിനാൽ, വീട്ടിൽ നിന്ന്‌ ഏറെ അകലെയുള്ള ബസ്റ്റാന്റ്‌ തിരഞ്ഞെടുക്കുന്നതാണ്‌ വിവേകം. താലൂക്ക്‌ ബസ്റ്റാൻഡാണ്‌ എല്ലാം കൊണ്ടും ഉത്തമം. അവിടെ നിന്നാവുമ്പോൾ ദീർഘദൂര സർവീസുകളും കിട്ടും. പക്ഷെ, താലൂക്ക്‌ ബസ്റ്റാൻഡിലെത്താൻ പത്ത് കിലോമീറ്റർ നടക്കണം‌. ഓ... അത്‌ സാരമില്ല. പന്ത്രണ്ട്‌ മണിക്ക്‌ വീട്ടിൽ നിന്നിറങ്ങിയാൽ നാല്‌ മണിക്ക് മുമ്പേ ബസ്‌ സ്റ്റാൻഡിൽ എത്താം. പിന്നെ, അവിടെ നിന്ന് ആദ്യ ദീർഘദൂര സർവീസിൽ കയറി രക്ഷപ്പെടാം. അരവിന്ദൻ കണക്കുകൂട്ടി.

പുറപ്പെടും മുമ്പ്‌ എങ്ങനെയെങ്കിലും കുറച്ച്‌ കാശ്‌ കൈക്കലാക്കണം. മേശയിലുള്ളതെല്ലാം തപ്പിയെടുത്തപ്പോൾ കിട്ടിയത്‌ വെറും പതിനഞ്ച്‌ രൂപ. ഇറങ്ങുന്നതിന്‌ മുമ്പ്‌ അച്ഛന്റെ പോക്കറ്റിൽ കയ്യിട്ട്‌ നോക്കാം. തടഞ്ഞാൽ ഒരു ഇരുനൂറ്‌ രൂപ! ബസിലിരുന്ന്‌ ബോറടിച്ചാൽ വായിക്കാൻ കൈയ്യിൽ കിട്ടിയ ചില പുസ്തകങ്ങളും എടുത്തിട്ടുണ്ട്‌. ഒരു കുപ്പിയിൽ വെള്ളം, ടൗവൽ, കൈലി മുണ്ട്‌, ചീപ്പ്‌, സോപ്പ്‌... ഇത്രയും മതി. തന്തയുടെ സമ്പാദ്യമെല്ലാമെടുത്ത്‌ മകൻ മുങ്ങിയെന്ന പേരുദോഷം വേണ്ടല്ലോ!

പന്ത്രണ്ട്‌ മണി വരെ കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാതിരുന്നതിനാൽ പതിനൊന്ന്‌ മണിക്കേ അരവിന്ദൻ വീടുവിട്ടിറങ്ങി. അടുക്കള വാതിലിലൂടെ പുറത്തുകടക്കും മുമ്പ്‌ ഫ്രിഡ്ജിന്‌ മുകളിൽ അച്ഛൻ പതിവായി വയ്ക്കാറുള്ള പേഴ്സ്‌ തപ്പിയെങ്കിലും കിട്ടിയില്ല. ആകെ കിട്ടിയത് അടുക്കളയിൽ അമ്മ സൂക്ഷിച്ചിരുന്ന ചില്ലറകൾ മാത്രമായിരുന്നു. പിൻവശത്തെ മതിൽ ചാടിയപ്പോൾ ലാൻഡ്‌ ചെയ്തത്‌ ഒരു കൂർത്ത കല്ലിൽ! @#%$^&*(%.... അരവിന്ദൻ മുകളിലേക്ക് നോക്കി തേങ്ങി. ഈ നേരത്താണോ നിന്റെ ഒരു ക്ണാഞ്ചിയ പരീക്ഷണം! വേദന കടിച്ചമർത്തി, തെങ്ങിൻ തോട്ടത്തിലൂടെയുള്ള കുറുക്കുവഴിയിലൂടെ അരവിന്ദൻ അതിവേഗം നടന്നു. കുറ്റാക്കൂരിരുട്ട്‌! ഒരു ടോർച്ച്‌ എടുക്കേണ്ടതായിരുന്നു! അരവിന്ദൻ ഓർത്തു. ഇനി പറഞ്ഞിട്ട് കാര്യമില്ല.സ് തെങ്ങിൻ തോട്ടത്തിന്റെ മസ്തിഷ്ക്ക ചിത്രത്തിന്റെ സഹായത്തോടെ അരവിന്ദൻ ഒരുവിധം ഹൈവേയിൽ എത്തിപ്പെട്ടു.

ഇനി നടക്കാനുള്ളത്‌ സുദീർഘമായ പത്ത്‌ കിലോമീറ്ററുകളാണ്. തനിക്കിത്‌ സാധിക്കുമോ? അരവിന്ദൻ ആലോചിച്ചു. സ്കൂളിലേക്കുള്ള രണ്ട്‌ കിലോമീറ്റർ നടക്കുമ്പോഴേക്കും വിയർത്ത്‌ കുളിച്ച്‌ അവശനാവുന്ന ആളാണ്‌ അരവിന്ദൻ. ദൗത്യം ഉപേക്ഷിച്ച്‌ തിരിച്ച്‌ പോയാലോ? അരവിന്ദന്റെ ഉള്ളിലിരുന്ന്‌ ആരോ ചോദിച്ചു. മുന്നോട്ട് വച്ച കാൽ പിന്നോട്ടെടുക്കാനോ? അസംഭവ്യം! ഉള്ളിൽ നിന്ന്‌ മറ്റൊരാൾ ആക്രോശിച്ചു. സഹികെട്ടപ്പോൾ, രണ്ടിനെയും ആട്ടിപ്പുറത്താക്കി അരവിന്ദൻ വച്ചുപിടിച്ചു.

വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചീറിപ്പായുന്നു. കണ്ടാൽ തന്നെ പേടി തോന്നും. ഇടക്കിടെ ഇഴഞ്ഞുനീങ്ങുന്ന തടി ലോറികളും വൈക്കോൽ ലോറികളുമാണ്‌ ഒരാശ്വാസം. ഇതിലേതെങ്കിലും ഒന്നിൽ ചാടിക്കയറി യാത്ര സുഗമമാക്കിയാലോ? അരവിന്ദൻ ആലോചിക്കാതിരുന്നില്ല. വേണ്ട, നടക്കുന്നതാണ്‌ ഒരു സുഖം. ഹൈവേ പട്രോളിംഗിന്‌ പൊലീസുകാർ വന്നാൽ ഗുലുമാലാവും. അരവിന്ദൻ ഭയന്നു. ചോദിച്ചാൽ കമ്പൈൻ ക്ളാസ്‌ കഴിഞ്ഞ്‌ മടങ്ങുകയാണെന്ന്‌ പറയാം. നല്ലൊരു പേര്‌ കണ്ടുപിടിക്കണം. യഥാർത്ഥ പേര്‌ പുറത്തുപറഞ്ഞാൽ പ്രശ്നമാണ്‌. അങ്ങനെ മഹേഷ് എന്ന പേര് അരവിന്ദൻ ഉറപ്പിച്ചു. ഹൈവേയിലെ ചവറുകൂനകളുടെ മേൽനോട്ടം വഹിക്കുന്ന തെരുവുപട്ടികൾ അരവിന്ദനെ നോക്കി കുരച്ചു. ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു, അരവിന്ദൻ പ്രാർത്ഥിച്ചു. അടുത്ത് ചെല്ലുമ്പോൾ, പട്ടികൾ അവർക്കിടയിലെ ആഭ്യന്തരപ്രശ്നം മൂലമാണ് കുരയ്ക്കുന്നതെന്ന് മനസിലായി. ഹാവൂ.... അരവിന്ദൻ ശ്വാസം വിട്ടു.

എതിരെ വന്ന കാറിന്റെ വെളിച്ചത്തിൽ അരവിന്ദൻ വാച്ചിലേക്ക്‌ നോക്കി. മണി 12. സമയം പോയത്‌ അറിഞ്ഞതേയില്ല. ഇനിയും കൊറേ ദൂരം നടക്കാനുണ്ട്‌. ബാഗിലിരുന്ന വെള്ളമെടുത്ത്‌ ഒരു കവിൾ കുടിച്ച്‌ തൂവാല കൊണ്ട്‌ മുഖം തുടച്ചു. “അനിയൻ എങ്ങോട്ടാ...?” കടന്നുപോയ കാറിൽ നിന്ന്‌ ഒരാൾ വിളിച്ചുചോദിച്ചു. ചോദിക്കാൻ എല്ലാവർക്കും പറ്റും, ഒരു ലിഫ്റ്റ്‌ തരണമെന്ന്‌ ആ പഹയന്‌ തോന്നിയില്ലല്ലോ! അടുത്ത്‌ വരുന്ന കാറിന്‌ കൈകാണിച്ചാലോ? ഒത്താൽ കൊച്ചി വരെ സൗജന്യ കാർ യാത്ര. അരവിന്ദൻ അടുത്ത കാറിന്‌ കൈ കാണിക്കാൻ തയാറെടുത്തു. എതിരെ വരുന്നത്‌ കാറാണോ, വാനാണോ? അതോ ലോറിയാണോ? ഹെഡ്ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ വാഹനങ്ങളെ തിരിച്ചറിയാനാവാതെ അരവിന്ദൻ കുഴങ്ങി. വണ്ടിയേതാണെന്ന്‌ തിരിച്ചറിയുമ്പോഴേക്കും ഒന്ന്‌ വാ തുറക്കാ പോലും സമയം നൽകാതെ അത്‌ കടന്നുപോയിരിക്കും. ഇക്കളി നമുക്ക്‌ ശരിയാവില്ല! ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അരവിന്ദൻ തീരുമാനിച്ചു. കാർയാത്ര എന്ന ചിന്ത ഉപേക്ഷിച്ച്‌ അരവിന്ദൻ നടപ്പ്‌ തുടർന്നു.

കുപ്പിയിലെ വെള്ളം കാലിയായപ്പോൾ അരവിന്ദൻ ഒരു വിധം ബസ്സ്റ്റാൻഡിൽ എത്തി. സമയം രണ്ടര കഴിഞ്ഞു. ആരെങ്കിലും എന്നെയൊന്ന്‌ പിടിക്കണേ...! ബസ്‌ സ്റ്റാൻഡിലെ വലിയ തൂണിൽ ചാരിയിരുന്ന്‌ അരവിന്ദൻ കാലുകൾ തുരുമി. താനൊരു വലിയ അബദ്ധമാണ് കാട്ടിയത്‌. രാത്രി ഇറങ്ങിത്തിരിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. പിന്നെ, നടക്കാൻ തീരുമാനിച്ചത് അതിലും വല്യ അബദ്ധം. പട്ടാപ്പകൽ ഒളിച്ചോട്ടം നടത്തിയാലും ഒരു കുഞ്ഞും അറിയാൻ പോകുന്നില്ല. അനുഭവക്കുറവ്! എല്ലാതെ എന്ത് പറയാൻ! ആവശ്യത്തിന്‌ പണം കയ്യിലില്ലെന്ന കാര്യവും അരവിന്ദനെ അലട്ടി. പണത്തിന്റെ കാര്യം ഓർത്തപ്പോഴാണ്‌ അടുക്കളയിൽ നിന്നെടുത്ത ചില്ലറകളുടെ കാര്യം അരവിന്ദന് ഓർമ്മ വന്നത്‌. തൊട്ടടുത്തുള്ള ഹീലിയം വിളക്കിന്റെ ശോഭയിൽ അരവിന്ദൻ ചില്ലറകൾ എണ്ണി. കൈയ്യിലുള്ളതും ചേർത്തുവച്ചാൽ ആകെയുള്ളത്‌ മുപ്പത്‌ രൂപ. അടുത്തുള്ള സിറ്റി വരെ എത്താൻ ഇത്‌ ധാരാളം. പക്ഷേ, പിന്നെങ്ങോട്ട്‌ യാത്ര ചെയ്യണമെങ്കിൽ കള്ളവണ്ടി തന്നെ കയറണം. അരവിന്ദൻ നെടുവീർപ്പിട്ടു. എവിടെ നിന്നെങ്കിലും മോഷ്ടിച്ചാലോ? തൊട്ടടുത്ത്‌ അടഞ്ഞുകിടക്കുന്ന കടകളിലെല്ലാം അരവിന്ദന്റെ കണ്ണുകൾ പാഞ്ഞു. കട കുത്തിപ്പൊളിക്കാൻ കൈയ്യിൽ ഏറ്റവും കുറഞ്ഞത്‌ ഒരു കട്ടപ്പാരയെങ്കിലും വേണം. തന്നെയുമല്ല, പൊലീസുപിടിച്ചാൽ കള്ളനെന്ന പേരും, പിന്നെ പൂരത്തല്ലും. സിറ്റിയിൽ ചെന്നാൽ എന്തെങ്കിലും വഴി തുറക്കാതിരിക്കില്ല, അരവിന്ദൻ ആശ്വസിച്ചു.

“മോനെങ്ങോട്ടാ?” തോളിൽ തട്ടി ആരോ വിളിച്ചപ്പോഴാണ് അരവിന്ദൻ ഞെട്ടിയുണർന്നത്‌. കണ്ണ്‌ തിരുമി നോക്കുമ്പോൾ സൂര്യൻ കെട്ടിടങ്ങൾക്ക് മുകളിൽ! ബസ്‌സ്റ്റാൻഡിൽ നിറയെ ആളുകൾ! മണി എത്രയായോ എന്തോ? അരവിന്ദൻ ചാടിയെഴുന്നേറ്റു. “മോന്‌ എന്നെ മനസിലായില്ലേ?” അരവിന്ദൻ അയാളെ സൂക്ഷിച്ച്‌ നോക്കി. വീട്ടിലെ അടുക്കള നന്നാക്കാൻ വന്ന മേസ്തിരി! ചതിച്ചോ ഗുരുവായുരപ്പാ...! “മോൻ എങ്ങോട്ടാ?” അരവിന്ദൻ പരുങ്ങി.

ഏകദേശം ഒൻപത്‌ മണി ആയിക്കാണും. മകൻ നാടുവിട്ട വിവരം വീട്ടിൽ ഒരു കുഞ്ഞുപോലും അറിഞ്ഞിരുന്നില്ല. രാവിലെ തന്നെ വീട്ടിന്റെ മുന്നിൽ വന്നുനിൽക്കുന്ന മേസ്തിരിയെ കണ്ട്‌ ഉമ്മറത്തിൽ പത്രം വായിക്കുകയായിരുന്ന അച്ഛൻ അന്തിച്ചു. “എന്താ മേസ്തിരി രാവിലെ?” “അത്‌.... പിന്നെ...“ മേസ്തിരി വാക്കുകൾ കിട്ടാതെ വിഷമിച്ചു. മുഖവുര പരാജയപ്പെട്ടപ്പോൾ മേസ്തിരി അരവിന്ദനെ വിളിച്ചു. “മോനേ, യിങ്ങ്‌ വാ...” മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മതിലിനരികിൽ മറഞ്ഞുനിൽക്കുകയായിരുന്ന അരവിന്ദൻ സാവധാനം രംഗപ്രവേശനം ചെയ്തു. ഉറക്കമിളച്ച അവന്റെ കണ്ണുകൾ കരഞ്ഞ്‌ കലങ്ങിയിരുന്നു. അച്ഛന്റെ മുഖത്തേക്ക്‌ നോക്കാനുള്ള ത്രാണിയില്ലാതെ, തലകുനിച്ച്‌ അവൻ വീട്ടിനുള്ളിലേക്ക്‌ കയറിപ്പോയി. അച്ഛന്‌ അപ്പോഴും ഒന്നും പിടികിട്ടിയിരുന്നില്ല!

6 comments:

 1. Hmmmm....Pavam Aravindan!
  Onnu Olichodanum Sammathikkilla!

  ReplyDelete
 2. സമാനമായ സംഭവം എന്റെ നാട്ടില്‍ ഉണ്ടായിട്ടുണ്ട് ഒരു പയ്യന്. മോന്‍ ഇങ്ങോട്ട എന്ന് ചോദിച്ചപ്പോള്‍ ഉത്തരം " അയ്യോ ചേട്ടനും നാട് വിട്ടോ എന്നായിരുന്നു" ആശംസകള്‍..

  ReplyDelete
 3. ഹൊ ഇനി അവന്‍ എന്തായാലും ഒളിച്ചോടും ഒരു പരിചയമായല്ലോ
  നല്ല ക്ഥ രസകരം

  ReplyDelete
 4. പാവം കൊച്ച്‌.... സാഹസിക യാത്ര നടത്താന്‍ മിനിമം യോഗ്യത ഞൊടിയിടയില്‍ നുണ പറയാനുള്ള കഴിവാണെന്ന് അവനറിയില്ലായിരുന്നു..... പക്ഷെ ഇപ്പൊ പഠിച്ചു പോയി.... ഇനി മുങ്ങിയാല്‍ അടുത്ത കാലത്തൊന്നും കിട്ടില്ല !

  ReplyDelete
 5. ippozhathe piller ingane onnum alla
  avar midukkara

  all athe best

  ReplyDelete
 6. ഇതാണ് ഈ മേസ്തിരിമാരുടെ കുഴപ്പം..ഒന്ന് ഒളിച്ചോടാം എന്നു കരുതിയാലും സമ്മതിക്കില്ല…നല്ല ഒഴുക്കുണ്ടായിരുന്നു വായനയ്ക്ക്..

  ReplyDelete