Tuesday, October 1, 2013

ഇസ്ലാമിനെന്താ പ്രവാചകരെ വേണ്ടാത്തത്?

വിശുദ്ധ ഖുർആനിൽ പരാമശിച്ചിട്ടുള്ള 25 പ്രവാചന്മാർ അടക്കം, ഏതാണ്ട് 1,24,000-ലധികം പ്രവാചകന്മാർ അല്ലാഹുവിന്റെ (ദൈവത്തിന്റെ) സന്ദേശവുമായി ഭൂമിലിയെത്തിയിട്ടുണ്ടെന്ന് ഇസ്ലാം അംഗീകരിക്കുന്നതായി ഫേസ് ബുക്കിൽ ആരോ എഴുതിയത് ഞാൻ ഇപ്പോ വായിച്ചതേയുള്ളൂ. ഒരുലക്ഷത്തിഇരുപത്തിനാലായിരം എന്നത് ഒരു ചെറിയ സംഖ്യയൊന്നുമല്ല. അത്രയേറെ പ്രവാചകന്മാരോ?? ഞാൻ ആലോചിച്ചു. ചെലപ്പം കാണുമായിരിക്കും. നോഹ, ദാവീദ്, മോശ, യേശു, അബ്രഹാം, ഇസഹാക്ക്, ആദം എന്നിങ്ങനെയുള്ള പേരുകൾ മുഹമ്മദ് നബിയുടെ പേരിനൊപ്പം ഉണ്ടെന്ന് കണ്ടപ്പോൾ “കൊള്ളാലോ” എന്ന് തോന്നി. പക്ഷേ ഒരു കാര്യം മാത്രം എനിക്ക് മനസിലായില്ല. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് നബിയ്ക്ക് മുമ്പ് വന്നുപോയ ഏതാണ്ട് 1,24,000 പേരെ പ്രചാകന്മാരായി അംഗീകരിച്ച ഇസ്ലാം, മുഹമ്മദിന് ശേഷം ഒറ്റ ആളെയും പ്രവാചകനായി അംഗീകരിക്കുന്നില്ല. അതായത്, നബിയ്ക്ക് ശേഷം കഴിഞ്ഞ 1500 വർഷത്തിനുള്ളിൽ ഒറ്റ പ്രവാചകൻ പോലും വന്നില്ലെന്ന്... പക്ഷേ അതിന് മുമ്പ്, 1,24,000 പേർ വന്നുപോലും... അതെന്തുകൊണ്ടാണെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതെന്താ അങ്ങനെ?

ഇക്കാര്യം പറയുമ്പോൾ പണ്ടൊരു അപ്പാപ്പന്റെ കഥയാണ് എനിക്ക് ഓർമ്മ വരുന്നത്. ചാവാൻ കെടക്കുന്ന ഒരു അപ്പാപ്പൻ മക്കൾക്ക് വിൽ‌പ്പത്രം എഴുതി വച്ചത്രേ. എന്റെ മരണശേഷം എന്റെ എല്ലാ സ്വത്തുക്കളും എന്റെ മക്കൾക്കുള്ളതാണെന്ന്. പക്ഷേ രസം അതല്ല. ഈ മക്കളുടെ മരണശേഷം സ്വത്തുക്കളുടെയെല്ലാം അവകാശം തന്നിലേക്ക് മടങ്ങിവരുമെന്നുകൂടി അപ്പാപ്പൻ എഴുതിച്ചേർത്തത്രേ; ഒന്നും അന്യം നിന്ന് പോകാതിരിക്കാൻ. എന്ന് പറഞ്ഞതുപോലെ, മുഹമ്മദിന് ശേഷം വീണ്ടും പ്രവാചകന്മാർ ഉണ്ടായാൽ മുഹമ്മദിന്റെ പഠിപ്പീരുകളിൽ ഒരു പക്ഷേ വെള്ളം ചേർക്കേണ്ട ഗതികേടോ, ഇസ്ലാമിന്റെ originality-ൽ കളങ്കമോ ഏൽക്കുമെന്ന ഭയം കൊണ്ടാവണം “വാതിൽ കൊട്ടിയടയ്ക്കും പോലെ” ഇത്തരമൊരു നിലപാട് ഇസ്ലാം സ്വീകരിച്ചത് എന്ന് ഞാൻ സംശയിച്ചു. അത്തരമൊരു ഭയമുണ്ടായാൽ തന്നെ അതിൽ കുറ്റം പറയാനും ഒക്കൂല്ല. ഉദാഹരണത്തിന്, ഇന്ന് ഹിന്ദുമതത്തിൽ എത്രയെത്ര സ്വാമിമാരാണ് പ്രത്യക്ഷപ്പെടുന്നത്. ഓരോ ദിവസവും ഓരോന്ന് വീതം പുതുതായെത്തുന്നവരെല്ലാം അവതാരമായി രണ്ട് കൈയ്യും നീട്ടി ഹിന്ദുക്കൾ സ്വീകരിക്കുന്നുമുണ്ട്. ഇത് സത്യത്തിൽ ഒരു തരത്തിൽ “വെള്ളം ചേർക്കൽ” പരിപാടിയാണ്. വരുന്നവരെല്ലാം മതത്തിന്റെ തനതായ തത്വങ്ങളിൽ നിന്ന് മാറി അവർക്കിഷ്ടമുള്ള എന്തൊക്കെയോ തോന്നിയപോലെ പഠിപ്പിക്കുന്നു. ഈ ഗതികേട് ഇസ്ലാമിന് ഉണ്ടാവാത്തത് “മുഹമ്മദിന് ശേഷം പ്രവാചകരില്ല” എന്ന കർശനമായ നിലപാട് ഒന്നുകൊണ്ട് മാത്രമാണെന്ന് ഞാൻ കരുതുന്നു.

എങ്കിലും, ഒരു മതത്തിന്റെ കെട്ടിറുപ്പിന് അത്തരം കർശന നിലപാടുകൾ സഹായിക്കുമെങ്കിലും, ഒരു മതത്തിന്റെ മുന്നോട്ടുള്ള പുരോഗതിയ്ക്ക് അതൊരിക്കലും സഹായകരമാവില്ല എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, യേശുവായാലും നബിയായാലും, അവർ അഭിസംബോധന ചെയ്ത വിഷയങ്ങൾ അവർ ജീവിച്ചിരുന്ന കാലഘട്ടത്തിന് അനുയോജിച്ചവ ആയിരുന്നു. അന്നത്തെ മനുഷ്യന്റെ ബുദ്ധിയ്ക്കും മാനസിക വളർച്ചയ്ക്കും മനസിലാവുന്ന ഭാഷയിൽ അവർ സംസാരിച്ചു. എന്നാൽ നൂറ്റാണ്ടുകൾ കഴിഞ്ഞ്, ഇന്നത്തെ മനുഷ്യൻ വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് ജീവിക്കുന്നത് എന്ന് നാമോർക്കണം. അടിസ്ഥാനപരമായി മനുഷ്യൻ ഒരുപക്ഷേ ഒന്നുതന്നെയായിരിക്കാം; എന്നാൽ ആധുനിക മനുഷ്യന്റെ സത്യാന്വേഷണ ത്വരയും ശൈലിയും പുരാതന മനുഷ്യനിൽ നിന്ന് ഏറെ വിഭിന്നമാണ്. ശൂന്യതയെ കുറിച്ചും ശൂന്യതയ്ക്ക് അപ്പുറത്തെ യാഥാർത്ഥ്യത്തെക്കുറിച്ചും വരെ അവലോകനം ചെയ്യുന്നവനാണ് ആധുനിക മനുഷ്യൻ. അവന്റെ ബൌദ്ധിക വികാസം അത്രമാത്രം വലുതാണ്. അവനോട്, 1500 വർഷം പഴക്കമുള്ള ചിന്തകളുമായി/ശൈലിയുമായി ചെന്നാൽ ഒന്നും നടക്കില്ല. ഖുർആനിലും, ബൈബിളിലും സത്യമില്ലെന്നല്ല ഞാൻ പറയുന്നത്. ആ സത്യങ്ങൾ ലേശം പുരാതനമായിപ്പോയി എന്ന് മാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. അവയെ തീയിലിട്ട് തിരിച്ചും മറിച്ചും അടിച്ച് പതപ്പെടുത്തി ആധുനിയ മനുഷ്യന്റെ ലവലിൽ എത്തിക്കാൻ “മുഹമ്മദിന് ശേഷം നബിമാർ ഒട്ടനവധിയുണ്ടാവും അല്ലെങ്കിൽ ഒട്ടനവധി പേർ ഉണ്ടായേ മതിയാവൂ” എന്ന് വിശ്വസിച്ചേ തരമുള്ളൂ. അങ്ങനെ ചിന്തിക്കുമ്പോൾ, സെമറ്റിക് മതങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരേയൊരു മതം ഹിന്ദുമതമാണെന്ന് കരുതേണ്ടിവരും. കാരണം, അത് ജലം പോലെ അയഞ്ഞതാണ്.

[ഒത്തുകിട്ടിയാൽ ഒരു പ്രവാചനായിക്കളയാം എന്ന് വിചാരിച്ചിരിക്കുമ്പോ അതിനും സമ്മതിക്കൂല്ല എന്ന് വച്ചാ പിന്നെ എന്താ ചെയ്ക!!!]

4 comments:

  1. ആത്മസാക്ഷാൽകാരം (അതായത് സ്വത്വം അറിയൽ) സ്വാതന്ത്ര്യ നിഷേധത്തിലൂടെ എങ്ങനെ സാധിക്കും. സ്വാതന്ത്ര്യമെന്നാൽ സ്വത്വസംരക്ഷണത്തിനുള്ള അവകാശവും കഴിവും ഒക്കെയാണല്ലോ.
    അതിനുള്ള സാധനാ പദ്ധതികൾ അനവധി.
    നിങ്ങൾക്കു ഇനി പുതിയതൊന്നു തുടങ്ങണോ? ഭാരതീയസംസ്കാരം അതിനെയും അങ്ഗീകരിക്കുന്നു. പക്ഷേ നിങ്ങൾ പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കണം. മതമെന്നാൽ അഭിപ്രായം. ആത്മസാക്ഷാൽക്കാരത്ത്തിന്റെ മാർഗ്ഗത്തെപ്പറ്റി ഉള്ള അഭിപ്രായം. അത് ഒരു സംഘടനയുടെ പേരല്ല. ഇസ്ലാം, ഒരു രാഷ്ട്രീയ സംഘടനയാണ്, ആളെക്കൂട്ടുക, അംഗങ്ങളുടെ മേല നിയന്ത്ര്ണമാളുക എന്നിവ രാഷ്റ്റ്രീയകക്ഷികളുടെ സ്വഭാവം. ഭാരതത്തിൽ മതങ്ങൾ ആദരിക്കപ്പെടുന്നു എന്നതുകൊണ്ടു അത് മതത്തിന്റെ മേലങ്കി പുതച്ചു എന്ന് മാത്രം. ചർച്ചുമതവും അതുതനെ.
    രാവണൻ സീതയെ കക്കാൻ പോയപ്പോൾ പുതച്ച്ചത് കാവിയായിരുന്നു. കാവി ആദരണീയമായതുകൊണ്ടാണതു.കള്ളസ്വാമിമാർ ലോകത്തുണ്ടെങ്കിൽ അതിനു ഹിന്ടുസംസ്ക്രുതിയെ കുറ്റം പറയരുത്. ഏതെങ്കിലും സ്വാമിയുടെ ശിഷ്യത്വം അടിച്ചേൽപ്പിക്കുന്നില്ല ഹിന്ടുസംസ്കൃതി.അത് സ്വാതന്ത്ര്യത്തിന്റെ സംസ്ക്രുതിയാണു. അതർഹിക്കാത്ത്തവർ ഒന്നുകിൽ അടിമത്തത്തെ സ്വയം വരിക്കും; അതല്ലെങ്കിൽ അരാജകത്വത്തിലേക്ക് വഴുതി വീഴും. അത് ചരിത്രം

    ReplyDelete
  2. //............അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് നബിയ്ക്ക് മുമ്പ് വന്നുപോയ ഏതാണ്ട് 1,24,000 പേരെ പ്രചാകന്മാരായി അംഗീകരിച്ച ഇസ്ലാം, മുഹമ്മദിന് ശേഷം ഒറ്റ ആളെയും പ്രവാചകനായി അംഗീകരിക്കുന്നില്ല. അതായത്, നബിയ്ക്ക് ശേഷം കഴിഞ്ഞ 1500 വർഷത്തിനുള്ളിൽ ഒറ്റ പ്രവാചകൻ പോലും വന്നില്ലെന്ന്... പക്ഷേ അതിന് മുമ്പ്, 1,24,000 പേർ വന്നുപോലും... അതെന്തുകൊണ്ടാണെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതെന്താ അങ്ങനെ?//

    സഹോദരാ , മുഹമ്മദ്‌ നബിയെ അന്ഗീകരിക്കുന്നത് പോലും അദ്ധേഹത്തെ ഞാൻ ലോകത്തിനു മുഴുവനായും പ്രവാചകനായി അയച്ചിരിക്കുന്നു.എന്ന ലോക സ്രഷ്ടാവായ ദൈവം തമ്പുരാന്റെ ഒറ്റ പ്രസ്താവന കൊണ്ട് മാത്രം . അത് പോലെ അതിനു മുമ്പുള്ള പ്രവാചകന്മാരെ അവരവരുടെ പ്രത്യേക സമൂഹങ്ങളിലേക്ക് അയച്ചു എന്നതും അന്ഗീകരിക്കുന്നത് ദൈവം തമ്പുരാന്റെ കല്പന ഒന്ന് കൊണ്ട് മാത്രം . അതെ ദൈവം തമ്പുരാൻ മുഹമ്മടിന്നു ശേഷം പ്രവാചകന്മാർ ഇല്ല എന്ന് കല്പിചിട്ടുന്ടെങ്കിൽ അതും അംഗീകരിക്കാൻ സമൂഹം ബാധ്യാസ്തമാണ്. പ്രവാചകന്മാരെ അയക്കുന്നത് ആരധിക്കപ്പെടുവാനും പൂജിക്കപ്പെടുവാനും അല്ല ; പ്രത്യുദ ദൈവം അവരിലൂടെ നല്കുന്ന മാര്ഗ നിർദേശങ്ങൾ അനുസരിക്കപ്പെടാനാണ് .

    ReplyDelete
    Replies
    1. muhammed nu sesham pravachakan illennu daivam paranjathayi parayunnath araa?

      Delete
  3. ഒത്തുകിട്ടിയാൽ ഒരു പ്രവാചനായിക്കള

    .... yes I would like to be one too... if you are starting, please do consider my application too.

    ReplyDelete