Saturday, February 4, 2012

സ്വപ്നങ്ങളെ നമുക്ക് വ്യാഖ്യാനിക്കാം



ഏതാനും നാളുകൾക്ക് മുമ്പ് കണ്ട ദുഃസ്വപ്നം...! അതാണ് ഇങ്ങനെയൊരു ലേഖനമെഴുതാല്‍ പ്രേരണയായത്. സ്വപ്നം കണ്ടുണർന്നത് മുതല്‍ ഭീകരമായ ഒരു മാനസിക മന്ദത എന്നെ പീഡിപ്പിച്ചു. ഉച്ച കഴിഞ്ഞപ്പോള്‍ എല്ലാം നേരെയായി. പിന്നെ, സ്വപ്നങ്ങളെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് മനസിൽ ഉറപ്പിക്കുകയായിരുന്നു.

ശാസ്ത്രത്തിനും, അതിന്റെ സാങ്കേതികത്വങ്ങൾക്കും ഒരിക്കലും പിടി നല്‍കാത്ത പ്രഹേളികയാണ് "സ്വപ്നം"! ശാസ്ത്രം എത്രയൊക്കെ വളർന്നെന്ന് പറഞ്ഞാലും, നൂറ് ശതമാനവും നീതി പുലർത്തുന്ന ഒരു നിര്‍വചനവും സ്വപ്നം എന്ന പ്രതിഭാസത്തിന് കണ്ടെത്താനായിട്ടില്ല എന്നതാണ് വസ്തുത. എങ്കിലും, അതിനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. അവയിൽ, ഏറെ ശ്രദ്ധയാകർഷിച്ചത് ആധുനിക മനശാസ്ത്രജ്ഞത്തിന്‍റെ പിതാവെന്ന് അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ നിര്‍വചനമാണ്: "അബോധ മനസില്‍ സഫലമാവാതെ കിടക്കുന്ന ആഗ്രഹങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങളാണ് സ്വപ്നങ്ങള്‍".

പക്ഷേ, സഫലമാവാത്ത ആഗ്രഹങ്ങളുടെ ബഹിർഗമനം മാത്രമാണോ സ്വപ്നങ്ങൾ? ആണെന്നും പറയാം, അല്ലെന്നും പറയാം! സാങ്കൽപ്പികം (Fiction) എന്നോ, റിയലിസ്റ്റിക് (Realistic) എന്നോ, വെളിപാട് (Revelation) എന്നോ വിശേഷിപ്പിക്കാവുന്ന, പരസ്പര ബന്ധമില്ലാത്തതും വിസ്മയഭരിതവുമായ എത്രയോ സ്വപ്നങ്ങൾ അനുദിനം നാം കണ്ട് തീർക്കുന്നു... അവയെല്ലാം സഫലമാവാത്ത ആഗ്രഹങ്ങളാണെന്ന് വാദിച്ചാൽ കുഴഞ്ഞത് തന്നെ. അതുകൊണ്ടുതന്നെ, ഫ്രോയിഡിന്റെ സിദ്ധാന്തം പൂർണ്ണമാണെന്ന് കരുതാനാവില്ല. എങ്കിലും, "ഒരോ വ്യക്തിയുടെയും അബോധ മനസിലെ വിവിധ പാളികളുമായി സ്വപ്നങ്ങള്‍ക്ക് ബന്ധമുണ്ട്" എന്ന ഫ്രോയിഡ് നിഗമനത്തെ തള്ളിക്കളയാനും പറ്റുന്നില്ല. ഈ രണ്ടുംകെട്ട അവസ്ഥയിൽ, സ്വപ്നങ്ങളെ കുറിച്ച് ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ലേഖനമെഴുതുക അക്ഷരാർത്ഥത്തിൽ അസാധ്യം തന്നെ. അതിനാൽ, ഈ ബൃഹത്തായ ജോലി നിർവഹിക്കാൻ മതങ്ങളുടെ കൂട്ടുപിടിക്കുക എന്ന ഒറ്റ പോംവഴി മാത്രമേയുള്ളൂ.

മുൻപ് സൂചിപ്പിച്ചത് പോലെ, പല സ്വഭാവത്തിൽ പെടുന്ന (Fiction, Realistic and Revelation) സ്വപ്നങ്ങൾ നാം കാണാറുണ്ട്. ചില സ്വപ്നങ്ങൾ, ഫ്രോയിഡ് പറഞ്ഞതുപോലെ, അബോധ മനസിൽ അടക്കപ്പെട്ടിരിക്കുന്ന വിവിധ ആശകളെയും, ഭയം, കോപം, അരക്ഷിതാവസ്ഥ, നിരാശ, ദൈന്യത തുടങ്ങിയ വികാരങ്ങളെയും പ്രതിഫലിപ്പിക്കുമ്പോൾ, മറ്റ് ചിലവ ദീര്‍ഘ ദര്‍ശനങ്ങളോ വെളിപാടുകളോ ആയിരിക്കാം. അബോധ മനസിൽ ചുരുളഴിയുന്ന പാളികൾക്കനുസൃതം (layers) സ്വപ്നങ്ങളും വ്യത്യാസപ്പെട്ടുകൊണ്ടേയിരിക്കും. അതിനാൽ തന്നെ, തനിക്ക് തന്നെ അജ്ഞാതമായ സ്വന്തം മാനസികാവസ്ഥയുടെ ഉള്ളറകളിലേക്ക് കൂട്ടികൊണ്ട് പോകാൻ സ്വപ്നങ്ങൾക്ക് സാധിക്കാറുണ്ട്, ഒരു വിശകലനത്തിന് സ്വയം മെനക്കെട്ടാൽ! അതിനാൽ, ദൈനംദിന ജീവിതത്തില്‍ നാം കാണുന്ന ചെറിയ സ്വപ്നങ്ങൾ പോലും നിസാരങ്ങളായി തള്ളിക്കളയാന്‍ പാടില്ല എന്നാണ് പറഞ്ഞുവരുന്നത്. പ്രത്യക്ഷത്തിൽ വൈരുദ്ധ്യമെന്ന് തോന്നുന്ന സ്വപ്നങ്ങൾ ഒരോന്നിനെയും സസൂഷ്മം വിശകലനം ചെയ്ത് ബന്ധിപ്പിച്ചാല്‍‍, വിലയേറിയ ആത്മീയ-മാനസിക നിഗമനങ്ങളില്‍ എത്തിച്ചേരാനാവുമെന്നതില്‍ സംശയം വേണ്ട. ചില ഉദാഹരണങ്ങളിലൂടെ കടന്നുപോയാൽ ഇക്കാര്യം കൂടുതൽ വ്യക്തമാവും.

സ്വപ്നങ്ങളെ കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാട് അനുസരിച്ച്, പാമ്പിനെയോ ഇഴജന്തുക്കളെയോ സ്വപ്നം കാണുന്നത് കുണ്ഡലിനിയുടെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. പാമ്പിനെ കുറിച്ച് ഫ്രോയിഡിന്‍റെ കാഴ്ച്ചപ്പാടും ഏതാണ്ടിതൊക്കെ തന്നെ. മനുഷ്യനില്‍ അന്തര്‍ലീനമായി കിടക്കുന്ന ആത്മീയ ശക്തിയുടെ ബഹിർഗമനമായി ഫ്രോയിഡ് പാമ്പുകളെ വിലയിരുത്തുന്നു. എന്നാൽ, അൽപ്പം വ്യത്യസ്തമായി, യുങ് (Jung) എന്ന മനശാസ്ത്രപണ്ഡിതന്‍ പാമ്പിനെ ജന്‍‌മവാസന (instincts), ബോധം എന്നിവ തമ്മിലുള്ള പൊരുത്തക്കേടിനെ കുറിക്കുന്നതായി വിശദീകരിക്കുന്നു.

ഒരു വീടിനെ സ്വപ്നം കാണുകയാണെന്നിരിക്കട്ടെ! അഭിസാരിണിയെ തേടിപ്പോകാനുള്ള മാനസിക പ്രവണതയായിട്ടാണ് ഫ്രോയിഡ് അതിന്റെ കാണുന്നത്. എന്നാൽ യുങിനെ സംബന്ധിച്ച്, വീടും മുറികളും ഒരാളുടെ വ്യക്തിത്വത്തിന്‍റെ പ്രതിഛായയാണ്. ഇതുപോലെ, സ്വപ്നത്തിന്റെ കാര്യത്തിൽ ഫ്രോയിഡും യുങും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിരവധിയാണ്. പറവകളെ ശക്തിയുടെ അടയാളങ്ങളായി ഫ്രോയിഡ് കാണുമ്പോള്‍, സ്വാതന്ത്ര്യത്തിന് അഭിവാഞ്ചിക്കുന്ന ആത്മാവായി യുങ് പക്ഷികളെ വീക്ഷിക്കുന്നു. (അതായത്, പറവകളുടെ ശാരീരിക ഘടന ആത്മാവിന്‍റെ ഘടനയെ കുറിക്കുന്നതായി യുങ് പറയുന്നു.

പറക്കുന്നതായി സ്വപ്നം കണ്ടാല്‍, അത് ലൈംഗിക അഭിനിവേശത്തെ കുറിക്കുന്നതായി ഫ്രോയിഡ് വാദിക്കുമ്പോള്‍, ധൈര്യം, സ്വാതന്ത്ര്യം, അതീന്ദ്രിയാവസ്ഥ എന്നിവയെ സൂചിപ്പിക്കുന്നതായി യുങും വാദിക്കുന്നു. അതേസമയം, ആധുനിക മനശാസ്ത്രം അനുസരിച്ച്, പറക്കുന്നതായുള്ള സ്വപ്നങ്ങള്‍ അസാമാന്യ കഴിവുകളെ കുറിക്കുന്നു പോലും. ലൈംഗികാവയവങ്ങളെ പ്രദര്‍ശിപ്പിക്കുന്ന, അതിന് പ്രേരണയുള്ളതായുള്ള സ്വപ്നം കണ്ടാല്‍ അനിയന്ത്രിതമായ ലൈംഗികാഭിവാഞ്ചയെ കുറിക്കുന്നതായി ഫ്രോയിഡും, മാനസികമായി മുറിവേല്‍ക്കപ്പെടാനുള്ള സാധ്യതയെ കുറിക്കുന്നതായി യുങും വിശദീകരിക്കുന്നു. ഇനി, ആരെങ്കിലും വിരട്ടുന്നതായോ ഓടിക്കുന്നതായോ സ്വപ്നം കണ്ടാലോ? അത്തരം സ്വപ്നങ്ങള്‍ ബാല്യകാല സംബന്ധിയായ ഭയം, മാനസിക സമ്മര്‍ദ്ദം, ഭീഷണി എന്നിവയെ സൂചിപ്പിക്കുന്നതായിട്ടാണ് ഭൂരിപക്ഷം മനശാസ്ത്രജ്ഞന്മാരും വ്യാഖ്യാനിക്കുന്നത്.

പരാജയം സ്വപ്നം കണ്ടാല്‍ അത് ഫ്രോയിഡിനെ സംബന്ധിച്ച് ലൈംഗിക പരാധീനതകളെ കുറിക്കുമ്പോള്‍, ആധുനിക വ്യാഖ്യാനമനുസരിച്ച് അത് ആത്മനിയന്ത്രണം നഷ്ടമായേക്കുമോ എന്ന ഭയത്തെ സൂചിപ്പിക്കുന്നു. കുതിരകളെ സ്വപ്നം കാണുന്നത് ലൈംഗികാഭിനിവേശത്തെ സൂചിപ്പിക്കുന്നതായി ഫ്രോയിഡ് വ്യാഖ്യാനിക്കുമ്പോള്‍, അത് ആരോഗ്യനിലയെ കുറിക്കുന്നതായി യുങ് പറയുന്നു. (കുതിരകള്‍ ബീജസംയോഗം, സ‌മൃദ്ധി, അതീന്ദ്രിയജ്ഞാനം എന്നിവയെ സൂചിപ്പിക്കുന്നതായും ചിലര്‍ പറയുന്നു.)

പര്‍വതാരോഹണമോ, കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറുന്നതായോ സ്വപ്നം കണ്ടാല്‍ അത് ശാരീരിക-സാമ്പത്തിക അഭിവൃത്തിയെ കുറിക്കുന്നതായി ഫ്രോയിഡും, ഉന്നതമായ ഏതോ ഘട്ടത്തിലേക്കുള്ള ജീവിതത്തിന്‍റെ മുന്നേറ്റമായി യുങും വിദശീകരിക്കുന്നു. എന്നാല്‍, ആധുനിക മനശാസ്ത്രജ്ഞരുടെ വീക്ഷണമനുസരിച്ച്, ഇത്തരം പര്‍വതാരോഹണങ്ങള്‍ ഭാവിയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയാണ് സൂചിപ്പിക്കുക. ഇങ്ങനെ, നാം കാണുന്ന ഓരോ സ്വപ്നത്തെയും ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്താല്‍ അവയ്ക്ക് പിന്നില്‍ അനവധി അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളും ഒളിഞ്ഞുകിടക്കുന്നതായി കണ്ടെത്താനാവും.

ഭൂരിപക്ഷം സ്വപ്നങ്ങളും ഉണര്‍ന്നുകഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മറന്നുപോവുകയാണ് പതിവ്. അതിനാല്‍, തുടര്‍ദിവസങ്ങളില്‍ കാണാനിടയുള്ള മറ്റ് സ്വപ്നങ്ങളുമായുള്ള താരതമ്യ പഠനം പലർക്കും അസാധ്യമാവുന്നു. സ്വന്തം സ്വപ്നങ്ങളെ പരസ്പരം ബന്ധിപ്പിച്ച്, വിശകലനം ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഇനി നോക്കാം.

ഉണര്‍ന്നയുടനെ സ്വപ്നങ്ങൾ മറന്നുപോകാന്‍ ഇടയുള്ളതിനാല്‍, ഉണർന്നയുടനെ സ്വപ്നത്തിൽ എന്താണോ കണ്ടത് അത് നോട്ടുബുക്കില്‍ കുറിച്ചിടുക. താമസംവിനാ ചെയ്യേണ്ട ഒരു കാര്യമാണിത്. പിന്നീട് എഴുതാം എന്ന് കരുതിയാല്‍, ഒരിക്കലും ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത വിധം സ്വപ്നം മറന്നുപോകാനിടയുണ്ടെന്ന് മാത്രമല്ല, സ്വപ്നത്തിന്റെ കാതലായ അംശം വിട്ടുപോകാനും ഇടയുണ്ട്.

എഴുതാൻ സാധിക്കാത്ത വിധം സ്വപ്നം അത്ര സങ്കീര്‍ണ്ണമാണെങ്കില്‍, കണ്ട കാര്യങ്ങള്‍ വോയിസ് റെക്കോർഡർ ഉപയോഗിച്ച് മൊബൈൽ ഫോണിലോ, കമ്പ്യൂട്ടറിലോ റെക്കോർഡ് ചെയ്യാം. റെക്കോര്‍ഡ് ചെയ്യുകയാണെങ്കിൽ, വാക്കുകൾക്ക് അതീതമായ ദൃശ്യങ്ങളുടെ ഭീകരതയും തീവ്രതയും എളുപ്പം വിനിമയം ചെയ്യാനുമാവും. തന്നെയുമല്ല, സ്വപ്നത്തിലൂടെ നിങ്ങള്‍ അനുഭവിച്ച മാനസികാവസ്ഥ (Feel) ശബ്ദത്തിലൂടെ പ്രതിഫലിക്കുകയും ചെയ്യും. ഏതായാലും, സ്വപ്നം കുറിച്ചിടാനുള്ള എല്ലാ സാമഗ്രികളും കിടക്കരികില്‍ തന്നെ കരുതുക.

ഇനി, എല്ലാ സാമഗ്രികളും തയാറാണെങ്കിൽ തന്നെ, ഉണർന്നയുടൻ ഓർത്തെടുക്കാൻ കഴിയാത്ത വിധം സ്വപ്നങ്ങൾ മറന്നുപോകാം. "ഇന്ന് കാണുന്ന സ്വപ്നം തീർച്ചയായും ഞാൻ എഴുതിവയ്ക്കും" -- എന്ന കൽപ്പന മനസിന് നൽകി, ദൃഢനിശ്ചയത്തോടെ ഉറങ്ങാന്‍ കിടക്കുക എന്നതാണ് ഇതിനെ അതിജീവിക്കാൻ ചെയ്യേണ്ടത്. കൂടാതെ, പ്രശാന്തതയോടെ, ധ്യാനാത്മകതയോടെ സാവധാനം ഉണരുക എന്നതും സ്വപ്നങ്ങൾ മറന്നുപോവാതിരിക്കാൻ ആവശ്യമാണ്. ഇതിൽ, "സാവധാനം ഉണരുക" വളരെ പ്രധാനപ്പെട്ടതാണ്. കോലാഹലങ്ങള്‍ കൊണ്ട് മലീമസമായ ചുറ്റുപാടില്‍, അതിശീഘ്രം ഉറക്കമുണരുമ്പോഴാണ് സ്വപ്നങ്ങൾ കൈവിട്ട് പോകാറുള്ളത്.

ഉണര്‍ന്നയുടന്‍, കണ്ട സ്വപ്നത്തിന്‍റെ മർമ്മപ്രധാനമായ ഭാഗം (climax) ആലോചിച്ച്, അതിനെ ചുറ്റിപ്പറ്റിയുള്ള സീനുകൾ കൃത്യമാക്കി ഒരു തിരക്കഥ രൂപീകരിക്കുക. നിങ്ങള്‍ ഒരു കാട്ടിലൂടെ യാത്ര ചെയ്യുന്നതായി സ്വപ്നം കണ്ടെന്ന് കരുതുക. അവിടെ കാണുന്ന മരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എല്ലാം തന്നെ സ്വപ്നത്തിൽ സുപ്രധാനങ്ങളാണ്. പിന്നെ ക്ലൈമാക്സ്! കണ്ട മരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ക്ലൈമാക്സ് വിശദീകരിക്കുമ്പോഴേ സ്വപ്നത്തിന്റെ യഥാർത്ഥ അർത്ഥം മനസിലാവൂ.

(അടുത്ത കാലത്ത്, ഞാൻ സത്യസായി ബാബയെ സ്വപ്നം കണ്ടു... അദ്ദേഹത്തെ ഞാൻ പലതവണ നേരിൽ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി അദ്ദേഹവുമായി യാതൊരു പ്രതിബദ്ധതയും എനിക്കില്ല, എന്റെ അനേകം സുഹൃത്തുക്കൾ തികഞ്ഞ സായി ഭക്തന്മാർ ആണെങ്കിലും. സായിബാബയും ഞാനും എന്റെ കുടുംബ വീട്ടിന് അടുത്തുള്ള കുളത്തിന്റെ അരികിലെ റോഡിലൂടെ നടക്കുന്നതായിട്ടാണ് സ്വപ്നം. നടക്കുമ്പോൾ സായിബാബ എന്നോട് ജീവിതത്തിനാവശ്യമായ അഞ്ച് കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നു; ഞാനതെല്ലാം കേൾക്കുന്നു. അദ്ദേഹം പറഞ്ഞ ആ അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് എനിക്കോർമ്മയില്ലെങ്കിലും, "ധാർമ്മീകത തികച്ചും ആപേക്ഷികമായ ഒന്നാണ്" എന്നതാണ് അദ്ദേഹത്തിന്റെ സംഭാഷണത്തിലെ രത്നച്ചുരുക്കം എന്ന് ഞാനിപ്പോഴും ഓർമ്മിക്കുന്നു. ഏതായാലും, നടന്ന് നടന്ന് ഞങ്ങൾ ഒരു കടയിൽ കയറുന്നു. ചായ കുടിക്കുന്നോ എന്ന് ഞാൻ ചോദിക്കുന്നു. വേണ്ട എന്നദ്ദേഹം പറയുന്നു. പിന്നെ എന്താണ് വേണ്ടത് എന്ന് ഞാൻ. ഒരു മുറുക്കാൻ വേണമെന്ന് അദ്ദേഹം. കടക്കാരൻ വെറ്റിലത്തട്ടം നീട്ടുന്നു. അതിൽ നിന്ന് ഒരു വെറ്റില എടുത്ത്, ചുണ്ണാമ്പ് പുരട്ടി സായിബാബ വായിലിടുന്നു. "അദ്ദേഹത്തിന് പാക്ക് വേണ്ടേ?" എന്ന് കടക്കാരൻ എന്നോട് ചോദിക്കുന്നു. ഞാൻ സായിബാബയെ നോക്കുമ്പോൾ "വേണ്ട" എന്ന അർത്ഥത്തിൽ അദ്ദേഹം തലയാട്ടുന്നു. ഞാനും ഒരു ചായ കുടിക്കുന്നു. അത് കഴിഞ്ഞ് ഞങ്ങൾ വീണ്ടും നടക്കുന്നു. ഇതായിരുന്നു സ്വപ്നം. രാവിലെ ഉണർന്നയുടനെ സ്വപ്നം അതേപടി ഒന്നുപോലും വിടാതെ ഞാൻ എഴുതിവച്ചു. വൈകിട്ട്, എന്റെ ഗുരുവും ഉറ്റ സുഹൃത്തുമായ കൃഷ്ണൻ കർത്തയെ ഫോൺ ചെയ്ത് സ്വപ്നം വിശദീകരിച്ചു. സ്വപ്നം കേട്ടിട്ട് അദ്ദേഹം ഒന്നും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ ഞാൻ വീണ്ടും വിളിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ എന്നെ വിസ്മയിപ്പിച്ചു. വെളിപാട് (vision) എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്വപ്നമായിരുന്നു അതെന്നും, അത് സ്ഥാപിക്കാനാണ് അപ്രസക്തമെന്ന് തോന്നിക്കുന്ന ആ മുറുക്കാൻ കടയിലെ എപ്പിസോഡെന്നും അദ്ദേഹം. കാരണം, എൻപതുകളിൽ സായിബാബ മുറുക്കുമായിരുന്നത്രേ! മുറുക്കുമ്പോൾ അദ്ദേഹം ഒരിക്കലും പാക്ക് ഉപയോഗിച്ചിരുന്നില്ല. സ്വപ്നത്തിൽ കണ്ട പോലെ വെറ്റിലയും ചുണ്ണാമ്പും മാത്രമേ അദ്ദേഹം ഉപയോഗിച്ചിരുന്നുള്ളൂ. ഇക്കാര്യം എനിക്ക് കേട്ടുകേൾവി പോലുമില്ല. പിന്നെങ്ങനെ അത് സ്വപ്നത്തിൽ വന്നു? സ്വപ്നത്തിന്റെ സാധുത സുദൃഢമാക്കുന്നതിനുള്ള ഒരു signature (അല്ലെങ്കിൽ divine touch)  ആണ് ആ മുറുക്കൽ സംഭവം. അത് ഇല്ലായിരുന്നെങ്കിൽ, ഒരുപക്ഷേ ഇതൊരു സാധാരണ സ്വപ്നമായി എന്റെ ഗുരു പോലും തള്ളിക്കളയുമായിരുന്നു.) ഞാൻ പറഞ്ഞുവന്നത് ഇതാണ്: എല്ലാ സ്വപ്നങ്ങളിലും ഇതുപോലെ ഒരു signature ഉണ്ടായിരിക്കും. അതിനാൽ സ്വപ്നം അതേപടി ഓർത്തെടുക്കുക വളരെ പ്രധാനപ്പെട്ടതാണ്. ചില സ്വപ്നങ്ങള്‍ക്ക് ഇപ്പറഞ്ഞതുപോലെ ഒരു signature-റോ, പ്രമേയമോ ഇല്ലെന്ന് നമുക്ക് തോന്നാം. എന്നാൽ, സ്വപ്നത്തിലെ സന്ദർഭവും സാഹചര്യവും വിലയിരുത്തി യോജിച്ച പ്രമേയം ബുദ്ധിപൂർവം കണ്ടെത്തുകയാണ് വേണ്ടത്.

ഇങ്ങനെ ഒരാഴ്ച തുടര്‍ച്ചയായി കാണുന്ന സ്വപ്നങ്ങളുടെ പ്രമേയങ്ങള്‍ എഴുതിവച്ചാല്‍, അവയെലെല്ലാം പരസ്പരം ബന്ധിപ്പിച്ച് ആ ആഴ്ചയുടെ മുഴുവന്‍ സ്വഭാവത്തെയും വ്യാഖ്യാനിച്ചറിയാന്‍ നിഷ്പ്രയാസം സാധിക്കും. ഇതാണ് ഈ ലേഖനത്തിലൂടെ ഞാൻ പറയാൻ ഉദ്ദേശിച്ച ഗുട്ടന്‍സ്. വിവിധ തരം കൊച്ചുകൊച്ചു പ്രമേയങ്ങള്‍ ചേര്‍ത്ത് വച്ച്, മനസിന്‍റെ ബൃഹത്തായ ചിത്രം ആവിഷ്ക്കരിച്ചെടുക്കാനുള്ള ഒരു ശ്രമമാണ് ഇത്. അത്തരമൊരു ആവിഷ്ക്കാരം നടന്നില്ലെങ്കിലും വിഷമിക്കേണ്ടതില്ല, ഭാവിയിൽ സ്വപ്നങ്ങളുമായി ബന്ധമുള്ള കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ കാണുമ്പോൾ അതിന് നിങ്ങൾ സാധിച്ചേക്കാം. (സ്വപ്നത്തിൽ കാണുന്ന വസ്തുക്കൾ ഓരോന്നിനും സാർവത്രീകമായ ഒരു അർത്ഥം മനശാസ്ത്രജ്ഞന്മാർ കൽപ്പിച്ച് നൽകീട്ടുണ്ട്, പാമ്പ് ലൈംഗികതയെ കുറിക്കുന്ന എന്ന് പറയുന്നതുപോലെ! വസ്തുക്കളുടെ സാര്‍വ്വത്രീകമായ അര്‍ത്ഥം മനസിലാക്കുന്നതിന് ചില വെബ്സൈറ്റുകള്‍ നമ്മേ സഹായിക്കും. ഉദാഹരണത്തിന് ഈ വെബ്സൈറ്റ് സന്ദര്‍ശിച്ച് നോക്കൂ.)

സ്വപ്നങ്ങൾക്കും വേണം ഒരു ഡയറിക്കുറിപ്പ്. ഇന്ന് കണ്ട സ്വപ്നം ഇന്നത്തെ എന്റെ ഡയറിക്കുറിപ്പ്. പുക മറയ്ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ ചികഞ്ഞറിയാൻ ഒരുപക്ഷേ അവ നമ്മേ സഹായിച്ചേക്കാം. നന്ദി.

8 comments:

  1. ഫ്രോയിഡിനേയും യുങ്ങിനെമൊക്കെ കൂട്ട് പിടിച്ച് സ്വപ്നം വ്യാഖ്യാനിക്കാന്‍ പോയാല്‍ പ്രാന്താകും. അമ്മാതിരിയാണു പലതും നിര്‍വ്വചിച്ച് വച്ഛിരിക്കുന്നത്. ഒരു പാട് സ്വപ്നം കാണാറുള്ള ആളാണു ഞാന്‍, സ്വപ്നത്തിനിടയില്‍ ഉണര്‍ന്ന് പോയാല്‍ പിന്നീട് ഉറങ്ങിയാല്‍ അതിന്റെ ബാക്കി കാണുന്ന ഇനം.സ്വപ്നം കാണാത്ത ദിവസങ്ങള്‍ ഇല്ല. ചിലതൊക്കെ മറന്ന് പോകും,ചിലതിന്റെ ബാക്കി താങ്കള്‍ പറഞ്ഞ പോലെ ആലോചിച്ച് ഉണ്ടാക്കും.അതു പോലെ ചില സ്ഥലങ്ങള്‍, വഴികള്‍ ആളുകള്‍ കാണുമ്പോള്‍ ഞാനിവിടെ മുന്‍പ് വന്നിട്ടുണ്ടല്ലോ എന്ന ശക്തമായ തോന്നല്‍,ദേ ജാവു, ഉണ്ടാകാറുണ്ട്,ആര്‍ക്കറിയാം ചിലപ്പോള്‍ സ്വപ്നത്തിലാകാം കണ്ടത്...

    ReplyDelete
  2. സ്വപ്നവ്യാഖ്യാനത്തെക്കുറിച്ച് ഞാനും കുറെ തേടി നോക്കി. ആകെ ഒരു കണ്ഫ്യൂഷന്‍ ആണ് എല്ലായിടത്തും. ഓരോരുത്തരും പറയുന്നത് വ്യത്യസ്തം. പറക്കുന്ന സ്വപ്നം ഇടയ്ക്കിടെ ഞാന്‍ കാണാറുണ്ട്. അതിന്റെ വിശദീകരണവും പലരും പലതാണ് തന്നത്.
    ഖുറാനിലും ബൈബിളിലും പറയുന്ന യൂസുഫ് (ജോസഫ്‌) എന്ന പ്രവാചകന്‍ സ്വപ്ന വ്യാഖ്യാനം നടത്തുമായിരുന്നു. അടിമയും ചെയ്യാത്ത കുറ്റത്തിന് ജയില്‍പുള്ളിയുമായിരുന്ന അദ്ദേഹം വ്യാഖ്യാനിക്കുന്ന പല സ്വപ്നങ്ങളും പിന്നീട് യാഥാര്‍ത്യമാകുകയും പലപ്പോഴും രാജ്യം തന്നെ ആപത്തുകളില്‍ നിന്നും രക്ഷപ്പെടുകയും അദ്ദേഹത്തെ പിന്നീട് ഈജിപ്തിലെ ഗവര്‍ണര്‍ ആക്കുകയും ചെയ്തു.
    സ്വപ്നം എന്നത് വളരെ സങ്കീര്‍ണമായ ഒന്നാണെന്ന് പലപ്പോഴും എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. എന്‍റെ ജീവിതത്തിലെ പല സംഭവങ്ങളും സ്വപ്നത്തില്‍ കണ്ടിരുന്നു. പലരും ഇത് പോലെ പറഞ്ഞത് കേട്ടിട്ടും ഉണ്ട്.
    ലേഖനത്തിന് വളരെ നന്ദി.

    ReplyDelete
  3. ബ്ലോഗ്‌ തുടങ്ങിയ ശേഷം ഒരു ദിവസം ഞാനും നല്ലൊരു സ്വപ്നം കണ്ടു, എഫ് ബിയില്‍ ഞാന്‍ ഇട്ട എന്റെ ബ്ലോഗ്‌ ലിങ്കിനു ആയിരം ലൈക്ക്, നൂറിലേറെ കമന്റു, ബ്ലോഗിലാണെങ്കില്‍ കമന്റുകളുടെ പൂരം ..ബെര്ളിയുടെയും ബഷീര്‍ വള്ളിക്കുന്നിന്റെയും, കണ്ണൂരാന്റെയും ഒക്കെ ബ്ലോഗ്‌ പോലെ പരപ്പനാടന്‍ ബ്ലോഗും അങ്ങനെ മുന്നേറുമ്പോള്‍ പെട്ടന്ന് ഒരു മൂട്ട കടിച്ചു ഞെട്ടിയുണര്‍ന്നു,ബിരിയാണി കൊടുക്കുന്നുന്ടെന്കിലോ എന്ന് സലീംകുമാര്‍ സംശയിച്ചത് പോലെ ഞാന്‍ വെറുതെ ലാപ്ടോപ്‌ ഒന്ന് തുറന്നു നോക്കി, കമന്ടുമില്ല, ലൈക്കുമില്ല, ഒരു ചുക്കുമില്ല...
    ബൈജു സ്വപ്നങ്ങളെ കുറിച്ച് അറിവ് പകരുന്ന പോസ്റ്റിനു ആശംസകള്‍

    ReplyDelete
  4. ആയിരത്തി ഇരുന്നൂറിലധികം വർഷങ്ങൾക്കു മുൻപ് ജീവിച്ച ഇബ്നു സീരീൻ തന്റെ ഗ്രന്തത്തി അറബിസ്ക് അൽഫബെറ്റിക് ഓർഡറിൽ ഓരോ വസ്തുക്കളുടെയും വ്യാഖ്യാനം വിശദീകരിക്കുന്നു ട്രാൻസിലേഷൻ ലഭ്യമാണെങ്കിൽ വായിക്കൂ
    ഗ്രന്ഥ നാമം: تعطير الانام بتعبير المنام

    ReplyDelete
  5. അബോധ മനസില്‍ സഫലമാവാതെ കിടക്കുന്ന ആഗ്രഹങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങളാണ് സ്വപ്നങ്ങള്‍".
    ബീകരം

    ReplyDelete
  6. സ്വപ്‌നം കണ്ട് ഉറക്കത്തില്‍നിന്ന് ഉണരാത്തവരായി ആരും തന്നെ കാണില്ല. എന്തുകൊണ്ടാണ് സ്വപ്‌നം കാണുന്നത്? എന്താണ് സ്വപ്‌നം അര്‍ത്ഥമാക്കുന്നത്? ഇത്തരം ചോദ്യങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉറക്കത്തിന് മുമ്പുള്ള 24-48 മണിക്കൂറുകള്‍ക്ക് ഉള്ളില്‍ സംഭവിച്ചിട്ടുള്ള സംഭവങ്ങളുമായി സ്വപ്‌നത്തിന് ബന്ധമുണ്ട്. ഇവിടെ സ്വപ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ വിദഗ്ദ്ധനായ ഓസ്‌ട്രേലിയന്‍ സ്വദേശി ജെയ്ന്‍ തെരേസ ആന്‍ഡേഴ്‌സണ്‍ സ്വപ്‌നങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ച് പറയുന്നു...
    1, തയ്യാറെടുപ്പുകളില്ലാതെയിരിക്കുക- ഒരു സുഹൃത്തുമായി തര്‍ക്കിക്കുന്നതായോ, ആരെങ്കിലും ഒരു വലിയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നതോ ആയ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ അതിന്റെ അര്‍ത്ഥം, നിങ്ങള്‍ ഏതെങ്കിലും കാര്യത്തിന് മതിയായ തയ്യാറെടുപ്പ് നടത്താത്തതിനെക്കുറിച്ചുള്ള ആശങ്ക മനസിലുള്ളതുകൊണ്ടാണ്. എല്ലാ കാര്യങ്ങളും നല്ല തയ്യാറെടുപ്പോടെ ചെയ്യുന്നവരാണ് ഈ സ്വപ്‌നം കാണുന്നത്.
    2, ആരെങ്കിലും പിന്തുടരുന്നത്- ആരെങ്കിലും നിങ്ങളെ പിന്തുടരുന്നതായുള്ള സ്വപ്‌നങ്ങള്‍ കാണാറുണ്ടോ? ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇഷ്‌ടപ്പെടാത്ത പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നതാണ്. അതില്‍നിന്നു ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരം സ്വപ്നം കാണുന്നത്.
    3, മരണം- മരണത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ സാധാരണമാണ്. ഇത് നിങ്ങളുടെ സ്വന്തം മരണമോ, മറ്റൊരാളുടെ മരണമോ ആയിരിക്കും. മരണം സ്വപ്‌നം കാണുന്നതിന്റെ അര്‍ത്ഥം, നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാകും. അത് ചിലപ്പോള്‍ ജോലിയോ പഠനമോ, ഒരു സ്ഥലത്തെ താമസമോ മറ്റെന്തെങ്കിലുമാകാം. എന്നാല്‍ മരണം സ്വപ്‌നം കാണുന്നത്, അത് ഉടന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതുകൊണ്ടാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ട്. ഇത് തെറ്റാണെന്നാണ് ആന്‍ഡേഴ്സണ്‍ പറയുന്നത്.
    4, സ്വപ്നത്തില്‍ നിങ്ങള്‍ പറന്നോ?- നിങ്ങള്‍ പറക്കുന്നതായി സ്വപ്നം കാണുന്നത്, ജീവിതത്തിലോ കരിയറിലോ പഠനത്തിലോ ഏതെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചത് കാരണമാണ്.
    5, വീഴ്‌ച- സ്വപ്‌നത്തില്‍ ആഴത്തിലേക്ക് പതിക്കുന്നതായി കാണാറുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളാണ് അതിന് കാരണം. ജീവിതത്തിലോ ജോലിയിലോ ഉറച്ചുനില്‍ക്കാനാകാത്തപ്പോഴും ഇത്തരം സ്വപ്‌നങ്ങള്‍ കാണും.
    6, വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമാകുക- ഇങ്ങനെയുള്ള സ്വപ്‌നം കാണാറുണ്ടോ? ജീവിതത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോഴാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണുക.
    7, സഹപ്രവര്‍ത്തകരുമായോ, മുന്‍ പങ്കാളിയുമായോ ഉള്ള ലൈംഗിക ബന്ധം- ഇത്തരം സ്വപ്‌നം കാണുന്നത്, അവരോട് ലൈംഗികമായ താല്‍പര്യമുള്ളതുകൊണ്ടല്ലെന്നാണ് ആന്‍ഡേഴ്‌‌സണ്‍ പറയുന്നത്. ഒരു പക്ഷെ അവരോട് വെറുപ്പായിരിക്കും. എന്നാല്‍ ഇത്തരം സ്വപ്‌നം കാണുന്നതിന് കാരണം, ഒരാളുടെ ലൈംഗിക ജീവിതം തൃപ്‌തികരമല്ലാത്തതുകൊണ്ടാണെന്നാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്.

    ReplyDelete
  7. ഹസ്തരേഖാശാസ്ത്രം പോലോന്നാണ്‌ സ്വപ്നം സംബന്ധിച്ച പഠനവും. കൈകളില്‍ രേഖകള്‍ യാഥാര്‍ഥ്യമാണ്. ഒന്നിനൊന്നു വ്യത്യസ്തമാണ് ഓരോകൈകളിലെയും രേഖകള്‍. ഒരു ശാസ്ത്രമെന്നു പറയത്തക്ക വിധം അതിന്റെ പഠനം വളര്‍ന്നിട്ടില്ലെന്ന് മാത്രമല്ല, വസ്തുതകളുമായി വിലയിരുത്തലുകള്‍ക്ക് ഒരു ബന്ധവുമില്ലതാനും.
    സ്വപ്നം യാഥാര്‍ഥ്യമാണ്. പഠനങ്ങളും നിരീക്ഷണങ്ങളും പരസ്പരബന്ധമില്ലാതവയാണ്.ആരോഗ്യമുള്ള ഒരാള്‍ കാണുന്ന സ്വപ്‌നങ്ങള്‍ അയാളുടെ മാനസികവ്യാപാരവുമായി ബന്ധപ്പെടുത്താനാകും. കടുത്ത പനിവന്ന ഒരാള്‍ക്ക്‌ അയാളുടെ മാനസിക വ്യാപാരത്തില്‍ പെട്ടെന്നൊരു മാറ്റവും വരാതെ തന്നെ ഭീകരവും അസ്വസ്ഥത ഉളവാക്കുന്നതുമായ നിരവധി സ്വപ്‌നങ്ങള്‍ കെട്ടുപിണഞ്ഞ രാത്രിയാവും സമ്മാനിക്കുക. പരസ്പര ബന്ധമില്ലാത്ത ചെറുസ്വപ്നങ്ങളുടെ കൂട്ടമാകും അത്. ടെമ്പറെച്ചര്‍ കൂടുമ്പോള്‍ സംഭവിക്കുന്ന ആ വ്യതിയാനം പഠിച്ചാല്‍ ഭൂരിഭാഗം സ്വപ്നങ്ങളും ചിന്തകളെയും മാനസിക വ്യാപാരത്തെയും സൂചിപ്പിക്കുന്നവയല്ലെന്നു കാണാന്‍ കഴിയും. രോഗാവസ്ഥയില്‍ കാണുന്ന സ്വപ്നങ്ങളെക്കുറിച്ച്‌ പഠനങ്ങളൊന്നും അധികം കേട്ടിട്ടില്ല. ചുരുക്കത്തില്‍ സ്വപ്നം സംബന്ധിച്ചുള്ള പഠനങ്ങള്‍ ഒന്നും യാഥാര്‍ഥ്യവുമായി ബന്ധമൊന്നുമില്ലാത്തവയാണ്

    ReplyDelete