Saturday, June 12, 2010

ജന്മം നല്‍കുന്നു, ഒരിക്കല്‍ കൂടി!

ഒരു ബ്ലോഗിന് ജന്മം നല്‍കുക എന്നതുപോലെ നിസാരമായ കാര്യം ഇന്നീ ഇന്റര്‍നെറ്റ് ഉലകത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ, ഓരോ ദിവസവും ആയിരക്കണക്കിന് ബ്ലോഗുകളാണ് പിറവിയെടുക്കുന്നത്. എന്നാല്‍ അതിലൊന്നുമല്ല കാര്യം! പെറ്റിട്ട സന്തതിയെ സമയാസമയം പോഷകാഹാരം നല്‍കി തണ്ടും തടിയുമുള്ള ഒരു ‘വ്യക്തിയായി’ വളര്‍ത്തിക്കൊണ്ടുവരണം, നാലുപേര്‍ കണ്ടാല്‍ തിരിച്ചറിയുന്ന, കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ വേഷപ്പകര്‍ച്ചകള്‍ നല്‍കണം... ഇവയൊക്കെയാണ് ഒരു ബ്ലോഗര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍. അവന് ആഴവും പരപ്പുമുള്ള സാഹിത്യസൃഷ്ടികള്‍ നല്‍കാന്‍ കഴിയണം, രസകരങ്ങളും ഗൌരവമുള്ളതുമായ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്താനാവണം, ആരോഗ്യകരമായ സൌഹൃദങ്ങള്‍ സൃഷ്ടിക്കാനാവണം... ഇതൊക്കെ അയാള്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട മറ്റ് ഗുണഗണങ്ങള്‍. ഒരര്‍ത്ഥത്തില്‍, ഗൌരവമായ ബ്ലോഗിംഗ് മറ്റൊരു പ്രഫെഷന്‍ ആണോ എന്നുപോലും എനിക്ക് തോന്നാറുണ്ട്.

സത്യത്തില്‍, ‘ബൈജൂസ്’ എന്റെ ആദ്യ ബ്ലോഗല്ല. കൃത്യമായി പറഞ്ഞാല്‍ നാലാമത്തേത്. ‘കാളിയന്‍’ മൂത്തവന്‍, ‘ആഭാസന്‍’ രണ്ടാമന്‍. മൂന്നാമത്തേത് പെണ്ണാണ്, പേര് ‘സേതുലക്ഷ്മി’. കാളിയന്റേയും ആഭാസന്റേയും ആയുസ് തീരെ ചെറുതായിരുന്നു. കാരണം, ഏതൊരു ബ്ലോഗിനും എഴുത്തിന്റെ കൈവഴികളില്‍ കാലക്രമേണ കൈവരുന്ന നിയതമായ സ്വഭാവവും വ്യക്തിത്വം അവയ്ക്ക് കൈവരിക്കാന്‍ കഴിഞ്ഞില്ല എന്ന ദുഃഖസത്യം മനസിലാക്കിയപ്പോള്‍ രണ്ടിനെയും ബാല്യത്തില്‍ തന്നെ നുള്ളിക്കളഞ്ഞു. എഴുത്തിനെ ഗൌരവമായി കാണാതിരുന്ന ആ കാലയളവില്‍, എന്നില്‍ നിന്ന് സാഹിത്യവടിവം ഉള്‍കൊണ്ട ഇരുത്തം വരാത്ത ഭാഷാശൈലി, പിന്നെ പുരുഷസ്വഭാവം അമിതമായി സ്ഖലനം ചെയ്യുന്ന കാളിയന്‍, ആഭാസന്‍ എന്നീ തൂലികാനാമങ്ങള്‍... ഇവയെല്ലാം, ഞാന്‍ തന്നെ കെട്ടിയുണ്ടാക്കിയ പരിമിതികള്‍ക്കുള്ളില്‍ എന്നെ ശ്വാസം മുട്ടിച്ചിരുന്നു. അതില്‍ നിന്നൊക്കെ പുറത്തുചാടി കൂടുതല്‍ സാധ്യതകള്‍ പരീക്ഷിക്കണമെന്ന നിരന്തര അഭിനിവേശമാണ് സേതുലക്ഷ്മി എന്ന ബ്ലോഗിന് ജന്മം നല്‍കാന്‍ ഇടയായത്.

പുരുഷത്വത്തിന്റെ വൈരുദ്ധ്യദിശയില്‍ കിടക്കുന്ന സ്ത്രൈണത! അത്ഭുതമെന്ന് പറയട്ടെ, ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എനിക്ക് ഏറെ പ്രശോഭിക്കാനായത് സേതുലക്ഷ്മിയിലൂടെയാണ്. അവള്‍ നല്‍കിയ ആത്മസംതൃപ്തിയും പ്രോത്സാഹനവും പുസ്തകരചന എന്ന ആശയത്തില്‍ വരെ എന്നെ കൊണ്ടെത്തിച്ചു. ഏതായാലും, മനപ്പൂര്‍വം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ച സ്ത്രൈണഭാവത്തില്‍ നിന്നുരുവായ വരികളുടെ ശക്തിയും പരപ്പും എന്നിലെ എഴുത്തുകാരനെ ആവിഷ്ക്കരിക്കാന്‍ ഏറെ പ്രയോജപ്പെട്ടെങ്കിലും, സേതുലക്ഷ്മി എന്ന മൂടുപടമണിഞ്ഞ്, സ്വന്തം വ്യക്തിത്വത്തെയും മേല്‍‌വിലാസത്തെയും മറച്ചുപിടിച്ചുകൊണ്ട് നടത്തുന്ന വാചകക്കസര്‍ത്തുകള്‍ കാപട്യമല്ലേ എന്ന കുറ്റബോധം എന്നെ പലപ്പോഴും അലട്ടിയിരുന്നു. പെണ്ണെഴുത്തുകാരോട് ഭൂരിപക്ഷം വരുന്ന ആണ്‍‌വായനക്കാര്‍ക്ക് സ്വതവേ ഉണ്ടായേക്കാവുന്ന ഒരുതരം ‘താല്‍‌പര്യം’ മുതലെടുത്തുകൊണ്ട്, അറിഞ്ഞോ അറിയാതെയോ, സ്വന്തം അഹംഭാവത്തെ താലോലിക്കാന്‍ മനസ് കണ്ടെത്തിയ ഭീക്ഷണ പ്രവണതയാണോ എന്റെയീ മുഖമൂടി എന്ന ചിന്ത ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചു. ഒരു എഴുത്തുകാരനെന്ന നിലയില്‍, പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഞാനിതുവരെ കൊണ്ടുനടന്ന മുഖംമൂടി പൊട്ടിച്ചെറിയുക എന്ന ഒറ്റ പോംവഴിയേ ഉള്ളൂ എന്ന് എനിക്കറിയാമായിരുന്നു. അതിനുള്ള പ്രഥമ ശ്രമമാണ് ബൈജൂസ് എന്ന് ഈ ബ്ലോഗ്. ഇവിടെ, എഴുത്തുകാരന്റെ ലിംഗം പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന ഉപരിപ്ലവമായ വായനാസുഖമില്ല, മുന്‍വിധികളില്ല. മറിച്ച്, വായനക്കാരന്റെ മുന്നില്‍ പച്ചയായ എഴുത്തുകാരന്‍ മാത്രം, എഴുത്തുകാരന്റെ മുന്നില്‍ വായനക്കാരും! അവര്‍ക്കിടയില്‍ അക്ഷരങ്ങള്‍ കഥ പറയുന്നു, അക്ഷരങ്ങള്‍ മാത്രം!

ഒരു തുടക്കമെന്ന നിലയില്‍ ഇത്രയൊക്കെ കസര്‍ത്തുകള്‍ മതിയല്ലോ അല്ലേ? വീണ്ട്രും സന്തിക്കും വരൈ, വണക്കം സൊല്ലി വിടൈ പെറുവത് ഉങ്കള്‍ അരുമ സഹോദരന്‍ ബൈജൂസ് aka സേതുലക്ഷ്മി.

6 comments:

  1. അത് ബൈജുവായിരുന്നുവല്ലേ?

    ReplyDelete
  2. താങ്കള്‍ സേതുലക്ഷ്മിയായി ഒരു നല്ല കാര്യം (അത് ആപേക്ഷികമാണ്) ചെയ്തു. എന്നിലെ സംവിധായകനെ ഉണര്‍ത്തി. മൊബൈല്‍ പ്രണയത്തിനെ ആസ്പതമാക്കി താങ്കള്‍ ചെയ്ത ഒരു ഷോര്‍ട്ട് ഫിലിം എന്നില്‍ വളരെ അധികം കൌതുകം ഉണ്ടാക്കി. അതിനു ശേഷം ഞാന്‍ എന്റെ ഓഫീസി-നു വേണ്ടിയും മറ്റു ചില ഓഫീസുകള്‍ക്ക് വേണ്ടിയും കോര്‍പ്പറേറ്റ് വീഡിയോകള്‍ സംവിധാനം ചെയ്യുകയുണ്ടായി. വളരെയധികം പ്രശംസ പിടിച്ചു പറ്റാനും സാധിച്ചു. താങ്കളോട് ആ വിഷയത്തില്‍ വളരെ അധികം കടപ്പാടുണ്ട്. നന്ദി.

    ReplyDelete
  3. ഇപ്പോഴും സ്ത്രീവേഷം കെട്ടി കുറേ ബ്ളോഗർമാർ ഇവിടെയൊക്കെ കറങ്ങിനടപ്പുണ്ട്. ചിലരുടെ എഴുത്തിന്റെ ശൈലി കാണുമ്പോൾ എളുപ്പം കാര്യം മനസ്സിലാവും ( സേതുലക്ഷ്മിയെ വായിച്ചതായി ഓർമ്മയില്ല)
    ശ്രദ്ധ പിടിച്ചുപറ്റാനും കൂടുതൽ കമന്റുകൾ നേടാനും മാത്രം സ്ത്രീകളുടെ മുഖപടം ധരിക്കുന്നവരിൽ നിന്ന് ബൈജു വ്യത്യസ്തനാവുകയാണ്‌. ആശംസകൾ.
    satheeshharipad.blogspot.com

    ReplyDelete
  4. എഴുതിയ വാചകങ്ങളെല്ലാം പരമസത്യം ! ഒരു ബ്ലോഗ് ഭംഗിയായി നിലനിർത്തിക്കൊണ്ടുപോകുന്നതിനുള്ള ശ്രദ്ധയും പ്രയത്നവും... എഴുത്തുകാർ തൂലികാനാമം ഉപയോഗിച്ച് ഐഡന്റിറ്റി മറച്ചുവയ്ക്കാൻ ശ്രമിച്ചാൽ ഉള്ളിലുണ്ടാവുന്ന അസ്വസ്ഥത... എഴുത്ത് എന്നുകേൾക്കുമ്പോഴേ മനസ്സിൽ വരുന്നത് തൂലികാനാമം ആണെങ്കിലും അത്തരത്തിലൊന്നിനെ സ്വീകരിക്കുന്നതിൽ നിന്നും ആദ്യമെ തന്നെ എന്റെ മനസ്സ് പിൻവാങ്ങിയിരുന്നു.

    ഇന്നാണ്‌ ആദ്യമായി താങ്കളുടെ ബ്ലോഗിൽ എത്തുന്നതും വായിക്കുന്നതും. ‘എന്നെക്കുറിച്ച്’ വായിച്ചാണ്‌ ഈ പോസ്റ്റിൽ എത്തിയത്. എഴുത്തിന്റെ ശൈലിയും നന്നായി ഇഷ്ടപ്പെട്ടു. തുടരുക...

    ReplyDelete