Sunday, July 17, 2011

ഹേമലത


എന്റെ സ്വപ്നത്തിലെ
പെൺകുട്ടിയായിരുന്നില്ല
അവൾ -- ഹേമലത.
ചുണ്ടുകളില്ലാത്ത,
വെളുത്ത്, പക്ഷേ
ഐശ്വര്യമില്ലാത്ത,
നീണ്ട മുടിയില്ലാത്ത,
ഉയരമില്ലാത്ത,
മുത്തുകൾ പോലെ
പല്ലുകളില്ലാത്ത,
പൊട്ടുവയ്ക്കാത്ത,
കണ്മഷിയിടാത്ത,
പെൺകുട്ടി -- ഹേമലത.

അവൾക്ക് എന്നോട്
പ്രണയമാണെന്ന്!
കേട്ടപ്പോൾ
ഞാനാദ്യം ഞെട്ടി,
പരുങ്ങി,
ഒന്നും മിണ്ടാതെ
തടിതപ്പി.
ഇത് നല്ല തമാശ!
പുശ്ചം...
പരിഹാസം...
ഇങ്ങനെയുമുണ്ടോ
ദുർഗതി?
അതും എന്നോട്?
പക്ഷേ, അവളും വിട്ടില്ല.
പുറകേ നടന്നു
ഒന്നരക്കൊല്ലം.

പ്ലസ് ടൂ കാലമാണ്.
അവളും ഞാനും
ഒരേ ക്ലാസിൽ.
അവൾ മുന്നിൽ,
ഞാൻ പിന്നിൽ.
പക്ഷേ,
നോട്ടം മുഴുവൻ
എന്നിൽ.

തരം കിട്ടിയാലവൾ
അപ്പൊ തിരിയും.
പേന വാങ്ങാനെന്നും
പുസ്തകം വാങ്ങാനെന്നും
സംശയം കേൾക്കാനെന്നും
മുടി നേരെയാക്കാനെന്നും
മുതുകിലാരോ കുത്തിയെന്നും
ഇടിച്ചെന്നും
മഷി കുടഞ്ഞെന്നും
മറ്റും പറഞ്ഞ്!
പിന്നെ എന്നെ നോക്കും,
ചിരിക്കും, നേരെയിരിക്കും.
അൽ‌പ്പം കഴിഞ്ഞ്
പിന്നെയും നോക്കും,
ചിരിക്കും, നേരെയിരിക്കും.
ഇതുതന്നെ ദിനവും!

അൽ‌പ്പം കിട്ടാൻ
കാത്തിരുന്ന കൂട്ടുകാർ
സംഗതി ഏറ്റെടുത്തു.
“ഹേമലതേ” എന്ന്
വിളിയും തുടങ്ങി,
അതായത് എന്നെ!
പ്രണയം ക്ലാസിലും
സ്കൂളിലും പാട്ടായി,
ചിരി വിഷയമായി.
അങ്ങനെ,
എല്ലാരും ചേർന്ന്
അവളെ വച്ചുകെട്ടി
എന്റെ തലയിൽ!

നഷ്ടങ്ങൾ പലതാണ്.
കമ്പ്ലീറ്റ് ഇമേജും പോയി.
പഠിപ്പിസ്റ്റെന്ന
ബഹുമാനം പോയി.
‘ഹേമലതേ’ എന്ന്
ടീച്ചർ വിളിച്ചാൽ
എല്ലാരും കൂടി
എന്നെ നോക്കും.
അവൾക്കെങ്ങാനും
തല്ലുകിട്ടിയാൽ,
എല്ലാരും എന്നെ
സമാധാനിപ്പിക്കും.
ഒരുനാൾ അവൾ
വരാതിരുന്നാൽ,
എല്ലാരും എന്നെ
ചോദ്യം ചെയ്യും.
പുതു ഡ്രസിട്ടാൽ
കോമ്പ്ലിമെന്റ് എനിക്ക്.
എല്ലാറ്റിലുമുപരി,
അടുത്ത ബഞ്ചിലെ കവിത
എന്നെ നോക്കാതെയായി
കണ്ടാൽ മിണ്ടാതെയായി
എല്ലാമൊന്ന്
ഒത്ത് വരികയായിരുന്നു.
എല്ലാം തുലച്ചു.
എല്ലാറ്റിനും കാരണം
അവൾ -- ഹേമലത.
നാശം!

പ്ലസ് ടൂ കഴിഞ്ഞാൽ
എന്നന്നേയ്ക്കുമായവൾ
വിസ്മൃതിയിലാവുമെന്ന്
ഞാൻ കരുതി.
ഒരിക്കലുമവളെ
ചിന്തിക്കുക കൂടിയില്ലെന്ന്
ഞാൻ കരുതി.
വർഷങ്ങളെത്ര കഴിഞ്ഞു...!
എങ്കിലും ഹേമലതയെ
ഓർക്കേണ്ടി വന്നു,
പലപ്പോഴായി!
അവളുടെ ഓർമ്മകൾ
പീഡിപ്പിച്ചു,
പലപ്പോഴായി!
എൻ പ്രണയത്തെ പലരും
നിഷ്ക്കരുണം
നിരാകരിച്ചപ്പോൾ...
ഇഷ്ടപ്പെട്ടില്ലെന്ന്
മുഖത്തടിച്ച് പറഞ്ഞപ്പോൾ...
തുടരഭ്യർത്ഥനകൾ
ശല്യമെന്ന് നിന്ദിച്ചപ്പോൾ...
നിരാകരിച്ചവൾ കണ്മുമ്പിൽ
മറ്റൊരാളെ പ്രണയിച്ചപ്പോൾ...
അവരുടെ സല്ലാപങ്ങൾ
ചങ്ക് കുത്തിപ്പിളർന്നപ്പോൾ...

പ്രണയ നൈരാശ്യത്തിന്റെ
ആ സായന്തനങ്ങളിൽ
ഹേമലതയുടെ മുഖം
എന്നിൽ തെളിയാറുണ്ട്,
അവ്യക്തമായ
നിഴലായി എങ്കിലും!
പാവം...!
എന്റെ നിഷേധം
അവളിൽ പുണ്ണുകൾ
കീറിയിട്ടുണ്ടാവണം...
അതിന്റെ വേദനയിൽ
കണ്ണുനിറഞ്ഞിട്ടുണ്ടാവണം...
അവളുടെ കണ്ണിൽ
തുളുമ്പിനിന്ന ബാഷ്പങ്ങളും
അതിലെ ഗദ്ഗദങ്ങളും
എന്നെ വേട്ടയാടാറുണ്ട്.
വിധിക്കാറുണ്ട്.
പരിഹസിക്കാറുണ്ട്...

എവിടെയാണെങ്കിലും
ഹേമലതേ.....
എനിക്ക് ചോദിക്കാൻ
ഒന്നുമാത്രം...
മാപ്പ്!
ഒരായിരം മാപ്പ്!

8 comments:

 1. നാശം!

  ഇഷ്ടപ്പെട്ടില്ലെന്ന്
  മുഖത്തടിച്ച് പറഞ്ഞപ്പോൾ...
  തുടരഭ്യർത്ഥനകൾ
  ശല്യമെന്ന് നിന്ദിച്ചപ്പോൾ...
  നിരാകരിച്ചവൾ കണ്മുമ്പിൽ
  മറ്റൊരാളെ പ്രണയിച്ചപ്പോൾ...
  അവരുടെ സല്ലാപങ്ങൾ
  ചങ്ക് കുത്തിപ്പിളർന്നപ്പോൾ...

  ReplyDelete
 2. എവിടെയാണെങ്കിലും
  ബൈജു.....
  എനിക്ക് നൽകാൻ
  ഒന്നുമാത്രം...
  മാപ്പ്!
  ഒരായിരം മാപ്പ്!

  ReplyDelete
 3. എന്താടോ ഇത് ? കവിതയോ?!! ഇതിലും ഭേദം ഇതങ്ങോട്ട് നേരെ അനുഭവക്കുറിപ്പായി എഴുതുന്നതായിരുന്നു.

  കഷ്ടം.!

  (കവിത എന്ന ലേബല്‍ കണ്ടതുകൊണ്ടു പറഞ്ഞുവെന്നു മാത്രം. നിങ്ങള്‍ എന്തെഴുതിയാലും എനിക്കെന്താ? അല്ല പിന്നേ.. :))

  ReplyDelete
 4. സുജേഷ് എൻ‌എം,

  ചില അനുഭവങ്ങൾ, ഗദ്ഗദങ്ങൾ അനുഭവക്കുറിപ്പുകളാക്കുന്നതിലും ഭേദം കവിതകളാക്കുന്നതാണ് എളുപ്പമെന്ന് എനിക്ക് തോന്നുന്നു. ഇത്തരം കൃതികൾക്ക് കവിതയുടെ പൊതുസ്വഭാവമോ, ഘടനയോ ഇല്ലെങ്കിൽ തന്നെ, എന്നെ സംബന്ധിച്ച് ഇതൊരു കവിത തന്നെ. ഞാൻ ഇങ്ങനെയാണ്. അണ്ണൻ ഒന്ന് ഷെമി... :)

  ReplyDelete
 5. അനുഭവങ്ങള്‍ ഓര്‍മ്മകളായി തികട്ടി വരുമ്പോ...ബൈജൂസേ....തനിക്ക് തോന്നുന്നതുപോല പെടച്ചു വിട്ടേരേ.....എന്തായാലും കാര്യം ആസ്വദിക്കാന്‍ പറ്റിയതായാല്‍ മതി....ങും....കവിത പോരാ...എന്നാലും വായിക്കാം....

  ReplyDelete
 6. മനുഷ്യന്റെ ഓരോരോ അവസ്ഥകളെ?
  എഴുത്തിന്റെ നേര് ഹൃദ്യമായി.........

  ReplyDelete
 7. അതല്ലെങ്കിലും അങ്ങനെയാ. ഒന്നിനെ നിരസിച്ച് പിന്നീട് എന്ത് സംഭവിച്ചാലും അതൊക്കെ അവളുടെ ശാപമാണെന്ന് തോന്നും.

  "എനിക്ക് നൽകാൻ
  ഒന്നുമാത്രം...
  മാപ്പ്!
  ഒരായിരം മാപ്പ്! "
  - എനിക്ക് ചോദിക്കാന്‍ എന്നല്ലേ വേണ്ടിയിരുന്നത്?

  "അവൾ മുന്നിൽ,
  ഞാൻ പിന്നിൽ.
  പക്ഷേ,
  നോട്ടം മുഴുവൻ
  എന്നിൽ."
  - ഇതെനിക്കിഷ്ടമായി.

  ReplyDelete
 8. സോണി,

  ചോദിക്കാൻ എന്ന് തിരുത്തി. ഞാനത് ശ്രദ്ധിച്ചതേയില്ല. നന്ദി.

  ReplyDelete